പാര്‍ക്കില്‍വെച്ച് അവള്‍ക്കൊരു മാന്ത്രികപ്പെട്ടി കിട്ടി; അതവളുടെ ജീവിതമാകെ മാറ്റി!
ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, കുട്ടികളെ ബാങ്കിംഗിന്റെ അടിസ്ഥാന പാഠങ്ങള്‍ ലളിതമായി പഠിപ്പിക്കുന്ന പുസ്തകമാണ് 'മാജിക് ബോക്‌സ്'. എന്നാല്‍, അതിനപ്പുറം അതൊരു മനോഹരമായ കുട്ടിക്കഥയാണ്. മിടുക്കരായ മൂന്ന് കുട്ടികളുടെ കഥ. മനുഷ്യര്‍ക്ക് കാണാന്‍ കഴിയാത്ത കുഞ്ഞന്‍ ജീവികളുടെയും അവരുടെ മാന്ത്രിക ലോകത്തിന്റെയും കൂടി കഥയാണത്.
മൂന്ന് കുട്ടികളാണ് ഈ ചെറുനോവലിലുള്ളത്. ലോകപുരം എന്ന ചെറുനഗരത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം സമാധാനമായി കഴിയുന്ന അനന്യ, രാഹുല്‍, കബീര്‍ എന്നീ കുട്ടികള്‍. ഒരേ പ്രായക്കാര്‍, മിടുക്കന്‍മാര്‍. കഥ തുടങ്ങുമ്പോള്‍, അനന്യയും രാഹുലും വലിയ ഒരാലോചനയിലാണ്. കബീറിന്റെ പിറന്നാള്‍ വരുന്നു. അവനൊരു 'പാമ്പും കോണിയും' ഗെയിം പിറന്നാള്‍ സമ്മാനമായി കൊടുക്കണം. നൂറു രൂപയാണ് അതിന്റെ വില. അത്ര തുക അവരുടെ കൈയിലില്ല. അനന്യയുടെയും രാഹുലിന്റെയും കൈയിലുള്ളത് കൂട്ടിവെച്ചാല്‍ 80 രൂപ തികയും. ഇനി ഇരുപതു രൂപ കൂടി വേണം. അതിനുള്ള വഴി ആലോചിക്കവെ, അവരുടെ ജീവിതത്തില്‍ വിചിത്രമായ ചില കാര്യങ്ങള്‍ സംഭവിക്കുന്നു.
നിത്യ ശ്രീധരന്‍
പണ്ടു പണ്ട് ബാംഗ്ലൂര്‍ നഗരത്തിലൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. അവളുടെ വീട്ടില്‍, ഒരപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവരുടെ കൈയിലാണെങ്കിലോ നിറയെ കഥകളും. അതിനാല്‍, പേരക്കുട്ടികളെ അവര്‍ മനോഹരമായ കഥകള്‍ പറഞ്ഞ് ഉറക്കി. കഥ കേട്ടുകേട്ട് അവളും സഹോദരിയും ഉറങ്ങി.
അല്‍പ്പം വളര്‍ന്നപ്പോഴും അവര്‍ കഥകള്‍ക്കായി കൈനീട്ടി. രാത്രി മാത്രമല്ല പകലും അവര്‍ക്ക് കഥകള്‍ വേണമായിരുന്നു. എല്ലാ കാര്യങ്ങളും കഥയുടെ മിഠായിക്കടലാസില്‍ പൊതിയണം. അമ്മൂമ്മയ്ക്കും അപ്പൂപ്പനുമാണെങ്കില്‍ അതിഷ്ടമായിരുന്നു. ഏതു കടുകട്ടി വിഷയവും അവര്‍ കഥയുടെ പഞ്ചാരപ്പാവ് തേച്ച് കുട്ടികളുടെ മനസ്സിലേക്ക് തൊട്ടുകൊടുത്തു.
കണക്കായിരുന്നു അമ്മൂമ്മയുടെ ലോകം. എത്ര കേട്ടാലും മനസ്സിലാവാത്ത ഗണിതശാസ്ത്രത്തിലെ സങ്കീര്‍ണ്ണ അറിവുകള്‍ അവര്‍ കഥകള്‍ ചാലിച്ച് പേരക്കുട്ടികള്‍ക്ക് പകര്‍ന്നുകൊടുത്തു. ജ്യോമട്രിയും ആള്‍ജിബ്രയുമെല്ലാം കഥയുടെ കുപ്പായമിട്ട് കുട്ടികളിലേക്കെത്തി. പതുക്കെപ്പതുക്കെ കുട്ടികള്‍ കഥയുടെ കൈപിടിച്ച് കണക്കിന്റെ ആകാശങ്ങളിലേക്ക് നടന്നുകേറി.
നിത്യ ശ്രീധരന്‍
കണക്കിലേക്കുള്ള കഥവഴികള്‍
കഥ അവിടെ നില്‍ക്കട്ടെ. നമുക്കിനി കാര്യം പറയാം. ആ കുട്ടിയുടെ പേര് നിത്യ ശ്രീധരന്‍ എന്നായിരുന്നു. അവള്‍ പിന്നെ മുതിര്‍ന്ന് വലിയ കുട്ടിയായി. കോളജില്‍ പഠിച്ചു, ബിരുദങ്ങള്‍ നേടി. മുതിര്‍ന്നപ്പോഴും അവള്‍ ഗണിതശാസ്ത്രത്തിനെ കൈവിട്ടില്ല. ഭാവിയില്‍ എന്താവണം എന്ന ചോദ്യം വന്നപ്പോള്‍, നിറയെ കണക്കുള്ള സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് മേഖല അവളാദ്യം തെരഞ്ഞെടുത്തു. കുറച്ചു കാലം കഴിഞ്ഞപ്പോള്‍, അതിലും കണക്കുള്ള ഫിനാന്‍സ് മേഖലയോടായി കമ്പം. അങ്ങനെ, സോഫ്റ്റ്‌വെയര്‍ ജോലി മതിയാക്കി അവള്‍ ബാങ്കിംഗ്, ഫിനാന്‍സ് മേഖലയിലേക്ക് കടന്നു. കുറച്ചു വര്‍ഷങ്ങളായി ലണ്ടനിലെ ഒരു ധനകാര്യ സ്ഥാപനത്തിലാണ് ജോലി. കണക്കറ്റ് കണക്കുള്ള ഒരിടം. ഒപ്പം ഒരു പാട് മനുഷ്യരെ കാണാനും അറിയാനുമുള്ള അവസരവും.
അങ്ങനെ കഴിയുമ്പോഴാണ്, പഴയ കഥകള്‍ അവളുടെ മനസ്സിലേക്ക് പിന്നെയും മൂളിപ്പറന്നുവന്നത്. ആരെയും കണക്ക് പഠിപ്പിക്കാനുള്ള കഥയുടെ തേന്‍ഭരണി ഇപ്പോഴും തന്റെ ഉള്ളിലുണ്ടെന്ന് അവള്‍ മനസ്സിലാക്കി. അങ്ങനെയവള്‍ പണ്ട് അമ്മൂമ്മ ചെയ്തതുപോലെ, കഥയിലൂടെ കുട്ടികളെ കണക്ക് പഠിപ്പിക്കാന്‍ തുടങ്ങി. പേരക്കുട്ടികളെയാണ് അമ്മൂമ്മ കണക്ക് പഠിപ്പിച്ചതെങ്കില്‍, ലോകമെങ്ങുമുള്ള കുട്ടികളെ പഠിപ്പിക്കാനായിരുന്നു അവളുടെ ശ്രമം. രാത്രിയില്‍ ഉറക്കച്ചടവുള്ള കണ്ണുകളോടെ, പുതപ്പുമൂടി അരികില്‍ കിടക്കുന്ന പേരക്കുട്ടികള്‍ക്കു പകരം, പുസ്തകത്തില്‍ കണ്ണംനട്ടിരിക്കുന്ന കുഞ്ഞുങ്ങളായിരുന്നു അവളുടെ മുന്നില്‍. അവര്‍ക്കായി അവള്‍ ഒരു രസികന്‍ പുസ്തകം എഴുതി, മാജിക് ബോക്‌സ്.
മാജിക് ബോക്‌സ്.
