ഡൺസോ സ്വന്തമാക്കി റിലയൻസ്; 1488 കോടി നിക്ഷേപം നടത്തി മുകേഷ് അംബാനി കമ്പനി
റിലയൻസ് റീട്ടെയിലിന് ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ ഡൺസോയിൽ 25.8 ശതമാനം ഓഹരികളാണ് സ്വന്തമാകുക.
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ(Reliance Industries) റീട്ടെയിൽ വിഭാഗമായ റിലയൻസ് റീടെയ്ൽ ബെംഗളൂരു ആസ്ഥാനമായ ഡൺസോയിൽ(Dunzo) 200 മില്യൺ ഡോളർ (ഏകദേശം 1,488 കോടി രൂപ) നിക്ഷേപിച്ചു. ഈ നിക്ഷേപത്തോടെ, റിലയൻസ് റീട്ടെയിലിന് ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ ഡൺസോയിൽ 25.8 ശതമാനം ഓഹരികൾ സ്വന്തമാകും.
റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ ഈ നിക്ഷേപത്തിൽ ലൈറ്റ്‌ബോക്‌സ്, ലിഗ്‌ത്രോക്ക്, 3 എൽ ക്യാപിറ്റൽ, ആൾട്ടീരിയ ക്യാപിറ്റൽ എന്നിവയും പങ്കെടുത്തു. ഡൺസോയും റിലയൻസ് റീട്ടെയിലും ചില ബിസിനസ് കരാറുകളിൽ കൂടി ഏർപ്പെടും. റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ റീട്ടെയിൽ സ്റ്റോറുകൾക്കായി ഡൺസോ ഹൈപ്പർലോക്കൽ ലോജിസ്റ്റിക്സ് പ്രവർത്തനക്ഷമമാക്കും. ജിയോമാർട്ടിന്റെ മർച്ചന്റ് നെറ്റ്‌വർക്കിനായുള്ള അവസാന ഡെലിവറി സംവിധാനങ്ങൾ സുഗമമാക്കാനും ഡൺസോ ഇടപെടും.
ഡൺസോയുടെ രാജ്യത്തെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് ഈ നിക്ഷേപം ഉപയോഗിക്കും. രാജ്യത്തുടനീളം നഗരങ്ങളിൽ പ്രാദേശിക വ്യാപാരികൾക്ക് ലോജിസ്റ്റിക്സ് പ്രാപ്തമാക്കുന്നതിന് മൈക്രോ വെയർഹൗസുകളുടെ ഒരു ശൃംഖല സൃഷ്ടിക്കാനും അവിടെ നിന്ന് ഉൽപ്പന്നങ്ങൾ വേഗത്തിൽ വിതരണം ചെയ്യാനും ഡൺസോ ശ്രമിക്കും. ബി 2 ബി ബിസിനസ്സ് വികസിപ്പിക്കാനും ഇതിലൂടെ ഡൺസോയ്ക്ക് സാധിക്കും.
ഇന്ത്യയിൽ 50 ബില്യൺ ഡോളറിലധികം വിപണി വലിപ്പമുള്ള ക്വിക്ക് കൊമേഴ്‌സ് വിഭാഗത്തിലെ മുൻനിരക്കാരാണ് ഡൺസോ. ഇന്ത്യയിലെ ഏഴ് മെട്രോ നഗരങ്ങളിൽ ഡൺസോ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. അധിക മൂലധനം ഉപയോഗിച്ച് 15 നഗരങ്ങളിലേക്ക് ബിസിനസ്സ് വ്യാപിപ്പിക്കാൻ ഉപയോഗിക്കും.
ഈ വർഷം ആദ്യം ബെംഗളൂരുവിൽ ഡൺസോ അതിന്റെ ഇൻസ്റ്റന്റ് ഡെലിവറി മോഡലായ 'ഡൻസോ ഡെയ്‌ലി' അവതരിപ്പിച്ചിരുന്നു. ഡൺസോ ഡെയ്‌ലി മോഡൽ വഴി 15 മുതൽ 20 മിനിറ്റിനുള്ളിൽ അവശ്യവസ്തുക്കൾ ഡെലിവർ ചെയ്യുന്നുണ്ട്. ഉയർന്ന നിലവാരമുള്ള പഴങ്ങളും പച്ചക്കറികളുടെയും ഡെലിവറിയാണ് ഡൺസോയ്ക്ക് സ്വീകാര്യത വർധിപ്പിക്കുന്നത്.