പേറ്റന്റ് തർക്കങ്ങൾ പറഞ്ഞുതീർത്ത് നോക്കിയയും ലെനോവോയും
ലോകത്തിലെ ഏറ്റവും വലിയ പേഴ്സണൽ കംപ്യൂട്ടർ നിർമ്മാതാക്കളാണ് ലോനോവോ.
സ്റ്റോക്ഹോം: നിരവധി വർഷങ്ങളായി നിലനിന്നിരുന്ന പേറ്റന്റ് തർക്കം ഒത്തുതീർത്ത് നോക്കിയയും ലെനോവോയും. എല്ലാ മേഖലയിലും നിലനിന്നിരുന്ന നിയമപരമായ തർക്കങ്ങളെല്ലാം ഫിൻലന്റ് കമ്പനിയായ നോക്കിയയും ചൈനീസ് കമ്പനിയായ ലെനോവോയും തമ്മിൽ ഒത്തുതീർത്തു.
ലോകത്തിലെ ഏറ്റവും വലിയ പേഴ്സണൽ കംപ്യൂട്ടർ നിർമ്മാതാക്കളാണ് ലോനോവോ. ഒത്തുതീർപ്പ് കരാറിലെ വ്യവസ്ഥകൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും ലെനോവോ നോക്കിയയ്ക്ക് ഒരു തുക നൽകാൻ ധാരണയായെന്നാണ് നോക്കിയ വ്യക്തമാക്കിയത്. എന്നാൽ എത്ര തുകയാണെന്ന് വ്യക്തമാക്കിയില്ല.
2019 ലാണ് നോക്കിയ ലെനോവോയ്ക്ക് എതിരെ നിയമ നടപടിയിലേക്ക് കടന്നത്. 20 വീഡിയോ കംപ്രഷൻ ടെക്നോളജി പേറ്റന്റ് ലംഘിച്ചെന്നായിരുന്നു ഫിന്നിഷ് കമ്പനിയുടെ പരാതി. അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങൾക്ക് പുറമെ ആറ് കേസുകൾ ജർമ്മനിയിലും ഉണ്ടായിരുന്നു.
പ്രതിരോധമെന്നോണം ലെനോവോ കാലിഫോർണിയയിൽ നോക്കിയക്കെതിരെയും പരാതി നൽകി. മ്യൂണിക്കിലെ കോടതി കഴിഞ്ഞ സെപ്തംബറിൽ ലെനോവോയ്ക്ക് എതിരെ വിധി പുറപ്പെടുവിച്ചു. ലെനോവോയുടെ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാനും ഉത്തരവിൽ ആവശ്യപ്പെട്ടു. ജർമ്മനിയിലെ തന്നെ അപ്പീൽ കോടതി ഈ ഉത്തരവിന് സ്റ്റേ നവംബറിൽ അനുവദിച്ചിരുന്നു.
മാറിയ സാഹചര്യത്തിൽ കൂടുതൽ തർക്കങ്ങളിലേക്ക് വലിച്ചിഴക്കാതെ രണ്ട് കമ്പനികളും പരസ്പര ധാരണയോടെ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. ഭാവിയിൽ സാങ്കേതിക വിപണന രംഗത്ത് കൂട്ടായി പ്രവർത്തിക്കാനും ഈ ഒത്തുതീർപ്പ് വ്യവസ്ഥകളിലൂടെ സാധിക്കുമെന്നാണ് ഇരു കമ്പനികളും കരുതുന്നത്.