സക്കർബർഗിന്റെ അപ്രതീക്ഷിത നീക്കത്തിൽ പകച്ച് രാജു, മക്കളുടെ ചിത്രം പങ്കുവെച്ച് വൈകാരിക കുറിപ്പ്
മെറ്റയിലെ സഹപ്രവർത്തകരോടും തന്റെ ലിങ്ക്ഡ്ഇൻ കണക്ഷനിലുള്ളവരോടുമാണ് രാജുവിന്റെ അഭ്യർത്ഥന. കഴിഞ്ഞ 16 വർഷമായി രാജു അമേരിക്കയിലാണ് ജോലി ചെയ്യുന്നത്. മെച്ചപ്പെട്ട ശമ്പളവും കൂടുതൽ മികച്ച ജീവിതവും മക്കളുടെ ഭാവിയും അങ്ങിനെ വലിയ പ്രതീക്ഷകളായിരുന്നു
ദില്ലി: ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും വാട്സാപ്പുമെല്ലാം അടങ്ങുന്ന മാർക് സക്കർബർഗിന്റെ മെറ്റ കഴിഞ്ഞ ദിവസമാണ് 11000 പേരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഇതിൽ ഇന്ത്യാക്കാരടക്കം പല രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. അമേരിക്കയിൽ പിരിച്ചുവിടപ്പെട്ട രാജു കദം എന്ന ഇന്ത്യാക്കാരൻ ലിങ്ക്ഡ്ഇൻ എന്ന സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്ന ഒരു കുറിപ്പ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാവുകയാണ്.
മെറ്റയുടെ ടെക്നിക്കൽ ടീമിലായിരുന്നു രാജു കദമിന് ജോലി. കമ്പനിയിൽ കൂട്ടപിരിച്ചുവിടൽ ഉണ്ടാകുമെന്ന് കേട്ടപ്പോഴും താൻ അതിൽ ഉൾപ്പെടില്ലെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു രാജുവിന്. എല്ലാ പാദവാർഷികങ്ങളിലും അതിഗംഭീര പ്രകടനം കാഴ്ചവെച്ച തന്നെ കമ്പനി പുറത്താക്കില്ലെന്നത് ആത്മാർത്ഥമായി തൊഴിൽ ചെയ്തതിന് കിട്ടുന്ന അംഗീകാരമാകുമെന്ന് കരുതി അദ്ദേഹം. എന്നാൽ സംഭവിച്ചത് നേരെ മറിച്ചാണ്. ഒൻപത് മാസം മുൻപ് ജോലിക്ക് ചേർന്ന രാജുവിനെ ഒറ്റ നോട്ടീസിൽ മെറ്റയിൽ നിന്ന് സക്കർബർഗ് പുറത്താക്കി.
ഇതോടെ അമേരിക്കയിൽ നിന്ന് രാജുവിന് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരും. അല്ലെങ്കിൽ അമേരിക്കയിൽ തന്നെ മറ്റൊരു സ്ഥാപനത്തിൽ ജോലിക്ക് കയറണം. മക്കളുമൊത്ത് അമേരിക്ക വിടാതിരിക്കാൻ ആരെങ്കിലും സഹായിക്കണം എന്ന് അഭ്യർത്ഥിച്ചാണ് രാജുവിന്റെ കുറിപ്പ്. മക്കളായ അർജുന്റെയും യാഷിന്റെയും ചിത്രവും രാജു പങ്കുവെച്ചിട്ടുണ്ട്.
മെറ്റയിലെ സഹപ്രവർത്തകരോടും തന്റെ ലിങ്ക്ഡ്ഇൻ കണക്ഷനിലുള്ളവരോടുമാണ് രാജുവിന്റെ അഭ്യർത്ഥന. കഴിഞ്ഞ 16 വർഷമായി രാജു അമേരിക്കയിലാണ് ജോലി ചെയ്യുന്നത്. മെച്ചപ്പെട്ട ശമ്പളവും കൂടുതൽ മികച്ച ജീവിതവും മക്കളുടെ ഭാവിയും അങ്ങിനെ വലിയ പ്രതീക്ഷകളായിരുന്നു ഒൻപത് മാസം മുൻപ് മെറ്റയിലെ ജീവനക്കാരനാകുമ്പോൾ രാജുവിന്റെ മുന്നിലുണ്ടായിരുന്നത്. എന്നാൽ 16 വർഷത്തിനിടയിൽ ആദ്യമായി ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട സാഹചര്യത്തിൽ, മക്കളുമായി പകച്ച് നിൽക്കുകയാണ് രാജു കദം.
ടൂറിസ്റ്റുകള്‍ സഞ്ചരിക്കുന്ന തുറന്ന വാഹനത്തിലേക്ക് പാഞ്ഞുകയറി സിംഹം; വീഡിയോ...