കേരളത്തില്‍ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ബൗദ്ധ - ജൈന മതങ്ങള്‍ക്ക് പിന്നീടെന്താണ് സംഭവിച്ചത്?

കേരള സർവകലാശാല പുരാവസ്തു പഠന വകുപ്പ് സ്ഥാപകന്‍ ഡോ. അജിത്ത് കുമാറുമായി, സയന്‍സ് ടോക്കില്‍ ശാലിനി എസ് നടത്തിയ അഭിമുഖത്തില്‍ നിന്നും പ്രസക്ത ഭാഗങ്ങൾ.

What happened to the Buddhist and Jain religions which had a strong presence in Kerala


കേരളത്തിന്‍റെ പുരാവസ്തു സംരക്ഷണ പദ്ധതികള്‍ എന്തൊക്കെയാണ്? 

കേരളത്തിലെ കോട്ടകള്‍ എല്ലാം മണ്‍കോട്ടകളാണ്. അതിൽ തന്നെ വെട്ടുകല്ലും കരിങ്കലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം കോട്ട കണ്ടെത്തിയപ്പോള്‍ അത് സംരക്ഷിക്കാന്‍ പോലും സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ വകുപ്പ് തയ്യാറായില്ല. കേരളം സ്വന്തം പുരാവസ്തു ചരിത്രത്തെ മറക്കാന്‍ ശ്രമിക്കുകയാണ്. രാജഭരണ കാലത്ത് തിരുവിതാംകൂര്‍ സുന്ദരപിള്ളയെ പോലുള്ള പ്രഗത്ഭരെ ഉപയോഗപ്പെടുത്തി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ശ്രീമൂലം തിരുനാള്‍, ഗോപിനാഥ് റാവുവിനെ കൊണ്ട് ബുദ്ധിസ്റ്റ് ജൈന മതങ്ങളെ കുറിച്ച് അന്വേഷിച്ചു. ഇന്നും വിലമതിക്കുന്ന 'എലിമന്‍റ്സ് ഓഫ് ഹിന്ദു ഐക്കണോഗ്രാഫി', 'ട്രാവന്‍കൂർ ആര്‍ക്കിയോളജിക്കല്‍ സീരിസ്' തുടങ്ങിയ പുസ്തകങ്ങള്‍ ഇങ്ങനെ ഉണ്ടായവയാണ്.

ഇതേകാലത്താണ് കൊച്ചി രാജ്യവും പുരാവസ്തു പഠനം ആരംഭിക്കുന്നത്. അനുജച്ഛനാണ് കൊച്ചിയ്ക്ക് വേണ്ടി ആദ്യമായി കൊടുങ്ങല്ലൂരില്‍ ഖനനം നടത്തുന്നത്. പിന്നീട് 1901 -ല്‍ എടയ്ക്കല്‍ ഗുഹയെ കുറിച്ച് പഠിക്കുന്നു. ഇവയെല്ലാം ലോകോത്തരങ്ങളായ എഴുത്തുകളാണ്. ഇന്ത്യയില്‍ ഏറ്റവും ആദ്യത്തെ മെഗാലിത്തിത് ഖനനം നടക്കുന്നത് കേരളത്തിലാണ്. പക്ഷേ, പിന്നീട് ജനാധിപത്യ കേരളത്തില്‍ പുരാവസ്തു പഠനം വെറും മ്യൂസിയം പഠനമായി മാറി. പിന്നീട് ഇങ്ങോട്ട് 15 ഓളം പേര്‍ കേരളാ പുരാവസ്ത വകുപ്പിന്‍റെ തലവന്മാരായി ഇരുന്നിട്ടുണ്ട്. ഇതില്‍ ടി സത്യമൂർത്തിയാണ് ആദ്യമായും അവസാനമായും മാങ്ങാടിനെ കുറിച്ച് ഒരു പുരാവസ്തു ഖനന റിപ്പോര്‍ട്ട് ഉണ്ടാക്കുന്നത്. പിന്നീട് ഇതുവരെ കേരള പുരാവസ്തു വകുപ്പ് ഒരു ഖനനവും നടത്തിയിട്ടില്ലെന്ന് പറയേണ്ടി വരും. സ്കുളുകളിലെ ചരിത്ര പാഠങ്ങളില്‍ പോലും ഈയൊരു ചരിത്ര നിരാകരണം കാണാം. 

 

ഉത്തരേന്ത്യയില്‍ ദക്ഷിണേന്ത്യന്‍ ചരിത്രം പഠിപ്പിക്കുന്നതില്ലെന്ന് കാണാം. അവര്‍ക്ക് അതിന്‍റെ ആവശ്യമില്ലെന്നത് തന്നെ കാരണം. ദക്ഷിണേന്ത്യന്‍ ചരിത്രത്തില്‍ ചോള രാജാക്കന്മാരുടെ ചരിത്രം വളരെ ബൃഹത്തായ ഒന്നാണ്. അതിനെ മറക്കാന്‍ കഴിയില്ല. എന്നാല്‍ അത് സംബന്ധിച്ച് ഒരു ലേഖനം പോലും എന്‍സിആര്‍ടിയുടെ പുസ്തകത്തില്‍ കാണാന്‍ കഴിയില്ല. ഉത്തരേന്ത്യയിലെ ഹിന്ദു, മുസ്ലീം രാജവംശങ്ങളെ കുറിച്ചാണ് അവിടെ പഠിപ്പിക്കുന്നത്. എന്തിന് കേരളത്തില്‍ ശ്രീധരമേനോന്‍ സാറിന്‍റെ ഒരു പുസ്തകം മാത്രമാണ് പഠിപ്പിക്കുന്നത്. അതേസമയം എം ജി എസ് നാരായണന്‍ സാർ വളരെ ആധികാരികമായും ആഴത്തിലുമുള്ള പഠനങ്ങളുണ്ടെങ്കിലും അതൊന്നു പഠിപ്പിക്കുന്നില്ല. ഇന്നും എംഎ വരെയുള്ള ക്ലാസുകളില്‍ ശ്രീധരമേനോന്‍ സാറിന്‍റെ പുസ്തകങ്ങളാണ് ഉള്ളത്. അതിലുപരി പഠനങ്ങളുണ്ടെങ്കിലും അതൊന്നും പഠിപ്പിക്കുന്നില്ലെന്നും കാണാം. 

കേരളത്തിലെ ബുദ്ധ - ജൈന മതങ്ങളെ കുറിച്ച് ?

സംഘ സാഹിത്യത്തില്‍ ബുദ്ധമതത്തിലെ 'ഹീനയാന വിഭാഗ'ത്തെ കുറിച്ച് പരാമർശിക്കുന്നത് കാണാം. 'പട്ടിണി ദേവി'യുടെ ക്ഷേത്രം കൊടുങ്ങല്ലൂരില്‍ പണിതപ്പോൾ അതിന്‍റെ ചടങ്ങുകള്‍ക്കായി ശ്രീലങ്കയില്‍ നിന്നും 'ഗജബാഹു' (മൂന്നാം നൂറ്റാണ്ട്) എന്ന രാജാവ് എത്തിയതായി സംഘ സാഹിത്യത്തില്‍ പറയുന്നുണ്ട്. ചിലര്‍ പട്ടിണി ദേവി ബുദ്ധ മതാനുയായി ആണെന്ന് പറയുന്നു. അമ്പലപ്പുഴയ്ക്ക് അടുത്തുണ്ടായിരുന്ന, പിന്നീട് കടലെടുത്തത്തെന്ന് കരുതുന്ന 'ശ്രീമൂലവാസം' എന്ന ബുദ്ധിസ്റ്റ് ക്ഷേത്രത്തിന് 10 -ാം നൂറ്റാണ്ടില്‍ 'വിക്രമാതിദ്യ വരഗുണ' എന്ന രാജാവ് ഭൂമി ദാനം നല്‍കിയതായി രേഖയുണ്ട്. അതോടൊപ്പം തന്നെ ഈ ഭൂമിയുടെ സംരക്ഷണം ഒരു സേനാപതിക്ക് കൈമാറുന്നു. അക്കാലത്ത് ബുദ്ധമതം ആക്രമണങ്ങള്‍ക്ക് വിധേയമായി തുടങ്ങിയതിനാലാകാം ഈ പ്രത്യേക സുരക്ഷ ഒരുക്കിയത്. 

കായംകുളം - അമ്പലപ്പുഴ മുതല്‍ കൊടുങ്ങല്ലൂർ വരെയുള്ള പ്രദേശങ്ങളില്‍ നിന്നും 8,9 നൂറ്റാണ്ടുകളിലെ ബുദ്ധിസ്റ്റ് തെളിവുകള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ശിലാശില്പങ്ങളില്‍  ശ്രീലങ്കന്‍ സ്വാധീനവും കാണാം. അശോകന്‍റെ കാലത്ത് തന്നെ ശ്രീലങ്ക ബുദ്ധിസ്റ്റ് കേന്ദ്രമായി മാറുന്നു. പിന്നീട് അവിടെ നിന്നും കേരളത്തിലേക്ക് ബുദ്ധിസം കടന്നു വന്നതിനും തെളിവുണ്ട്.  ശ്രീലങ്കയിൽ നിന്നും ബുദ്ധഭിക്ഷുക്കളോടൊപ്പം കേരളത്തിലേക്ക് വന്ന വ്യാപാരികളാണ് ഈഴവർ. പക്ഷേ, പിന്നീട് ചോള സാമ്രാജ്യം തകരുന്നതോടെ കേരളത്തില്‍ നിന്നും ബുദ്ധിസം പുറത്താക്കപ്പെടുന്നു. ബുദ്ധ ക്ഷേത്രങ്ങളും അതിന്‍റെ സ്വത്തുക്കളും ഇതോടെ ഹിന്ദു ആരാധനാലയങ്ങളായി രൂപം മാറുന്നു. 

കൊടുങ്ങല്ലൂര്‍ ക്ഷേത്രം ഒരു ബുദ്ധിസ്റ്റ് ആരാധനാലയമായിരുന്നു. ഇവിടെ നിന്നും ബൗദ്ധരെ ഓടിക്കാനായാണ് 'ഭരണി പാട്ടുകള്‍' പോലും നിര്‍മ്മിക്കപ്പെട്ടത്. 11 -ാം നൂറ്റാണ്ടോടെ ബുദ്ധിസം കേരളത്തില്‍ നിന്നും പൂര്‍ണ്ണമായും ഇല്ലാതാക്കപ്പെടുന്നു. ചെട്ടിക്കുളങ്ങര അമ്പലത്തിലെ കെട്ട് കാഴ്ച. ഇന്നത്തെ ഹിന്ദു ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളത്ത്, കളരിപ്പയറ്റ് ഇവയെല്ലാം ശ്രീലങ്കയില്‍ നിന്നും ബുദ്ധിസത്തോടൊപ്പം കേരളത്തിലേക്ക് എത്തിയതാണ്.

ഒന്നാം ഭാഗം വായിക്കാം : കേരളത്തിന്‍റെ പൗരാണിക ചരിത്രത്തില്‍ തുറമുഖങ്ങള്‍ക്കുള്ള പ്രാധാന്യമെന്ത്?

ഈ സമയത്ത് കേരളത്തില്‍ 'ഹിന്ദു' അത്ര ശക്തമായ മതമായിരുന്നില്ല. എന്നാല്‍ കോളോണിയല്‍ കാലഘട്ടത്തിലാണ് ഉത്തരേന്ത്യന്‍ മോഡൽ ജാതി വ്യവസ്ഥ ഹിന്ദുക്കള്‍ക്കിടയിൽ ശക്തമാകുന്നത്. അതുവരെ കേരളത്തില്‍ ബ്രഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെ വേര്‍തിരിവുകള്‍ ഇല്ലായിരുന്നു. ഇന്ന് എസ്‍സി വിഭാഗത്തിലുള്ള 'വെള്ളാള്ള ജാതി', പണ്ട് കേരളത്തില്‍ വലിയ അധികാരങ്ങളുള്ള ഒരു ജാതിയായിരുന്നു എന്നതിനും തെളിവുകളുണ്ട്.

എടയ്ക്കൽ ഗുഹയുടെ പ്രധാന്യമെന്താണ് ?

'കുറുമ്പ ഗോത്രം', തങ്ങളുടെ പൂർവ്വ പിതാക്കന്മാർക്കായി ആരാധന നടത്തിയ സ്ഥലമായിരുന്നു എടയ്ക്കല്‍ ഗുഹ. 2,3 നൂറ്റാണ്ടുകളിലെ ചേര രാജാക്കന്മാരുടെ മൂന്ന് ലിഖിതങ്ങള്‍ ഇടയ്ക്കലില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഒപ്പം കദമ്പ രാജവംശത്തിലെ വിഷ്ണുവര്‍മ്മന്‍റെ ലിഖിതങ്ങളും ഇവിടെ നിന്നും കണ്ടെത്തി. കേരളത്തിലെ ആദ്യത്തെ സംസ്കൃത ലിഖിതവും വട്ടെഴുത്ത് ലിഖിതവും ഇവിടെ നിന്നാണ് കണ്ടെത്തിയത്. അത്രയും പ്രധാനപ്പെട്ട പുരാതനമായ ഒരു മത - വിശ്വാസ കേന്ദ്രമായിരുന്നു അത്. ഒരു പക്ഷേ, അത്രയേറെ പഴക്കം ചെന്ന, ഇത്രയും വലിയ ഗുഹാ ചിത്രങ്ങള്‍ ഇന്ത്യയില്‍ മറ്റൊരിടത്ത് നിന്നും കണ്ടെത്തിയിട്ടില്ല. പ്രധാന്യം ഏറെയുണ്ടെങ്കിലും ഇന്ന് ഇതൊന്നും വേണ്ട രീതിയില്‍ സംരക്ഷിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടേണ്ട ഒന്ന്, ഇന്ന് രാഷ്ട്രീയ നിയമനങ്ങള്‍ വഴി മഴയും വെയ്‍ലുമേറ്റ് നശിക്കുന്നു. എടയ്ക്കലില്‍ വിഷയ വിദഗ്ദരെ നിയമിച്ച് തദ്ദേശീയരായ കുറുമ്പ ഗോത്രവുമായി ബന്ധപ്പെടുത്തി എടയ്ക്കൽ ഗുഹാ സംരക്ഷണം ഉറപ്പ് വരുത്തേണ്ടതുണ്ട്. നിരന്തരം മഴയേൽക്കുന്ന ഗുഹാ ചിത്രങ്ങളില്‍ ഫംഗസും പായലും വന്ന് നശിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

 

ഇന്ത്യന്‍ ആര്‍ക്കിയോളജിയുടെ ലോക സാധ്യതകള്‍ എന്തൊക്കെയാണ്?

