യുണൈറ്റഡ് ബ്രുവറീസിലെ മല്യയുടെ ഓഹരികൾ ഹൈനകെൻ വാങ്ങി
കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പ് കേസിനെ തുടർന്ന് രാജ്യം വിട്ട വിജയ് മല്യയുടെ പേരിലുണ്ടായിരുന്നതായിരുന്നു ഈ ഓഹരികൾ.
ദില്ലി: ലോകത്തിലെ ഏറ്റവും വലിയ മദ്യക്കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ള ഹൈനകെൻ, വിജയ് മല്യയുടെ ഓഹരികൾ വാങ്ങി. യുണൈറ്റഡ് ബ്രുവറീസിലെ 14.99 ശതമാനം ഓഹരികളാണ് വാങ്ങിയത്. ഇതോടെ കമ്പനിയിൽ ഹൈനകെന് 61.5 ശതമാനം ഓഹരികളുടെ ഉടമസ്ഥതയായി.
5825 കോടിയ്ക്കാണ് ഓഹരികൾ വാങ്ങിയത്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ വഴിയാണ് ഈ ഓഹരികൾ ഹൈനകെൻ വാങ്ങിയത്. ഇതേ വഴിയിൽ തന്നെ ബാങ്കുകളിൽ ഈടായി വെച്ചിരിക്കുന്ന ഓഹരികളും കമ്പനി വാങ്ങിയേക്കും. ബിയർ മാർക്കറ്റ് വിപണിയിൽ ഇന്ത്യയിലെ പാതിയും യുബിഎല്ലിന്റെ പക്കലാണ്. അവശേഷിക്കുന്ന 11 ശതമാനം ഓഹരികൾ കൂടി വാങ്ങിയാൽ ഹൈനകെന് 72 ശതമാനം ഓഹരികൾ സ്വന്തമാകും.
കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പ് കേസിനെ തുടർന്ന് രാജ്യം വിട്ട വിജയ് മല്യയുടെ പേരിലുണ്ടായിരുന്നതായിരുന്നു ഈ ഓഹരികൾ. മല്യ ലണ്ടനിലേക്ക് കടന്നതിന് പിന്നാലെ ഇഡി ഇദ്ദേഹത്തിന്റെ ആസ്തികൾ കണ്ടുകെട്ടിയിരുന്നു. 9000 കോടിയുടെ വായ്പാ തട്ടിപ്പിലാണ് ഇദ്ദേഹം പ്രതിയായിരിക്കുന്നത്. ഇതിന് പകരമായി ഇഡി വിജയ് മല്യയുടെ ഓഹരികൾ ബാങ്കുകൾക്ക് കൈമാറിയിരുന്നു. പിഎംഎൽഎ കോടതി നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്. ഈ ഓഹരികളാണ് ഇപ്പോൾ ഹൈനകെന്റെ കൈയ്യിലേക്ക് എത്തുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona