നമ്മള്‍ ഇന്ത്യക്കാര്‍ എവിടെ നിന്ന് വന്നവരാണ്?

അതേ. നമുക്കിടയിൽ നിലനിൽക്കുന്ന ഒരു പൊതുബോധമുണ്ട്. ഇന്ത്യൻ സംസ്കാരം എന്നത് ആര്യൻ, സംസ്‌കൃത, വേദിക് സംസ്കൃതികളിൽ നിന്നുള്ള ഒരു പ്രവാഹമാണെന്ന്. അത് പൂർണമായും ശരിയല്ല. നമ്മുടെ സംസ്കാരത്തിന്റെ ഒരു പ്രധാന അംശം തന്നെയാണ്  ആര്യൻ, സംസ്‌കൃത, വേദിക് സംസ്കൃതികൾ എന്നിരിക്കിലും, അതൊന്നുമാത്രമല്ല... 

where did the indians come from tony joseph interview by MG Radhakrishnan

മനുഷ്യരെങ്ങനെ ഉദ്ഭവിച്ചു? അവരെങ്ങനെ പരിണമിച്ചു? അവരാരാണ്? അവരുടെ പിതാമഹരാരാണ്? എന്നിവയൊക്കെ എല്ലാക്കാലത്തും ലോകത്തെ ത്രസിപ്പിച്ച  ചോദ്യങ്ങളാണ്. പുതിയ പുതിയ ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഇന്നലെവരെ അറിയില്ലാതിരുന്ന ഒരുപാട് കാര്യങ്ങള്‍ ഇന്ന് പുറത്തുവരുന്നുണ്ട്. എവിടെനിന്ന് എങ്ങോട്ടാണ് ഈ മനുഷ്യരുടെ പരിണാമം? ഇന്നത്തെ മനുഷ്യര്‍ ആരില്‍ നിന്നൊക്കെയാണ് പരിണമിച്ച് ഇവിടെയെത്തിയത് എന്നൊക്കെയുള്ള വിഷയങ്ങള്‍... 

ഏറ്റവും പുതിയതായി, ജനിതക ശാസ്ത്രം (Population Genetics) -ത്തിന്‍റെ ഒരുപാട് അറിവുകള്‍ നമ്മളെ ഇന്നലെവരെ ചിന്തിച്ച രീതിയില്‍ നിന്നും മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഒരുപാട് അറിവുകള്‍ തെറ്റായിരുന്നുവെന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നു. പുതിയ ഒരുപാട് വിവരങ്ങള്‍ നമുക്ക് നല്‍കുന്നു. അങ്ങനെയുള്ള വിജ്ഞാനത്തിന്‍റെ പശ്ചാത്തലത്തില്‍ നാം ഇന്ത്യക്കാര്‍ ആരാണ്? നമ്മളെവിടെ നിന്ന് വന്നവരാണ്? എവിടെനിന്ന് കുടിയേറിയവരില്‍ നിന്നാണ് ഇന്നത്തെ ഇന്ത്യക്കാര്‍ ജന്മം കൊണ്ടത്? ആരാണ് ഹാരപ്പന്മാര്‍? സിന്ധുനദീതട സംസ്കാരം എങ്ങനെയാണ് ഉദ്ഭവിച്ചത്? തുടങ്ങിയ ഇന്നലെ വരെ അറിയാത്ത ഒരുപാട് കാര്യങ്ങള്‍, ഇന്നലെ വരെ ഉണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ ഒക്കെ മാറ്റുന്ന പുതിയ അറിവുകളുടെ ഒരു സമാഹാരമാണ് ഈ പുസ്തകം -ഏളി ഇന്ത്യന്‍സ് (Early Indian). ഇന്ന്, ഇന്ത്യയിലും പുറത്തും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഈ പുസ്തകത്തിന്‍റെ രചയിതാവ് ഒരു മലയാളിയാണ്. പ്രമുഖനായ മാധ്യമ പ്രവര്‍ത്തകന്‍ ടോണി ജോസഫ്. ചങ്ങനാശ്ശേരിക്കാരനാണ് ടോണി ജോസഫ്.

ടോണി ജോസഫുമായി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ നടത്തിയ അഭിമുഖം.  

 

ഈ പുസ്തകത്തിനകത്ത് ഒരുപാട് കാര്യങ്ങളുണ്ട്, ആധുനികകാലത്തെ ഒരുപാട് തെറ്റിദ്ധാരണകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നവ. നാം ഇന്ത്യക്കാര്‍ ആരാണ് എന്നുള്ളതിനെ കുറിച്ചുള്ള വിവരങ്ങളാണിതിലേറ്റവും പ്രധാനമായത്. ഇതില്‍ പ്രധാനമായും പറയുന്നത്, ഇന്നത്തെ ലോകത്തെ ജനങ്ങള്‍ മുഴുവന്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറി ലോകമാകെ വ്യാപിച്ച ആദിമമനുഷ്യരുടെ പിന്തുടര്‍ച്ചക്കാരാണ് എന്നാണ്. അവരാണ് ഈ ആധുനിക മനുഷ്യര്‍/ ഹോമോസാപ്പിയന്‍സ്...

70,000 വര്‍ഷത്തിനും 16,000 വര്‍ഷത്തിനും ഇടയ്ക്ക് ആഫ്രിക്കയില്‍ നിന്നുവന്ന, കുടിയേറിയ ഒരു പറ്റം ആളുകൾ, അഞ്ഞൂറോ ആയിരമോ വരുന്ന ഒരു കൂട്ടം, അവർ ആഫ്രിക്കയിൽ അങ്ങോളമിങ്ങോളം അവർക്കപരിചിതമായ ഈ വൻകരയിൽ പലയിടത്തായി കുടിയേറിപ്പാർത്തു. അതിനെ നമുക്ക് 'ഔട്ട് ഓഫ് ആഫ്രിക്ക' മൈഗ്രേഷൻ എന്ന് വിളിക്കാം.  അവരായിരുന്നു ലോകത്തെ ഏറ്റവും ആദ്യത്തെ നവ മാനവർ 

ഈ രംഗത്തുണ്ടായിരിക്കുന്ന ഏറ്റവും പുതിയ സംഭവ വികാസങ്ങളെന്തൊക്കെയാണ്?

ജനിതക ശാസ്ത്രത്തിന്  ഇപ്പോള്‍ ജീവിക്കുന്ന മനുഷ്യരുടെ ഡിഎന്‍എ  നോക്കി കണ്ടുപിടിക്കാൻ പറ്റും, അവർ ഏത് വംശത്തിൽപ്പെടുന്നവരാണ്, മറ്റ് ഏതൊക്കെ വംശങ്ങളുമായിട്ടാണ് അവർ ജനിതകപരമായ ബന്ധപ്പെട്ടിരിക്കുന്നത് എന്നൊക്കെ. ആ ജനിതകബന്ധം എത്രത്തോളം ശക്തമാണ് എന്നും കണ്ടെത്താനാവും.  2009 -ൽ പുറത്തുവന്ന ഒരു ജനിതകശാസ്ത്ര പഠനം പറയുന്നത് ഉത്തരേന്ത്യക്കാർ പശ്ചിമയൂറേഷ്യയിൽ ജീവിച്ചിരുന്നവരുമായി ദക്ഷിണേന്ത്യക്കാരേക്കാൾ അടുത്ത ജനിതകബന്ധമുള്ളവരാണെന്നാണ്. കഴിഞ്ഞ നാലഞ്ചുവർഷം കൊണ്ട് പുരാതന DNA പരിശോധിക്കാനുള്ള ശേഷി നമ്മൾ നേടിയെടുത്തിട്ടുണ്ട്. മുമ്പ്, നമുക്ക് ഒരു പ്രത്യേക വംശവും മറ്റൊന്നും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പറയാമെന്നല്ലാതെ, അതെങ്ങനെ വന്നു എന്നത് കൃത്യമായി, തെളിവുസഹിതം വിശദീകരിക്കാൻ പറ്റില്ലായിരുന്നു.    

താങ്കളിതിനകത്ത് സൂചിപ്പിക്കുന്നത് പോലെ വാസ്തവത്തില്‍ ആഫ്രിക്കയില്‍ നിന്ന് 65000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ് ആ ആദ്യത്തെ യാത്രക്കാരുടെ യാത്ര. അതുകഴിഞ്ഞ്, ഇന്ത്യയിലേക്കെത്തിയ വിഭാഗത്തിന്‍റെ കൂടെ, മൂന്ന് കുടിയേറ്റങ്ങളും കൂടി ഉണ്ടായിട്ടുണ്ട്. ആ നാല് കുടിയേറ്റങ്ങളുടെ ബാക്കിയാണ് അല്ലെങ്കില്‍ അതിന്‍റെ അനന്തരഗാമികളാണ് നമ്മള്‍. അല്ലേ?

നമ്മളിപ്പോ ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റത്തെപ്പറ്റി പറഞ്ഞു. രണ്ടാമത്തേത് 'Farming related Migrations', കൃഷി കൊണ്ടുവന്നത് അവരാണ്. അങ്ങനെ രണ്ട് തരത്തിലുള്ള കുടിയേറ്റങ്ങൾ  ഇന്ത്യയെ ബാധിച്ചിട്ടുണ്ട്. ഒന്ന് 9000 വര്‍ഷങ്ങള്‍ക്കു മുമ്പ് പശ്ചിമേഷ്യയിൽ നിന്ന്, അവിടത്തെ. സാഗ്രോസ് മലനിരകളിൽ നിന്ന്. അവിടെ നിന്ന് 9000 വര്‍ഷം മുമ്പോ അല്ലെങ്കില്‍ കുറച്ച് മുമ്പോ ആട്ടിടയന്മാര്‍ ഉത്തരപശ്ചിമ ഇന്ത്യയിലേക്ക് വന്നു. അവിടെ നേരത്തെ ഉണ്ടായിരുന്ന ആദിമ ഇന്ത്യന്‍സ് അതായത് ആദ്യം ആഫ്രിക്കയിൽ നിന്നും വന്ന കുടിയേറ്റക്കാരും, എന്‍റെ ബുക്ക് അവരെ 'ആദ്യത്തെ ഇന്ത്യക്കാര്‍' എന്ന് വിളിക്കുന്നുണ്ട്. ആ ആദ്യ ഇന്ത്യക്കാരും ഈ പശ്ചിമേഷ്യയില്‍ നിന്ന് വന്ന കാലിയെ മേയ്ക്കുന്നവരും പരസ്പരം കലര്‍ന്നു. ആ ജനതയാണ് ഉത്തര പശ്ചിമ ഭാരതത്തിൽ കാർഷിക വിപ്ലവമുണ്ടാക്കുന്നത്. ആ കാർഷിക വിപ്ലവത്തില്‍ നിന്നാണ് ഹാരപ്പന്‍  സംസ്കാരം ഉടലെടുക്കുന്നത്. അപ്പോൾ  ഹാരപ്പക്കാർ ആരാണെന്ന് ചോദിച്ചാല്‍ ആദ്യത്തെ ഇന്ത്യക്കാരും രണ്ടാമത് പശ്ചിമേഷ്യയില്‍ നിന്നെത്തിയ ഇന്ത്യക്കാരും തമ്മില്‍ ചേര്‍ന്നിട്ടുള്ള ഒരു ജനതയാണ് ഹാരപ്പന്‍ സംസ്കൃതി അഥവാ സിന്ധുനദീതടസംസ്കാരം എന്നറിയപ്പെടുന്നത്.

മൂന്നാമത്തെ കുടിയേറ്റം  എന്നുപറയുന്നതും കൃഷിയുമായി ബന്ധപ്പെട്ടതുതന്നെയാണ്.  പൂർവേഷ്യയില്‍ നിന്ന് അതായത് ,ചൈനയുടെ പാടശേഖരങ്ങളിൽ നിന്നും തുടങ്ങുന്ന കുടിയേറ്റം,  പതുക്കെ പതുക്കെ പൂർവേഷ്യ കടന്ന്  ഇന്ത്യയിലെത്തി. അവരിലൂടെ ഇവിടെത്തിയ ഭാഷ, 'ഓസ്ട്രോ ഏഷ്യാറ്റിക് ലാംഗ്വേജ്'  എന്നുപറയും. അത് ഖാസി, മുണ്ടാരി ഇങ്ങനെയുള്ള ഭാഷകളാണ്.  ആ ഭാഷകൾ ഇന്നും ഇന്ത്യയുടെ മധ്യ, പൂർവ്വഭാഗങ്ങളിലെ ആദിവാസികള്‍ സംസാരിക്കുന്നുണ്ട്. ആ ഭാഷകൾ, പൂർവ- ദക്ഷിണപൂർവ ഏഷ്യയിലെ, ഉദാ. വിയറ്റ്നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലെ ഭാഷകളുമായി സാമ്യമുള്ളവയാണ്. നാലാമത്തെ കുടിയേറ്റം മധ്യേഷ്യയില്‍ നിന്നാണ്. 

ഇതാണ് ഇന്നത്തെ ഏറ്റവും വിവാദമായ വിഷയം... 

അതേ, ബാക്കി മൂന്ന് കുടിയേറ്റത്തെക്കുറിച്ചും ആര്‍ക്കും ഒരു പ്രശ്നവുമില്ല. നാലാമത്തേതിന് മാത്രമേ പ്രശ്നമുള്ളൂ. നാലാമത്തെ കുടിയേറ്റം ഇന്ന് കസാഖ്സ്ഥാൻ എന്നറിയപ്പെടുന്നിടത്തുനിന്നാണ്.  അവിടെ നിന്നും 4000-3000  വർഷങ്ങൾക്കുമുമ്പ് ദക്ഷിണേഷ്യയിലേക്ക് കുടിയേറ്റമുണ്ടായിരുന്നു. 2000 BC -യ്ക്കും 1000 BC -യ്ക്കും ഇടയ്ക്കാണ് കുടിയേറ്റം നടക്കുന്നത്. അതായത്, ദീർഘകാലം നീണ്ടുനിന്ന ഒരു വരൾച്ച കാരണം ഹാരപ്പൻ സംസ്കാരം ക്ഷയിക്കാൻ തുടങ്ങിയ കാലം കൂടിയാണ് അത് എന്നോർക്കണം.  മധ്യേഷ്യയിൽ നിന്നുള്ള ഈ അധിനിവേശം ഇൻഡോ-യൂറോപ്യൻ ഭാഷ സംസാരിക്കുന്ന,  സ്വയം ആര്യന്മാർ എന്ന് വിളിച്ചു പോന്നിരുന്ന ഒരു ജനവിഭാഗത്തെ ഇന്ത്യയിലേക്കു കൊണ്ടുവന്നു. ഇതാണ് പിൽക്കാലത്ത് ആര്യൻ കുടിയേറ്റം എന്നറിയപ്പെട്ടത്. 

അത് അധിനിവേശമാണോ കുടിയേറ്റമാണോ എന്നുള്ളതാണ്... 

ഞാന്‍ കുടിയേറ്റം എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കാരണം, മുമ്പൊക്കെ നമ്മൾ ധരിച്ചുവെച്ചിരുന്നത് ഈ ആര്യൻ അധിനിവേശമാണ് ഹാരപ്പൻ സംസ്കാരത്തിന്റെ അടിവേരറുത്തത് എന്നായിരുന്നു. എന്നാൽ,  ഇന്ന് നമുക്കറിയാം ഹാരപ്പൻ സംസ്കൃതിയുടെ ക്ഷയത്തിനു നിമിത്തമായത് വളരെക്കാലം നീണ്ടുനിന്ന ഒരു കൊടും വരൾച്ചയാണ്. അത് ബാധിച്ചത് ഇന്ത്യയുടെ ഉത്തര പശ്ചിമ പ്രവിശ്യയെ മാത്രമല്ല, മറ്റു പല സംസ്കാരങ്ങളെയും അത് ക്ഷയിപ്പിച്ചിട്ടുണ്ട്. 

ഈ പറഞ്ഞ ഈ മധ്യ ഏഷ്യയില്‍ നിന്നും കടന്നുവന്നവരാണ് ആര്യന്മാരെങ്കില്‍ ഈ വൈദിക സംസ്കാരം അല്ലെങ്കില്‍ ഈ പറയപ്പെടുന്ന ആര്‍ഷഭാരതമെന്നൊക്കെ വിളിക്കുന്ന സംസ്കാരം കൊണ്ടുവന്നതവരാണ്, പുറത്ത് നിന്നുവന്നവരാണ് എന്നതാവില്ലേ... 

അവിടെ ഒരു കാര്യമുണ്ട്. കുടിയേറ്റക്കാർ വരുമ്പോഴൊക്കെ, കുടിയേറ്റക്കാരും തദ്ദേശവാസികളും തമ്മിൽ കലരുന്നു. അങ്ങനെ ഒരു പുതിയ സംസ്കാരം ഉടലെടുക്കുകയാണുണ്ടായത്. അല്ലാതെ സംസ്കാരത്തെ ഇറക്കുമതി ചെയ്തു, അല്ലെങ്കിൽ കയറ്റുമതി ചെയ്തു എന്നൊന്നും പറയാനാവില്ല. 

വന്ന്, കലര്‍ന്ന് ഒരു മിശ്രിത സങ്കര സംസ്കാരമായി മാറുകയായിരുന്നു ചെയ്തത് എന്ന്... 

അതെ. ഉദാഹരണത്തിന് ഏറ്റവും പുരാതനമായ സംസ്കൃതം, പണ്ട് ഋഗ്വേദസംസ്‌കൃതം എന്നൊക്കെ അറിയപ്പെട്ടിരുന്നത്, അതിന്റെ ലിപിയിലും Retroflex Consonants എന്നറിയപ്പെടുന്ന ട,ഡ,ണ എന്നീ വ്യഞ്ജനങ്ങളൊക്കെ ഉണ്ടായിരുന്നു. അവ മറ്റ് ഇന്തോ യൂറോപ്യൻ ഭാഷകളിൽ ഇല്ലായിരുന്നു. ഈ വ്യഞ്ജനങ്ങൾ ദ്രാവിഡ ഭാഷകളടക്കമുള്ള ആര്യന്മാർക്കു മുമ്പുള്ള ഭാഷകളുടെ ഭാഗമായിരുന്നു. സംസ്കൃതത്തോട് ഏറ്റവും അടുത്തുകിടക്കുന പേർഷ്യനിൽ പോലും ഇല്ലാത്ത അത് എങ്ങനെ സംസ്കൃതത്തിൽ കേറിക്കൂടി? 

സംസ്കൃതവും അല്ലെങ്കിൽ ഈ സംസ്കാരവും ഒരേസമയം വൈദേശികവുമാണ് ഒപ്പം സ്വദേശമായിട്ടുള്ള കാര്യങ്ങളും കൂടി അതില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു, അല്ലേ? 

അതേ, എപ്പോഴാണോ ഹാരപ്പന്‍ നാഗരികത ക്ഷയിച്ചു തുടങ്ങിയത് അപ്പോൾ ഹാരപ്പൻ സംസ്കൃതിയിൽ കഴിഞ്ഞിരുന്നവർ കിഴക്കോട്ടും, അതായത് ഉത്തരേന്ത്യയിലേക്കും, തെക്കോട്ടും, അതായത് ദക്ഷിണേന്ത്യയിലേക്കും കുടിയേറ്റങ്ങൾ നടത്തി. തങ്ങൾ ഹാരപ്പയിൽ വെച്ചുപുലർത്തിയിരുന്ന സംസ്കാരവും, ഭാഷയും, ജീവിത രീതികളും ഒക്കെ അവർ അങ്ങോട്ട് പറിച്ചു നട്ടു. ഉദാ. നമ്മുടെ മുറ്റത്തോട് ചേർന്നുള്ള വീടു നിർമാണരീതി ഹാരപ്പൻ സംസ്കാരത്തിൽ അതേപടി കാണാം. ആൽമരത്തിന് ദിവ്യത്വം കല്പിച്ചുകൊടുക്കുന്ന പതിവ് ഹാരപ്പൻ സംസ്കൃതിയിൽ ഉള്ളതായിരുന്നു. അതുപോലെ ഇന്നുപയോഗിക്കുന പല അടുക്കളപ്പാത്രങ്ങളുടെയും പ്രാരംഭമാതൃകകൾ നമുക്ക് ഹാരപ്പൻ സംസ്കൃതിയുടെ ശേഷിപ്പുകളിലും കാണാം.

അതായത് വൈദിക സംസ്കാരത്തിന് മുമ്പുണ്ടായിരുന്നവയാണ് എന്ന്?

അതേ. പുതുതായിട്ട് വന്ന ആള്‍ക്കാരും അവരുടെ സംസ്കാരവും ആ ഹാരപ്പന്‍ സിവിലൈസേഷനിലുണ്ടായിരുന്നതും രണ്ടും തമ്മില്‍ കലര്‍ന്നിട്ടുണ്ട്. അതാണ് ആ പുതിയ സംസ്കാരം ഉണ്ടാക്കുന്നത്. 

ചുരുക്കത്തില്‍ ഇതിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം എന്നുപറഞ്ഞാല്‍, ഒന്ന്: നമ്മളെല്ലാം കുടിയേറ്റക്കാരുടേതായ ഒരു പില്‍ക്കാല ജനതയാണ്. വിവിധ തരത്തിലുള്ള കുടിയേറ്റക്കാരാണ്. അപ്പോള്‍ നമ്മള്‍ ഈ നാടിന്‍റെ ഉടമസ്ഥരാണോ എന്ന് ചോദിച്ചാല്‍ ആ നാടിന്‍റെ മാത്രം ഉടമസ്ഥരല്ല. ലോകത്തിന്‍റെ മുഴുവനും. പക്ഷെ, നമ്മളെല്ലാവരും ഒരു തറവാട്ടില്‍ നിന്ന് പിറന്നവരാണ് എന്ന നല്ലൊരു സന്ദേശം കൂടി അതിലുണ്ട്. ഇന്ത്യയുടെ സംസ്കാരം, ചരിത്രം എന്നാല്‍ അത് വൈദിക സംസ്കാരത്തോടെയോ, സിന്ധുനദീതട സംസ്കാരത്തോടെയോ ആരംഭിക്കുന്നു എന്ന് പറയുന്നതിലും കുഴപ്പമുണ്ട്. 

അതേ. നമുക്കിടയിൽ നിലനിൽക്കുന്ന ഒരു പൊതുബോധമുണ്ട്. ഇന്ത്യൻ സംസ്കാരം എന്നത് ആര്യൻ, സംസ്‌കൃത, വേദിക് സംസ്കൃതികളിൽ നിന്നുള്ള ഒരു പ്രവാഹമാണെന്ന്. അത് പൂർണമായും ശരിയല്ല. നമ്മുടെ സംസ്കാരത്തിന്റെ ഒരു പ്രധാന അംശം തന്നെയാണ്  ആര്യൻ, സംസ്‌കൃത, വേദിക് സംസ്കൃതികൾ എന്നിരിക്കിലും, അതൊന്നുമാത്രമല്ല... എന്തിന്, അത് ഏറ്റവും പുരാതനമായതു പോലുമല്ല. ഹാരപ്പൻ സംസ്കാരമൊക്കെ അതിനും മുമ്പ് നമ്മുടെ നാട്ടിൽ പുലർന്നു പോന്നിരുന്നതാണ്. 

ആഫ്രിക്കയുടേയും പശ്ചിമേഷ്യയുടേയും ഈസ്റ്റ് ഏഷ്യയുടേയും ഒക്കെ സംഭാവനകള്‍ ചേര്‍ന്നതാണ് ആ സംസ്കാരം. 

അതേ. അതുകൊണ്ട് ഇന്ത്യന്‍ സിവിലൈസേഷന്‍ എന്ന് പറയുന്നത് ഒരു ഫൗണ്ടേഷനില്‍ നിന്ന് വരുന്നു എന്ന തരത്തിലുള്ള ധാരണ തെറ്റാണ്. അത് തിരുത്തണം.

അത്, സമീപകാലത്ത് ഒരു രാഷ്ട്രീയ പ്രശ്നം കൂടിയായി മാറുന്നുണ്ട്. താങ്കളുടെ പുസ്തകത്തില്‍ ഷെല്‍ഡണ്‍ പൊളോക് പറയുന്നത്, താങ്കളുടെ പുസ്തകം ഗംഭീരമായ ഒരു പുസ്തകം എന്ന് മാത്രമല്ല. അതൊരു ധീരമായ പുസ്തകം കൂടിയാണ് എന്നാണ്. ഹിന്ദുമതം എന്നത് എത്രമാത്രം ഇന്ത്യയുടെ ഒരു ആദിമമതമാണ് എന്ന് പറയാന്‍ പറ്റും? 

അതൊരു ബുദ്ധിമുട്ടുള്ള ചോദ്യമാണ്. കാരണം, അപ്പോൾ നമുക്ക് നമ്മൾ എന്നുമുതലാണ് ഇതിനെ ഹിന്ദു മതം എന്ന് വിളിക്കാൻ തുടങ്ങിയത് എന്ന് നിർവചിക്കേണ്ടി വരും. ഹാരപ്പൻ സംസ്കൃതിയെ ഹിന്ദു മതം എന്ന് വിളിക്കാമോ? വേണമെങ്കിൽ ആവാം. കാരണം, ഹാരപ്പൻ സംസ്കൃതിയിലും യോഗയുടെ പല ആസനങ്ങളുടെയും മുദ്രണങ്ങൾ കാണാം. നമുക്കറിയാം, ഋഗ്വേദത്തിൽ യോഗാഭ്യാസത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങളില്ല. അത് പിന്നീട് വന്നതാണ്. നേരത്തെ പറഞ്ഞ മിശ്രണത്തിന്റെ ഫലമാണ് അതൊക്കെയും   

അപ്പോ ക്ഷേത്രം, വിഗ്രഹം എന്നൊന്നും പറയുന്നത് വൈദിക കാലത്ത് ഉണ്ടായിരുന്നതല്ല എന്നുതോന്നുന്നു. അതിന് മുമ്പുണ്ടായിരുന്ന കാലത്തെയാണ്. 

മുമ്പുണ്ടായിരുന്ന കാലത്തേയാവാം. ഹാരപ്പൻ സംസ്കൃതിയിലെ ചില മരങ്ങൾക്കുള്ളിൽ വിഗ്രഹങ്ങൾ, അല്ലെങ്കിൽ വിഗ്രഹങ്ങളോടു സാമ്യമുള്ള ചിലത് കണ്ടെത്തിയിരുന്നു. അപ്പോൾ നിരവധിസംസ്കാരങ്ങളുടെ സങ്കലനമായ ഒരു സംസ്കാരമായിരുന്നു അന്ന് നിലനിന്നിരുന്നത് എന്നതിന്റെ  സൂചനകളാണ് ഇതൊക്കെയും. 

അതാണ് ഏറ്റവും പ്രധാനപ്പെട്ടത്, നമ്മളെത്രമാത്രം ബഹുസ്വരത കലര്‍ന്നതാണ്, അല്ലെങ്കില്‍ സങ്കരസംസ്കാരമാണെന്നുള്ളതിന്‍റെ കൃത്യമായ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

അതെ...

ഇറാനില്‍ നിന്നു വന്ന മനുഷ്യരുടെ ഭാഷയും തെക്കേ ഇന്ത്യന്‍, ദ്രാവിഡഭാഷയും തമ്മിലുള്ള ബന്ധവും അതുപോലെയാണ്. അതില്‍ അദ്ഭുതകരമായി താങ്കള്‍ കൊണ്ടുവന്ന  പൊതുവായിട്ടുള്ള വാക്കുകള്‍... എള്ള്, ഉമി, ഇടയന്‍ ഇങ്ങനെ ഒരുപാട് വാക്കുകള്‍... ഇതേ വാക്കുകളാണ് ഇറാനിലെ മലനിരകളില്‍ നിന്നും വന്ന മനുഷ്യര്‍, അതായത് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ്, 9000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊണ്ടുവന്നത്. 

വാസ്തവത്തില്‍ ഒരുപാട് പേര്‍ 19 -ാം നൂറ്റാണ്ട് മുതലുള്ള ഭാഷാ ശാസ്ത്രജ്ഞന്മാര്‍ ഈ കാര്യം പുറത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്. താങ്കള്‍ എഡ്വിന്‍ നോറിസിനെ പറ്റി പറഞ്ഞിട്ടുണ്ട്. റോബര്‍ട്ട് കാള്‍ഡുവലിനെപ്പറ്റി പറഞ്ഞിരുന്നു. പിന്നെ, നമ്മുടെ തന്നെ പണ്ഡിതരായിട്ടുള്ള ഐരാവതം മഹാദേവന്‍, തമിഴിലാണെങ്കില്‍ നീലകണ്ഠ ശാസ്ത്രി അതേപോലെയുള്ളവര്‍ പറയുന്നുണ്ട്... ഈ ബന്ധം വാസ്തവത്തില്‍ മലയാളികള്‍ക്ക് കൂടുതല്‍ രസകരമാവുകയാണ്. കാരണം, അവര്‍ക്കിപ്പോള്‍ ആ കാലത്ത് വെസ്റ്റ് ഏഷ്യയില്‍ നിന്ന് ഇങ്ങോട്ട് കൊണ്ടുവന്നൊരു ബന്ധമുണ്ട്. അതുപോലെ, ദ്രാവിഡഭാഷ... അതിന്‍റെ തുടര്‍ച്ചയായിരിക്കും ഈ സിന്ധു നദീതട സംസ്കാരത്തിന്‍റെ ലിപി എന്ന് പറയുന്ന ദ്രവീഡിയന്‍ സൗത്ത് ഇന്ത്യന്‍ ലിപിയാണ് എന്ന് പറയുന്നത്. ഈ ഭാഷകള്‍ തമ്മിലുള്ള ബന്ധം ഈ കുടിയേറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ എങ്ങനെയാണ് വിവരിക്കുന്നത്? 

ഇപ്പോ നമുക്കറിയാവുന്നത് ഭാഷാശാസ്ത്രം, പുരാവസ്തുശാസ്ത്രം, ജനിതകശാസ്ത്രം - ഇങ്ങനെ  മൂന്ന് -  അവ മൂന്നും ഒരേ നിഗമനത്തിലാണ് എത്തിച്ചേരുന്നത്. പശ്ചിമേഷ്യയിൽ നിന്നും ഇങ്ങോട്ട് കുടിയേറ്റമുണ്ടായിട്ടുണ്ട് എന്ന് ജനിതകശാസ്ത്രം  പറയുന്നു. പുരാവസ്തുശാസ്ത്രം പറയുന്നതോ പശ്ചിമേഷ്യയില്‍ നിന്നും കണ്ടെടുത്ത പുരാവസ്തുക്കളും, അഫ്ഗാനിസ്ഥാനിലെ മെഹർഗാറിൽ (അവിടെയാണ് ആദ്യമായി കൃഷി തുടങ്ങുന്നത്) നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങളും തമ്മിൽ  വളരെയധികം സാമ്യമുണ്ടെന്ന്. 

ഭാഷാശാസ്ത്രത്തിൽ പറയുന്ന കാര്യങ്ങൾ, പുരാവസ്തുശാസ്ത്രവും, ജനിതകശാസ്ത്രവുമൊക്കെ പറയുന്നതിന് വളരെക്കാലം മുമ്പ് തന്നെ അവര്‍ പറയുന്നതാണ് ഈ സാഗ്രോസ് പ്രവിശ്യയിലുണ്ടായിരുന്ന ഭാഷ 'ഇളമൈറ്റ്'(Elamite) എന്നാണ് ആ ഭാഷയും ദ്രാവിഡഭാഷകളും തമ്മില്‍ വളരെയധികം ബന്ധമുണ്ടെന്ന്. ഇത് 100 വര്‍ഷത്തിന് മുമ്പ് വരെ തുടങ്ങിയതാണ്. അതിന് പുതിയ തെളിവുകളും ഇപ്പോള്‍ വന്നിട്ടുണ്ട്. 2014 -ൽ വന്ന പുതിയ ഒരു പഠനത്തിൽ ഇങ്ങനെ പറയുന്നുണ്ട്. 

പക്ഷെ, അതൊക്കെ ഒരുകാലത്ത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഉദാഹരണത്തിന്, മാക്കല്‍പ്പിയുടെ ഹൈപ്പോത്തിസിസിനെ കുറിച്ച് പറയുകയാണെങ്കില്‍ അതിന് ശാസ്ത്രീയമായ അടിത്തറയില്ല. അത് ചില ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നാണ് എതിര്‍ക്കുന്നവര്‍ പറഞ്ഞിരുന്നത്. പക്ഷെ, ആ ബന്ധം ഇപ്പോഴേതാണ്ട് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു അല്ലേ?

അതേ, അദ്ദേഹത്തെ നേരത്തെ എതിര്‍ത്തിരുന്ന ആളുകളിൽ പലരും അദ്ദേഹം 2013 -ൽ എഴുതിയ പഠനങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്... ഈ ദിശയിലേക്കാണ് കാര്യങ്ങളുടെ സഞ്ചാരം. ഓര്‍ക്കണം, ജനിതകശാസ്ത്രത്തിന്റെ പുതിയ ഈ വെളിപ്പെടുത്തലുകൾ വരുന്നതിനു മുമ്പാണ്,  അതായത് 2013 ആണ് ഇതൊക്കെ. ഈയടുത്ത്, 2018 -ലാണ് ഇതുസംബന്ധിച്ച ജനിതകശാസ്ത്രപരമായ പുതിയ കണ്ടുപിടിത്തം ഉണ്ടായിരിക്കുന്നത്. അതിന് മുമ്പാണ് അദ്ദേഹം ഇതെല്ലാം എഴുതിയിരിക്കുന്നത്. 
നമ്മൾ ചെയ്യേണ്ടത് എല്ലാ ധാരകളിൽ നിന്നുമുള്ള പഠനഫലങ്ങളെ ഒരുമിച്ചു നിർത്തി പരിശോധിക്കണം. അങ്ങനെ ചെയ്യുമ്പോൾ നമുക്ക് സത്യം ബോധ്യപ്പെടും. 'ഇളമൈറ്റ്'(Elamite) എന്ന ഭാഷ ഹാരപ്പൻ സംസ്കൃതിയുടെ പ്രധാന ഭാഷയായിരുന്നു. അത് ദ്രാവിഡഭാഷകളുമായി അടുത്തുബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. അങ്ങനെയാണ് ആ ഭാഷ മറ്റുഭാഷകളിലേക്ക് കലരുന്നതും, വ്യാപിക്കുന്നതും. തങ്ങളുടെ സംസ്കാരത്തിന്റെ പ്രഭവഭൂമി വിട്ട് ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്ക് കുടിയേറിയ ഹാരപ്പൻ സംസ്കാരത്തിൽപ്പെട്ടവർ കൂടെ അവരുടെ ഭാഷയും കൊണ്ടുപൊയ്ക്കാണും, ഉറപ്പാണ്. എന്നാൽ പിന്നീടുവന്ന ആര്യൻ കുടിയേറ്റം ഭാഷയിലെ മാറ്റത്തിന് കാരണമായിട്ടുണ്ട്.

65000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയില്‍ നിന്ന് ഇന്ത്യന്‍ ഭാഗത്തേക്ക് കുടിയേറിയതിനെ കുറിച്ച് പറയുമ്പോള്‍, അന്ന് ഇന്ത്യയില്‍ ജീവിച്ചിരുന്നവരെക്കുറിച്ച് സൂചനയുണ്ട്. ഇന്ത്യ പൂര്‍ണമായിട്ടും ജനങ്ങളില്ലാതിരുന്ന ഒരു നാടായിരുന്നില്ല അല്ലേ?

ആധുനിക മനുഷ്യര്‍/ഹോമോസാപ്പിയന്‍സ് വന്നത് 65000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. വരുമ്പോള്‍ ഇന്ത്യയില്‍ ആദിമ മനുഷ്യരുണ്ട്. പൂര്‍വ മനുഷ്യര്‍. കൃത്യമായി ഏത് നരവംശമായിരുന്നു എന്ന് നമുക്കിപ്പോഴും അറിഞ്ഞൂടാ, ഹോമോ ഇറക്ടസാണോ ഹോമോ ഹെഡില്‍ബഗന്‍സസായിരുന്നോ അതൊന്നും നമുക്കറിഞ്ഞൂടാ. പക്ഷെ അവരിവിടെ ധാരാളമായി ഉണ്ടായിരുന്നു. അവരുടെ സ്റ്റോണ്‍ ടൂള്‍സില്‍ നിന്നും നമുക്കത് മനസ്സിലാക്കാം. 

ഇന്തോ-യൂറോപ്പ്യന്‍ ഭാഷയുമായി ബന്ധപ്പെട്ട സംസ്കാരമെല്ലാം ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് പോയവരെത്തിച്ചതാണ്, അവരാണ് പുറത്ത് ഈ സംസ്കാരം എത്തിച്ചത് എന്നൊക്കെ അവകാശവാദമുണ്ട്. 

ഇതെല്ലാം തെറ്റാണെന്ന് തെളിയിക്കപ്പെട്ട് കഴിഞ്ഞു. അതിന് കാരണമുണ്ട്. 65000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്ന ഔട്ട് ഓഫ് ആഫ്രിക്ക കുടിയേറ്റക്കാർ അതായത്, എന്‍റെ പുസ്തകത്തില്‍ ആദ്യത്തെ ഇന്ത്യക്കാര്‍ എന്ന് വിളിക്കുന്നവര്‍. ഈ ഒരു 'ആദിമ ഇന്ത്യൻ പാരമ്പര്യം' എല്ലാ ഇന്ത്യക്കാരിലുമുണ്ട്. ഏത് കാസ്റ്റ് ഗ്രൂപ്പിലാണെങ്കിലും ഏത് ഭാഷ  സംസാരിക്കുന്നെങ്കിലും ഏത് പ്രവിശ്യയിലാണെങ്കിലും ഇന്ത്യൻ ജനതയുടെ ഏതൊരു വിഭാഗത്തിനും ഈ 'ആദിമ ഇന്ത്യൻ' പാരമ്പര്യമുണ്ട്. ദക്ഷിണേഷ്യയുടെ ജനിതകഘടനയിൽ പ്രകടമായിട്ടുള്ളത് ഈ 'ആദിമ ഇന്ത്യൻ' സ്വത്വമാണ്.  50-65 ശതമാനത്തോളം.

ഇന്ത്യയിൽ നിന്നും ഏഷ്യ, യൂറോപ്, അങ്ങ് ഇൻഡോ യൂറോപ്യൻ ഭാഷ സംസാരിക്കുന്ന ഐസ്ലൻഡ്‌ വരെ നീണ്ട ഒരു കുടിയേറ്റം ഉണ്ടായിരുന്നു എങ്കിൽ, അവരിലും ഒരു ഈ ആദിമ ഇന്ത്യൻ ജനിതക അംശങ്ങൾ കണ്ടെത്താൻ ആയേനെ. എന്നാൽ ഇല്ല. അത് ദക്ഷിണ ഏഷ്യയിൽ മാത്രമേയുള്ളൂ. ഇവിടുള്ളവർക്ക് പുറത്തെവിടെയും അടുത്ത ബന്ധുക്കളില്ല, ജനിതകമായി നോക്കിയാൽ.  ഇവിടുന്ന് ഓസ്ട്രേലിയക്കൊക്കെ പോയ ആള്‍ക്കാര്‍ 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പോയത്. അവർ അടുത്ത ബന്ധുക്കൾ എന്ന് വിളിക്കാനാവില്ല. 'ആദിമ ഇന്ത്യൻ' എന്നത് ദക്ഷിണ ഏഷ്യയിലേ ഉള്ളൂ, ആരും പുറത്തേക്കൊന്നും പോയിട്ടില്ല. ഇതിനു ഒരേയൊരു അപവാദമുളളത് റോമാസ് എന്നുവിളിക്കപ്പെടുന്ന ഒരു ജിപ്സി കൂട്ടരാണ്. അവര്‍ യൂറോപ്പിലും അമേരിക്കയിലുമൊക്കെയുണ്ട്. അവര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് എല്ലാവര്‍ക്കും അറിയാം. 1500 വര്‍ഷം മുമ്പ് വടക്കുപടിഞ്ഞാറേ ഇന്ത്യയില്‍ നിന്നാണ് അവർ പോയത്. അവര്‍ മാത്രമേയുള്ളൂ തെക്കേ ഏഷ്യയില്‍ നിന്ന് പുറത്ത് പോയവര്‍. അവരേക്കുറിച്ച് ജനിതക പഠനങ്ങൾ നടത്തപ്പെട്ടിട്ടുണ്ട്. അതില്‍ കാണുന്നത്, അവർക്ക് 'ആദിമ ഇന്ത്യൻ' പാരമ്പര്യമുണ്ട് എന്നുതന്നെയാണ്. ഇപ്പോഴും ഉണ്ട്. എന്നാൽ ഇൻഡോ യൂറോപ്യൻ ഭാഷ പ്രചരിപ്പിച്ചത് അവരാവില്ല. കാരണം അതിവിടെ എത്രയോ കാലം മുമ്പുതന്നെയുണ്ട്.  ഇന്തോ യൂറോപ്യൻ ഭാഷകൾ ഐസ്‌ലൻഡുമുതൽ ഇങ്ങു കിഴക്ക് ഇന്ത്യ വരെയുണ്ടെങ്കിലും, ഇന്ത്യക്ക് കിഴക്കോട്ട് ഈ ഭാഷകൾ സംസാരിക്കുന്ന ഒരു സമൂഹവും നിലവിലുണ്ടായിരുന്നതായി തെളിഞ്ഞിട്ടില്ല.. ഇന്ത്യയിൽ നിന്നും പുറപ്പെട്ടുപോയവരല്ല ഇന്തോ യൂറോപ്യൻ ഭാഷകൾ പ്രചരിപ്പിച്ചത്. അത് അതിനുമൊക്കെ എത്രയോ മുമ്പാണ്.

വാസ്തവത്തില്‍ ടോണി ജോസഫിന്‍റെ പുസ്തകവും ഈ രംഗത്തുള്ള പുതിയ അന്വേഷണങ്ങളും വിവരങ്ങളും നമുക്ക് മനസിലാക്കിത്തരുന്നത് ഈ ലോകം മുഴുവന്‍ വാസ്തവത്തില്‍ ഒരു കുടുംബത്തിന്‍റെ ഭാഗം തന്നെയാണ് എന്നാണ്. വസുധൈവ കുടുംബകം എന്നും മറ്റും നമ്മുടെ തന്നെ മുന്‍ഗാമികള്‍ ചൂണ്ടിക്കാണിച്ചിട്ടുളളത് വാസ്തവത്തിലെത്ര ശരിയാണ് എന്നാണ് കൂടുതല്‍ കൂടുതല്‍ വെളിപ്പെടുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ സങ്കുചിതത്വങ്ങളും നമ്മള്‍ മാത്രമാണ് എന്നുള്ള ധാരണകള്‍ക്കും ഒക്കെ ഏല്‍ക്കുന്ന ഒരു ഒന്നാന്തരം ആഘാതമാണ് പുതിയ ശാസ്ത്രം. പുതിയ കണ്ടുപിടിത്തങ്ങളും മറ്റും പുറത്ത് കൊണ്ടുവരുന്നത്. നമ്മളെല്ലാവരും ഒരു കുടുംബത്തിന്‍റെ ഭാഗമാണ്. ആരും വ്യത്യസ്തരല്ല. അടിസ്ഥാനപരമായി എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന പുതിയ ശാസ്ത്ര ഗവേഷണ വിപ്ലവങ്ങളാണ് നമ്മുടെ മുന്നില്‍ കാണുന്നത്. അതിന്‍റെ സമാഹാരമാണ് ഈ പുസ്തകം. അതിന് നമ്മള്‍ ടോണി ജോസഫിനോട് കടപ്പെട്ടിരിക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios