പ്രതിരോധത്തിന്‍റെ 'പടുപാട്ട്'; ഇത് പൊരുതുന്നവര്‍ക്കുള്ള ആദരം; രശ്മി സതീഷ് സംസാരിക്കുന്നു
എല്ലാ കാലത്തും കല ആയുധമായി ഉപയോഗിക്കുന്നുണ്ട്. ബോബ് മാര്‍ല്ലിയുടെ പാട്ടുകളെല്ലാം അങ്ങനെയുള്ളതാണ്. കേരളത്തിലേക്ക് വരുമ്പോഴാണ് 'ഇനി വരുന്നൊരു തലമുറക്ക്' എന്ന പാട്ടൊക്കെ വരുന്നത്. എത്രത്തോളം പ്രതിരോധവും പ്രതിഷേധവും സാധ്യമാകുന്നു എന്നതിലാണ് കാര്യം.
'തോക്ക് തോല്‍ക്കും കാലം വരും വരെ
നാക്ക് തോല്‍ക്കില്ലെടോ..
എന്‍റെ വാക്ക് തോല്‍ക്കില്ലെടോ
നോക്ക് തോല്‍ക്കും കാലം വരും വരെ
പാട്ട് തോല്‍ക്കില്ലെടോ
എന്‍റെ പാട്ട് തോല്‍ക്കില്ലെടോ'
(പടുപാട്ട്- കണ്ണന്‍ സിദ്ധാര്‍ത്ഥന്‍)
രസ ബാന്‍ഡ്ഡിന്‍റെ ഏറ്റവും പുതിയ പ്രൊഡക്ഷനാണ് ഈ 'പടുപാട്ട്..' രശ്മി സതീഷ് പാടുകയും അഭിനയിക്കുകയും ചെയ്ത പടുപാട്ട് വളരെ ചുരുങ്ങിയ നേരം കൊണ്ടുതന്നെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. സഫ്രു ഷാഫിയാണ് രശ്മിക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. രശ്മിയുടെ നെഞ്ചില്‍ തറക്കുന്ന ശബ്ദവും, ചടുലമായ താളവും, ദൃശ്യഭംഗിയും പടുപാട്ട് എന്താണോ ഉദ്ദേശിക്കുന്നത് അത് വളരെ എളുപ്പത്തില്‍ തന്നെ ഹൃദയത്തിലേക്കെത്തിക്കുന്നുണ്ട്.
'കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയിലെ കലാകാരന്മാരുടെ എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്തലുകളെ നേരിടുകയാണ്. സ്റ്റേറ്റ് അതിന് കഴിയും വിധമെല്ലാം അധികാരമുപയോഗിച്ച് അത് നടപ്പിലാക്കുന്നു. സംഗീതം എല്ലാ കാലത്തും, ലോകത്തെല്ലായിടത്തും പ്രതിരോധത്തിന്‍റെ അലകള്‍ തീര്‍ത്തിട്ടുണ്ട്. രസ ബാന്‍ഡിന്‍റെ ഈ പടുപാട്ട് നിശബ്ദരാകാന്‍ ഇഷ്ടമില്ലാത്ത എല്ലാ എഴുത്തുകാര്‍ക്കും, കലാകാരന്മാര്‍ക്കും, ആക്ടിവിസ്റ്റുകള്‍ക്കുമുള്ള ആദരമാണ്.' എന്ന് വളരെ വ്യക്തമായി രസ ബാന്‍ഡ് അവരുടെ ചെറുകുറിപ്പില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
കലയ്ക്ക് എല്ലാ കാലത്തും സമൂഹത്തില്‍ ഒരു കടമ നിര്‍വഹിക്കാനുണ്ട്.. അത് പ്രതിരോധത്തിന്‍റെയും പ്രതിഷേധത്തിന്‍റെയും ഒച്ചകള്‍ തീര്‍ക്കുന്നതും അങ്ങനെയാണ്. 'പാടിത്തോല്‍പ്പിക്കാമോ?' എന്നാണ് ചോദ്യമെങ്കില്‍ 'പാടിത്തോല്‍പ്പിച്ചില്ലെങ്കിലും ചിലതെല്ലാം പാടിപ്പറഞ്ഞു തരാനാകും' എന്നാണ് ഉത്തരം.
സാമൂഹ്യപ്രാധാന്യമുള്ള പാട്ടുകളാണ് രശ്മി സതീഷ് എന്ന ഗായിക മിക്കപ്പോഴും ചേര്‍ത്തു പിടിച്ചിട്ടുള്ളത്. അതിലൂടെ ചെറുതെങ്കിലും തന്‍റെ പ്രതിബദ്ധത കാണിക്കാനാകുമെന്ന് ഒരു കലാകാരിയെന്ന നിലയില്‍ അവരെപ്പോഴും വിശ്വസിച്ചിട്ടുണ്ട്. അതിനാലാകണം, ഇന്ന് രശ്മിയുടെ രസ ബാന്‍ഡ് രണ്ട് വര്‍ഷത്തിന് ശേഷം ഒരു പ്രൊഡക്ഷന്‍ കൂടി പുറത്തിറക്കുമ്പോള്‍ അത് കേള്‍വിക്കാര്‍ നെഞ്ചേറ്റുന്നത്. രശ്മി സതീഷ് പടുപാട്ടിനെ കുറിച്ച്...
എന്താണ് പടുപാട്ട്?
കണ്ണന്‍ സിദ്ധാര്‍ത്ഥന്‍ എഴുതിയ ഒരു കവിതയാണ് ഇവിടെ രസ പടുപാട്ടായി അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ഭാഷയിലുള്ള, ഗ്രാമീണ ഭാഷയിലുള്ള പാട്ടാണ് പടുപാട്ട്. 'പടുപാട്ട്' എന്നതു തന്നെ ഒരു കളിയാക്കല്‍ പ്രയോഗമാണ്. അതായത്, സവര്‍ണതയുടെ കളിയാക്കല്‍. കളിയാക്കപ്പെടുന്ന അതേ ഭാഷകൊണ്ടു തന്നെ, ആ പാട്ട് കൊണ്ടു തന്നെ അതിനൊരു മറുപടി നല്‍കുക എന്നതാണ് 'പടുപാട്ട്' കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണ ഭാഷ ഉപയോഗിച്ചുകൊണ്ട് വളരെ ശക്തമേറിയ കാര്യങ്ങള്‍ സംവദിക്കാനും പറയാനുമാവുക എന്നതാണത്.
എങ്ങനെയാണ് ഈ 'പടുപാട്ടി'ലേക്ക് എത്തുന്നത്...
കണ്ണന്‍ സിദ്ധാര്‍ത്ഥന്‍റെ ഈ കവിത ഞാന്‍ നേരത്തെ കണ്ടിരുന്നു. ഒരു സുഹൃത്ത് അയച്ചു തന്നതാണത്. ഇതെഴുതിയത് ആരാണ് എന്ന് അന്വേഷിച്ചപ്പോഴാണ് കണ്ണനാണെന്ന് അറിയുന്നത്. അങ്ങനെ കണ്ണനോട് സംസാരിച്ചു. കോപ്പി റൈറ്റ് മേടിച്ചു. കണ്ണന്‍റെ സമ്മതത്തോട് കൂടിത്തന്നെയാണ് ഇത് അവതരിപ്പിക്കുന്നത്. ആദ്യമായി കൊച്ചിയില്‍ ഉരുവില്‍ മഞ്ചുക്കാര് എക്സിബിഷന്‍റെ ഉദ്ഘാടനത്തിനാണ് അവതരിപ്പിക്കുന്നത്.. പിന്നീടാണ് ഇങ്ങനെയൊരു പ്രൊഡക്ഷന്‍.
ആ കവിതയ്ക്ക് വളരെ വിശാലമായ അര്‍ത്ഥമുണ്ട്. അതിനെ ഹനിക്കുന്ന രീതിയില്‍ ഒന്നും ചെയ്യില്ലെന്ന ഉറപ്പോട് കൂടിത്തന്നെയാണ് പാട്ടെടുക്കുന്നത്. അത് പാലിച്ചിട്ടുണ്ട്.
രസ എന്ന ബാന്‍ഡിന്‍റെ ഇടപെടലുകളെ കുറിച്ച്...
