ഏറ്റവും അധികം വജ്രക്കല്ലുകൾ പതിപ്പിച്ച മോതിരം; മലപ്പുറം സ്വാ ഡയമണ്ട്സിന് ​ഗിന്നസ് റെക്കോർഡ്

24,679 പ്രകൃതിദത്ത വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരത്തിന്റെ പേര് ദി ടച്ച് ഓഫ് ആമി. കോഴിക്കോട് സ്വദേശിനി റിജിഷ ടി.വിയാണ് മോതിരം ഡിസൈന്‍ ചെയ്തത്

Swa diamonds kerala Guinness World Records most diamonds set in one ring

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരമെന്ന റെക്കോര്‍ഡ് മലപ്പുറത്ത് നിന്നുള്ള സ്വാ ഡയമണ്ട്‌സ് സ്വന്തമാക്കി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോർഡ്‌സ് തുടങ്ങി ലോകത്തെ സുപ്രധാന ബഹുമതികളാണ് വജ്രമോതിരം നേടിയത്.

24,679 പ്രകൃതിദത്ത വജ്രക്കല്ലുകള്‍ പതിപ്പിച്ച പിങ്ക് ഓയിസ്റ്റർ മഷ്‌റൂമിന്റെ  മാതൃകയിലുള്ള 'ദി ടച്ച് ഓഫ് ആമി' എന്ന മോതിരത്തിനാണ് ആഗോള ബഹുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ 12,638 വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരമെന്ന മുൻ റെക്കോര്‍ഡ് സ്വാ ഡയമണ്ട്സ് പഴങ്കഥയായി.

'മോസ്റ്റ് ഡയമണ്ട് സെറ്റ് ഇന്‍ വണ്‍ റിങ്' എന്ന വിഭാഗത്തില്‍ ഗിന്നസ് ബഹുമതി നേടിയ മോതിരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നും ലൈഫ് സ്റ്റൈൽ ആക്സസറി ഡിസൈനിൽ പോസ്റ്റ്‌ ഗ്രാജുവേഷൻ നേടിയ കോഴിക്കോട് സ്വദേശിനി റിജിഷ ടി.വിയാണ് മോതിരം ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്വാ ഡയമണ്ട്സ് ഉടമയായ കേപ്പ്സ്റ്റോണ്‍ കമ്പനിയാണ് ഈ അപൂര്‍വ്വ നേട്ടം രാജ്യത്തിന് സമ്മാനിച്ചിരിക്കുന്നത്. മോതിരത്തില്‍ വജ്രം പതിപ്പിക്കാന്‍ മാത്രം 90 ദിവസങ്ങള്‍ വേണ്ടി വന്നു.

Swa diamonds kerala Guinness World Records most diamonds set in one ring

ഏറ്റവും കൂടുതല്‍ വജ്ര - സ്വര്‍ണ്ണാഭരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ നാടായിട്ടും കേരളത്തില്‍ വജ്രാഭരണ നിര്‍മ്മാണ ഫാക്ടറികള്‍ കുറവാണെന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ബെല്‍ജിയം പോലുള്ള രാജ്യങ്ങള്‍ അടക്കി ഭരിക്കുന്ന വജ്ര വിപണിയില്‍ കേരളത്തില്‍ നിന്നുള്ള ഒരു കമ്പനിക്ക് ലോക റെക്കോര്‍ഡ് നേടാന്‍ സാധിച്ചിരിക്കുന്നതെന്ന് കമ്പനിയുടമകള്‍ പറഞ്ഞു.

'മലയാളിയുടെ ഉടമസ്ഥയിലുള്ള കേരളത്തിലെ വജ്രാഭരണ നിർമ്മാണ കമ്പനിയിലാണ് ഈ മോതിരം നിര്‍മ്മിച്ചിരിക്കുന്നതെന്നത് അഭിമാനകരമാണ്. അതോടൊപ്പം 'ദി ടച്ച് ഓഫ് ആമി' നമ്മുടെ നാടിന്റെ സംരംഭകത്വ വിജയത്തിന്റെ വജ്രത്തിളക്കം കൂടിയായി അടയാളപെടുത്തുന്നു '- സ്വാ ഡയമണ്ട്‌സ് എം.ഡിയായ അബ്ദുല്‍ ഗഫൂര്‍ ആനടിയൻ പറഞ്ഞു.

ദക്ഷിണേന്ത്യയിലുടനീളം രണ്ടു പതിറ്റാണ്ടുകളായി സ്വര്‍ണ്ണ - വജ്ര - പ്ലാറ്റിനം ആഭരണ നിര്‍മ്മാണ രംഗത്തുള്ള കേപ്പ്സ്റ്റോണ്‍ 2019-ലാണ് സ്വാ ഡയമണ്ട്‌സ് ബ്രാന്‍ഡ് ആരംഭിക്കുന്നത്. കോവിഡ് 19-നെത്തുടര്‍ന്ന് വിപണി പ്രതികൂലമായിട്ടും തങ്ങള്‍ക്ക് വെറും രണ്ട് വർഷത്തിനുള്ളിൽ 150-ൽപരം സ്റ്റോറുകളിലായി സ്വാ ഡയമണ്ട്‌സിനെ അവതരിപ്പിക്കാന്‍ സാധിച്ചു എന്നത് വലിയ അംഗീകാരമാണെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. കേരളത്തില്‍ നിന്ന് ആഗോള തലത്തില്‍ മത്സരിക്കാന്‍ കഴിയുന്ന അന്താരാഷ്ട്ര നിലവാരവും ഡിസൈനുമുള്ള ഒരു ഉല്‍പ്പന്നമാണ് സ്വാ ഡയമണ്ട്‌സിലൂടെ സാധ്യമായിരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

മുംബൈ, ഗുജറാത്ത് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമായി വജ്രാഭരണ നിർമ്മാണ വിപണി വ്യാപിച്ചു കിടക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള ഈ ലോക റെക്കോര്‍ഡ് നേട്ടം സംസ്ഥാനത്തെ വജ്രാഭരണ നിര്‍മ്മാണ മേഖലയില്‍ നിക്ഷേപം വര്‍ധിക്കുന്നതിന് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. മലയാളികള്‍ തന്നെ കേരളത്തിന് പുറത്തുപോയി നിക്ഷേപങ്ങള്‍ നടത്താന്‍ തുടങ്ങുന്ന കാലഘട്ടത്തിലാണ് ലോകത്തിലെ വജ്ര വ്യാപാര വിപണിയിലേക്ക് സ്വാ ഡയമണ്ട്‌സിലൂടെ ഒരു 'കേരള ബ്രാന്‍ഡ്' അവതരിക്കുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios