സ്ത്രീകൾക്ക് ഓഹരി വിപണിയിലിറങ്ങാം, വിജയിക്കാം; പിന്തുണയുമായി മില്യൺ ഡോട്ട്‍സ്
ധനകാര്യ വിപണിയിൽ സ്ത്രീകള്‍ക്ക് ട്രേഡിങ് നടത്താനുള്ള ആത്മവിശ്വാസം നൽകുകയാണ് കേരളത്തിൽ നിന്നുള്ള സ്റ്റോക്ക് ട്രേഡിങ് വിദ്യാഭ്യാസ സ്ഥാപനമായ മില്യൺ ഡോട്ട്‍സ്.
നിത്യജീവിതത്തിൽ നമ്മളെല്ലാം പണം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും അത് കൃത്യമായാണോ നമ്മള്‍ വിനിയോഗിക്കുന്നത്? സാമ്പത്തികമേഖലയിലെ നമ്മുടെ സംവിധാനങ്ങള്‍, സ്ഥാപനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള അടിസ്ഥാന ധാരണകള്‍ നമുക്കുണ്ടോ?
ഉണ്ടെന്ന് പറയാൻ വരട്ടെ, കാരണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2022-ൽ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് സാമ്പത്തിക സാക്ഷരതയിൽ ഇന്ത്യ വളരെ പിന്നിലാണ്. വെറും 27% മാത്രമാണ് ഇന്ത്യയിലെ സാമ്പത്തിക സാക്ഷരര്‍. ഇതിൽ സ്ത്രീകളുടെ കണക്ക് എടുത്താൽ വെറും 24% പേര്‍ക്ക് മാത്രമേ സാമ്പത്തിക സാക്ഷരതയുള്ളൂ.
ഈ കുറവ് ഇന്ത്യയുടെ ധനകാര്യ വിപണിയിലും പ്രതിഫലിക്കുന്നു. അടുത്തിടെയായി ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വര്‍ധനയുണ്ടെങ്കിലും സ്ത്രീകളുടെ പങ്കാളിത്തം ബഹുദൂരം പിന്നിലാണ്. ഇന്ത്യയിൽ പത്ത് കോടി ഡീമാറ്റ് അക്കൗണ്ടുകള്‍ എന്ന റെക്കോഡ് സെപ്റ്റംബര്‍ 2022-ലാണ് പൂര്‍ത്തിയായത്. പക്ഷേ, സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ 2022-ലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് സ്ഥിരമായി ട്രേഡ് ചെയ്യുന്നവര്‍ 1.2 കോടി മാത്രമാണ്.
ഇതിൽ സ്ത്രീകളുടെ എണ്ണം വളരെ താഴെയാണ്. 100 നിക്ഷേപകരെ എടുത്താൽ അതിൽ 21 പേര്‍ മാത്രമാണ് സ്ത്രീകള്‍. ഈ കണക്കിൽ ആഗോള ശരാശരി (24 ശതമാനം) യെക്കാള്‍ താഴെയാണ് ഇന്ത്യ. മൊത്തം നിക്ഷേപ പദ്ധതികള്‍ പരിഗണിച്ചാൽ ഇന്ത്യയിലെ അഞ്ചിൽ നാല് നിക്ഷേപകരും പുരുഷന്മാരാണ്.
പുരുഷന്മാരെ അപേക്ഷിച്ച് സാമ്പത്തിക വിപണിയിൽ ഇടപെടുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നുണ്ടെങ്കിലും കാര്യമായ വിടവാണ് നിലവിലുള്ളത്. 2021-ൽ പുറത്തിറങ്ങിയ ഒരു നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിൽ ഇക്വിറ്റികളിൽ നിക്ഷേപമുള്ള സ്ത്രീകള്‍ വെറും 13.5 ശതമാനം മാത്രമാണ്.
പലകാരണങ്ങളാണ് ഇന്ത്യന്‍ സ്ത്രീകളുടെ ഓഹരി വിപണിയിലെ കുറഞ്ഞ പങ്കാളിത്തതിന് കാരണമായി വിവിധ സര്‍വ്വേകള്‍ ചൂണ്ടിക്കാണിക്കുന്നത്. പരമ്പരാഗതമായി വീട്ടിലെ പുരുഷ അംഗങ്ങളെ ധനകാര്യ വിഷയങ്ങളിൽ കൂടുതലായി ആശ്രയിക്കുന്നത്, ഓഹരി വിപണിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍, റിസ്ക് എടുക്കാനുള്ള പേടി, പൊതുധാരണകള്‍ എന്നിവയാണ് മിക്കപ്പോഴും സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത്.
ധനകാര്യ വിപണിയിൽ സ്ത്രീകള്‍ക്ക് ട്രേഡിങ് നടത്താനുള്ള ആത്മവിശ്വാസം നൽകുകയാണ് കേരളത്തിൽ നിന്നുള്ള സ്റ്റോക്ക് ട്രേഡിങ് വിദ്യാഭ്യാസ സ്ഥാപനമായ മില്യൺ ഡോട്ട്‍സ്. ഇതിന്‍റെ ഭാഗമായി അന്താരാഷ്ട്ര വനിതാദിനത്തിൽ കോഴിക്കോട് മലാപ്പറമ്പ് വിമൻസ് പോളിടെക്നിക് കോളേജിൽ ട്രേഡിങ്ങിനെക്കുറിച്ച് ഇവര്‍ ഒരു അവബോധ പരിപാടി സംഘടിപ്പിച്ചിരുന്നു.
"സാമ്പത്തികമായ ഉറച്ച തീരുമാനങ്ങള്‍ക്ക് സ്ത്രീകള്‍ പലപ്പോഴും പിന്നിലാണ്. ഇതിനുള്ള ധൈര്യം സ്ത്രീകള്‍ക്ക് നൽകേണ്ടത് അത്യാവശ്യമാണ്. ഇതിനായാണ് മില്യൺ ഡോ്ട്ട്സ് പരിപാടി സംഘടിപ്പിച്ചത്. കോളേജിൽ നേരിട്ടെത്തി വിദ്യാര്‍ഥികളോട് സംവദിക്കുകയായിരുന്നു ചെയ്തത്" മില്യൺ ഡോട്ട്സ് സഹസ്ഥാപകന്‍ കെൻസ് ഇ.സി പറഞ്ഞു.
ഓഹരി നിക്ഷേപം, ട്രേഡിങ്ങ് എന്നിവയിൽ പ്രാഥമികമായ അറിവ് ഉള്ളവര്‍ മുതൽ വിദഗ്ധരായ ആളുകള്‍ക്ക് വരെ കൃത്യമായ ഉപദേശങ്ങളും വിദ്യാഭ്യാസവും നൽകുന്ന പ്ലാറ്റ്‍ഫോമാണ് മില്യൺ ഡോട്ട്‍സ് എന്ന് സ്ഥാപകര്‍ വിശേഷിപ്പിക്കുന്നത്.
സാമ്പത്തിക സാക്ഷരതയിലൂടെ ആളുകള്‍ക്ക് ട്രേഡിങ് എളുപ്പമാക്കുന്ന കമ്പനി, കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് ട്രേഡിങ് ഇൻസ്റ്റിറ്റ്യൂട്ട് ആണ്. അഞ്ച് രാജ്യങ്ങളിലായി ഇതുവരെ 4500-ൽ അധികം പേര്‍ക്ക് ട്രേഡിങ് പഠിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മില്യൺ ഡോട്ട്സ് വിശദീകരിക്കുന്നു.