മുംബൈ വിമാനത്താവളം അദാനിക്ക് സ്വന്തം !; റെഗുലേറ്ററി ഫയലിംഗില്‍ ഇടപാട് വിശദാംശങ്ങള്‍ വ്യക്തമാക്കി കമ്പനി

ശേഷിക്കുന്ന 26 ശതമാനം ഓഹരി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പക്കലാണ്. 

mial acquire of adani enterprises ltd

മുംബൈ: അദാനി എന്റര്‍പ്രൈസസിന്റെ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് (എഎഎച്ച്എല്‍) മുംബൈ വിമാനത്താവളത്തിന്റെ (എംഐഎഎല്‍) 23.5 ശതമാനം ഓഹരി വിഹിതം കൂടി സ്വന്തമാക്കി. ഇതോടെ വിമാനത്താവള കമ്പനിയില്‍ അദാനി ഗ്രൂപ്പിന്റെ കമ്പനിയുടെ ഓഹരി വിഹിതം 74 ശതമാനമായി ഉയരുമെന്നുറപ്പായി.

എസിഎസ്എ ഗ്ലോബല്‍, ബിഡ് സര്‍വീസ് ഡിവിഷന്‍ (മൗറീഷ്യസ്) (ബിഡിവെസ്റ്റ്) എന്നിവയുടെ കൈവശം ഉണ്ടായിരുന്ന 23.5 ശതമാനം ഓഹരിയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. 1,685.25 കോടി രൂപയുടെ ഇടപാടാണിത്. കമ്പനി കഴിഞ്ഞ ദിവസം ഫയര്‍ ചെയ്ത റെഗുലേറ്ററി ഫയലിംഗിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുളളത്. 

ഭൂരിപക്ഷ ഓഹരി ഉടമയായിരുന്ന ജിവികെ എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സിന്റെ കൈവശമുണ്ടായിരുന്ന 50.50 ശതമാനം ഓഹരി ഏറ്റെടുക്കുമെന്ന് നേരത്തെ അദാനി വ്യക്തിമാക്കിയിരുന്നു. ജികെവി ഡവലപ്പേഴ്‌സിന്റെ കടബാധ്യത നേരത്തെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇതോടെ എംഐഎഎല്ലിന്റെ 74 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പിന്റെ കൈവശം എത്തുമെന്ന് ഉറപ്പായി. 

ശേഷിക്കുന്ന 26 ശതമാനം ഓഹരി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പക്കലാണ്. പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലൂടെ ലഖ്‍നൗ, ജയ്പൂർ, ഗുവാഹത്തി, അഹമ്മദാബാദ്, തിരുവനന്തപുരം, മംഗളുരു വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കാൻ നേരത്തെ അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചിരുന്നു.

മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിലെ (മിയാൽ) 74 ശതമാനം ഓഹരികളും ആറ് മെട്രോ ഇതര വിമാനത്താവളങ്ങളും കൈവശം എത്തുന്നതോടെ അദാനി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള നടത്തിപ്പ് കമ്പനിയായി മാറും. 

"മുംബൈ, സ്വപ്നങ്ങളുടെ നഗരം! നമ്മുടെ ഗ്രഹത്തിലെ ഏറ്റവും വലിയ മെട്രോപോളിസിലെ വിമാന യാത്രക്കാരെ സേവിക്കാനുള്ള അവസരം ലഭിക്കുന്നത് ഒരു പദവിയാണ്. #GatewaytoGoodness - ഇന്ത്യൻ വിമാനത്താവള മേഖലയെ പരിവർത്തനം ചെയ്യാൻ സഹായിക്കുന്നതിന് കാത്തിരിക്കുക !," അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു.
 

Latest Videos
Follow Us:
Download App:
  • android
  • ios