വെറും കനവല്ല, ഇത് കനേഡിയൻ സ്വപ്നസാക്ഷാത്കാരം
ജീവിതത്തെക്കുറിച്ച് വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി കാനഡയിലെത്തിയ ഈ ചെറുപ്പക്കാരൻ അതിനായി കഠിനാദ്ധ്വാനം ചെയ്തപ്പോൾ ചിത്രം മാറി മറിഞ്ഞു.
പഠനവും ജോലിയും എന്ന പതിവു സങ്കല്പങ്ങൾക്കുമപ്പുറത്തേക്ക് സ്വന്തമായ സംരംഭങ്ങളും ബിസിനസ്സും എന്ന തലത്തിലേക്ക് വിദേശങ്ങളിലെ സാദ്ധ്യതകൾ തേടുകയാണ് പുതിയ തലമുറ. അങ്ങനെ ഉന്നതവിദ്യാഭ്യാസത്തിനും മികച്ച ജോലിക്കുമപ്പുറത്തേക്ക് ചിന്തിക്കുന്നവർക്ക് മാതൃകയും പ്രചോദനവുമാകുകയാണ് കേരളത്തിൽ നിന്നും കാനഡയിലേക്കു കുടിയേറിയ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹംദി അബ്ബാസ് ചോല എന്ന ചെറുപ്പക്കാരൻ.
പഠനത്തിനായി കാനഡയിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ പറക്കുന്ന ഏതൊരു സാധാരണ ഇന്ത്യൻ വിദ്യാർത്ഥിയേയും പോലെ തന്നെയായിരുന്നു ഹംദിയുടേയും തുടക്കം. നേരം പുലരുവോളം ഉറക്കമിളച്ച്, പലചരക്ക് സാധനങ്ങൾ വിൽക്കുന്ന സ്റ്റോറിലെ ബില്ലിങ് സെക്ഷനിൽ ജോലി. പകൽ കോഴ്സ് പഠനം. ഇടയ്ക്കൊന്നു തലചായ്ക്കുന്നത്, 2 മുറികളിലായി 8 പേർ താമസിക്കുന്ന ഒരു അപാർട്മെന്റിൽ. 2018ലായിരുന്നു അത്. കുറച്ചുനാളുകൾ കൂടി കഴിഞ്ഞപ്പോൾ ഡോമിനോസ് പിസയിൽ ജോലി കിട്ടി. അവിടെയും ജീവിതചര്യകൾക്കു വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.
എന്നാൽ ജീവിതത്തെക്കുറിച്ച് വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി കാനഡയിലെത്തിയ ഈ ചെറുപ്പക്കാരൻ അതിനായി കഠിനാദ്ധ്വാനം ചെയ്തപ്പോൾ ചിത്രം മാറി മറിഞ്ഞു. ചെറിയ പലചരക്കു സ്റ്റോറിൽ നിന്നും തുടങ്ങിയ യാത്ര അഞ്ചു വർഷം കൊണ്ട് കാനഡയിൽ സ്വന്തമായൊരു റിയൽ എസ്റ്റേറ്റ് സംരംഭം എന്ന ലക്ഷ്യത്തിലേക്കാണ് ഇപ്പോൾ കുതിക്കുന്നത്. ഏകദേശം 400 കോടി ഇന്ത്യൻ രൂപയുടെ ബിസിനസ്സാണ് കാനഡയുടെ റിയൽ എസ്റ്റേറ്റ് ലോകത്ത് ഹംദിയുടെ കയ്യിലൂടെ നടന്നത്.
സ്വന്തമായി ഒരു വീടെന്നത് ലോകത്തെവിടെയും മലയാളികളുടെ സ്വപ്നമാണ്. വലിയ ലക്ഷ്യങ്ങളുമായി കാനഡയിലെത്തുന്ന മലയാളികളുടെ ആ സ്വപ്നം പൂവണിയിക്കാൻ കൈപിടിക്കുന്ന ഹംദി, 26-ാം വയസ്സിൽ സ്വന്തം സ്വപ്നങ്ങളും സാക്ഷാത്കരിക്കുകയാണ്. ഇന്ത്യയിൽ വേരുകളുള്ള സേവ് മാക്സ് റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് എന്ന സ്ഥാപനത്തിൽ അംഗമായ ഹംദി, ഇന്ന് ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ താരമാണ്.
ചെറുതല്ല ഹംദിയുടെ നേട്ടങ്ങൾ: റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇറങ്ങിയ ആദ്യ വർഷം തന്നെ 30 ദശലക്ഷം കനേഡിയൻ ഡോളറിന്റെ വ്യാപാരം, കമ്മീഷനായി മാത്രം സ്വന്തമാക്കിയത് 2.4 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമായ കനേഡിയൻ ഡോളർ; ഒപ്പം 20 ലക്ഷം ഡോളറിന് മുകളിൽ വ്യാപാരം നടത്തിയവർക്ക് സ്വന്തം കമ്പനി ഏർപ്പെടുത്തിയ പ്ലാറ്റിനം അവാർഡും. ആദ്യ വർഷം തന്നെ അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയതിനുള്ള 'റൂക്കി ഓഫ് ദി ഇയർ' പുരസ്കാരവും ചെറുപ്രായത്തിൽ ഹംദിയെ തേടിയെത്തി.
