സ്വകാര്യതാ നയം ബിസിനസ് സ്ഥാപനങ്ങൾ അംഗീകരിക്കണം, ഡേറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി മാതൃകയാകും: രാജീവ് ചന്ദ്രശേഖർ
ഇത് ലോകത്തിന് മുന്നിലെ ഒരു മാതൃകയാകും, ലോകത്തെ ആധൂനിക ഡിജിറ്റൽ ഡോമൈൻ റഗുലേറ്ററായി ഈ സംവിധാനം മാറും.
മുംബൈ: ഇന്ത്യയിൽ ബിസിനസ് പ്രവർത്തനങ്ങൾ നടത്തുന്നവരും ഉപഭോക്തൃ സേവന രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളും രാജ്യത്തെ നിയമങ്ങളെ അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് രാജീവ് ചന്ദ്രശേഖർ എം പി. പുതിയ സ്വകാര്യതാ നയം രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ബിസിനസ് സ്ഥാപനങ്ങളും അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തിഗത ഡേറ്റാ പരിരക്ഷണ ബില്ലിനെക്കുറിച്ചും ഡേറ്റാ സ്വകാര്യതാ നയത്തെക്കുറിച്ചു ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐഎഎംഎഐ) സംഘടിപ്പിച്ച ആദ്യ ഡിജിറ്റൽ പബ്ലിഷിംഗ് ഇവന്റായ പബ്‍വിഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1500-ലധികം ഡിജിറ്റൽ പ്രസാധകർ, ബ്രാൻഡുകൾ, ഏജൻസികൾ, പരസ്യ-നെറ്റ് വർക്കുകൾ എന്നിവർ വെർച്വലായി നടക്കുന്ന ഈവന്റിൽ പങ്കെടുത്തു. ഇന്ത്യയിലെ ഡിജിറ്റൽ പബ്ലിഷിംഗ് ഇക്കോസിസ്റ്റത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുളള സംവാദങ്ങളും ചൂടേറിയ ചർച്ചകളുമാണ് ഏകദിന വെർച്വൽ സമ്മേളനത്തിൽ നടന്നത്.
വ്യക്തികളുടേതായി ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്ന സുപ്രധാനമാണ്. ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സമിതി വേണം. ഇതിനായി ഡേറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി ആവശ്യമാണ്. ഇത് ഒരു നിയന്ത്രിതാവാകും. വിവരങ്ങളുടെ ശേഖരണം, സുരക്ഷ, കൈമാറ്റം എന്നിവയിൽ തെറ്റുകൾ സംഭവിക്കാതിരിക്കാനാകും ഈ സമിതി ശ്രമിക്കുക. ഇത് സർക്കാർ ഉന്നതരും ജഡ്ജുമാരും മാത്രം അടങ്ങുന്ന ഒരു സമിതി ആയിരിക്കില്ല. സങ്കേതിക രംഗത്തെ പ്രഗത്ഭരായവരും ഈ സമിതിയുടെ ഭാഗമാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇത് ലോകത്തിന് മുന്നിലെ ഒരു മാതൃകയാകും, ലോകത്തെ ആധൂനിക ഡിജിറ്റൽ ഡോമൈൻ റഗുലേറ്ററായി ഈ സംവിധാനം മാറും. ഡിജിറ്റലായി ശേഖരിക്കുന്ന വിവരങ്ങളെ ക്രിട്ടിക്കൽ ഡേറ്റ, നോൺ ക്രിട്ടിക്കൽ ഡേറ്റ, നോൺ- പേഴ്സണൽ ഡേറ്റ അങ്ങനെ പലതായി തിരിച്ചാകും നിയന്ത്രണം. വ്യക്തികളുടെ സ്വകാര്യതാ ലംഘിക്കപ്പെടുന്നില്ലെന്ന് ഈ സംവിധാനം ഉറപ്പാക്കും.
വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കും മുൻപ് അവരുടെ സമ്മതം വാങ്ങണമെന്നത് സ്വകാര്യതാ നയത്തിന്റെ ഭാഗമാണ്. ഒരു സ്ഥാപനത്തിനോ കമ്പനിക്കോ ഒരാളുടെ വിവരങ്ങൾ വെറുതെ ശേഖരിക്കാൻ കഴിയില്ല. ശേഖരിക്കുന്ന വിവരങ്ങൾ തെറ്റായ ഇടങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടാതെ നാം നോക്കേണ്ടതുണ്ട്, അത് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണ്. വ്യക്തികളുടെ ബൈയിംഗ് ബിഹേവിയർ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിന് വ്യക്തമായ ചട്ടങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് ഇന്റർനെറ്റ് ഒരു വാണിജ്യ ചൂഷണ സംവിധാനമാണ്. ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല. സാങ്കേതികവിദ്യ വികസിക്കുമ്പോൾ അത്തരം ഒരു പ്രശ്നം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിനാൽ, ഇന്നത്തെ ഇന്റർനെറ്റിൽ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.
കാരണം, അടുത്തിടെ, ചില പരസ്യദാതാക്കൾക്കും ചില കമ്പനികൾക്കും ഉപഭോക്തൃ വിവരങ്ങളുടെ വിൽപ്പനയിൽ വർധനയുണ്ടായി. വിവരങ്ങൾ കൈമാറാൻ ഉപഭോക്താവിന്റെ അനുമതി നേടണം. ഇത് ഒരു ഒറ്റത്തവണ പ്രക്രിയ മാത്രമല്ല, ഉപഭോക്താവിന്റെ വിവരങ്ങളുടെ അംഗീകാരവും ആവശ്യമാണ്, അത് എത്ര തവണ പങ്കിട്ടാലും. ഉപഭോക്താക്കൾക്ക് അവരുടെ അവകാശം നൽകേണ്ടത് ഞങ്ങളുടെ ജോലിയാണ്. ഇന്ത്യ സാങ്കേതികവിദ്യയിൽ വികസിക്കുമ്പോൾ, ഉപഭോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമണെന്ന് സർക്കാർ ഉറപ്പാക്കേണ്ടതുണ്ട്. ഇതിനോടുളള ചില കമ്പനികളുടെ പെരുമാറ്റം വളരെ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.