പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം; പ്രഖ്യാപനം അടുത്ത സാമ്പത്തിക വര്‍ഷം ഉണ്ടായേക്കും
പുനര്‍ മൂലധനവല്‍ക്കരണം മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികളെയും തമ്മില്‍ ലയിപ്പിക്കാനുളള നടപടികളുടെ മുന്നോടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ദില്ലി: രാജ്യത്തെ മൂന്ന് പൊതുമേഖല ഇൻഷുറന്‍സ് കമ്പനികള്‍ക്കും കൂടി 2,500 കോടി രൂപ പുനര്‍മൂലധന വല്‍ക്കരണത്തിന്‍റെ ഭാഗമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളായ ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനി, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി എന്നിവയ്ക്കാണ് ഈ തുക ലഭിക്കുക.
"നിങ്ങള്‍ക്ക് എല്ലാം അറിയാവുന്നതല്ലേ, പൊതുമേഖല ബാങ്കുകള്‍ക്ക് മൂലധന പര്യാപ്തത വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പോയ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ മൂന്ന് ലക്ഷം കോടി രൂപ നല്‍കിയിരുന്നു. ഇതിന് സമാനമായ നടപടിയാണ് ഇപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ കാര്യത്തിലും സ്വീകരിക്കാന്‍ പോകുന്നത്". കേന്ദ്ര ക്യാബിനറ്റ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
പുനര്‍ മൂലധനവല്‍ക്കരണം മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികളെയും തമ്മില്‍ ലയിപ്പിക്കാനുളള നടപടികളുടെ മുന്നോടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ലയനത്തിന് മുന്നോടിയായി മൂലധനവും പ്രവര്‍ത്തന ഗുണമേന്മയും ഉയര്‍ത്താന്‍ ഈ നടപടി സഹായകരമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം പ്രഖ്യാപനം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.