സാങ്കേതികവിദ്യയുടെ പേരില്‍ മനുഷ്യര്‍ക്കിടയിലെ വേര്‍തിരിവ് കൂടുന്നു, പ്രൊഫ. ടി. പ്രദീപ് സംസാരിക്കുന്നു
നാനോ ടെക്‌നോളജിയില്‍ ലോകപ്രശസ്തനായ മലയാളി ശാസ്ത്രജ്ഞന്‍ പ്രൊഫ. ടി. പ്രദീപുമായി അനു ബി കരിങ്ങന്നൂര്‍ നടത്തിയ അഭിമുഖം
ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മനുഷ്യമുഖം നല്‍കിയ ശാസ്ത്രജ്ഞനാണ് ഐ ഐ ടി മദ്രാസിലെ പ്രൊഫ. ടി.പ്രദീപ്. സഹജീവികള്‍ക്ക് പ്രയോജനം കിട്ടുന്ന കണ്ടെത്തലുകളിലേക്ക് മനസ്സ് തുറന്നിരിക്കുന്ന ശാസ്ത്രജ്ഞന്‍. ഏറ്റവും ചെലവു കുറഞ്ഞ രീതിയില്‍ ജലശുദ്ധീകരണം നടത്താനുള്ള കണ്ടെത്തലുകളില്‍ വ്യാപൃതനായ അദ്ദേഹം, സാമൂഹ്യ വിഷയങ്ങളില്‍ കൃത്യമായ കാഴ്ചപ്പാടുകളും നിലപാടുകളുമുള്ള ശാസ്ത്രജ്ഞനാണ്. ലോകം വീട്ടുവാതിലുകള്‍ക്കുള്ളിലായ കൊറോണക്കാലത്ത്, അദ്ദേഹവുമായി നടത്തിയ അഭിമുഖമാണിത്. ഐ ഐ ടി മദ്രാസിലെ ഗവേഷകയും ശാസ്ത്ര എഴുത്തുകാരിയുമായ അനു ബി കരിങ്ങന്നൂര്‍ ആണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി അദ്ദേഹവുമായി സംസാരിച്ചത്.
'വെറും രണ്ട് പൈസ ചെലവില്‍ ഒരു ലിറ്റര്‍ ജലം ശുദ്ധീകരിക്കാനാവുമോ? പറ്റുമെന്നാണ്, നാനോടെക്‌നോളജി ഗവേഷണ രംഗത്ത് ലോകപ്രശസ്തനായ മലയാളി ശാസ്ത്രജ്ഞന്‍ പ്രൊഫ. ടി. പ്രദീപ് നടത്തിയ പരീക്ഷണം തെളിയിച്ചത്. 'നാനോ മെറ്റീരിയല്‍സ് ടെക്‌നോളജി' ഉപയോഗിച്ച് അദ്ദേഹം വികസിപ്പിച്ച സാങ്കേതികവിദ്യ വിവിധ സംസ്ഥാനങ്ങളിലെ അറുപത്തഞ്ച് ലക്ഷം ഗ്രാമീണര്‍ക്കാണ് കുടിവെള്ളം നല്‍കുന്നത്. ഏഷ്യന്‍ ശാസ്ത്ര-സാങ്കേതിക രംഗത്തെ മികച്ച പ്രതിഭയ്ക്ക് നല്‍കുന്ന 'നിക്കേയ്' പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത് ഈ കണ്ടെത്തലിനാണ്. ജപ്പാനിലെ പ്രശസ്ത മാധ്യമസ്ഥാപനമായ 'നിക്കേയ്' ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം
പശ്ചിമ ബംഗാളിലെ പുരുലിയ പ്രദേശത്തെ 'ഗരീബ് സാല്‍' എന്ന അരിയുടെ തവിടില്‍ വെള്ളിയുണ്ടെന്ന കണ്ടെത്തലും ശ്രദ്ധേയമായിരുന്നു. ഒരു കിലോഗ്രാം അരിയില്‍ 15 മില്ലി ഗ്രാം വെള്ളി അടങ്ങിയതായാണ് 2017-ല്‍ പ്രൊഫ. പ്രദീപും സംഘവും കണ്ടെത്തിയത്. അഞ്ഞൂറില്‍പരം നെല്ലിനങ്ങളില്‍ മൂന്നു വര്‍ഷത്തോളം നടത്തിയ ഗവേഷണങ്ങളുടെ ബാക്കിപത്രമായിരുന്നു ആ കണ്ടെത്തല്‍. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച ഈ ഗവേഷണ റിപ്പോര്‍ട്ട് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മദ്രാസ് ഐ ഐ ടിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസറും ശാസ്ത്രലേഖകനും നാനോടെക്‌നോളജി രംഗത്തെ പ്രഗല്‍ഭ ശാസ്ത്രജ്ഞനുമായ പ്രൊഫ. പ്രദീപിനെ ഈ വര്‍ഷം രാഷ്ട്രം പദ്മശ്രീ പുരസ്‌കാരം നല്‍കിയ ആദരിച്ചിരുന്നു. 2008 -ല്‍ ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക രംഗത്തെ പരമോന്നത ബഹുമതിയായ ശാന്തി സ്വരൂപ് ഭട്‌നഗര്‍ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. നാനോ ടെക്നോളജിയിലും തന്മാത്രാ ഫിലിമുകളിലും നടത്തിയ നിര്‍ണായകമായ ഗവേഷണങ്ങളാണ് പ്രദീപിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 2018 ല്‍ ദ് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് പ്രൈസ് (കെമിസ്ട്രി ) കരസ്ഥമാക്കി. വിവിധ വിഷയങ്ങളിലായി 170 -ഓളം പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. നാനോ ടെക്നോളജിയെക്കുറിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ച 'കുഞ്ഞു കണങ്ങള്‍ക്ക് വസന്തം' എന്ന കൃതിക്ക് 2010 ലെ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
അധ്യാപക ദമ്പതിമാരായ തലാപ്പില്‍ നാരായണന്‍ നായരുടേയും പി.പി. കുഞ്ഞിലക്ഷ്മിയമ്മയുടെയും മകനായി 1963 ജൂലൈ 8 -ന് മലപ്പുറം ജില്ലയിലെ ആലങ്കോട് പന്താവൂരിലാണ് പ്രൊഫ. പ്രദീപിന്റെ ജനനം. മൂക്കുതല ഗവ.സ്‌കൂള്‍, എം ഇ എസ്. പൊന്നാനി കോളേജ്, തൃശൂര്‍ സെന്റ് തോമസ് കോളജ്, കോഴിക്കോട് ഫാറൂഖ് കോളേജ്, ബാംഗ്ലൂര്‍ ഐ.ഐ.എസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാഭ്യാസം. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്കിലി, പെര്‍ഡ്യൂ യൂണിവേഴ്സിറ്റി, ഇന്‍ഡ്യാന എന്നിവിടങ്ങളില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തി. ഭാര്യ ശുഭ, മക്കള്‍, അമേരിക്കയില്‍ ഗവേഷണ വിദ്യാര്‍ഥിയായ രഘൂവും എം ബി ബി എസ് വിദ്യാര്‍ഥിയായ ലയയും.
പ്രൊഫ. ടി. പ്രദീപ്
കൊറോണക്കാലത്ത് താങ്കള്‍ എന്തു ചെയ്യുകയാണ്? ഗവേഷണവും അധ്യാപനവും സെമിനാറുകളും ഒക്കെയായി തിരക്കിലായിരുന്ന താങ്കള്‍, ലോക്ക്ഡൗണ്‍ കാലം എങ്ങനെയാണ് വിനിയോഗിച്ചത്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ദിവസം മുഴുവന്‍ വീട്ടിലിരിക്കുകയാണ്. വീട്ടിലിരിക്കുകയെന്നാല്‍ വിശ്രമത്തിലാണെന്ന് അര്‍ത്ഥമില്ല. പലരുമങ്ങനെ തെറ്റിദ്ധരിക്കാറുണ്ട്. യാത്രകളില്ല എന്നതൊഴിച്ചാല്‍ വളരെ തിരക്കിലാണ് ഞാന്‍. ദിവസം മുഴുവന്‍ മീറ്റിംഗുകളിലും ഗവേഷണ സംബന്ധമായ പ്രവൃത്തികളിലുമാണ്. അപ്രതീക്ഷിതമായ അടച്ചു പൂട്ടലായതുകൊണ്ട് തന്നെ ആദ്യ ഒരാഴ്ച ജോലികളൊക്കെ മന്ദഗതിയിലായിരുന്നു. ഇപ്പോള്‍ പഴയതിലും ഇരട്ടി തിരക്കിലാണ്.
വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഒക്കെ ഒരു പരിധിയില്‍ കവിഞ്ഞ് പ്രായോഗികമാക്കാന്‍ സാധിക്കാത്ത, നിരന്തര പരീക്ഷണങ്ങളിലൂടെ മുന്നോട്ട് പോകുന്ന ശാസ്ത്ര ഗവേഷണ മേഖലയില്‍ ഈ അടച്ചു പൂട്ടലും രോഗകാലവും എങ്ങനെ പ്രതിഫലിക്കും?
ലാബില്‍ പരീക്ഷണത്തിന് മനുഷ്യര്‍ക്ക് പകരം മെഷീനുകള്‍ വരുന്നുണ്ട്. നാം നിശ്ചയിക്കുന്ന അളവുകളില്‍ പരീക്ഷണത്തിന് വേണ്ട സാമ്പിളുകള്‍ തയ്യാറാക്കുന്ന മെഷീന്‍ ഉണ്ട്, 'കെംപ്യുട്ടര്‍' എന്നാണ് ഈ രാസനിര്‍മ്മാണയന്ത്രത്തിന്റെ പേര്. അത്തരത്തില്‍ പരീക്ഷണങ്ങള്‍ പലതും വീട്ടിലിരുന്ന് നിയന്ത്രിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യകള്‍ സമീപഭാവിയില്‍ വരും. അത്തരത്തില്‍ യന്ത്രങ്ങളും റോബോട്ടുകളുമൊക്കെ നിറഞ്ഞ പരീക്ഷണ ശാലകള്‍ വിഭാവനം ചെയ്യപ്പെടും. അതിനെല്ലാം വലിയ സാമ്പത്തിക നിക്ഷേപം ആവശ്യമായി വരും. എങ്കിലും ഗവേഷണ രംഗത്തും വലിയ മാറ്റങ്ങളുണ്ടാകാന്‍ കൊവിഡിന്റെ കാലം പ്രചോദനമാകുമെന്ന് കരുതുന്നു.
കോവിഡിന് ശേഷം ലോകം എങ്ങനെയൊക്കെ മാറും എന്നാണ് താങ്കള്‍ പ്രതീക്ഷിക്കുന്നത്?
സമൂഹത്തില്‍ Digital disparity അഥവാ സാങ്കേതികവിദ്യയുടെ പേരില്‍ ഒരു വേര്‍തിരിവ് ഉണ്ടാകുന്നുണ്ട് . അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനും പണമടയ്ക്കുന്നതിനും പഠനത്തിനുമെല്ലാം സാങ്കേതിക വിദ്യകളെ ആശ്രയിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായി. അങ്ങനെ അവ കൂടുതല്‍ പ്രചാരത്തിലായി.
പക്ഷേ, ഈ സാങ്കേതിക വിദ്യകള്‍, വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരത്തിലാണ്. ഈ രണ്ടു വിഭാഗങ്ങളും തമ്മിലുള്ള അകലം കൂടിക്കൊണ്ടിരിക്കുന്നു. ഇന്ത്യയെ പോലെയൊരു രാജ്യത്ത് ഈ മാറ്റങ്ങളൊക്കെ ഭൂരിപക്ഷത്തിന് വലിയ നഷ്ടങ്ങളും ന്യൂനപക്ഷത്തിന് വലിയ നേട്ടങ്ങളുമാണുണ്ടാക്കാന്‍ പോകുന്നതെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് മുഴുവന്‍ കാണാന്‍ സാധ്യതയുള്ള ഒരു പ്രതിഭാസമാണിത്.
2014-15-ലെ കണക്കു പ്രകാരം ഇന്ത്യയിലെ 89 ശതമാനം വീടുകളിലും കമ്പ്യൂട്ടര്‍ ഇല്ല, 75 ശതമാനം വീടുകളിലും ഇന്റര്‍നെറ്റ് കണക്ഷനും ഇല്ല. അധ്യാപനം, പഠനം ഒക്കെ ഓണ്‍ലൈന്‍ സംവിധാനങ്ങളിലേക്ക് മാറുമ്പോള്‍ സാമൂഹ്യമായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന കുട്ടികളുടെ പഠന സാധ്യതകള്‍ കുറയുകയല്ലെ? വിദ്യാഭ്യാസ രംഗത്തെ ഈ സാമൂഹിക അസമത്വം എങ്ങനെ ഒഴിവാക്കാം എന്നാണ് താങ്കള്‍ കരുതുന്നത്?
ഐ ഐ ടി പോലൊരു ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലാസുകള്‍ ഓണ്‍ലൈനായി കൈകാര്യം ചെയ്യുമ്പോള്‍ പോലും എന്റെ ഒരു ക്ലാസിലെ 20 ശതമാനത്തിലധികം കുട്ടികള്‍ക്ക് ക്ലാസില്‍ വരാന്‍ കഴിഞ്ഞിരുന്നില്ല. ഇന്റര്‍നെറ്റ് ലഭ്യതക്കുറവും വേഗതക്കുറവുമാണ് പ്രധാന കാരണം. ഇന്ത്യ ഡിജിറ്റലി വളരെ വൈവിധ്യമാര്‍ന്ന രാജ്യമാണ്. ഞാന്‍ നേരത്തെ പറഞ്ഞതു പോലെ, ലോകത്തെവിടെയുമുള്ള വിദഗ്ദ്ധരുടെ സേവനവും അറിവുമെല്ലാം കുറച്ച് പേര്‍ക്ക് കൂടുതലായി ലഭ്യമാകുമ്പോള്‍ വലിയൊരു വിഭാഗത്തിന് അതെല്ലാം നഷ്ടമാകുന്നു. അതിനൊക്കെ സാങ്കേതികമായ പരിഹാരം ഉണ്ടാകുമെന്ന് തന്നെ കരുതുന്നു. മനുഷ്യന്‍ അറിവിലേക്കും അറിവ് മനുഷ്യരിലേക്കും എത്തിക്കൊണ്ടേയിരിക്കും. അതിന് തടസ്സം നേരിടുമ്പോള്‍ പരിഹാരങ്ങളും ഉയര്‍ന്നുവരിക തന്നെ ചെയ്യും.
ഡിജിറ്റല്‍ പെയ്‌മെന്റ്, ഓണ്‍ലൈന്‍ പഠനം തുടങ്ങി മദ്യവില്‍പ്പന ക്യൂവിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ വരെ മലയാളികള്‍ക്കിടയില്‍ വളരെ വേഗത്തില്‍ പ്രചാരത്തിലായി. സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് ഇടയില്‍ പ്രചാരത്തിലാകാന്‍ കൊവിഡ് കാലം കാരണമായി എന്ന് കരുതുന്നുണ്ടോ?
വെടിമരുന്ന് ഒരു ആവശ്യ വസ്തുവായി മാറിയപ്പോഴാണ് നാമതിന്റെ ശക്തി മനസ്സിലാക്കുന്നത്. കണ്ണു കൊണ്ട് കാണാന്‍ പോലും സാധിക്കാത്ത അതിസൂക്ഷ്മമായ ഒരു വൈറസിന്റെ സ്വാധീനം ജനങ്ങള്‍ക്കിപ്പോഴാണ് മനസ്സിലാകുന്നത്. അതുപോലെ, കുടിവെള്ളത്തിന്റെ വില ഇതുവരെ നമുക്ക് മനസ്സിലായിട്ടില്ല. നഗരങ്ങളില്‍ ശുദ്ധമായ കുടിവെള്ളം ഒരു അവശ്യവസ്തുവായി മാറിയപ്പോഴാണ് കുറഞ്ഞ ചിലവിലുള്ള RO ശുദ്ധീകരണ മെഷീനുകള്‍ വീടുകളില്‍ എത്തിയത്. സ്പര്‍ശനത്തിലൂടെ കൊറോണ പകരുമെന്ന് വന്നപ്പോള്‍ വളരെപ്പെട്ടെന്ന്, കൂടുതല്‍ പേര്‍ ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് മാറിയില്ലേ? സാങ്കേതിക വിദ്യയുടെ സഹായം നിര്‍ണ്ണായകമായി മാറിയപ്പോഴാണ് നാം കൂടുതല്‍ സാങ്കേതിക പരിജ്ഞാനം കൈവരിച്ചത്.
അടിയന്തിര പ്രാധാന്യമുള്ള ഒരാവശ്യം, അതോടൊപ്പം അതിശക്തമായ നിയമനിര്‍മ്മാണം, നിയമം നടപ്പിലാക്കല്‍ ഇവയൊക്കെ ഉണ്ടെങ്കിലേ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സാധ്യമാകൂ. ക്രാന്തദര്‍ശികളായ ഭരണാധികാരികളുടെ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ അത്യാവശ്യമാണ്.
ലോക്ക് ഡൗണ്‍, ഇന്ത്യയെ പോലൊരു വികസ്വര രാജ്യത്തെ സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ എന്ത് പ്രത്യാഘാതം ഉണ്ടാക്കും?
വലിയ സാമൂഹിക സാമ്പത്തിക വേര്‍തിരിവുകള്‍ സമൂഹത്തില്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. എന്നാല്‍ പോസിറ്റീവായി നോക്കിയാല്‍ നാം കൂടുതല്‍ സ്വയംപര്യാപ്തരാകാന്‍ ഈ കാലം സഹായിക്കും. വീടുകളില്‍ കൃഷികളും ജോലികളും സ്വയം ചെയ്യാനും കുടുംബശ്രീ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ ഉണ്ടാക്കാനും കഴിയും. സ്വാശ്രയ സംസ്‌കാരം ഉണ്ടാകും. അതേ സമയം, മറ്റൊരു വിഭാഗത്തിന്റെ വരുമാന സ്രോതസ്സുകള്‍ അടയുകയും ചെയ്യും.
ആയുധങ്ങളെ കുറിച്ചും ശത്രുരാജ്യത്തെ നശിപ്പിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്ന പല രാജ്യങ്ങളുടെയും മുന്‍ഗണന ആരോഗ്യത്തിലേക്കും ജീവനിലേക്കും മാറിയത് എത്ര പെട്ടെന്നാണ്? ഈ മുന്‍ഗണന ഗവേഷണ മേഖലയിലേക്കും നല്‍കിയാല്‍ ലോകത്തിന്റെ സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ വലിയ നേട്ടങ്ങളുണ്ടാക്കാം.
ലോകം ഇത്രയും വലിയൊരു മഹാമാരിയെ നേരിടുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ രോഗത്തെ തുടച്ചുമാറ്റാനായി പ്രവര്‍ത്തിക്കേണ്ടതാണ്. പക്ഷെ ആരോഗ്യരംഗത്തു പോലും രാഷ്ട്രീയവല്‍ക്കരണവും പരസ്പരമത്സരവുമാണ് കാണുന്നത്. വാക്‌സിന്റെ കണ്ടെത്തലോടെ ലോകത്തിന്റെ സാമ്പത്തിക സമവാക്യങ്ങള്‍ തന്നെ മാറിമറിയാന്‍ സാധ്യതയുണ്ട്. സാങ്കേതിക വിദ്യയുടെ കൈമാറ്റവും സുതാര്യതയുമൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല.
കൊവിഡാനന്തര കാലം മനുഷ്യരില്‍ വിതച്ച പലതരം ആധികളുണ്ട്. അതിനെ എങ്ങനെയാണ് താങ്കള്‍ അഭിസംബോധന ചെയ്യുന്നത്?
വലിയൊരു ആശങ്കയിലാണ് ലോകം. എന്നാല്‍ മഹാനഗരങ്ങളിലെ കുട്ടികള്‍ക്ക്, ഇന്ന് പുറത്തേയ്ക്ക് നോക്കിയാല്‍ പക്ഷികളെ കാണാം. അവരുടെ പാട്ട് കേള്‍ക്കാം. വലിയൊരു നീലാകാശം കാണാം. അന്തരീക്ഷത്തിലെ പൊടിയും മലിനീകരണവും വന്‍തോതില്‍ കുറഞ്ഞതും കാണാം. ഇതൊക്കെ അവരിന്ന് ആദ്യമായി കാണുകയാണ്. ഇതൊക്കെ കാണുന്ന കുട്ടികള്‍ ലോകം മാറ്റാന്‍ ശ്രമിക്കുക തന്നെ ചെയ്യും. നമുക്ക് പ്രത്യാശയോടെയിരിക്കാം.