കുട്ടികള്‍ക്കൊരു മാന്ത്രികപ്പെട്ടി
ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, കുട്ടികളെ ബാങ്കിംഗിന്റെ അടിസ്ഥാന പാഠങ്ങള്‍ ലളിതമായി പഠിപ്പിക്കുന്ന പുസ്തകമാണ് 'മാജിക് ബോക്‌സ്'. എന്നാല്‍, അതിനപ്പുറം അതൊരു മനോഹരമായ കുട്ടിക്കഥയാണ്. മിടുക്കരായ മൂന്ന് കുട്ടികളുടെ കഥ. മനുഷ്യര്‍ക്ക് കാണാന്‍ കഴിയാത്ത കുഞ്ഞന്‍ ജീവികളുടെയും അവരുടെ മാന്ത്രിക ലോകത്തിന്റെയും കൂടി കഥയാണത്. ഒപ്പം, പാല്‍പ്പായസംപോലെ മധുരമുള്ള ഭാഷയില്‍, എന്താണ് ബാങ്കിംഗ്, എന്താണ് പലിശനിരക്ക്, എന്താണ് നിക്ഷേപവും കടമെടുപ്പും എന്നിങ്ങനെ അടിസ്ഥാന ധനകാര്യങ്ങള്‍ കൂടി പറഞ്ഞു വെയ്ക്കുന്നു. വായിച്ചാല്‍ തീരില്ല എന്നൊന്നും പേടിക്കണ്ട, മനോഹരമായ ചിത്രങ്ങളും വലിയ അക്ഷരങ്ങളിലുള്ള എഴുത്തുമെല്ലാം കൂടി, കഷ്ടിച്ച് മുപ്പത്തഞ്ച് പേജേ വരൂ ആ കുട്ടിപ്പുസ്തകം. ഏതു കുട്ടിക്കും രസകരമായി വായിച്ചുപോകാവുന്നത്ര ഫണ്ണി ആയ ഒരു പുസ്തകം. എന്നാല്‍, അത്ര തമാശയല്ലാത്ത ചില കാര്യങ്ങള്‍ ആ പുസ്തകത്തിന് പുറകിലുണ്ട്.
''പണത്തിന്റെ ലോകമാണിത്. എല്ലാം പണവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ബാങ്കും എ ടി എമ്മും ധനകാര്യ സേവനങ്ങളുമെല്ലാം നമ്മുടെ ജീവിതത്തിലെ സാധാരണ കാര്യമാണ്. എന്നാലോ, സാമ്പത്തിക സാക്ഷരത വളരെ കുറവുമാണ്, നമുക്ക്. പതിവായി പറയുന്ന പല സാമ്പത്തിക പദങ്ങളും എന്താണെന്ന് ആളുകള്‍ക്ക് അറിയില്ല. ലോകത്തെക്കുറിച്ച് എല്ലാമറിയുന്ന നമ്മുടെ കുട്ടികളില്‍ പകുതിപ്പേര്‍ക്കും സാമ്പത്തിക സാക്ഷരതയില്ലെന്ന് ആഗോളാടിസ്ഥാനത്തില്‍ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നുമുണ്ട്. ലളിതമായി പറഞ്ഞാല്‍, കുട്ടികളെ ഇക്കാര്യം പഠിപ്പിക്കാനാണ് ഈ പുസ്തകം. ഇതൊരു തുടക്കം മാത്രമാണ്. ജീവിതത്തില്‍ നാം അത്യാവശ്യം അറിയേണ്ട ധനകാര്യ സൂത്രങ്ങള്‍ കഥ പോലെ പറയുന്ന വേെറയും പുസ്തകങ്ങള്‍ എഴുതണമെന്ന് എനിക്കുണ്ട്.''-തിരക്കൊഴിഞ്ഞ വാരാന്ത്യത്തില്‍, ലണ്ടനിലെ വീട്ടിലിരുന്ന്, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുമ്പോള്‍, നിത്യ ശ്രീധരന്‍ ആ സീരിയസ് കാര്യം ചെറുചിരിയോടെ ഇങ്ങനെ വിശദീകരിച്ചു.
നിത്യ സൂചിപ്പിക്കുന്നത് ശരിയാണ്. നമ്മുടെ കുട്ടികള്‍ക്ക് ചെറുപ്പത്തിലേ എ ടി എം എന്നാല്‍ എന്താണ് എന്നറിയാം. ബാങ്ക് എന്നതും അവര്‍ കേട്ടിട്ടുണ്ട്. എന്നാല്‍, എങ്ങനെയാണ് കാശ് ഉണ്ടാവുന്നതെന്നും അത് എങ്ങനെ ചിലവാക്കണം, എങ്ങനെ സൂക്ഷിച്ചുവെക്കണം എന്നൊന്നും അറിയില്ല. ജീവിതത്തിലെ നിര്‍ണായകമായ സംഗതി ആയിട്ടും, മുതിര്‍ന്നവര്‍ക്കു പോലും ഇക്കാര്യം അറിയാത്തതിനു പിന്നില്‍ ഒരു കാരണമേയുള്ളൂ-കുട്ടിക്കാലത്തേ ഇതൊന്നും ആരും പറഞ്ഞുകൊടുക്കുന്നില്ല എന്നത്. കണക്കും സയന്‍സും ഭാഷയുമൊക്കെ പഠിപ്പിക്കുന്ന സ്‌കൂളുകളിലാവട്ടെ, ധനകാര്യ മാനേജ്‌മെന്റ് എന്ന വിഷയം പരാമര്‍ശിക്കുന്നു പോലുമില്ല. ഈ വിടവ് നികത്താനാണ് നിത്യയുടെ ശ്രമം. അതിന് കുട്ടിക്കഥയുടെ ഉടുപ്പണിയിക്കുന്നു എന്നേയുള്ളൂ.
രാഹുലും അനന്യയും കബീറും ബാങ്കില്‍. പുസ്തകത്തില്‍നിന്നൊരു രേഖാചിത്രം. Illustration: Ambika Karandikar
പെട്ടിയില്‍ കുടുങ്ങിയ കുട്ടികള്‍
മൂന്ന് കുട്ടികളാണ് ഈ ചെറുനോവലിലുള്ളത്. ലോകപുരം എന്ന ചെറുനഗരത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം സമാധാനമായി കഴിയുന്ന അനന്യ, രാഹുല്‍, കബീര്‍ എന്നീ കുട്ടികള്‍. ഒരേ പ്രായക്കാര്‍, മിടുക്കന്‍മാര്‍. കഥ തുടങ്ങുമ്പോള്‍, അനന്യയും രാഹുലും വലിയ ഒരാലോചനയിലാണ്. കബീറിന്റെ പിറന്നാള്‍ വരുന്നു. അവനൊരു 'പാമ്പും കോണിയും' ഗെയിം പിറന്നാള്‍ സമ്മാനമായി കൊടുക്കണം. നൂറു രൂപയാണ് അതിന്റെ വില. അത്ര തുക അവരുടെ കൈയിലില്ല. അനന്യയുടെയും രാഹുലിന്റെയും കൈയിലുള്ളത് കൂട്ടിവെച്ചാല്‍ 80 രൂപ തികയും. ഇനി ഇരുപതു രൂപ കൂടി വേണം. അതിനുള്ള വഴി ആലോചിക്കവെ, അവരുടെ ജീവിതത്തില്‍ വിചിത്രമായ ചില കാര്യങ്ങള്‍ സംഭവിക്കുന്നു.
അതിന്റെ തുടക്കം ഇങ്ങനെയാണ്. പാര്‍ക്കില്‍വെച്ച് രാഹുലിനും അനന്യയ്ക്കും ഒരു സുന്ദരന്‍ പെട്ടി കിട്ടുന്നു. മിന്നിത്തിളങ്ങുന്ന ഒരു മാന്ത്രികപ്പെട്ടി. തുറന്നുനോക്കിയപ്പോള്‍ അകത്തൊന്നുമില്ല. എങ്കിലും, കാണാനുള്ള ഭംഗികൊണ്ട് അനന്യ അതുമെടുത്ത് വീട്ടിലേക്ക് പോന്നു. അതില്‍ പണം സൂക്ഷിക്കാം എന്നായിരുന്നു അവളുടെ പ്ലാന്‍. അങ്ങനെ പിറന്നാള്‍ സമ്മാനം വാങ്ങാന്‍ വെച്ച 40 രൂപ അവളതില്‍ വെക്കുന്നു.
രാത്രി ഉറങ്ങാന്‍ കിടക്കുന്നേരം വെറുതെ വീണ്ടും പെട്ടിതുറക്കാന്‍ ശ്രമിച്ചപ്പോള്‍ അത്ഭുതം! എത്ര ശ്രമിച്ചിട്ടും അത് തുറക്കാന്‍ പറ്റുന്നില്ല. കാശ് പോയല്ലോ എന്ന ആശങ്കയില്‍ അവളന്നുറങ്ങിയില്ല. പിറ്റേന്ന് ഇക്കാര്യം പറഞ്ഞപ്പോള്‍ രാഹുല്‍ അടക്കം അവളുടെ കൂട്ടുകാരാരും ഇതൊന്നും വിശ്വസിച്ചതുമില്ല. അങ്ങനെ സങ്കടപ്പെട്ട് പത്തുദിവസം കഴിഞ്ഞുപോയി. പതിനൊന്നാം ദിവസം വീണ്ടും ഉറങ്ങാന്‍ കിടന്നപ്പോള്‍, പെട്ടിയുണ്ട് വീണ്ടും മിന്നിത്തിളങ്ങുന്നു! ഓടിച്ചെന്ന് തുറക്കാന്‍ ശ്രമിച്ചതും അത് മലര്‍ക്കെ തുറന്നു. അതിനകത്ത് അവളുടെ 40 രൂപ. ഒപ്പം, അവളുടേതല്ലാത്ത ഒരു പത്തുരൂപാ നോട്ടും.
ഹമ്പടാ, കൊള്ളാമല്ലേ, 40 രൂപയ്ക്ക് പകരം 50 രൂപ! അവളീ സന്തോഷം പറഞ്ഞപ്പോള്‍, രാഹുല്‍ പോലും വിശ്വസിച്ചില്ല. എങ്കില്‍ ശരി അവന് കാണിച്ചുകൊടുത്തിട്ടുതന്നെ കാര്യം. അവള്‍ ആ അമ്പതുരൂപ പിന്നെയും പെട്ടിയിലിട്ടു പൂട്ടി. പതിവുപോലെ, അതോടെ പെട്ടിതുറക്കാതായി. ആകാംക്ഷയുടെ പതിനൊന്നാം ദിവസം പെട്ടിയില്‍ വീണ്ടും മിന്നല്‍! അടുത്തുചെന്നതും അതു മലര്‍ക്കെ തുറന്നു. അതിലിപ്പോള്‍, 12 രൂപ 50 പൈസ അധികം. അതായത്, 62. 50!
അതുകൂടി കണ്ടപ്പോള്‍ അനന്യ മൂന്നാഴ്ചയായി പറയുന്ന വിചിത്രമായ കഥകള്‍ രാഹുല്‍ വിശ്വസിച്ചു. ഒപ്പം അവന്‍ മറ്റൊരു കാര്യം കൂടി പറഞ്ഞു, 'നോക്കൂ, എന്റെ 40 രൂപ കൂടി കൂട്ടിയാല്‍, നമ്മുടെ കൈയിലിപ്പോള്‍ 100 രൂപയുണ്ട്. കബീറിന് ഗിഫ്റ്റ് വാങ്ങാന്‍ അത് മാത്രം മതി.'
'ശരിയാ'-അനന്യ പറഞ്ഞു. ആ കാശ് അമ്മയുടെ കൈയില്‍ കൊടുത്ത് അവള്‍ കബീറിന് ഒരു പിറന്നാള്‍ സമ്മാനം വാങ്ങിച്ചു. പക്ഷേ, അതിനിടയ്ക്ക് ഒരു സംഭവമുണ്ടായി. അവളുടെ മാന്ത്രിപ്പെട്ടി എന്നേക്കുമായി കാണാതായി!
എങ്ങനെയാണ് 80 രൂപ 102. 50 രൂപ ആയി മാറിയത്?
ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് മാജിക് ബോക്‌സ് എന്ന പുസ്തകം. മനുഷ്യര്‍ക്ക് കാണാന്‍ പറ്റാത്ത, മാന്ത്രിക ശക്തിയുള്ള, പാലവും കെട്ടിടങ്ങളുമൊക്കെ പണിയാന്‍ മിടുക്കരായ, ബറോ എന്ന കുഞ്ഞന്‍ ജീവികളിലൊരാളാണ് അനന്യയുടെ പെട്ടിയില്‍ അധികമുള്ള പണം ഇട്ടത്. എന്തിനാണ് നീളന്‍ വാലും പച്ചത്തൊപ്പിയും കൂമ്പന്‍ ചെവിയുമുള്ള
കൊച്ചു ബറോ അനന്യയുടെ പെട്ടിയില്‍ ആ കാശിട്ടത്? അതിന്റെ പിന്നിലുള്ള ഗുട്ടന്‍സ് എന്താണ്?
ആ കഥയാണ് ഈ പുസ്തകം ലളിതമായ ഭാഷയില്‍ പറയുന്നത്. അതിലൂടെയാണ് അടിസ്ഥാന ബാങ്കിംഗിന്റെ ഉള്ളറകളിലേക്ക് പുസ്തകം കുട്ടികളെ കൂട്ടിക്കൊണ്ടുപോവുന്നത്. ഇതു വായിച്ചു തീരുമ്പോള്‍, പണത്തിന്റെ പോക്കുവരവുകളെക്കുറിച്ചും നിക്ഷേപത്തെയും പലിശയെയും ബാങ്കിനെയും കുറിച്ചും കുട്ടികള്‍ കൃത്യമായി മനസ്സിലാക്കും എന്നുറപ്പ്.
പഴയൊരു കേരള യാത്രയ്്ക്കിടെ നിത്യ കൊച്ചിയില്‍
ഓട്ടോമാറ്റിക്കലി മലയാളി
ഇതെഴുതിയത് നിത്യ ആണെങ്കിലും ആ പേര് നമുക്കീ പുസ്തകത്തില്‍ കാണാനാവില്ല. പകരം, എഴുത്തുകാരിയുടെ സ്ഥാനത്ത് പെക്യൂനിആര്‍ട്ട് (Pecuniart) എന്ന തൂലികാനാമമാണ്. എന്താണ് അതിന് കാരണം?
''അതില്‍ ദുരൂഹത ഒന്നുമില്ല. പെക്യുനിആര്‍ട്ട് എന്നത് പുസ്തകം ഇറക്കുന്ന കമ്പനിയുടെ കൂടി പേരാണ്. എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും അതാണ്. വാസ്തവത്തില്‍, പെക്യുനിആര്‍ട്ട് ഒരു ലാറ്റിന്‍വാക്കാണ്. പണത്തെയും കലയെയും ഒന്നിപ്പിക്കുന്ന രണ്ട് വാക്കുകളുടെ സംയുക്തം. സാമ്പത്തിക സാക്ഷരത നല്‍കുന്ന കുട്ടിക്കഥകള്‍ പറയാന്‍ ഏറ്റവും ഉചിതമായ പേര് അതായതിനാലാണ് അങ്ങനെ ചെയ്തത്. '' എല്ലാത്തിലും തമാശ ചേര്‍ക്കാനിഷ്ടപ്പെടുന്ന നിത്യ ശ്രീധരന്‍, ഒട്ടും തമാശ കലര്‍ത്താതെ അതിങ്ങനെ വിശദീകരിക്കുന്നു:
എന്നാലും നിത്യ ശ്രീധരന്‍ എന്ന പേരില്‍ നമ്മള്‍ മലയാളികള്‍ക്ക് മാത്രം തോന്നാവുന്ന ഒരു കൗതുകം കൂടി ശേഷിക്കുന്നുണ്ട്. നിത്യ ശരിക്കും മലയാളിയാണോ? പേരിലെ ശ്രീധരന്‍ എന്ന വാക്ക് മാത്രമല്ല അതിനു കാരണം. നിത്യയുടെ ഇന്‍സ്റ്റഗ്രാമിലും ഒരു മലയാളിത്തം കാണാം. ആലപ്പുഴയിലെ ഒരു ക്ഷേത്രത്തിന്റെ കഥ പറയുന്ന ഗംഭീരമായ ഒരു ചിത്രകഥയുണ്ട്, പെക്യുനിആര്‍ട്ട് എന്നു പേരിട്ട നിത്യയുടെ ഇന്‍സ്റ്റഗ്രാമില്‍.
കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിക്ക് നിത്യയോട് തന്നെ അക്കാര്യം ചോദിച്ചു. ''ങ്ങള് മലയാളിയാണോ?''
ചിരിയായിരുന്നു ആദ്യ മറുപടി. പിന്നെ പറഞ്ഞു. ''അല്ല, കര്‍ണ്ണാടകക്കാരിയാണ്. ബാംഗ്ലൂരിലാണ് വളര്‍ന്നത്. ബാംഗ്ലൂരിലാണ് നിങ്ങള്‍ വളരുന്നതെങ്കില്‍, പിന്നെ പറയണ്ട, നിങ്ങള്‍ ഓട്ടോമറ്റിക്കലി പാതി മലയാളി ആയിരിക്കും. മലയാളികളാവും നിങ്ങള്‍ക്കിവിടെ കിട്ടുന്ന ഉറ്റ കൂട്ടുകാരിലേറെയും. അതുമാത്രമല്ല, പണ്ടേ കേരളത്തെ ഇഷ്ടമാണ്. മമ്മൂക്കയെയും ലാലേട്ടനെയും ഒരുപോലെ ഇഷ്ടമാണ്. പക്ഷേ, നിങ്ങളില്‍ പലരെയും പോലെ അതിലൊരു പക്ഷം പിടിക്കലില്ല. (ചിരി).''
തീര്‍ന്നില്ല, ചിരി നിര്‍ത്തി നിത്യ പിന്നെയും തുടര്‍ന്നു. ''തമാശ വിട്ടാലും കേരളത്തെ വലിയ ഇഷ്ടമാണ്. നിങ്ങളുടെ കല, സംസ്‌കാരം, എന്നിവയോടൊക്കെ ഇഷ്ടം. സാക്ഷരതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന പുരോഗമന സ്വഭാവമുള്ള നാടാണ് കേരളം. പിന്നെ, അടുത്ത കൂട്ടുകാര്‍ മലയാളികളാണ്. ഇവിടെ പലവട്ടം വന്നിട്ടുണ്ട്. അതിനാല്‍ തന്നെ ഞാനും കേരളത്തിന്റെ പച്ചപ്പ് മിസ് ചെയ്യുന്നുണ്ട്.''
കേരളത്തെക്കുറിച്ചുള്ള നിത്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
ബാങ്കിംഗില്‍ കഥയെത്ര, കാര്യമെത്ര?
ഇനിയുള്ളത്, ഈ പുസ്തകം വായിച്ചാല്‍ ആര്‍ക്കും തോന്നാവുന്ന ആ സംശയമാണ്. ഇതെങ്ങനെ ഒപ്പിച്ചു?
അതുതന്നെ ചോദിച്ചു. അല്‍പ്പം കൂടി ഫോര്‍മലായ ഭാഷയില്‍.
''പുസ്തകത്തിലൊരിടത്തും കടുകട്ടി ധനകാര്യ പദങ്ങള്‍ ഉപയോഗിക്കുന്നേയില്ല, എന്നാലും ആര്‍ക്കും മനസ്സിലാവും, എന്താണ് ഈ മനുഷ്യന്‍ പറയുന്നതെന്ന്. ഇതെങ്ങനെ കഴിഞ്ഞു? ഇത്ര തിരക്കുള്ള ജീവിതത്തിനിടയ്ക്ക് ഇങ്ങനെയൊരു പുസ്തകം എഴുതിയത് എങ്ങനെയാണ്? ഇത്ര ലളിതമായി എങ്ങനെ ബാങ്കിംഗ് പോലുള്ള കടുകട്ടി കാര്യങ്ങള്‍ എഴുതിഫലിപ്പിച്ചു?''
താന്‍ വെറും തമാശക്കാരിയല്ല എന്നു പറയുന്നതായിരുന്നു നീളം കൂടിയ ആ ഉത്തരം.
''കാര്യങ്ങളെ സങ്കീര്‍ണ്ണമാക്കാന്‍ എളുപ്പമാണ്. ആ പുറന്തോട് പൊട്ടിച്ച് അവയെ ലളിതമാക്കി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക എന്നത് കഠിനവും. ശരിയാണ്, ഈ പുസ്തകത്തില്‍ സങ്കീര്‍ണ്ണമായ കാര്യങ്ങളാണ് പറയുന്നത്. എന്താണ് ബാങ്ക്, എന്താണ് പലിശ നിരക്ക്? സെന്‍ട്രല്‍ റിസര്‍വ് ബാങ്ക്് എന്താണ് എന്നൊക്കെയുള്ള കാര്യങ്ങള്‍. എന്നാല്‍, ഈ വാക്കുളൊന്നും പറഞ്ഞ്് ഞാനവരെ പേടിപ്പിക്കുന്നില്ല. പാഠപുസ്തകത്തിന്റെ വരണ്ട ഭാഷയ്ക്കു പകരം, ഫിക്ഷന്റെ മായാജാലത്തിന്റെ, മാന്ത്രികശക്തിയുടെ, അപരജീവികളുടെ കഥയാണ് ഞാന്‍ പറയുന്നത്.
നോക്കൂ, ഞാനാദ്യം പറഞ്ഞതുപോലെ ഇതാണ് എന്റെ വിഷയം. അത് ഫണ്‍ ആയും ലളിതമായും പറയണം. ഒട്ടും എളുപ്പമായിരുന്നില്ല അത്. കുറേയധികം സമയമെടുത്തു, പ്ലാന്‍ ചെയ്യാനും എഴുതാനും തിരുത്താനുമൊക്കെ. എങ്കിലും, ഞാന്‍ ആസ്വദിച്ചാണ് ഇതെഴുതിത്തീര്‍ത്തത്. തമാശയും മാജിക്കുമൊക്കെ ഇതില്‍ കൊണ്ടുവരാന്‍ കഴിയുന്നത്ര ശ്രമിച്ചു. എന്നാലും സംശയമായിരുന്നു. നോക്കി. എനിക്കിത് തമാശയായിരിക്കും, പക്ഷേ, കുട്ടികള്‍ക്ക് അങ്ങനെ തന്നെയാവുമോ? അവരിത് വായിച്ച് ബോറടിക്കുമോ? അതിനാല്‍, ഞാന്‍ വീണ്ടും കുട്ടികള്‍ക്കൊപ്പമിരുന്നു. അവരെ കൊണ്ടിത് വായിപ്പിച്ചു. എവിടെയാണ് അവര്‍ ചിരിക്കുന്നതെന്നും എവിടെ അവര്‍ ബോറടിക്കുന്നുവെന്നും മനസ്സിലാക്കി. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തി. അങ്ങനെ തിരുത്തിത്തിരുത്തി ബാക്കിയായ അവസാന രൂപമാണിത്. ഞാനതില്‍ തൃപ്തയാണ്.
ഇഷ്ടം പോലെ കുട്ടികളുടെ പുസ്തകങ്ങളുള്ള ലോകമാണിത്. അതില്‍ ബാങ്കിംഗ് പോലുള്ള വിഷയങ്ങള്‍ പറയുന്ന പുസ്തകങ്ങള്‍ ഇല്ല എന്നത് വാസ്തവമാണ്. അതൊരുപക്ഷേ, കുട്ടികള്‍ക്ക് താല്‍പ്പര്യം ഇല്ലാത്തത് കൊണ്ടുമാവും. താല്‍പ്പര്യമില്ലാത്ത കുട്ടികളെ ഇതിലേക്ക് കൊണ്ടുവരാനാണ് ഞാനാഗ്രഹിച്ചത്. അതിനുള്ള മാര്‍ഗമാണ് നോക്കിയത്. ഇന്ത്യയിലെ എന്റെ കുടുംബവും ഭര്‍ത്താവും ഇവിടത്തെ കൂട്ടുകാരുമെല്ലാം കട്ടയ്ക്ക് കൂടെ നിന്നിട്ടുണ്ട്. പിന്നെ ഇതെന്റെ, ആദ്യ പുസ്തകമാണ്. ഇതിന്റെ തുടര്‍പുസ്തകങ്ങള്‍ ഉണ്ടാവണമെന്നാണ് ആഗ്രഹം. അതിനുള്ള ധൈര്യം എനിക്ക് കിട്ടുന്നത്, ഇതു വായിച്ച കുട്ടികളുടെ ഫീഡ്ബാക്കില്‍നിന്നാണ്.''
കഥ കാര്യമായി മാറിയ സ്ഥിതിക്ക് ബാക്കി കൂടി പറയാം. ആര്‍ക്കെങ്കിലും ഈ പുസ്തകം വേണമെന്ന് തോന്നുകയാണ്‍െങ്കില്‍, അവര്‍ക്കു വേണ്ടിയാണ് ഇനിയുള്ള വാചകങ്ങള്‍.
ഈ പുസ്തകം പ്രസിദ്ധീകരിച്ചത്, ലണ്ടനിലാണ്. അതിനാല്‍, നാട്ടിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തിരി കൂടുതലാണ്. പക്ഷേ, പ്രൊഡക്ഷന്‍ നിലവാരത്തിലും ആ വ്യത്യാസമുണ്ട്. ആമസോണിലും ഫ്‌ളിപ്പ് കാര്‍ട്ടിലും പുസ്തകം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നിത്യ ആരംഭിച്ച പെക്യൂനിആര്‍ട്ട് വെബ്‌സൈറ്റിലും ചെന്നു നോക്കാവുന്നതാണ്.