റിലയൻസ് ജിയോ മാനേജിങ് ഡയറക്ടർ സഞ്ജയ് മഷ്റുവാല രാജിവെച്ചു; പടിയിറങ്ങുന്നത് റിലയൻസിന്റെ നിർണായക ശക്തികളിലൊരാൾ
ഔദ്യോഗിക വിവരമനുസരിച്ച് ഈ വർഷം ജൂൺ 9 വരെയായിരിക്കും സഞ്ജയ് മഷ്റുവാല ഔദ്യോഗിക പദവിയിലുള്ളത്. അതേ സമയം റിലയൻസ് ജിയോയുടെ മറ്റൊരു ഡയറക്ടറായ പങ്കജ് മോഹൻ പവാർ പദവിയിൽ തന്നെ തുടരും.
മുംബൈ: റിയലയൻ ജിയോയുടെ രണ്ട് മാനേജിങ് ഡയറക്ടർമാരിൽ ഒരാളായ സഞ്ജയ് മഷ്റുവാല കമ്പനിയിൽ നിന്ന് രാജിവെച്ചു. കമ്പനി തന്നെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കൈമാറിയ വിവരത്തിലാണ് ഇക്കാര്യമുള്ളത്. 76കാരനായ സഞ്ജയ് മഷ്റുവാല, റിലയൻസ് സ്ഥാപകൻ ധീരുഭായ് അംബാനിയുടെ കാലം മുതൽ കമ്പനിക്കൊപ്പമുള്ളയാളാണ്. റിലയൻസിന്റെ വിവിധ പദ്ധതികളിലും ബിസിനസുകളിലും നിർണായക പദവി വഹിച്ചിട്ടുള്ളയാൾ കൂടിയാണ് സഞ്ജയ് മഷ്റുവാല.
ഔദ്യോഗിക വിവരമനുസരിച്ച് ഈ വർഷം ജൂൺ 9 വരെയായിരിക്കും സഞ്ജയ് മഷ്റുവാല ഔദ്യോഗിക പദവിയിലുള്ളത്. അതേ സമയം റിലയൻസ് ജിയോയുടെ മറ്റൊരു ഡയറക്ടറായ പങ്കജ് മോഹൻ പവാർ പദവിയിൽ തന്നെ തുടരും. കമ്പനികളുടെ നിർണായക സ്ഥാനങ്ങളിലിരിക്കുന്നവരുടെ മാറ്റം ഔദ്യോഗികമായി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിക്കണമെന്ന സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചട്ടമനുസരിച്ചാണ് കമ്പനി വിവരം കൈമാറിയത്.
അതേസമയം റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം ബിസിനസായ റിലയൻസ് ഇൻ റിലയൻസ് ജിയോയുടെ നാലാം സാമ്പത്തിക പാദത്തിലെ അറ്റാദായത്തിൽ 13 ശതമാനം വർദ്ധനവ്. ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിലെ വരുമാനം മുൻവർഷത്തിലെ 4716 കോടിയിൽ നിന്ന് 5337 കോടിയായി വർദ്ധിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 23,394 കോടിയിൽനിന്ന് 25959 കോടിയായി. 11 ശതമാനത്തിന്റെ വർദ്ധനവാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
2024 സാമ്പത്തിക വർഷത്തെ മൊത്തത്തിലുള്ള കണക്കിൽ അറ്റാദായം 12.4 ശതമാനം വർദ്ധിച്ചു 20,466 കോടി രൂപയായി. 2024 മാർച്ചിൽ അവസാനിച്ച സമ്പൂർണ്ണ സാമ്പത്തിക വർഷത്തിൽ റിലയൻസ് ജിയോയുടെ ആകെ വരുമാനം 1,00,119 കോടി രൂപയായിരുന്നു. ഇത് മുൻവർഷത്തേക്കാൾ 10.2 ശതമാനത്തിന്റെ വർദ്ധനവാണ്. വരിക്കാരുടെ എണ്ണത്തിലുണ്ടാവുന്ന വലിയ വർദ്ധനവാണ് ജിയോയെ കൂടുതൽ നേട്ടത്തിലെത്തിച്ചത്. ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ഇപ്പോൾ ജിയോ.