'സ്മാർട്ട് വർക്കി'ന്റെ കാലഘട്ടത്തെ നേരിടാൻ വിദ്യാർത്ഥികൾ ഒരുങ്ങണം: ഹൈബി ഈഡൻ എം. പി

പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്തും ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റും ചേർന്നാണ്  ചടങ്ങ് സംഘടിപ്പിച്ചത്.

Hibi Eden MLA attends Logic School of Management event in Ernakulam

കഠിനാധ്വാനത്തോടൊപ്പം ബൗദ്ധികമായി പ്രതിസന്ധികളെ നേരിടുന്ന 'സ്മാർട്ട് വർക്കി'ന്റെ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ ഒരുങ്ങണമെന്ന് ഹൈബി ഈഡൻ എം.പി. എറണാകുളം ടൗൺഹാളിൽ ജില്ലാ പഞ്ചായത്തും ലോജിക് സ്‌കൂൾ ഓഫ് മാനേജ്മെന്റും ചേർന്ന് സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച ജില്ലയിലെ വിദ്യാർഥികളെയും 100% വിജയം കൈവരിച്ച സ്‌കൂളുകളെയും അനുമോദിക്കുന്നതിനാണ് ജില്ലാ പഞ്ചായത്തിന്റെയും ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിന്റെയും നേതൃത്വത്തിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചത്.

ലോകത്തിന്റെ ഏതു കോണിലും ഏതു കോഴ്‌സുകളും പഠിക്കാനും പരിചയപ്പെടാനുമുള്ള സാഹചര്യം ഇന്ന് നിലവിലുണ്ട്. ജാതിയുടെയും ലിംഗത്തിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യം രാജ്യത്തിന്റെ പല ഭാഗത്തും നിലനിൽക്കുമ്പോൾ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്നുണ്ട്. അറിവിന്റെ നിരവധിയായ ശ്രോതസുകളെ വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തണമെന്നും എം.പി പറഞ്ഞു.

ജില്ലാ കളക്ടർ ജാഫർ മാലിക് ചടങ്ങിൽ മുഖ്യാഥിതിയായി. വിദ്യാർത്ഥികൾ മുന്നോട്ടുള്ള ജീവിതത്തിലും എ പ്ലസ് നേടാനായി ശ്രമിക്കണമെന്ന്  ജില്ലാ കളക്ടർ  പറഞ്ഞു. പരീക്ഷകളിലെ മികച്ച വിജയം മുന്നോട്ടുള്ള ജീവിതത്തിനു പ്രചോദനം നൽകും. എന്നാൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ തരണം ചെയ്യാനുള്ള ആത്മബലം വിദ്യാർത്ഥികൾ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. സ്‌കൂൾ പാഠ്യപദ്ധതിതിയിൽ വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ കൂടി ഉൾകൊള്ളിക്കാൻ സ്‌കൂളുകൾക്ക് സാധിക്കണമെന്നും കളക്ടർ പറഞ്ഞു.

ജില്ലയിലെ സ്‌കൂളുകൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കിയ ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം ജില്ലാ കളക്ടർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന് കൈമാറി. നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകൾക്കുള്ള പുരസ്‌കാരം ചടങ്ങിൽ വിതരണം ചെയ്തു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കു സർട്ടിഫിക്കറ്റും ഉപഹാരവും കൈമാറി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ ജോമി, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, ലോജിക് സ്‌കൂൾ ഓഫ് മാനേജ്മെന്റ് അക്കാഡമിക് ഹെഡ് പ്രശാന്ത് ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios