വാള്‍മാര്‍ട്ട് ഇന്ത്യ ജീവനക്കാരെ പിരിച്ചുവിട്ടു; കമ്പനിയുടെ ലക്ഷ്യം കൂടുതല്‍ വരുമാനം
ചെറുകിട കച്ചവടക്കാർക്ക് സാധനങ്ങൾ വിൽക്കുന്ന 28 മൊത്തക്കച്ചവട സ്ഥാപനങ്ങളാണ് ഇന്ത്യയിൽ വാൾമാർട്ടിനുള്ളത്. ഇന്ത്യയിലെ ഹോൾസെയിൽ വ്യാപാരമേഖലയിൽ പ്രതീക്ഷിച്ച രീതിയിൽ നേട്ടംകൊയ്യാൻ കമ്പനിക്ക് കഴിഞ്ഞില്ല. അതിനാൽ മൊത്തവ്യാപാര ശൃംഖല വ്യാപിപ്പിക്കാനുള്ള നീക്കവും പാളി.
ദില്ലി: ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനിയായ വാൾമാർട്ട് ഇന്ത്യയിലെ 50 ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനി പുനഃസംഘടനയുടെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ റിയൽ എസ്റ്റേറ്റ് രംഗത്തുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പ്രതീക്ഷിച്ച വളർച്ച നേടാത്ത സാഹചര്യത്തിലാണ് നടപടി.
ചെറുകിട കച്ചവടക്കാർക്ക് സാധനങ്ങൾ വിൽക്കുന്ന 28 മൊത്തക്കച്ചവട സ്ഥാപനങ്ങളാണ് ഇന്ത്യയിൽ വാൾമാർട്ടിനുള്ളത്. ഇന്ത്യയിലെ ഹോൾസെയിൽ വ്യാപാരമേഖലയിൽ പ്രതീക്ഷിച്ച രീതിയിൽ നേട്ടംകൊയ്യാൻ കമ്പനിക്ക് കഴിഞ്ഞില്ല. അതിനാൽ മൊത്തവ്യാപാര ശൃംഖല വ്യാപിപ്പിക്കാനുള്ള നീക്കവും പാളി.
ഇന്ത്യൻ വിപണിയിൽ കമ്പനി കൂടുതൽ ഹോൾസെയിൽ സ്റ്റോറുകൾ തുറക്കില്ലെന്നും വിവരമുണ്ട്. ഇ -കൊമേഴ്‌സ് വഴിയും ബിസിനസ് ടു ബിസിനസ് വഴിയും കൂടുതൽ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്.
രാജ്യത്ത് ആകമാനം 5,300 ജീവനക്കാരാണ് വാൾമാർട്ട് ഇന്ത്യയ്ക്ക് ഉള്ളത്. കമ്പനി ആസ്ഥാനത്ത് മാത്രം 600 പേർ ജോലി ചെയ്യുന്നുണ്ട്. 2018 ൽ ഫ്ലിപ്കാർട്ടിൽ 18 ബില്യണ് നിക്ഷേപിച്ച കമ്പനി കൂടുതൽ നിക്ഷേപം നടത്താതെ ബിസിനസ്സ് വളർത്താനാണ് ശ്രമിക്കുന്നത്.