150 കോടി മുതല്‍മുടക്ക്, 800 പേര്‍ക്ക് ജോലി, ലക്ഷ്യം 10000 കോടിയുടെ കയറ്റുമതി; ലുലു പുതിയ സ്ഥാപനം കൊച്ചിയില്‍
സമുദ്രോത്പ്പന്ന കയറ്റുമതി രംഗത്ത് കേരളത്തിന് മികച്ച സാധ്യതയാണുള്ളതെന്നും ലുലു ഗ്രൂപ്പിന്റെ ഈ സംരംഭം മത്സ്യസംസ്കരണ രംഗത്തെ വിപ്ലവമാകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
കൊച്ചി: റീട്ടെയ്ൽ മേഖലയ്ക്ക് പുറമേ ഭക്ഷ്യസംസ്കരണ കയറ്റുമതി രംഗത്തും തുടക്കമിട്ട് ലുലു ഗ്രൂപ്പ്. സംസ്ഥാനത്തെ ഏറ്റവും വലിയ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം അരൂരിൽ പ്രവർത്തനം ആരംഭിച്ചു. 150 കോടി മുതൽമുടക്കിലാണ് കേന്ദ്രം ഒരുങ്ങിയിട്ടുള്ളത്. 800 പേർക്കാണ് പുതിയ പുതിയ തൊഴിലവസരം ഒരുങ്ങുന്നത്. കേന്ദ്രത്തിന്‍റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിച്ചു. മറൈൻ പ്രൊഡ്കട്സ് എക്സ്പോർട്ട് ഡെവലപ്മെന്‍റ് അതോറിറ്റി ചെയർമാൻ ദൊഡ്ഡ വെങ്കടസ്വാമിയും ചടങ്ങില്‍ പങ്കെടുത്തു.
സമുദ്രോത്പ്പന്ന കയറ്റുമതി രംഗത്ത് കേരളത്തിന് മികച്ച സാധ്യതയാണുള്ളതെന്നും ലുലു ഗ്രൂപ്പിന്റെ ഈ സംരംഭം മത്സ്യസംസ്കരണ രംഗത്തെ വിപ്ലവമാകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. നൂതനമായ സംവിധാനത്തിലുള്ള ലുലു ഗ്രൂപ്പിന്റെ പുതിയ കേന്ദ്രം മത്സ്യതൊഴിലാളി മേഖലയ്ക്ക് കൈത്താങ്ങാകുമെന്നും മന്ത്രി കൂട്ടിചേർത്തു. സംസ്ഥാനത്തെ ഭക്ഷ്യസംസ്കരണ മേഖലയിലേക്കുള്ള ലുലു ഗ്രൂപ്പിന്റെ ഈ ചുവടുവയ്പ്പ് പുതിയ മാറ്റങ്ങൾക്ക് തുടക്കംകുറിക്കുമെന്നും കൂടുതൽ യൂണിറ്റുകൾ കേരളത്തിൽ വിവിധയിടങ്ങളിൽ തുറക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രതിമാസം 2,500 ടൺ സമുദ്രോത്പന്നങ്ങൾ സംസ്കരിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
കേരളത്തിലെ മത്സ്യതൊഴിലാളികൾക്ക് ഏറെ പ്രയോജനകരമാകുന്നതാണ് ഈ പദ്ധതിയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. ഈ വർഷം പതിനായിരം കോടി രൂപയുടെ കയറ്റുമതിയാണ് ലുലു ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കളമശ്ശേരിയിൽ രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത് തന്നെ ആരംഭിക്കുമെന്ന് യൂസഫ് അലി വ്യക്തമാക്കി. പുതിയ നിക്ഷേപ പദ്ധതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി.രാജീവും നൽകുന്ന മികച്ച പിന്തുണ അഭിനന്ദനാർഹമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
Read More...... മുകേഷ് അംബാനിയുടെ റിലയൻസിനെ പിന്നിലാക്കി; രാജ്യത്തെ ഏറ്റവും ലാഭകരമായ കമ്പനി ഇതാണ്
കേരളത്തിൽ നിന്നുള്ള മത്സ്യഉൽപ്പന്നങ്ങൾ ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, യൂറോപ്പ്, യു.കെ. യു.എസ്., ജപ്പാൻ, കൊറിയ, ചൈന തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. വിദേശത്തെ ലുലു ഹൈപ്പർമാർക്കറ്റുകളാണ് പ്രധാന വിപണി. മത്സ്യമേഖലയില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികൾ സംസ്ഥാനത്ത് ധാരാളമായുണ്ടെന്നും ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭം തൊഴിലാളികൾക്കും ഏറെ ഗുണമാകുമെന്നും മറൈൻ പ്രൊഡ്കട്സ് എക്സ്പോർട്ട് ഡെവൽപ്പ്മെന്റ് അതോറിറ്റി ചെയർമാൻ ദൊഡ്ഡ വെങ്കടസ്വാമി ഐഎഎസ് പറഞ്ഞു.
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ സലീം വി.ഐ, ലുലു ഗ്രൂപ്പ് ഡയറക്ടർ സലീം എം.എ, ലുലു ഡയറക്ടർ മുഹമ്മദ് അൽത്താഫ്, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്, ലുലു ഫെയർ എക്സ്പോർട്ടസ് സിഇഒ നജ്മുദ്ദീൻ ഇബ്രാഹിം, ഫെയർ എക്പോർട്സ് ജനറൽ മാനേജർ അനിൽ ജലധാരൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.