നാവികസേനയ്ക്ക് ഹെലികോപ്റ്റര്‍ നിര്‍മിച്ചുനല്‍കാന്‍ ഈ നാല് ഇന്ത്യന്‍ കമ്പനികള്‍ രംഗത്ത്
മനോഹർ പരീക്കർ പ്രതിരോധ മന്ത്രിസ്ഥാനം ഒഴിയുന്നതിന് മുൻപാണ് നേവിയുടെ ചീറ്റ, ചേതക് ഹെലികോപ്റ്ററുകൾ മാറ്റാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്.
ദില്ലി: ഇന്ത്യൻ നാവികസേനയ്ക്കായുള്ള കാൽ ലക്ഷം കോടിയുടെ ഹെലികോപ്റ്റർ കരാറിനായി അവസാന ലാപ്പിലുള്ളത് നാല് ഇന്ത്യൻ കമ്പനികളാണ്. ടാറ്റ, അദാനി, മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ്, ഭാരത് ഫോർജ് എന്നിവയെയാണ് ഇന്ത്യൻ നാവികസേന ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
നാവികസേനയ്ക്ക് 111 നേവൽ യൂട്ടിലിറ്റി ഹെലികോപ്റ്റർ വാങ്ങാനുള്ളതാണ് പദ്ധതി. ഇന്ത്യന്‍ കമ്പനികളുടെയും വിദേശ കമ്പനികളുടെയും സഹകരണത്തോടെ ഇന്ത്യയിൽ തന്നെ ഹെലികോപ്റ്ററുകൾ നിർമ്മിച്ചെടുക്കാനാണ് മോദി സർക്കാർ പദ്ധതി തയ്യാറാക്കിയത്.
ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ കമ്പനികൾ ഇനി ഈ രംഗത്ത് പരിചയസമ്പന്നരായ വിദേശ കമ്പനികളുമായി ചേർന്ന് പങ്കാളിത്ത കരാർ ഒപ്പുവയ്ക്കണം. യൂറോപ്യൻ എയർബസ് ഹെലികോപ്റ്റർ, അമേരിക്കൻ സികോർസ്‌കി, ലോക്ഹീഡ് മാർട്ടിൻ, റഷ്യൻ റോസോബോറോൺ എക്സപോർട്ട് എന്നീ കമ്പനികളുമായാണ് പങ്കാളിത്തത്തിലെത്തേണ്ടത്. പദ്ധതിയിൽ പങ്കാളികളാകാൻ എട്ട് ഇന്ത്യൻ കമ്പനികളാണ് താത്പര്യം പ്രകടിപ്പിച്ചിരുന്നത്.
മനോഹർ പരീക്കർ പ്രതിരോധ മന്ത്രിസ്ഥാനം ഒഴിയുന്നതിന് മുൻപാണ് നേവിയുടെ ചീറ്റ, ചേതക് ഹെലികോപ്റ്ററുകൾ മാറ്റാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. പിന്നീട് നിർമ്മല സീതാരാമൻ പദ്ധതിക്ക് വേഗം നൽകുകയായിരുന്നു.