"റൊട്ടി വാങ്ങാൻ പറ്റാത്തവർ പാർലെ-ജി വാങ്ങി", ലോക്ക്ഡൗൺ കാലത്ത് അഞ്ച് രൂപ ബിസ്ക്കറ്റ് ബ്രാൻഡ് നടത്തിയ ഇ‌ടപെ‌ടൽ

"മൂല്യത്തിന്റെ കാര്യത്തിൽ, പാർലെ-ജിയു‌ടെ വിൽ‌പന വളരെ പ്രാധാന്യമർഹിക്കുന്നില്ലായിരിക്കാം… ഈ ബ്രാൻഡ് കിലോയ്ക്ക് 77 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതിന് ഒരു കിലോ റസ്‌ക്കിനുളളതിനേക്കാൾ വളരെ വില കുറവാണ് (കിലോയ്ക്ക് 150 രൂപ)" 

parle g sales graph touch the peak during covid lock down

വേണോ എന്ന് ചോദിച്ചാല്‍ പലര്‍ക്കും വേണ്ട എന്ന് പറയാന്‍ കഴിയാത്ത ബിസ്‌ക്കറ്റ് ഉല്‍പ്പന്നമാണ് പാര്‍ലെ ജി. 1938 മുതല്‍ ഇന്ത്യാക്കരുടെ ചായ സമയത്തിന് കൂട്ടായി ഈ ബിസ്‌ക്കറ്റും ഉണ്ട്. ദൂരയാത്ര പോകുന്നവരില്‍ പലരും വിശപ്പടക്കാന്‍ ഈ അഞ്ച് രൂപ ബിസ്‌ക്കറ്റ് പായ്ക്ക് വാങ്ങി ബാഗില്‍ സൂക്ഷിക്കാറുണ്ട്. കൊവിഡ് പകര്‍ച്ചവ്യാധി മിക്ക ഉല്‍പ്പന്നങ്ങളുടെയും വിപണിയില്‍ നിന്നുളള വരുമാന വരവിലും വില്‍പ്പനയിലും ഇടിവുണ്ടാക്കിയപ്പോഴും പാര്‍ലെ ജിയെ അതൊന്നും ബാധിച്ചില്ല. ബാധിച്ചില്ലെന്ന് മാത്രമല്ല വില്‍പ്പന ലോക്ക്ഡൗണ്‍ മാസങ്ങളില്‍ വൻ വർധന രേഖപ്പെടുത്തുകയാണ് ചെയ്തത്. 

കൃത്യമായ വില്‍പ്പന കണക്കുകള്‍ പാര്‍ലെ പുറത്തുവിട്ടിട്ടില്ലെങ്കിലും വില്‍പ്പനയില്‍ വലിയ വര്‍ധനയുണ്ടായതായി കമ്പനി വ്യക്തമാക്കി. കഴിഞ്ഞ 82 വര്‍ഷത്തെ ചരിത്രത്തിനിടെ കമ്പനിക്ക് ഏറ്റവും ഉയര്‍ന്ന വില്‍പ്പന സമ്മാനിച്ച മാസങ്ങളായിരുന്നു കടന്നുപോയതെന്ന് കമ്പനി പറഞ്ഞതായി പ്രമുഖ ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ കമ്പനിയുടെ ബിസ്‌ക്കറ്റ് വില്‍പ്പന റെക്കോര്‍ഡ് നിലവാരത്തിൽ ആയിരുന്നു. "ഞങ്ങളുടെ വിപണി വിഹിതത്തില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധന കഴിഞ്ഞ മാസങ്ങളിലുണ്ടായി. ഇതില്‍ 80 മുതല്‍ 90 ശതമാനം വില്‍പ്പനയും വന്നത് പാര്‍ലെ -ജി ബിസ്‌ക്കറ്റില്‍ നിന്നാണ്. ഇത് ശരിക്കും അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ്," പാര്‍ലെ പ്രൊഡക്ടസിന്റെ ബിസിക്കറ്റ് വിഭാഗം മേധവിയായ മായങ്ക് ഷാ പറഞ്ഞു. 

ഇന്ത്യയുടെ മഹാ നഗരങ്ങളില്‍ നിന്ന് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് കൊവിഡ് ലോക്ക്ഡൗണ്‍ മൂലം യാത്ര ചെയ്യേണ്ടി വന്നവര്‍ വലിയ തോതില്‍ വില കുറവുള്ള പാര്‍ലെ- ജി ബിസ്‌ക്കറ്റുകള്‍ വാങ്ങിയതുകൊണ്ടാകാം ഈ വന്‍ വില്‍പ്പന ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സാധനങ്ങള്‍ കിട്ടാതാകുമോ എന്ന ഭയത്തില്‍ മറ്റ് വിഭാ​ഗം ആളുകളും ഈ ബിസ്‌ക്കറ്റ് വലിയതോതില്‍ വാങ്ങി സൂക്ഷിച്ചിരിക്കാമെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിൽപ്പന വർധിപ്പിക്കുന്ന ബ്രാൻഡിലേക്ക് തിരിഞ്ഞ ശ്രദ്ധ !

മാർച്ച് 24 ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നിർമാണം തടസ്സപ്പെട്ടെങ്കിലും, വളരെ കുറഞ്ഞ കാലയളവിനുള്ളിൽ പാർലെ പോലുള്ള സംഘടിത ബിസ്ക്കറ്റ് നിർമ്മാതാക്കൾക്ക് അവരുടെ പ്രവർത്തനങ്ങൾ പുന:രാരംഭിച്ചു. ഈ കമ്പനികളിൽ ചിലത് തങ്ങളുടെ തൊഴിലാളികൾക്ക് എളുപ്പവും സുരക്ഷിതവുമായ യാത്രാമാർഗ്ഗത്തിനായി ഗതാഗതം ക്രമീകരിച്ചു നൽകിയാണ് നിർമാണം രം​ഗത്തേക്ക് വേ​ഗം തിരിച്ചുവന്നത്. ഫാക്ടറികൾ പ്രവർത്തിച്ചു തുടങ്ങിയതോ‌ടെ, ഈ കമ്പനികളുടെ ശ്രദ്ധ പരമാവധി വിൽപ്പന വർധിപ്പിക്കുന്ന ബ്രാൻഡുകളിലേക്ക് തിരിഞ്ഞു അതിന്റെ ഫലമാണ് പാർലെ -ജി രേഖപ്പെടുത്തിയ ഈ ഉയർന്ന വിൽപ്പന കണക്കുകൾ. 

“ഉപഭോക്താക്കൾ ലഭ്യമായതെല്ലാം എടുക്കുന്നു - അത് പ്രീമിയമായാലും വിലക്കുറവുളളതായാലും. ചില കമ്പനികൾ പ്രീമിയം മൂല്യമുള്ള ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കാം ചിലർ തിരിച്ചും,” എഫ്‌എം‌സി‌ജി കമ്പനികളെക്കുറിച്ച് അടുത്തിടെ പഠനം നടത്തിയ ക്രിസിൽ റേറ്റിംഗ്സിന്റെ സീനിയർ ഡയറക്ടർ അനുജ് സേതി പറയുന്നു.

"കഴിഞ്ഞ 18-24 മാസങ്ങളായി ഗ്രാമീണ മേഖലയിലെ വിതരണ പരിധി വർദ്ധിപ്പിക്കുന്നതിന് കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പകർച്ചവ്യാധി സമയത്ത് അതിൽ അവർ നന്നായി മുന്നേറ്റം ഉണ്ടാക്കി,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വില പോയിന്റുകളിലുടനീളമുള്ള ബിസ്കറ്റ് ഉൽപ്പന്നങ്ങൾ കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിൽപ്പനയിൽ വൻ വർധനവ് രേഖപ്പെടുത്തി. ബ്രിട്ടാനിയയുടെ ​ഗുഡ് ഡേ, ടൈ​ഗർ, മിൽക്ക് ബിക്കീസ്, ബർബൻ, മാരി, പാർലെയുടെ ക്രാക്ക്ജാക്ക്, മൊണാക്കോ, ഹൈഡ് ആൻഡ് സീക്ക് എന്നിവയെല്ലാം ലോക്ക്ഡൗൺ കാലത്ത് വൻ വിൽപ്പന വർധന രേഖപ്പെടുത്തി. 

പാർലെ പ്രൊഡക്ട്സ് അതിന്റെ ഏറ്റവും മികച്ച വിൽപ്പനയുള്ളതും എന്നാൽ, കുറഞ്ഞ മൂല്യമുള്ളതുമായ പാർലെ-ജി ബ്രാൻഡ് നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കാരണം അതിന് എല്ലാ ഉപഭോക്തൃ വിഭാഗങ്ങളിൽ നിന്നും വൻ ഡിമാൻഡ് തന്നെ അവർക്ക് ലഭിച്ചിരുന്നു. റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഉൽപ്പന്ന ലഭ്യത ഉറപ്പാക്കുന്നതിനായി കമ്പനി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ വിതരണ ചാനലുകൾ പുനക്രമീകരിച്ചു.

റൊട്ടി വാങ്ങാൻ പറ്റാത്തവർ പാർലെ -ജി വാങ്ങി

"ലോക്ക്ഡൗൺ സമയത്ത്, പാർലെ-ജി പലർക്കും ആശ്വാസകരമായ ഭക്ഷണമായി മാറി. മറ്റു പലർക്കും ഇത് അവരുടെ പക്കലുളള ഏക ഭക്ഷണമായിരുന്നു. ഇതൊരു സാധാരണക്കാരന്റെ ബിസ്കറ്റാണ്. റൊട്ടി വാങ്ങാൻ കഴിയാത്ത ആളുകൾ പാർലെ-ജി വാങ്ങി,” ഷാ പറയുന്നു.

"നിരവധി സംസ്ഥാന സർക്കാരുകൾ ബിസ്ക്കറ്റ് ആവശ്യപ്പെട്ടിരുന്നു… അവർ ഞങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും ഞങ്ങളുടെ സ്റ്റോക്ക് നിലകളെക്കുറിച്ച് ചോദിക്കുകയും ചെയ്തു. നിരവധി എൻ‌ജി‌ഒകൾ ഞങ്ങളിൽ നിന്ന് ധാരാളം ബിസ്ക്കറ്റുകൾ വാങ്ങി. മാർച്ച് 25 മുതൽ ഉത്പാദനം പുനരാരംഭിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായിരുന്നു,” ഷാ കൂട്ടിച്ചേർക്കുന്നു.

സാധാരണ സമയങ്ങളിൽ, പാർലെ പ്രതിദിനം 400 ദശലക്ഷം പാർലെ-ജി ബിസ്കറ്റ് ഉണ്ടാക്കുന്നു. പാർലെ-ജി ബിസ്കറ്റ് ഒരു മാസത്തെ ഉൽ‌പാദനം വശങ്ങളായി അടുക്കി വച്ചാൽ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം നികത്താനാകും. പ്രതിവർഷം നമ്മൾ കഴിക്കുന്ന എല്ലാ പാർലെ-ജി ബിസ്കറ്റുകളും നിങ്ങൾ അണിനിരത്തുന്നുവെങ്കിൽ, അതിന് 192 തവണ ഭൂമിയെ ചുറ്റാം!

“മൂല്യത്തിന്റെ കാര്യത്തിൽ, പാർലെ-ജിയു‌ടെ വിൽ‌പന വളരെ പ്രാധാന്യമർഹിക്കുന്നില്ലായിരിക്കാം… ഈ ബ്രാൻഡ് കിലോയ്ക്ക് 77 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതിന് ഒരു കിലോ റസ്‌ക്കിനുളളതിനേക്കാൾ വളരെ വില കുറവാണ് (കിലോയ്ക്ക് 150 രൂപ). കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പാർലെ-ജി വിൽപ്പന ഞങ്ങൾക്ക് മികച്ച ബ്രാൻഡ് അംഗീകാരവും സ്വീകാര്യതയും നൽകി,” ഷാ കൂട്ടിച്ചേർത്തു.

വളരുന്ന പ്രീമിയം സെഗ്മെന്റ്

പാർലെ പ്രൊഡക്ട്സ് രാജ്യത്തൊട്ടാകെയുള്ള 130 ഫാക്ടറികളിലാണ് ബിസ്ക്കറ്റ് നിർമ്മിക്കുന്നത് - അവയിൽ 120 എണ്ണം കരാർ നിർമ്മാണ യൂണിറ്റുകളും 10 എണ്ണം സ്വന്തം ഉടമസ്ഥതയിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. പാർലെ-ജി ബ്രാൻഡിന്റെ സംഭാവന മൊത്തം വ്യവസായ വരുമാനത്തിന്റെ മൂന്നിലൊന്ന് വരും. എന്നാൽ, കമ്പനിയുടെ വിൽപ്പന അളവിന്റെ 50 ശതമാനത്തിലധികവും പാർലെ-ജി ആണ് താനും. 2020 സാമ്പത്തിക വർഷത്തിൽ മൊത്തം ഇന്ത്യൻ ബിസ്കറ്റ് മേഖല 36,000 മുതൽ 37,000 കോടി രൂപയു‌ടേതാണ്. 

ഗ്രാമീണ വിപണികളിൽ പോലും വിലകുറഞ്ഞ ബിസ്ക്കറ്റിന്റെ ആവശ്യം കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ 'പ്രീമിയം സെഗ്മെന്റ്' വളരെ വേഗത്തിൽ വളരുകയാണ്. മൂല്യത്തിന്റെ കാര്യത്തിൽ, പ്രീമിയം ബിസ്കറ്റുകൾ മൂല്യ വിഭാഗത്തെ താമസിയാതെ മറികടക്കും. എന്നാൽ വിറ്റ സംഖ്യകളുടെ അടിസ്ഥാനത്തിൽ, പാർലെ-ജി നയിക്കുന്ന കുറഞ്ഞ മൂല്യത്തിന്റെ വിഭാഗം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ അവരുടെ വിലയേറിയ സമപ്രായക്കാരെക്കാൾ മുമ്പിൽ നിന്നു. കൊവിഡ് ലോക്ക്ഡൗൺ പോലെ അസാധാരണ സാഹചര്യമായിരുന്നു അതിന് കാരണം.

Latest Videos
Follow Us:
Download App:
  • android
  • ios