'അഗാധമായ ജിജ്ഞാസ, ഒപ്പം സന്തോഷവും, മനോഹരമായ മിശ്രിതമാണ് മലയാളികള്‍', മൈക്കല്‍ ടെയ്‌ലര്‍ ജാക്‌സണ്‍ അഭിമുഖം
ലോകത്ത് ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വര്‍ണ്ണാഭമായ, ദയയുള്ള, ഉദാരമനസ്‌കരായ ആളുകളാണ് കേരളത്തിലെ ജനങ്ങള്‍. വിദ്യാഭ്യാസം, കല, രാഷ്ട്രീയം എന്നിവയെല്ലാം കൂട്ടി സംയോജിപ്പിച്ച ജീവിതം.
ഇത്തവണത്തെ ഐഎഫ്എഫ്‌കെ മത്സരവിഭാഗത്തില്‍ ഏറെ ശ്രദ്ധനേടിയ 'ബാജോ നരഞ്ജ -അണ്ടര്‍ഗ്രൗണ്ട് ഓറഞ്ച് 2024' സിനിമയുടെ സംവിധായകന്‍ മൈക്കല്‍ ടെയ്‌ലര്‍ ജാക്‌സണ്‍ സംസാരിക്കുന്നു. പ്രിന്‍സ് പാങ്ങാടന്‍ നടത്തിയ അഭിമുഖം.
ഇത്തവണത്തെ ഐഎഫ്എഫ്‌കെ മത്സരവിഭാഗത്തില്‍ ഏറെ ശ്രദ്ധനേടിയ സിനിമയാണ് 'ബാജോ നരഞ്ജ -അണ്ടര്‍ഗ്രൗണ്ട് ഓറഞ്ച് 2024.' അമേരിക്കന്‍/അര്‍ജന്റീനന്‍ എഴുത്തുകാരനും സംവിധായകനും നടനുമായ മൈക്കല്‍ ടെയ്‌ലര്‍ ജാക്‌സണ്‍ സംവിധാനം ചെയ്ത സിനിമയില്‍ സംവിധായകന്‍ തന്നെയാണ് മുഖ്യകഥാപാത്രമായി വേഷമിട്ടത്. അമേരിക്കയില്‍ നിന്ന് അര്‍ജന്റീനയിലെത്തി അവിടെ വെച്ച് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ ബാക്ക്പാക്ക് നഷ്ടപ്പെടുന്ന സഞ്ചാരിയുടെ കഥയാണിത്. ആത്മകഥാപരമായ ഈ സിനിമ ക്വീര്‍, രാഷ്ട്രീയം, ഡ്രാമ, ഫാന്റസി, കോമഡി, ത്രില്ലര്‍ എന്നിവയുടെ കൊളാഷ് ആയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
സമാധാന നൊബേല്‍ പുരസ്‌കാര ജേതാവും മുന്‍ യു എസ് വിദേശകാര്യ സെക്രട്ടറിയുമായ ഈയിടെ അന്തരിച്ച ഹെന്‍ട്രി കിസിഞ്ജറിനെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുന്നുണ്ട് സിനിമ. വിമത പോരാളികള്‍ക്കെതിരെ അര്‍ജന്റീനന്‍ സൈനിക സ്വേച്ഛാധിപതികള്‍ക്ക് പിന്തുണ നല്‍കി, ചിലിയന്‍ അട്ടിമറിക്ക് പിന്തുണ നല്‍കി എന്നിവയടക്കമുള്ള രാഷ്ട്രീയ-നയതന്ത്ര നിലപാടുകളുടെ പേരിലാണ് കിസിഞ്ജറിനെതിരെ സിനിമ വിരല്‍ചൂണ്ടുന്നത്.
ജന്മം കൊണ്ട് അമേരിക്കക്കാരനാണ് മൈക്കല്‍ ടെയ്‌ലര്‍ ജാക്‌സണ്‍. പക്ഷേ സ്വത്വബോധം വേട്ടയാടിയതോടെ ജാക്‌സണ്‍ സമാനഹൃദയരായ മനുഷ്യരെ തേടി അര്‍ജന്റീനയിലെത്തി അവിടെ താമസമാക്കി. ബ്യൂണസ് അയേഴ്‌സില്‍ ആര്‍ട്ട് സ്‌കൂള്‍ പഠനം, ശേഷം അമേരിക്കയിലേക്ക് മടങ്ങിയ ജാക്‌സണ്‍ ന്യൂയോര്‍ക്ക് ഫെയര്‍സ്‌റ്റൈന്‍ ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് സിനിമയില്‍ നിന്ന് ചലച്ചിത്ര സംവിധാനത്തില്‍ ഉപരിപഠനം നടത്തി. പഠനകാലത്ത് ചെയ്ത ഹ്രസ്വചിത്രങ്ങള്‍ തന്നെ പ്രധാനപ്പെട്ട മേളകളില്‍ ശ്രദ്ധ നേടി. ബാജോ നരഞ്ജ (അണ്ടര്‍ഗ്രൗണ്ട് ഓറഞ്ച്, 2024)യാണ് ആദ്യ ഫീച്ചര്‍ സിനിമ. ഐ എഫ് എഫ് കെയിലെത്തിയ മൈക്കിള്‍ ടെയ്‌ലര്‍ ജാക്‌സണുമായി പ്രിന്‍സ് പാങ്ങാടന്‍ നടത്തിയ അഭിമുഖം.
അമേരിക്കക്കാരനായ മൈക്കിള്‍ ടെയ്‌ലര്‍ ജാക്‌സണ്‍ 'അണ്ടര്‍ ഗ്രൗണ്ട് ഓറഞ്ച്' എന്ന ക്വീര്‍ - പൊളിറ്റിക്കല്‍ സിനിമയുടെ ആഖ്യാന പശ്ചാത്തലമായി തെരഞ്ഞെടുത്ത് അര്‍ജന്റീനയാണ്. ആ തെരഞ്ഞെടുപ്പിന് നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്? ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ചരിത്രത്തിലും രാഷ്ട്രീയത്തിലും അമേരിക്ക നടത്തുന്ന തെറ്റായ ഇടപെടലുകളെ എങ്ങനെയാണ് ചിത്രത്തില്‍ സംയോജിപ്പിച്ചിരിക്കുന്നത്?
ലാറ്റിനമേരിക്കയോട്, പ്രത്യേകിച്ച് അര്‍ജന്റീനയോട് അമേരിക്ക പുലര്‍ത്തിയ ചരിത്രപരമായ അനീതിയുണ്ട്. അതിനോടുള്ള എന്റെ വികാരവും അര്‍ജന്റീനയോടുള്ള എന്റെ പ്രണയവുമാണ് ഈ സിനിമയുടെ എഴുത്തിലേക്ക് നയിച്ചത്. 2019-ല്‍ ഞാന്‍ ബ്യൂണസ് അയേഴ്‌സിലെ 'എല്‍ മ്യൂസിയോ ഡി ലാ മെമ്മോറിയ' സന്ദര്‍ശിച്ചപ്പോള്‍, 1970-കളിലെയും 80-കളിലെയും ഓപ്പറേഷന്‍ കോണ്ടറിനെക്കുറിച്ചോ അതില്‍ അമേരിക്കയുടെ പങ്കിനെക്കുറിച്ചോ പരാമര്‍ശിച്ചിട്ടില്ലെന്ന് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതെന്നെ വല്ലാതെ ഞെട്ടിച്ചു. ബ്രിട്ടീഷ് അമേരിക്കന്‍ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ക്രിസ്റ്റഫര്‍ ഹിച്ചെന്‍സിന്റെ 'ദി ട്രയല്‍ ഓഫ് ഹെന്റി കിസിഞ്ജര്‍', എന്നെ പലപ്പോഴും പ്രചോദിപ്പിച്ച ഹന്ന ആരെന്‍ഡിന്റെ 'എയ്ഷ്മാന്‍ ഇന്‍ ജെറുസലേം എ റിപ്പോര്‍ട്ട് ഓണ്‍ ദി ബനാലിറ്റി ഓഫ് ഇവിള്‍' എന്നിവ ഞാന്‍ അക്കാലത്ത് വായിച്ചിരുന്നു. ഹിറ്റ്‌ലറിന്റെ കാലത്ത് നടന്ന ഹോളോകാസ്റ്റിന്റെ മുഖ്യസൂത്രധാരനായ അഡോള്‍ഫ് എയ്ഷ്മാനെ കുറിച്ചാണ് എയ്ഷ്മാന്‍ ഇന്‍ ജെറുസലേം എന്ന പുസ്തകം. വംശഹത്യ, രാഷ്ട്രീയ അധികാര ദുരുപയോഗം, പ്രത്യേകിച്ച് അര്‍ജന്റീനയോടുള്ള മനോഭാവം എന്നിങ്ങനെ വിഷയങ്ങളില്‍ കിസിഞ്ജറും എയ്ഷ്മാനും ലോകത്തോട് ചെയ്ത തെറ്റുകള്‍ ഏതാണ്ട് ഒരേപോലെ തന്നെയാണ്. എന്റെ സിനിമയില്‍ ഈ രണ്ട് പേരുടെയും രാഷ്ട്രീയ ഇടപെടലുകള്‍ക്ക് കൃത്യമായ സ്ഥാനമുണ്ട്.
കിസിഞ്ജറിന് ഒരു വിചാരണയും നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ എച്ച്മാന്‍ ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെ പിടിയില്‍പ്പെട്ടു. അവര്‍ അദ്ദേഹത്തെ ഇസ്രയേലിലേക്ക് കൊണ്ടുപോയി തൂക്കിലേറ്റി. അര്‍ജന്റീനയില്‍ വധശിക്ഷയില്ല. അണ്ടര്‍ ഗ്രൗണ്ട് ഓറഞ്ചില്‍ ഞാന്‍ മുന്നോട്ട് വെക്കുന്ന 'ബാജോ നരഞ്ജ' കിസിഞ്ജറെയും എയ്ഷ്മാനെയും പോലെയുള്ള ആളുകള്‍ക്കെതിരെ നീതിക്കായി നിയമം കയ്യിലെടുക്കുന്ന ഒരു സംഘമാണ്. ഒരു അരാജകത്വ കൂട്ടായ്മ. 'എല്‍ പ്യൂബ്ലോ' എന്നത് പോലെ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെ മുറുകെപ്പിടിക്കുന്ന പ്രത്യേക തീവ്ര സംഘടനകള്‍ അര്‍ജന്റീനിയന്‍ രാഷ്ട്രീയത്തില്‍ വളരെ സജീവമാണ്.അങ്ങനെ നോക്കുമ്പോള്‍ മറ്റൊരര്‍ത്ഥത്തില്‍ അണ്ടര്‍ ഗ്രൗണ്ട് ഓറഞ്ചിലെ ബാജോ നരഞ്ജ അര്‍ജന്റീനിയന്‍ രാഷ്ട്രീയത്തിന്റെ ആത്മാവുമായി നന്നായി യോജിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു.
നിയമപരമായ കുറ്റകൃത്യങ്ങള്‍ എന്ന ആശയം എന്റെ സിനിമയിലും എയ്ഷ്മാന്റെയും കിസിഞ്ജറിന്റെയും രാഷ്ട്രീയ നിരുത്തരവാദ ചരിത്രത്തിലും പ്രധാനമാണ്. അന്തരിച്ച യുഎസ് എഴുത്തുകാരന്‍ ഹക്കിം ബേ എഴുതിയിട്ടുള്ള 'താത്കാലിക സ്വയംഭരണ മേഖലകള്‍' എന്ന് വിളിക്കപ്പെടുന്ന സാങ്കല്‍പ്പിക ഇടങ്ങള്‍ 'അണ്ടര്‍ഗ്രൗണ്ട് ഓറഞ്ച്' മുന്നോട്ട് വെക്കുന്നു.അര്‍ജന്റീനക്കാര്‍ അമേരിക്കന്‍ പൗരന്മാരെ യാങ്കികള്‍ എന്നാണല്ലോ വിളിക്കുന്നത്, ആ അര്‍ത്ഥത്തില്‍ ഞാനവതരിപ്പിക്കുന്ന അമേരിക്കന്‍ സഞ്ചാരിയുടെ കഥാപാത്രത്തിന് അര്‍ജന്റീനയിലെത്തിയ ശേഷം പാസ്പോര്‍ട്ടും നിയമപരമായ എല്ലാ രേഖകളും നഷ്ടപ്പെടുന്നുണ്ട്, അതിനാല്‍ ആ കഥാപാത്രം അര്‍ജന്റീനയില്‍, സാങ്കേതികമായി നിയമവിരുദ്ധനാണ്. പക്ഷേ സ്വന്തം തെറ്റ് കൊണ്ടല്ല അയാള്‍ നിയമവിരുദ്ധനാകുന്നത്. പക്ഷേ കിസിഞ്ജറും എയ്ഷ്മാനും അവരുടെ സ്വന്തം ഗവണ്‍മെന്റുകളുടെ നിയമങ്ങളാല്‍ സ്ഥാപിതമായ ഉത്തരവുകള്‍ പാലിച്ചുകൊണ്ട് കൂട്ട വംശഹത്യകള്‍ അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തു. ഇത് ചരിത്രത്തിലെ തന്നെ വികൃതവും വിരോധാഭാസവുമായ കാര്യമാണ്. ആ നിയമങ്ങള്‍ എങ്ങനെയാണ് എഴുതിയിരിക്കുന്നത്, എപ്പോള്‍, എന്തുകൊണ്ട് എന്ന് തത്വചിന്തകയായ ഹന്ന ആരെന്‍ഡ് അന്വേഷിച്ചു, അത് ഹന്നയെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ തത്ത്വചിന്തകരിലൊരാളാക്കുന്നു. നമ്മുടെ ആഗോള നിയമസംവിധാനത്തില്‍ അത്തരം ചോദ്യങ്ങള്‍ക്ക് ഇപ്പോഴും പരിഗണന കിട്ടാന്‍ പ്രയാസമാണ്, അതിന്റെ ഫലമായാണ് അന്താരാഷ്ട്ര നീതിയെന്ന സങ്കേതം തന്നെ ചോദ്യചിഹ്നമാകുന്നത്
താങ്കളുടെ സിനിമ സ്വയം രാഷ്ട്രീയമായ അന്തര്‍ദേശീയ സ്വാഭാവവും എന്നാല്‍ അര്‍ജന്റീനിയന്‍ സാഹചര്യവും പശ്ചാത്തലവും ഉള്‍ക്കൊള്ളുന്നു. അതായത് ഒരു രാജ്യത്ത് ഒരു നഗരത്തില്‍ നിന്നുകൊണ്ട് തന്നെ ഒരു ആഗോള രാഷ്ട്രീയ വിഷയത്തെ മുന്നോട്ട് വെക്കുന്നു. ഒന്ന് ഒന്നിന് മുകളിലേക്ക് കടന്നുകയറാന്‍ സാധ്യതയുള്ള മേക്കിംങ്, വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ ഈ ബാലന്‍സ് എങ്ങനെയാണ് നിലനിര്‍ത്തിയത്?
നിങ്ങള്‍ ഇത് ശ്രദ്ധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.
ഞാന്‍ ഏകദേശം 14 വര്‍ഷമായി ബ്യൂണസ് അയേഴ്‌സില്‍ ഇടയ്ക്കിടെ താമസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ രണ്ട് വീക്ഷണ ഘടകങ്ങളും എന്നിലുണ്ട്. അത് ഒന്ന് ഒന്നിലേക്ക് കടക്കാതെ ഒന്നിച്ചു ചേര്‍ന്നതായാണ് ഞാന്‍ കരുതുന്നത്. 'അണ്ടര്‍ഗ്രൗണ്ട് ഓറഞ്ച്' എന്നെ സംബന്ധിച്ച് വളരെ വ്യക്തിപരമാണ്. അമേരിക്കയിലും അര്‍ജന്റീനയിലും ഉള്ള എന്റെ സ്വന്തം അനുഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് അത്. ഞാന്‍ അര്‍ജന്റീനന്‍ ചുവയില്‍ സ്പാനിഷ് സംസാരിക്കുകയും അവരുടെ ഭാഷാപരമായ പദപ്രയോഗങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നയാളാണ്. അതിനാല്‍ അവ ഹൃദ്യമായി പഠിക്കുന്നതും എളുപ്പമായിരുന്നു.
സാമൂഹ്യനീതി അല്ലെങ്കില്‍ യുഎസ് നിയോകൊളോണിയലിസം പോലെയുള്ള സാര്‍വത്രിക വിഷയങ്ങളെ സംബന്ധിച്ചിടത്തോളം, ഇവയും എനിക്ക് ഒരു പരിധിവരെ വ്യക്തിപരമാണ്. ഞാന്‍ ബ്യൂണസ് അയേഴ്‌സില്‍ ആയിരിക്കുമ്പോള്‍ പ്രത്യേകിച്ച് നിലവിലെ അര്‍ജന്റീനന്‍ സര്‍ക്കാരിനൊപ്പം, അമേരിക്കന്‍ മേധാവിത്വത്തെ ഞാന്‍ പലപ്പോഴും അഭിമുഖീകരിക്കാറുണ്ട്. അമേരിക്കന്‍ ഇംഗ്ലീഷ് ഭാഷയുടെ ആധിപത്യം മുതല്‍ യുഎസ് സംഗീതത്തിന്റെയും സിനിമകളുടെയും സാന്നിധ്യം വരെയുണ്ട് അതില്‍. അര്‍ജന്റീനയുടെ നിര്‍ദ്ദിഷ്ട ഡോളറൈസേഷന്‍ മുതല്‍ യുഎസ് കോര്‍പ്പറേഷനുകളും ഐഎംഎഫും അവരുടെ ദേശീയ വിഭവങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് വരെ ഇതില്‍പ്പെടും. ഈ സാഹചര്യങ്ങള്‍ എനിക്ക് കുറ്റബോധവും ലജ്ജയും സൃഷ്ടിക്കുന്നു. യുഎസ് പൗരനെ സൂചിപ്പിക്കാന്‍ അര്‍ജന്റീനക്കാര്‍ 'യാങ്കി' എന്ന വാക്കാണ് ഉപയോഗിക്കുന്നത്.അത് വംശീയമായി, കുറെയൊക്കെ അപകീര്‍ത്തികരമായി ഉപയോഗിക്കുന്ന ഒന്നുകൂടിയാണ്. അതുകൊണ്ടാണ് സിനിമയിലെ എന്റെ പ്രധാന കഥാപാത്രത്തിന്റെ പേര് പോലും ഈ ദ്വന്ദ്വത്തെ ഉള്‍ക്കൊള്ളുന്നത്.
ജന്മം കൊണ്ട് താങ്കള്‍ അമേരിക്കക്കാരനാണ്. കാലിഫോര്‍ണിയന്‍ പശ്ചാത്തലം കണക്കിലെടുക്കുമ്പോള്‍ എന്തുകൊണ്ടാണ് ഈ സിനിമയുടെ പശ്ചാത്തലമായി അര്‍ജന്റീന തെരഞ്ഞെടുത്തത്?
യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഞാന്‍ അര്‍ജന്റീനയിലാണ് താമസിക്കുന്നത്. ആ പശ്ചാത്തലത്തില്‍ തന്നെയാണ് ഞാന്‍ ഈ സിനിമയെപ്പറ്റി ചിന്തിച്ചതും തിരക്കഥയെഴുതിയതും. ഈ സിനിമയ്ക്കായി ഞാന്‍ സങ്കല്‍പ്പിച്ച ഒരേയൊരു ഭൂമികയും അതായിരുന്നു. ഞാന്‍ ആദ്യമെ പറഞ്ഞത് പോലെ അമേരിക്ക ഉള്‍പ്പെടെ ചരിത്രപരമായി അര്‍ജന്റീനയോട് ചെയ്ത തെറ്റുകള്‍ ആ രാജ്യത്തോടും അവിടുത്തെ ജനങ്ങളോടും എനിക്ക് അഗാധമായ സ്‌നേഹവും ആദരവും ഉണ്ടാക്കുന്നതില്‍ കാരണമായിട്ടുണ്ട്. അണ്ടര്‍ഗ്രൗണ്ട് ഓറഞ്ച് അതും പ്രതിഫലിപ്പിക്കുന്നുണ്ട്.
M19 പോലെയുള്ള അര്‍ജന്റീനിയന്‍ അണ്ടര്‍ഗ്രൗണ്ട് സംഘടനകള്‍ ഒരു സംവിധായകനെന്ന നിലയില്‍ താങ്കളുടെ കാഴ്ചപ്പാട് രൂപപ്പെടുത്തുകയും വ്യക്തിപരമായി സ്വാധീനിക്കുകയും ചെയ്തത് ഏതെല്ലാം വിധത്തിലാണ്?
നാല് തരം എഴുത്തുകാരുണ്ടെന്ന് ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞിട്ടുണ്ട്. പ്രശസ്തി ആഗ്രഹിക്കുന്ന ഈഗോയിസ്റ്റിക് എഴുത്തുകാര്‍, ഭൂതകാലത്തെ പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ചരിത്ര എഴുത്തുകാര്‍, ഗദ്യം കൊണ്ട് സൗന്ദര്യം സൃഷ്ടിക്കാന്‍ കൊതിക്കുന്ന സൗന്ദര്യാത്മക എഴുത്തുകാര്‍, സാഹിത്യത്തിലൂടെ അനീതിക്കെതിരെ പോരാടുന്ന ഓര്‍വെലിനെപ്പോലെയുള്ള രാഷ്ട്രീയ എഴുത്തുകാര്‍. എന്നെ ഞാന്‍ ഒരു രാഷ്ട്രീയ എഴുത്തുകാരനായാണ് കാണുന്നത്.
നിങ്ങള്‍ സൂചിപ്പിച്ചതുപോലെ, M19 എന്ന പേരിലുള്ള സ്ത്രീകളുടെ നേതൃത്വത്തിലുള്ള പോരാളികളുടെ സംഘം അവരുടെ മുടിക്ക് 'ബാജോ നരഞ്ജ' എന്ന (ഓറഞ്ച് ഷേഡ്) നിറം കൊടുക്കാറുണ്ടായിരുന്നു, അവിടെ നിന്നാണ് ഈ സിനിമയുടെ പേര് ഉത്ഭവിക്കുന്നത്. അവരെക്കൂടാതെ, അര്‍ജന്റീനയിലെ മൊണ്ടൊനെറോസ് രാഷ്ട്രീയ പ്രസ്ഥാനവും എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ചെഗുവേരയെയും പിനോ സോളനാസിനെപ്പോലുള്ള ചലച്ചിത്രകാരന്മാരെയും ഈ പ്രസ്ഥാനം പ്രചോദിപ്പിച്ചിട്ടുണ്ട്. ഇവര്‍ അധികാരത്തോട് സത്യം വിളിച്ചു പറയുന്ന പ്രസ്ഥാനമാണ്. അനീതിയെ വെളിച്ചത്ത് കൊണ്ടുവരുന്ന പ്രസ്ഥാനങ്ങള്‍. യുഎസിലെ ക്വീര്‍കോര്‍, ബെര്‍ലിനിലും ലണ്ടനിലും ഉള്ള മറ്റ് പ്രസ്ഥാനങ്ങള്‍, ബ്രൂസ് ലാ ബ്രൂസിന്റെ സിനിമകള്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്. നിയോ എക്‌സ്പ്രഷനിസ്റ്റ് മൂവ്‌മെന്റിന്റെ ഭാഗമായ ചിത്രകാരന്‍ ജീന്‍ മൈക്കല്‍ ബാസ്‌ക്വിയറ്റ് പോലും എന്റെ സിനിമയുടെ വിഷ്വല്‍ ഡിസൈനില്‍ വളരെ ദൃശ്യപരമായ സാന്നിധ്യമാണ്.
.....................................
Also Read: 'നമ്മുടെ ധാരണകള്‍ അവരുടെ ബാധ്യതകള്‍ അല്ല': അണ്ടര്‍ഗ്രൌണ്ട് ഓറഞ്ച് റിവ്യൂ
ഈ വര്‍ഷം ആഗോളതലത്തില്‍ 25 ഫിലിം ഫെസ്റ്റിവലുകളില്‍ താങ്കള്‍ പങ്കെടുത്തു. ഓരോ ചലച്ചിത്രത്തിനും ഓരോതരം പ്രേക്ഷകനുമായി സംവദിക്കാന്‍ അതിന്‍േറതായ ഒരു സാര്‍വത്രിക ഭാഷയുണ്ട് എന്ന ആശയത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ? അതോ ആ സിനിമ സംസാരിക്കുന്ന ഭാഷ മാത്രം മതിയോ സംവേദനത്തിന്?
സിനിമ തീര്‍ച്ചയായും രണ്ട് മണിക്കൂര്‍ നമ്മെത്തന്നെ മറക്കാന്‍ അനുവദിക്കുന്ന ഒരു അതുല്യ ഭാഷയാണ്. ടിക്ടോക്ക്, ഇന്‍സ്റ്റഗ്രാം അല്ലെങ്കില്‍ യുട്യൂബ് വീഡിയോകളുടെ കാര്യത്തില്‍ ഇത് അങ്ങനെയല്ല. നേര്‍ വിപരീതമാണ്, ജനപ്രീതിക്ക് വേണ്ടി നമ്മുടെ അഹന്തയെ സ്ഥിരീകരിക്കുന്ന നാര്‍സിസ്റ്റിക് പ്ലാറ്റ്ഫോമുകളാണ് അവ. ഒരു സിനിമയില്‍ പ്രവേശിക്കുമ്പോള്‍ എന്റെ മുന്‍വിധികളെയോ അവിശ്വാസങ്ങളെയോ മനഃപൂര്‍വ്വം മാറ്റിവെക്കാനും ഒരു കഥാപാത്രത്തിന്റെ അനുഭവത്തിലൂടെ ജീവിക്കാനുമായി ഞാന്‍ എന്റെ അഹംഭാവം ഉപേക്ഷിക്കുന്നു. അതുകൊണ്ടാണ് സിനിമയില്‍ കൂട്ടായ സ്വപ്നമെന്ന ആശയം ഇത്രയധികം നിലനില്‍ക്കുന്നത്. നാമെല്ലാവരും ഒരേ സിനിമ കാണുമ്പോള്‍ തന്നെ വ്യത്യസ്തമായ സന്ദേശമാണ് സ്വീകരിക്കുന്നത്. ഇത്തരമൊരു അത്ഭുതം ക്ഷണിച്ചു വരുത്തുന്ന മറ്റേത് മാധ്യമമാണുള്ളത്?
ടാഗോര്‍ തിയറ്ററിന് പുറത്ത് നിരത്തില്‍ വെച്ച് നമ്മള്‍ കണ്ടുമുട്ടിയത് ഞാന്‍ ഓര്‍ക്കുന്നു, അപ്പോള്‍ നിങ്ങള്‍ ഒരു കറുത്ത മുണ്ടാണ് ഉടുത്തിരുന്നത്, ഞാന്‍ അതേപ്പറ്റി അപ്പോള്‍ ചോദിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ കേരളത്തോടുള്ള നിങ്ങളുടെ ഇഷ്ടം നിങ്ങള്‍ സൂചിപ്പിച്ചു. ചലച്ചിത്രമേളയ്ക്കായി ഇവിടെയെത്തിയ നിങ്ങളുടെ അനുഭവം എങ്ങനെയാണ് വിലയിരുത്തുന്നത് ?
ലോകത്ത് ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വര്‍ണ്ണാഭമായ, ദയയുള്ള, ഉദാരമനസ്‌കരായ ആളുകളാണ് കേരളത്തിലെ ജനങ്ങള്‍. വിദ്യാഭ്യാസം, കല, രാഷ്ട്രീയം എന്നിവയെല്ലാം കൂട്ടി സംയോജിപ്പിച്ച ജീവിതം. അവിശ്വസനീയമായ രീതിയിലാണ് ഈ സിനിമാ ഉത്സവം കേരളം ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്, ലോകത്തെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരള സര്‍ക്കാരും ചലച്ചിത്ര അക്കാദമിയും അത് ഇവിടുത്തെ പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ ഒന്നാക്കിയിരിക്കുന്നു എന്നതും പ്രത്യേകതയാണ്. ജനങ്ങള്‍ക്ക് ലോകത്തിന്റെ വൈവിധ്യമാര്‍ന്ന വീക്ഷണങ്ങള്‍ നല്‍കുന്നതിലൂടെയാണ് ഒരു സമൂഹം വളരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നത്. പ്രയാസകരമായ സാഹചര്യങ്ങളോട് ഒരു കഥാപാത്രം പ്രതികരിക്കുന്നത് കാണുന്നത്, സമാനമായ വിധിയോട് നമ്മള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നമ്മെ പഠിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ഇത്തരം കാഴ്ചകള്‍ക്കായി ദാഹിക്കുന്നു. മലയാളികള്‍ അഗാധമായ ജിജ്ഞാസയുള്ള ആളുകളാണ്, അതേസമയം സന്തോഷവാന്മാരുമാണ്. മനോഹരമായ ഒരു മിശ്രിതമാണ് അത്.
ടാഗോര്‍ തിയേറ്ററിന് പുറത്ത് അണ്ടര്‍ ഗ്രൗണ്ട് ഓറഞ്ച് കാണാനായി പ്രേക്ഷകര്‍ കാത്തുനില്‍ക്കുന്ന നീണ്ട വരി കാണിക്കുന്ന ഒരു വീഡിയോ താങ്കളുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഞാന്‍ കണ്ടു. 2024ലെ ചലച്ചിത്രമേളകളില്‍ നിങ്ങള്‍ക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടോ?
ബ്യൂണസ് അയേഴ്‌സില്‍ BAFICI ഫെസ്റ്റിവലിലും എന്റെ ചിത്രത്തിനായി നീണ്ട നിരയുണ്ടായിരുന്നു. ടിക്കറ്റുകള്‍ നേരത്തെ വിറ്റുപോയി. ലണ്ടനിലെ ഫ്രിഞ്ച് ഫെസ്റ്റിവലില്‍ ഓപ്പണിംഗ് നൈറ്റ് ഫിലിം ആയിരുന്നു ഇത്. അവിടെയും വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും വേണ്ടി കേരളം സവിശേഷമായ എന്തെങ്കിലുമൊക്കെ ഈ മേളകൊണ്ട് ചെയ്യുന്നുണ്ട് എന്ന് എനിക്ക് നിസ്സംശയം പറയാം.
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയെയും (IFFK) അതിന്റെ പ്രേക്ഷകരെയും നിങ്ങള്‍ എങ്ങനെ കാണുന്നു?
തുറന്ന മനസ്സും തുറന്ന ഹൃദയവും, മാത്രമല്ല വിമര്‍ശനാത്മകവുമാണ് ഐഎഫ്എഫ്‌കെ. ഇവിടെ ഞാന്‍ ഏകദേശം 12 സിനിമകള്‍ കണ്ടു, വ്യക്തമായ ആഖ്യാനം ഉള്ളപ്പോള്‍ മൊത്തത്തില്‍ സ്ലോ ആയ സിനിമയെപ്പോലും പ്രേക്ഷകര്‍ സ്വീകരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്നാല്‍ വ്യക്തമായ പ്ലോട്ടുകളില്ലാത്ത കൂടുതല്‍ പരീക്ഷണങ്ങളിലേക്ക് പോയ സിനിമകള്‍ക്കിടയില്‍ നിന്ന് ആളുകള്‍ ഇറങ്ങിപ്പോവുകയും ചെയ്യും .എന്നാല്‍ മാധ്യമങ്ങള്‍ തരുന്ന പിന്തുണ, നിരൂപക വിമര്‍ശനം, ഫിലിം ക്യൂറേഷന്‍ ഇതിലെല്ലാം വ്യത്യസ്തമാണ് കേരളം. ഇതെല്ലാം ഏകീകരിക്കുന്ന രീതി ഞാന്‍ മറ്റൊരു ഫെസ്റ്റിവലിലും കണ്ടിട്ടില്ലാത്ത ഒന്നാണ്.
Also Read: ചെഗുവേര കേരളത്തില്‍!
......................
ചെഗുവേര, പാബ്ലോ നെരൂദ, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്, മെസ്സി എന്നിവരെയെല്ലാം കേരളത്തിലെ ജനങ്ങള്‍ തങ്ങളുടേതായിത്തന്നെയാണ് കണക്കാക്കുന്നത്. ലാറ്റിനമേരിക്കന്‍ രാഷ്ട്രീയം, സാഹിത്യം, ഫുട്‌ബോള്‍ എന്നിവയ്ക്ക് കേരളത്തിന്റെ സാംസ്‌കാരിക ഭൂപ്രകൃതിയില്‍ സവിശേഷമായ പ്രാധാന്യമുണ്ട്. കേരളവും ലാറ്റിന്‍ അമേരിക്കയും തമ്മിലുള്ള സാംസ്‌കാരികവും രാഷ്ട്രീയവുമായ സമന്വയ പ്രതിഭാസത്തെ നിങ്ങള്‍ എങ്ങനെ കാണുന്നു?
ഞാന്‍ ഐഎഫ്എഫ്‌കെയ്ക്കായി കേരളത്തില്‍ എത്തിയ ശേഷം കേരള സര്‍വ്വകലാശാലയുടെ സെന്റര്‍ ഫോര്‍ ലാറ്റിന്‍ അമേരിക്കന്‍ സ്റ്റഡീസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള ക്ഷണം എനിക്ക് ലഭിച്ചു. ശേഷം ഞാന്‍ ലാറ്റിനമേരിക്ക, കേരളം എന്നീ രണ്ട് പ്രദേശങ്ങള്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റി ചിന്തിക്കുകയായിരുന്നു. ലാറ്റിനമേരിക്കന്‍ പഠനങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ഏക കേന്ദ്രമാണിതെന്ന് അവര്‍ എന്നോട് പറഞ്ഞു. 'ലാറ്റിനമേരിക്കന്‍' എന്ന ഏകീകൃത സംസ്‌കാരത്തിന്റെ ധാരണയെ നിങ്ങള്‍ ചെറുക്കുക എന്നതാണ് ഇക്കാര്യത്തില്‍ എന്റെ ആദ്യ പ്രതികരണം. സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യങ്ങളുള്ള ഇന്ത്യ പോലെയുള്ള ബൃഹത്തായ രാജ്യത്തില്‍ നിന്ന് ലാറ്റിനമേരിക്കയെ നോക്കിക്കാണുമ്പോള്‍ അതിനെ നിങ്ങള്‍ മനസിലാക്കുന്ന രീതി ഞാന്‍ മനസ്സിലാക്കുന്നു.
എന്നാല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് തമ്മില്‍ത്തന്നെ വളരെ വ്യത്യസ്തമായ ചരിത്രവും സംസ്‌കാരവുമാണ് ഉള്ളത്, അതായത് ഇങ്കാന്‍, മായന്‍, സ്പാനിഷ് അധിനിവേശം എന്നിങ്ങനെ പലതും. കൂടാതെ എല്ലാറ്റിനുമുപരിയായി അവര്‍ക്കിടയില്‍ വിയോജിപ്പും മത്സരവും സൃഷ്ടിക്കുന്ന ദേശീയ സ്വത്വങ്ങളുമുണ്ട്. ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ഫുട്ബോളിലെ ചരിത്രപരമായ വൈരം, അല്ലെങ്കില്‍ അര്‍ജന്റീനക്കെതിരായ മാല്‍വിനാസ് യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ചിലിയുടെ പിന്തുണ കിട്ടിയത് പോലെ ചിലത്. പിനോഷെ അധികാരത്തില്‍ വന്നശേഷം, ചിലി യുഎസ്, യൂറോപ്യന്‍ സ്വകാര്യവല്‍ക്കരണ നയങ്ങളെ പിന്തുണയ്ക്കാന്‍ തുടങ്ങിയത് പോലെ, എന്നാല്‍ മിലേയ്‌ക്കൊപ്പം അര്‍ജന്റീന ഇതിനെ മൊത്തത്തില്‍ എതിര്‍ത്തത് പോലെ. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തമ്മില്‍ത്തന്നെ ഉള്ളില്‍ വൈരവും മത്സരവും വൈവിധ്യവുമുണ്ട്. ഒരിക്കലും ഒത്തുപോകാത്ത പലതുമുണ്ട്. ലാറ്റിന്‍ രാജ്യങ്ങള്‍ക്ക് വ്യത്യസ്തമായ രാഷ്ട്രീയ അജണ്ടകളുണ്ട്, സ്പാനിഷ് ഭാഷ സംസാരിക്കുന്നതില്‍ പോലും രാജ്യങ്ങള്‍ തമ്മില്‍ മാറ്റമുണ്ട്. കേരളത്തിലേക്കെത്തിയാല്‍ ലാറ്റിനമേരിക്ക പോലെതന്നെ കമ്മ്യൂണിസവുമായുള്ള ബന്ധവും നെരൂദയോടുള്ള അടുപ്പവും മാര്‍ക്വേസിന്റെ മാജിക്കല്‍ റിയലിസവുമായുള്ള ബന്ധവും ഞാന്‍ മനസിലാക്കുന്നുണ്ട്. പൊതുകാര്യങ്ങള്‍ നോക്കിയാല്‍ അര്‍ജന്റീനയ്ക്കും കേരളത്തില്‍ ഏറെ സമാനതകളുണ്ട്. രണ്ടിടത്തും പൊതു സര്‍വ്വകലാശാലകളും പബ്ലിക് ഹോസ്പിറ്റലുകളും ഒരുപക്ഷേ വന്‍തോതില്‍ സബ്സിഡിയുള്ള യൂട്ടിലിറ്റികളും ഉള്ള ഒരു സോഷ്യലിസ്റ്റ് ജനാധിപത്യത്തിനായുള്ള പോരാട്ടത്തില്‍ സമാന്തരമായി നില്‍ക്കുന്നതായി എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. കേരളത്തിലെ ഇടത് തൊഴിലാളി യൂണിയനുകളെക്കുറിച്ച് എനിക്ക് അത്രയ്ക്കും അറിയില്ല, പക്ഷേ അര്‍ജന്റീനയില്‍ എന്നാല്‍ എവിറ്റയും ജുവാന്‍ പെറോണും കാരണം പെറോണിസ്‌മോല പോലെ അര്‍ജന്റീനയില്‍ ശക്തമായ ഇടത് യൂണിയനുകളുണ്ട്.
ഡൊണള്‍ഡ് ട്രംപ് അമേരിക്കയില്‍ അധികാരത്തില്‍ തിരിച്ചെത്തുകയാണല്ലോ, ഈ ഘട്ടത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍, ക്വീര്‍, കുടിയേറ്റം, അതിര്‍ത്തി എന്നിങ്ങനെ പുതിയ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ ട്രംപ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്?
ഈ സമയത്ത്, യുഎസിനേക്കാള്‍ അര്‍ജന്റീനയുടെ സമകാലിക രാഷ്ട്രീയത്തെക്കുറിച്ചാണ് എനിക്ക് കൂടുതല്‍ പറയാനാകുന്നത്, പക്ഷേ അമേരിക്കയിലെ പുതിയ വലതുപക്ഷത്തിന്റെ ഉയര്‍ച്ചയെക്കുറിച്ചുള്ള കുറച്ച് പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അങ്ങനെയുള്ള ചെറിയ വീക്ഷണകോണില്‍, പാശ്ചാത്യ ലോകത്തെ ക്രിസ്ത്യന്‍ ഭൂരിപക്ഷം അവരുടെ ജനസംഖ്യ വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. കാരണം അവരെ കിഴക്കു നിന്നുള്ള കുടിയേറ്റക്കാരും ചൈനയുടെയും ഇന്ത്യയുടെയും ജനസംഖ്യാ വ്യാപ്തിയും ഭീഷണിപ്പെടുത്തുന്നതായി ഞാന്‍ കാണുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന ഏത് രാഷ്ട്രീയ ഭൂപ്രകൃതിയുമായും പൊരുത്തപ്പെടാന്‍ താല്‍പ്പര്യപ്പെടുന്ന ആളുകളെക്കാളും ഉപരിയായി ട്രംപിനെയും മസ്‌കിനെയും 'വൈറ്റ് ക്രിസ്ത്യന്‍' പുരുഷ ശക്തിയെ പ്രതിഫലിപ്പിക്കുന്ന സ്വേച്ഛാധിപതികളായാണ് ഞാന്‍ കാണുന്നത്.
പാശ്ചാത്യ ലോകത്ത് കഴിഞ്ഞുപോയത് നാര്‍സിസിസത്തിന്റെയും അധ: പതനത്തിന്റെയും ആത്മീയ മൂല്യങ്ങളുടെ വിപുലമായ ഉപേക്ഷിക്കലിന്റെയും യുഗമാണ്. പക്ഷേ ഇപ്പോള്‍ അതേയിടത്ത് ഭിന്നതകളുടെയും ധ്രുവീകരണത്തിന്റെയും പോസ്റ്റ് ട്രൂത്തിന്റെയും സമയമാണ്. ഇതിനെക്കുറിച്ച് ഇപ്പോള്‍ ഇത്രമാത്രമെ എനിക്ക് പറയാനാകൂ, അണ്ടര്‍ഗ്രൗണ്ട് ഓറഞ്ചിനായി ഞാന്‍ ഒരു മാനിഫെസ്റ്റോ എഴുതി തയ്യാറാക്കിയിരുന്നു, അതില്‍ കുറേക്കൂടി വിശദമായി ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.
താങ്കളുടെ വരാനിരിക്കുന്ന പ്രോജക്റ്റ് എന്താണ്?
ഇനി ഒരു ക്വീര്‍ പൊളിറ്റിക്കല്‍ ഡ്രാമയാണ് വരുന്നത്. അതും ബ്യൂണസ് അയേഴ്‌സ് പശ്ചാത്തലമാക്കിയുള്ളതാണ്. ഒരു വാതക സ്ഫോടനത്തില്‍ ഒരു കൂട്ടം കൗമാരക്കാര്‍ക്ക് അവരുടെ സഹപാഠിയെ നഷ്ടമാകുന്നതും അവരുടെ വീക്ഷണത്തിലൂടെയുള്ള ലൈംഗികതയും മയക്കുമരുന്നും എല്ലാം കൂടിച്ചേര്‍ന്ന ഒരു ഴോണറാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന രാഷ്ട്രീയ സിനിമയുടെ സ്വഭാവത്തിലുള്ള ഒന്നാണ് അത്. അത് എങ്ങനെ വരുന്നുവെന്ന് നമുക്ക് നോക്കാം!