'20 കോടി നൽകിയില്ലെങ്കിൽ വധിക്കും, ഞങ്ങൾക്ക് ഇന്ത്യയിൽ നല്ല ഷൂട്ടർമാരുണ്ട്'; മുകേഷ് അംബാനിക്ക് വധഭീഷണി
പരാതിയിൽ മുംബൈയിലെ ഗാംദേവി പൊലീസ് അജ്ഞാതനെതിരെ ഐപിസി 387, 506 (2) വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് നേരെ വധഭീഷണിയെന്ന് പൊലീസ്. 20 കോടി രൂപ നൽകിയില്ലെങ്കിൽ അംബാനിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി ഇമെയിൽ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. 'ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ ഇല്ലാതാക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങൾക്കുണ്ട്' - ഇമെയിലിൽ പറയുന്നു. ഒക്ടോബർ 27 ന് ഷദാബ് ഖാൻ എന്ന വ്യക്തിയുടെ പേരിലാണ് ഇ മെയിൽ സന്ദേശം ലഭിച്ചത്. അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലിയയിലെ സുരക്ഷാ ഉദ്യോഗസ്ഥർ വധഭീഷണി അവരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പരാതി ഫയൽ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പരാതിയിൽ മുംബൈയിലെ ഗാംദേവി പൊലീസ് അജ്ഞാതനെതിരെ ഐപിസി 387, 506 (2) വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുകേഷ് അംബാനിക്ക് നേരെ നേരത്തെയും വധഭീഷണി ഉയർന്നിരുന്നു. അംബാനിയെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തി ഫോൺ ചെയ്തതിന് ബിഹാറിൽ നിന്നുള്ള ഒരാളെ മുംബൈ പൊലീസ് കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണ മുംബൈയിലെ അംബാനിടയുടെ വീടായ ആന്റിലിയയ്‌ക്കൊപ്പം എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയും സ്‌ഫോടനത്തിലൂടെ തകർക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. 2021അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തുക്കൾ നിറച്ച എസ്‌യുവി കണ്ടെത്തി. എസ്‌യുവി കൈവശം വച്ചിരുന്ന വ്യവസായി ഹിരണിനെ കഴിഞ്ഞ വർഷം മാർച്ച് അഞ്ചിന് താനെയിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.