കൊറോണക്കാലം കഴിഞ്ഞാലും ജനങ്ങള്‍ ശുചിത്വം, രോഗപ്രതിരോധം എന്നിവയില്‍ വളരെ ശ്രദ്ധ ചെലുത്തുമെന്നു കരുതുന്നുണ്ടോ? ഈ മേഖലകളില്‍ നാനോ ടെക്‌നോളജിയുടെ സാധ്യതകള്‍ എന്തെല്ലാം ആണ്?
വളരെ വിലകുറഞ്ഞ അണുനാശിനികള്‍, അണുവിമുക്തമാക്കുന്നതിനുള്ള പലതരം ദ്രാവകങ്ങള്‍, ആശുപത്രികള്‍ക്ക് വേണ്ടി രോഗവ്യാപനം തടയുന്നതും രോഗാണുക്കളെ നിര്‍വീര്യമാക്കുന്നതുമായ പെയിന്റ് അങ്ങനെ ധാരാളം സാധ്യതകള്‍ തുറന്നിടുന്നുണ്ട്. ഇതൊക്കെ വളരെ ഹ്രസ്വകാല ലക്ഷ്യത്തോടെയുള്ള ഗവേഷണങ്ങളാണ്. അതോടൊപ്പം തന്നെ ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള ഗവേഷണങ്ങളും ആവശ്യമാണ്.
സമൂഹത്തിന്റെ സുപ്രധാന ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്, സമൂഹത്തിനു വളരെ പ്രയോജന പ്രദമായ ഗവേഷണങ്ങള്‍ക്കാണ് താങ്കള്‍ നേതൃത്വം നല്‍കാറുള്ളത്.ഉദാഹരണത്തിന് അമൃത് - കുടിവെള്ള ശുദ്ധീകരണ ഉപകരണം. അത്തരത്തില്‍ ഏറ്റവും പുതുതായി താങ്കള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഏത് മേഖലയില്‍ ആണ്?
കോവിഡ് വന്നതിന്റെ ഭാഗമായി എന്റെ ഗവേഷണ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല. പക്ഷേ, മുന്നോട്ടുള്ള യാത്രയില്‍ ഇതുകൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഗവേഷണമാകും നടത്തുക.
പുതിയ വാക്‌സിനും മരുന്നുകളും കണ്ടെത്താനുള്ള ഗവേഷണം മാത്രമല്ല, ശുചിത്വപരിപാലനരംഗത്തും കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. അതുപോലെ തന്നെ അനുബന്ധമേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. കൈ കഴുകണമെന്ന് പറയുമ്പോള്‍ ശുദ്ധജലം എങ്ങനെ ലഭ്യമാക്കാമെന്നു പറയണം. ആ ജലം എങ്ങനെ ശുദ്ധീകരിക്കാമെന്നു കണ്ടെത്തണം. അത്തരത്തിലുള്ള മേഖലകളിലൊക്കെ ഗവേഷണം ആവശ്യമാണ്.
കൊറോണക്കാലം വിദ്യാഭ്യാസ രംഗത്ത് എന്തൊക്കെ മാറ്റങ്ങള്‍ ആവും സൃഷ്ടിക്കുക?
കൂടുതല്‍ പേരിലേക്ക്, ചിലവ് കുറഞ്ഞ രീതിയില്‍ അറിവ് എത്താന്‍ പോകുന്നുവെന്ന വളരെ ഗുണപരമായൊരു കാഴ്ചപ്പാടാണ് എനിക്കുള്ളത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ യാത്രാചിലവും മറ്റ് അനുബന്ധ ചിലവുകളുമൊന്നുമില്ലാതെ പങ്കെടുക്കാന്‍ ഇപ്പോള്‍ എല്ലാവര്‍ക്കും സാധിക്കുന്നു. യാത്ര ചെയ്യാന്‍ പ്രയാസമുള്ള സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ പഠിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവസരങ്ങള്‍ കൈവന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ ലോകത്ത് എവിടെയുള്ളവര്‍ക്കും പരസ്പരം ബന്ധപ്പെടാം. അത്തരത്തില്‍ വലിയൊരു വിഭാഗത്തിന് ഗുണഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അതേ സമയം വലിയൊരു വിഭാഗത്തിന് അവസരങ്ങള്‍ നഷ്ടമാകാനും ഈ മാറ്റങ്ങള്‍ കാരണമാകും.
പ്രാഥമിക വിദ്യാഭ്യാസ മേഖലയിലേത് പോലെയുള്ള ഉയര്‍ന്ന നിലവാരം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രകടമാകുന്നുണ്ടോ? കേരളത്തിലെ അടിസ്ഥാന ശാസ്ത്ര വിദ്യാഭ്യാസം എത്രത്തോളം മികച്ചതാണ്?
ഉയര്‍ന്ന ശാസ്ത്ര വിദ്യാഭ്യാസവും കഴിവും ഉണ്ടെങ്കിലും മലയാളികള്‍ കേരളത്തിന് പുറത്ത് ജോലി ചെയ്യേണ്ടി വരുന്നത്, നമ്മുടെ നാട്ടില്‍ അവസരങ്ങളില്ലാത്തതു കൊണ്ടാണ്. എനിക്ക് തന്നെ, നമ്മുടെ നാടാണ് ഏറ്റവും പ്രിയപ്പെട്ടത്. പക്ഷേ, നാട്ടില്‍ എനിക്കിവിടെ ചെയ്യുന്നത് പോലെയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യമല്ലാത്തതുകൊണ്ടാണ് ഞാനിപ്പോഴും ചെന്നൈയില്‍ നില്‍ക്കുന്നത്.വലിയ പ്രതീക്ഷകളോടെ കേരളത്തില്‍ ആരംഭിച്ച പല ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയില്ല.
കേരള ഗവണ്‍മെന്റിന് തീര്‍ച്ചയായും ഒരു ലോകോത്തര ഗവേഷണ സ്ഥാപനം തുടങ്ങാന്‍ സാധിക്കും. അതില്‍ ഭാഗമാകാന്‍ ലോകത്തിന്റെ പല ഭാഗത്തുമുള്ള മലയാളികള്‍ക്കു താല്‍പര്യവുമുണ്ടാകും. ഞാന്‍ അങ്ങനെയൊരു നിര്‍ദ്ദേശം ഭരണനേതൃത്വത്തിന് മുന്നില്‍ വച്ചിരുന്നു. പക്ഷേ, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമ്മുടെ നാട്ടില്‍ അത്തരമൊരു ആലോചന പോലും നടക്കുന്നില്ല. അഭ്യസ്തവിദ്യരായ യുവജനങ്ങളാണ് നമ്മുടെ നാട്ടിലെ ഏറ്റവും വലിയ വിഭവസ്രോതസ്സ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ വലിയ പ്രതീക്ഷ ഈ മേഖലയിലാണ്.
അതിനു ഒരുപാട് കടമ്പകളുണ്ട്. മലയാള സാങ്കേതിക പദാവലി വികസിപ്പിക്കണം, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങണം. ഒരുപാട് ദൂരം പോകാനുണ്ട്. നമ്മള്‍ യാത്ര തുടങ്ങിയിട്ട് പോലുമില്ല. വെറും രണ്ടു ബാഗുമായി ഐഐടി യില്‍ എത്തിയ ആളാണ് ഞാന്‍. 27 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തമായി ലാബും കമ്പനികളും മറ്റ് നേട്ടങ്ങളുമെല്ലാം എന്റെ സ്വന്തം പ്രയത്‌നമായിരുന്നു. ഇതൊക്കെ നമ്മുടെ നാട്ടിലും സാധിക്കുക തന്നെ ചെയ്യും, അതിനുള്ള പരിശ്രമങ്ങള്‍ വേണമെന്ന് മാത്രം.
കുട്ടികളില്‍ ശാസ്ത്ര അവബോധം സൃഷ്ടിക്കാന്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട്?
കേരളം മതവും അന്ധവിശ്വാസങ്ങളും വേരൂന്നിയ ഒരു സ്ഥലമാണ്. വിശ്വാസവും വികാരവും ഒക്കെയാണ് നമ്മളെ പലപ്പോഴും നിയന്ത്രിക്കുന്നത്, വിവേകമല്ല! ഇന്ത്യയിലെമ്പാടും വേരൂന്നിയ ഒരു പ്രതിഭാസമാണിത്! അംബേദ്ക്കര്‍ പറഞ്ഞതുപോലെ ജാതിവ്യവസ്ഥയുടെ ബാക്കിപത്രമാണ് ഇതും. ഇത്തരം വിശ്വാസങ്ങളും അനാചാരങ്ങളുമൊക്കെ ഉന്മൂലനം ചെയ്യാതെ ശാസ്ത്ര അവബോധം സൃഷ്ടിക്കാന്‍ കഴിയില്ല. വലിയ ശാസ്ത്ര സ്ഥാപനങ്ങളില്‍ പോലും ഇത്തരം അനാചാരങ്ങളും അശാസ്ത്രീയ പ്രവൃത്തികളും കാണാന്‍ കഴിയും. സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പല ശാസ്ത്രജ്ഞരും പുറത്ത് ശാസ്ത്രവാദികളും ഉള്ളില്‍ വിശ്വാസ സംരക്ഷകരുമാണ്. ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ ശാസ്ത്ര അവബോധം സൃഷ്ടിക്കാന്‍ വിലങ്ങു തടിയായി നില്‍ക്കും.
ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ നിലയിലേക്ക് അധികം ഇന്ത്യന്‍ പേരുകള്‍ ഉയര്‍ന്നു വരാത്തതും സി വി രാമന് ശേഷം, ഇന്ത്യയിലേക്ക് ഒരു ശാസ്ത്ര നൊബേല്‍ സമ്മാനം കടന്നു വരാത്തതും എന്തുകൊണ്ടാണെന്നാണ് താങ്കള്‍ വിലയിരുത്തുന്നത്?
നോബല്‍ സമ്മാനമാണ് ശാസ്ത്ര വികാസത്തിന്റെ അളവുകോല്‍ എന്നു ഞാന്‍ കരുതുന്നില്ല. പക്ഷേ, ഇന്ത്യയില്‍ നിര്‍മ്മിച്ച, നമ്മുടെ ഗവേഷണ ഫലമായ ഒരു കണ്ടെത്തല്‍ ലോകത്ത് എല്ലായിടത്തുമുള്ള വീടുകളില്‍ എത്തണം. എങ്കില്‍ നമ്മുടെ ശാസ്ത്രലോകം അംഗീകരിക്കപ്പെടും.
ഹ്രസ്വകാലം കൊണ്ടു നേടാവുന്ന ലക്ഷ്യങ്ങളാണ് നമുക്ക് പ്രിയം. നമ്മുടെ ശാസ്ത്രരംഗം മെച്ചപ്പെടാന്‍ ദീര്‍ഘദര്‍ശനത്തോടെയുള്ള ഗവേഷണ പദ്ധതികള്‍ നമുക്കാവശ്യമാണ്. ഉദാഹണത്തിനു ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗവും ആണവോര്‍ജ്ജ രംഗവുമൊക്കെ വളരെ ദീര്‍ഘദര്‍ശികളായ ശാസ്ത്രജ്ഞരുടെയും ഭരണാധികാരികളുടെയും സംഭാവനകളാണ്. അങ്ങനെ മാത്രമേ ശാസ്ത്രരംഗത്ത് പുരോഗതി കൈവരിക്കാന്‍ സാധിക്കൂ.
മറ്റൊരു കാര്യം പറഞ്ഞാല്‍, ഒരു റോക്കറ്റ് വിക്ഷേപിച്ചാല്‍ അതിന്റെ ഫലം ഒരു മിനുട്ടില്‍ തന്നെ നമുക്കറിയാന്‍ സാധിക്കും. ഒന്നുകില്‍ ലക്ഷ്യത്തിലേക്ക് കുതിച്ചു കയറും അല്ലെങ്കില്‍ കടലില്‍ താഴും. സ്വാഭാവികമായും ജനങ്ങള്‍ക്ക് മുന്നിലാണ് ഈ രംഗത്തെ ഗുണദോഷങ്ങള്‍ വിലയിരുത്തപ്പെടുന്നത്.
പക്ഷേ മറ്റു ശാസ്ത്ര രംഗങ്ങള്‍ അത്രയ്ക്ക് സുതാര്യമാണോ? ആകണം. സുതാര്യത, സത്യസന്ധമായ വിലയിരുത്തല്‍, കഴിവിനെ അംഗീകരിക്കല്‍ ഒക്കെയുണ്ടായാല്‍ നമ്മുടെ ശാസ്ത്രരംഗം വലിയ ഉയരങ്ങളിലേക്ക് പോകും.
എന്റെ ഒരു അനുഭവം പറയാം, ഒരിക്കല്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് എന്നെ പരിഗണിച്ചിരുന്നു, അതിനെത്തുടര്‍ന്ന് എന്റെ ഒരു സുഹൃത്ത് പറയുകയുണ്ടായി, ആ പദവി ഒരു പ്രത്യേക മതവിഭാഗത്തിന് വേണ്ടി മാറ്റിവച്ചിരിക്കുകയാണെന്ന്. ഇത്തരത്തില്‍ ഒരു ചിന്തപോലും എത്ര മോശമാണ്. ഇങ്ങനെയുള്ള ഒരു നാട്ടില്‍ എങ്ങനെയാണ് സയന്‍സ് വികാസം പ്രാപിക്കുക?
ശാസ്ത്ര ഗവേഷകര്‍ നമ്മുടെ നാട്ടില്‍ വളരെ കുറച്ചു മാത്രം അംഗീകാരം ലഭിക്കുന്നവരാണ്. ഗവേഷണ വിദ്യാര്‍ഥികളെ പോലും തൊഴില്‍രഹിതര്‍ എന്ന് മുദ്ര കുത്തുന്ന സമൂഹം. ഉയര്‍ന്ന സാക്ഷരതയും വിദ്യാഭ്യാസ നിലവാരവും ഉണ്ടായിട്ടും, ഇത്തരം ഒരു മനോഭാവത്തിന് കാരണം എന്താവാം?
നമ്മുടെ സമൂഹത്തില്‍ സാമ്പത്തിക ഉയര്‍ച്ചയ്ക്കാണ് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത്. മാനസിക വികാസത്തിനല്ല. ജീവിത നിലവാരവും സമ്പത്തും സ്വത്തുമൊക്കെ കൊണ്ടാണ് മറ്റുള്ളവരെ അളക്കുന്നത്. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി, മാനസിക വികാസത്തിന് മുന്‍തൂക്കം നല്‍കുന്ന ചിലരുണ്ട്, അവരാണ് എഴുത്തും സംഗീതവും കലകളും ഗവേഷണവും ഒക്കെയായി ജീവിക്കുന്നത്. അവരെല്ലാം വളരെ വൈകിയേ അംഗീകരിക്കപ്പെടൂ, പക്ഷേ അവരൊക്കെ ഉള്ളത് കൊണ്ടാണ് നമ്മുടെ കേരളം കേരളമായത്. എല്ലാ തൊഴിലും ചെയ്യുന്നവര്‍ ഒരുപോലെ പ്രോത്സാഹിപ്പിക്കപ്പെടണം. അതാണ് ഒരു പുരോഗമന സമൂഹത്തിന്റെ സ്വഭാവം.
പ്രൊഫ. ടി. പ്രദീപ്
വാക്‌സിന്‍ വിരുദ്ധതയും കപട ചികിത്സാ രീതികളും നിര്‍ബാധം നിലനിന്നുപോരുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഈ കൊറോണക്കാലം, സമൂഹത്തിലെ ഇത്തരം പ്രവണതകള്‍ക്ക് മാറ്റം വരുത്തുമെന്ന് കരുതുന്നുണ്ടോ?
'ശാസ്ത്രമാണ് ആത്യന്തിക പരിഹാരം' എന്ന കാഴ്ചപ്പാട് സമൂഹത്തില്‍ നിറയാന്‍ ഈ കോവിഡ് കാലം കാരണമാകും. പക്ഷേ അതിന് 'ചിന്ത' ആവശ്യമാണ്. സോപ്പ് ഉപയോഗിച്ച് കൈ കഴുകണം എന്ന് പറയുന്നത് ശാസ്ത്രമാണ്. നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് ശാസ്ത്രം. അതറിയാനും കാണാനും നാം ശ്രമിക്കണം. ചിന്തിച്ചാല്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന ലളിതമായ കാര്യമാണിത്.
പക്ഷേ, സമൂഹ വളര്‍ച്ചയുടെ ഇടനാഴികളില്‍ എവിടെയോ നമുക്കിത് കൈമോശം വന്നുപോയി. പക്ഷെ, ഈയൊരു കാലം ഒരു മാറ്റത്തിന്റെ വിത്തു വിതയ്ക്കുമെന്നു കരുതാം. കുറച്ചു പേരെങ്കിലും ശാസ്ത്രമാണ് മനുഷ്യന്റെ രക്ഷ എന്നു തിരിച്ചറിയും.
കീമോ ഫോബിയ അഥവാ രാസവസ്തുക്കളോടുള്ള ഭയം നമ്മുടെ സമൂഹത്തില്‍ ആഴത്തില്‍ വേരുറച്ച ഒന്നാണ്. എന്താവാമതിന് കാരണം? അതില്‍ നിന്നൊരു മാറ്റം പ്രതീക്ഷിക്കുന്നുണ്ടോ?
എന്താണ് രാസവസ്തു എന്ന് സമൂഹത്തിന് ഇന്നും മനസ്സിലായിട്ടില്ല. അതാണ് പ്രധാന കാരണം. നമ്മുടെ ചിന്തകളെയും വാക്കുകളെയുമെല്ലാം ഒരു വിഭാഗമാളുകള്‍ വലിയൊരു വിപണന തന്ത്രത്തിന്റെ ഫലമായി മാറ്റിയിട്ടുണ്ട്. ഒരു 'manipulation trick ' ഇതില്‍ നിലനില്‍ക്കുന്നുണ്ട്. കീടനാശിനികളെ നാം മരുന്ന് എന്നാണ് വിളിക്കുന്നത്. അതായത്, നാം കഴിക്കുന്നതും മരുന്ന്, ചെടിയില്‍ തളിക്കുന്ന മാരക വിഷവും മരുന്ന്. അങ്ങനെ പല കാരണങ്ങളാല്‍ മനുഷ്യരില്‍ രാസവസ്തുക്കളെ പറ്റി തെറ്റിദ്ധാരണ ഉണ്ടായി.
നാം ധരിക്കുന്ന വസ്ത്രങ്ങള്‍ എന്താണ്? രാസവസ്തുക്കളാണ്, പോളിമര്‍ ആണ്. വളരെ വിലകുറഞ്ഞ ഫൈബറുകളുടെ നിര്‍മ്മാണം കൊണ്ടാണ് ഇത്രയും ശതകോടി ജനങ്ങള്‍ക്ക് വസ്ത്രം ധരിക്കാന്‍ കഴിയുന്നത്. പ്രകൃതിയിലേക്ക് മടങ്ങണമെന്ന് പറഞ്ഞാല്‍ ഇത്രയുമാളുകള്‍ക്കുള്ള പരുത്തി വസ്ത്രങ്ങള്‍ നിര്‍മ്മിക്കുക സാധ്യമാണോ? അതിനുള്ള വിഭവങ്ങള്‍ ലഭ്യമാണോ? ശാസ്ത്രം നമ്മുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ചെയ്തത്. നാം ഉപയോഗിക്കുന്ന പുസ്തകങ്ങള്‍, മഷികള്‍ എല്ലാം രാസവസ്തുക്കളാണ്. നമ്മുടെ ശരീരം തന്നെ പല മൂലകങ്ങള്‍ നിറഞ്ഞ രസതന്ത്രശാലയാണ്. ഈ തിരിച്ചറിവ് ഓരോ മനുഷ്യരിലും ഉണ്ടാകണം. എങ്കിലേ ഈ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ സാധിക്കുകയുള്ളൂ.
മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച താങ്കളുടെ 'കുഞ്ഞു കണങ്ങള്‍ക്കു വസന്തം' എന്ന പുസ്തകം, ശാസ്ത്ര കുതുകികളായ മലയാളികളുടെ പ്രിയ പുസ്തകമാണ്. പുതിയ പുസ്തകങ്ങള്‍ എഴുതാന്‍ ആലോചിക്കുന്നുണ്ടോ?
രണ്ടു പുസ്തകങ്ങളാണ് മനസ്സിലുള്ളത്. 20 വയസ്സു വരെ, വൈദ്യുതി പോലുമെത്താത്ത കേരളത്തിലെ ഒരു ഗ്രാമത്തില്‍ വളര്‍ന്ന ഞാന്‍, ഇന്ന് ഇവിടെയെത്തി. ഒരു തിരിഞ്ഞു നോട്ടത്തിന്റെ കഥ എഴുതണം. പിന്നെ, എന്റെ പ്രിയപ്പെട്ട ഗവേഷണ വിഷയമായ ജലം, അതിനെ അടിസ്ഥാനമാക്കി ഒരു പുസ്തകം.