2016 ഒക്ടോബറിലാണ് 'രസ' എന്ന ബാന്‍ഡ് നിലവില്‍ വരുന്നത്. അതില്‍ ആക്ടിവിസം സ്വഭാവമുള്ള പാട്ട് മാത്രമല്ല.. നാഗപ്പാട്ട്, തോറ്റം പാട്ട്, ഇവയെല്ലാം ഉണ്ട്. 'ഇനി വരുന്നൊരു തലമുറയ്ക്ക്' എന്ന പാട്ട് അതിലുണ്ട്. ഫണ്ണി ആയിട്ടുള്ളതുണ്ട്, മോഡേണ്‍ ഉണ്ട്... അങ്ങനെ എല്ലാത്തിനേയും അത് ഉള്‍ക്കൊള്ളുന്നു.
പാട്ട് എന്നത് ഒരു ആയുധം കൂടിയാണ്. അങ്ങനെയും അതുപയോഗിക്കുന്നുണ്ട്. ഓരോ പാട്ടിനും ഓരോ ഭാവമുണ്ട്. പ്രണയമാകാം, ദേഷ്യമാകാം, രോഷമായിരിക്കാം, പ്രതിരോധമായിരിക്കാം, സങ്കടമായിരിക്കാം.. അങ്ങനെ ഓരോ പ്രത്യേകത ഉള്ള പാട്ടുകളാണ് രസ ചെയ്യുന്നത്. അതിന് നല്ല പ്രതികരണവും ഉണ്ടാകാറുണ്ട്. പടുപാട്ടിനും നല്ല പ്രതികരണമുണ്ടാകുന്നുണ്ട് എന്നാണ് മനസിലാകുന്നത്.
കലയിലൂടെ എങ്ങനെയാണ് പ്രതിരോധം സാധ്യമാകുന്നത്
എല്ലാ കാലത്തും കല ആയുധമായി ഉപയോഗിക്കുന്നുണ്ട്. ബോബ് മാര്‍ല്ലിയുടെ പാട്ടുകളെല്ലാം അങ്ങനെയുള്ളതാണ്. കേരളത്തിലേക്ക് വരുമ്പോഴാണ് 'ഇനി വരുന്നൊരു തലമുറക്ക്' എന്ന പാട്ടൊക്കെ വരുന്നത്. എത്രത്തോളം പ്രതിരോധവും പ്രതിഷേധവും സാധ്യമാകുന്നു എന്നതിലാണ് കാര്യം. ഫാസിസമുണ്ട്, അടിച്ചമര്‍ത്തലുകളുണ്ട് അതിനോടെല്ലാം ഒരു മനുഷ്യനെന്ന നിലയിലും, കലാകാരിയെന്ന രീതിയിലും കല എന്ന രീതിയിലും പ്രതിഷേധിക്കുന്നത് ഇങ്ങനെയാവുന്നു എന്നു മാത്രം. നമുക്ക് കഴിയുന്ന തരത്തിലെങ്കിലും നമ്മള്‍ അതിനോടെല്ലാം പ്രതികരിക്കേണ്ടതുണ്ട് എന്ന് തോന്നിയിട്ടുണ്ട്. അതിന് നമ്മള്‍ കൂട്ടുപിടിക്കുന്നത് നമ്മുടെ കയ്യിലുള്ള കലയെ ആണെന്ന് മാത്രം..
ഈ പടുപാട്ടില്‍ തന്നെ ചിത്രീകരിച്ചിരിക്കുന്നത് അധികാരം കയ്യിലുള്ളവന്‍ അത് പ്രയോഗിക്കുന്നതും, മറുപുറത്തുള്ളയാള്‍ അത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതുമാണ്..
പ്രൊഡക്ഷനു പിന്നിലെ മറ്റുള്ളവര്‍..
റെക്സ് വിജയനാണ് ക്രിയേറ്റീവ് കണ്‍സള്‍ട്ടന്‍റ്. ഗിത്താര്‍, ബാസ്സ് -അമല്‍, വിമല്‍, ചെണ്ട -അസ്സന്‍ നിധീഷ്, ഡ്രംസ് രാംകുമാര്‍ കനകരാജന്‍, മിക്സ് ആന്‍ഡ് മാസ്റ്റേര്‍ഡ്- വിവേക് തോമസ്.. ചിത്രീകരിച്ചിരിക്കുന്നത്, സംവിധാനം- മുരളി ധരിന്‍, സിനിമാറ്റോഗ്രഫി -മുഹമ്മദ് അബ്ദുല്ല, എഡിറ്റര്‍- മഹേഷ് നാരായണന്‍..
പടുപാട്ട് കാണാം: