ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിക്ക് എന്ത് സംഭവിച്ചു? വമ്പന്മാർക്കെല്ലാം വൻ ഇടിവ്; ഞെട്ടലോടെ കമ്പനികൾ, നെഞ്ചിടിപ്പ്!
ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയിൽ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ആകെ വിറ്റത് 43 ദശലക്ഷം യൂണിറ്റാണ്
ദില്ലി: ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ കമ്പനികൾക്ക് അത്ര സുഖകരമല്ലാത്ത വാർത്തകളാണ് വരുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക പാദത്തിൽ വിൽപ്പന ഇടിഞ്ഞതാണ് കാരണം. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയിൽ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ആകെ വിറ്റത് 43 ദശലക്ഷം യൂണിറ്റാണ്. ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും ഷവോമിയുടെ വിൽപ്പന താഴേക്ക് പോയി. 18 ശതമാനമാണ് ഇടിവ്. സാംസങ് രണ്ടാം സ്ഥാനം തിരിച്ച് പിടിച്ചെങ്കിലും 80 ലക്ഷം ഫോണുകളാണ് വിൽക്കാനായത്. മുൻവർഷത്തെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വിവോയ്ക്ക്, അവരുടെ വിൽപ്പനയിൽ 20 ശതമാനത്തിന്റെ ഇടിവ് നേരിട്ടു.
അന്താരാഷ്ട്ര ഡാറ്റ കോർപറേഷന്റെ ആഗോള തലത്തിലെ പാദവാർഷിക മൊബൈൽ ഫോൺ ട്രാക്കർ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഇന്ത്യൻ വിപണിയിൽ നാലാം സ്ഥാനത്ത് റിയൽമിയാണ്. ഇവരുടെ വിൽപ്പന 18 ശതമാനം ഇടിഞ്ഞു. അതേസമയം ഒപ്പൊ അഞ്ചാം സ്ഥാനത്ത് ആറ് ശതമാനം വളർച്ച നേടുകയും ചെയ്തു. പ്രീമിയം സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ 63 ശതമാനം വിപണി വിഹിതത്തോടെ ആപ്പിൾ കമ്പനി ഒന്നാമതാണ്. സാംസങ് 22 ശതമാനം വിഹിതവുമായി രണ്ടാം സ്ഥാനത്തും വൺ പ്ലസ് ഒൻപത് ശതമാനം വിപണി വിഹിതവുമായി മൂന്നാം സ്ഥാനത്തുമാണ്.
'ഈ സ്പീഡ് പോര'; 5ജി സേവനങ്ങൾ വേഗത്തിലാക്കാൻ മൊബൈൽ കമ്പനികളോട് കേന്ദ്രസർക്കാർ
അതേസമയം ഇന്ത്യൻ മൊബൈൽ ഉപയോക്താക്കൾക്ക് സന്തോഷകരമായ മറ്റൊരു വാർത്ത 5 ജി സേവനം അതിവേഗത്തിൽ എത്തുമെന്നതാണ്. എത്രയും പെട്ടെന്ന് 5ജിയിലേക്ക് മാറാൻ മൊബൈൽ നിർമ്മാതാക്കളോട് നേരത്തെ തന്നെ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിലെയും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥർ ഫോൺ കമ്പനി അധികൃതരെ നേരിട്ട് കണ്ട് പൂർണ്ണമായും 5ജി ലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 5ജി സേവനങ്ങളിലേക്ക് മാറാൻ മൂന്ന് മാസം മാത്രം മതിയെന്നാണ് മന്ത്രാലയ ഉദ്യോഗസ്ഥർ മൊബൈൽ നിർമ്മാതാക്കളോട് വിശദമാക്കിയിട്ടുള്ളത്. ഇന്ത്യയിൽ ഏകദേശം 750 ദശലക്ഷം മൊബൈൽ ഫോൺ വരിക്കാരുണ്ടെന്നാണ് എ എൻ ഐയുടെ റിപ്പോർട്ട്. അതിൽ 350 ദശലക്ഷത്തിലധികം ഉപയോക്താക്കൾ 3ജി അല്ലെങ്കിൽ 4ജി സപ്പോർട്ടുള്ള ഫോണുകൾ ഉപയോഗിക്കുന്നവരാണ്. അവർക്ക് അതിവേഗത്തിൽ 5 ജി ലഭ്യമാകുമെന്നാണ് വ്യക്തമാകുന്നത്.