ഹാരപ്പന്‍ ആര്‍ക്കിയോളജി, ബുദ്ധിസം എന്നീ രണ്ട് വിഷയങ്ങള്‍ക്കാണ് നിലവിൽ ഇന്ത്യയില്‍ നിന്നും ലോക പുരാവസ്തു പഠന മേഖലയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളവ. ഈ വിഷയങ്ങളില്‍ പുറത്ത് നിന്നുള്ളവരുടെ ഗവേഷണ വിഷയവുമായി ബന്ധപ്പെട്ടുന്ന പഠന സാങ്കേതികതകള്‍ അവരുമായി പങ്കുവയ്ക്കാൻ കഴിയുന്നു. അത് ചിലപ്പോള്‍ മാപ്പിംഗിലായിരിക്കും. ചിലപ്പോള്‍ ഡ്രോയിംഗിൽ, മറ്റ് ചിലപ്പോള്‍ അവരുടെ ഫണ്ടിന്‍റെ രൂപത്തിലായിരിക്കും. അത്തരം സാധ്യതകളെല്ലാം നമ്മള്‍ ഉപയോഗിക്കുന്നു. പലപ്പോഴും ജിപിഎസ്, മാപ്പിംഗുകളുടെ വർക്ക് ഷോപ്പുകളും മറ്റും കേരള സർവകലാശാലയില്‍ സംഘടിപ്പിക്കാറുണ്ട്. ഇതിലൊരു പരസ്പര സഹകരണമാണ് ഉള്ളത്. അത് കൊണ്ട് തന്നെ പലപ്പോഴും ഇവിടെ നിന്നുള്ളവര്‍ക്ക് പുറത്ത് പോയി പഠിക്കാനുള്ള അവസരങ്ങളുമുണ്ട്. കരീബിയന്‍, ഇറാന്‍, യുഎസ്, ശ്രീലങ്ക തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പഠിതാക്കളും കേരള സർവകലാശാലയിലേക്ക് ഇന്ന് എത്തുന്നു.
 
പുരാവസ്തു പഠനത്തില്‍ ടെക്നോളജിയുടെ സാധ്യതകൾ എത്രമാത്രം?

സാമ്പത്തിക സഹായം ഇല്ലാത്തതിനാല്‍ പുരാവസ്തു പഠനത്തില്‍ പുതിയ ടെക്നോളജികള്‍ കൊണ്ടുവരുന്നതില്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. തുടക്ക കാലത്ത് പലപ്പോഴും പുറത്ത് നിന്നുള്ള സഹായം തേടേണ്ടി വന്നിട്ടുണ്ട്. ജപ്പാനില്‍ നിന്നും അക്കാലത്ത് ഇവിടെ വന്ന ജാപ്പനീസ് ഗവേഷകർ ഏറെ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ന് സാറ്റ്ലൈറ്റ് ഡാറ്റ ഉപയോഗിച്ചുള്ള പഠന സാധ്യതകൾക്ക് സ്പെയിനില്‍ നിന്നും സഹായം ലഭിക്കുന്നുണ്ട്. പോട്രിയെ കുറിച്ചുള്ള പെട്രോളജിക്കൽ പഠനങ്ങൾക്കായി ഒരു ലാബ് ഇപ്പോള്‍ കേരള സർവ്വകലാശാലയിലുണ്ട്. ഒപ്പം സൂ ആര്‍ക്കിയോളജി ലാബ് ഡോ അജയന്‍റെ നേതൃത്വത്തില്‍ നടക്കുന്നു. 

പുരാവസ്തു പഠനത്തില്‍ നിന്നും മനുഷ്യന് ആര്‍ജിക്കാന്‍ കഴിയുന്ന അറിവ് എന്താണ്?

പുരാവസ്തു പഠനം, ചരിത്രത്തിന്‍റെ പുനഃരെഴുത്തിന് സഹായിക്കുന്നു. അതായത് എഴുതിയ ചരിത്രം ലഭ്യമല്ലാത്തിടത്ത് ശാസ്ത്രീയമായ ചരിത്രം സൃഷ്ടിക്കാന്‍ കഴിയുന്നു എന്നത് തന്നെ. പ്രത്യേകിച്ചും കാര്‍ബണ്‍ ഡേറ്റിംഗ് പോലുള്ള പഠനങ്ങള്‍. അക്കാലത്തെ മനുഷ്യ ജീവിതത്തിന്‍റെ എല്ലാ വശങ്ങളെ കുറിച്ചും ശാസ്ത്രീയമായി തന്നെ പുരാവസ്തു ശാസ്ത്രം പഠിക്കുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios