പ്രതിസന്ധി രൂക്ഷം; 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട് സൊമാറ്റോ, 50 ശതമാനം വേതനം വെട്ടിക്കുറച്ചു
പ്രതിസന്ധി രൂക്ഷമായതിനാല്‍ എല്ലാ ജീവനക്കാരെയും നിലനിര്‍ത്താന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ദീപേന്ദര്‍ ഗോയല്‍ പറഞ്ഞു.
ദില്ലി: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് നടപടി. ജൂണ്‍ മുതല്‍ പിരിച്ചുവിടല്‍ ആരംഭിക്കും. ബാക്കി ജീവനക്കാര്‍ക്ക് ആറ് മാസത്തേക്ക് 50 ശതമാനം ശമ്പളം മാത്രമേ നല്‍കൂവെന്നും കമ്പനി അറിയിച്ചു. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് ആറ് മാസം ശമ്പളം അനുവദിക്കാനും കമ്പനി തീരുമാനിച്ചു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കമ്പനിയുടെ സാമ്പത്തികാവസ്ഥയെ ഗുരുതരമായി ബാധിച്ചതുകൊണ്ടാണ് താല്‍ക്കാലികമായി ശമ്പളം വെട്ടിക്കുറക്കുന്നതും തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതുമെന്ന് കമ്പനി അറിയിച്ചു.
'ലോക്ഡൗണ്‍ കമ്പനിയെ പ്രതികൂലമായി ബാധിച്ചു. നിരവധി ഹോട്ടലുകള്‍ അടച്ചുപൂട്ടി. വരാനിരിക്കുന്ന പ്രതിസന്ധിയുടെ തുടക്കമാണിതെന്നാണ് കമ്പനിയുടെ നിഗമനം. ഒരുവര്‍ഷത്തിനുള്ളില്‍ 25-40 ശതമാനം ഹോട്ടലുകളും പ്രവര്‍ത്തനം അവസാനിപ്പിക്കും'- കമ്പനി സിഇഒ ഗൗരവ് ഗുപ്തയും ഡെലിവറി വിഭാഗം സിഇഒ മോഹില്‍ ഗുപ്തയും പറഞ്ഞു.
പിരിച്ചുവിട്ട തൊഴിലാളികളെ കഴിയുന്നത്രയും കാലം സാമ്പത്തികമായും വൈകാരികമായും സഹായിക്കുമെന്നും അവര്‍ അറിയിച്ചു. പ്രതിസന്ധി രൂക്ഷമായതിനാല്‍ എല്ലാ ജീവനക്കാരെയും നിലനിര്‍ത്താന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ദീപേന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തു. പ്രതിസന്ധി ഘട്ടത്തില്‍ കൂടെനിന്ന എല്ലാ സഹപ്രവര്‍ത്തകരോടും നന്ദി രേഖപ്പെടുത്തുന്നതായും ഇവര്‍ വ്യക്തമാക്കി.