2023 ജൂണിൽ സേവ് മാക്സ് അവാര്‍ഡ്സിൽ രണ്ടു പുരസ്കാരങ്ങള്‍ കൂടെ നേടി കൂടുതൽ ഉയരത്തിലാണ് ഹംദി ഇപ്പോള്‍. സേവ് മാക്സ് അവാര്‍ഡ്സ് 2022-ൽ സഫയര്‍ അവാര്‍ഡ്, സെയിൽസ് ചാമ്പ്യൻ അവാര്‍ഡ് എന്നിവയാണ് ഹംദി സ്വന്തമാക്കിയത്.
കാനഡയിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായരായ സേവ് മാക്സ് കമ്പനിയിലെത്തിയതാണ് ഹംദിയുടെ കരിയറിലെ വഴിത്തിരിവ്. ടൊറോന്റോയിലെ കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം സേവ് മാക്സിൽ ഹംദി ഇന്റേൺഷിപ്പിനായി ചേർന്നു. 2 പതിറ്റാണ്ട് മുൻപ് ഇന്ത്യയിൽ നിന്നെത്തി കാനഡയിൽ റിയൽ എസ്റ്റേറ്റ് സാമ്രാജ്യം സൃഷ്ടിച്ച രമൺ ദുവയാണ് സേവ് മാക്സിന്റെ സിഇഒ.
ഇന്റേൺഷിപ് കാലത്ത് ഫ്രണ്ട് ഓഫീസ് പ്രവർത്തനത്തിൽ തിളങ്ങിയ ഹംദിയെ, സാക്ഷാൽ രമൺ ദുവ തന്നെയാണ് റിയൽടർ അഥവാ റിയൽ എസ്റ്റേറ്റ് ഏജന്റ് ആകാൻ ക്ഷണിച്ചത്.
ഏകദേശം 8,000 കനേഡിയൻ ഡോളർ ചെലവഴിച്ചാൽ മാത്രമേ ഹംദിക്ക് റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ ലൈസൻസ് എടുക്കാൻ കഴിയുമായിരുന്നുള്ളൂ. ഇത് അന്നു ഹംദിയെ സംബന്ധിച്ചു ഭീമമായ ഒരു തുകയായിരുന്നു. അവിടെയും രമൺ ദുവ പിന്തുണയുമായെത്തി. ഹംദിയുടെ കഴിവിൽ വിശ്വാസമുണ്ടായിരുന്ന അദ്ദേഹം, സേവ് മാക്സിന്റെ സ്പോൺസർഷിപ്പ് നൽകി.
സേവ് മാക്സ് അർപ്പിച്ച വിശ്വാസത്തിന് ഹംദി പ്രത്യുപകാരം ചെയ്തത് റിയൽ എസ്റ്റേറ്റ് മേഖലയിൽ അതുവരെ ആരും കാണാത്ത ഒരു കുതിപ്പിലൂടെയായിരുന്നു. കമ്മീഷൻ പൊതുവെ കുറവായ ലീസ് ഡീലുകളിൽ ഹംദി കൈവച്ചു. ആദ്യ മാസം തന്നെ 13 കരാറുകൾ നടത്തി.
റിയൽടർമാർ തമ്മിൽ കടുത്ത മത്സരം നടക്കുന്ന ഗ്രേറ്റർ ടൊറോന്റോയിലേക്ക് പതിയെ പ്രവേശിച്ച ഹംദി, അതിവേഗത്തിലാണ് പിന്നീട് വളർന്നത്. ആദ്യവർഷം തന്നെ മൊത്തം കമ്മീഷനായി ഹംദി നേടിയത് ഏതാണ്ട് 2.4 കോടി രൂപ. രണ്ടാം വർഷം ആ കമ്മീഷൻ ഏകദേശം 4 കോടിയിലേക്കെത്തി. മൂന്നാം വർഷം അതിന്റെയും ഇരട്ടി!
കാനഡയിലെ വർധിച്ചു വരുന്ന മലയാളി ജനസംഖ്യ തന്നെയാണ് ഹംദിക്കും തുണയായത്. സത്യസന്ധമായ ഇടപെടലുകളും ഡീലിന്റെ എല്ലാ ഘട്ടങ്ങളിലും വിശ്വാസ്യതോടെയുള്ള പെരുമാറ്റവും തന്റെ വിജയത്തിന് കാരണമായി ഹംദി ചൂണ്ടിക്കാട്ടുന്നു. വ്യാപാരത്തിനപ്പുറം ഉപഭോക്താക്കളോടുള്ള വ്യക്തിപരമായ അടുപ്പമാണ് ഹംദിയുടെ ‘യുണീക്ക് സെല്ലിങ് പോയിന്റ്’.
ആദ്യമായി വീടു വാങ്ങുന്നവർ, കുടുംബം വലുതാകുമ്പോൾ പുതിയൊരു കൂട് തേടുന്നവർ, നിക്ഷേപത്തിനായി റിയൽ എസ്റ്റേറ്റ് വിപണിയിലെത്തുന്നവർ, അല്ലെങ്കിൽ ഒരു താൽക്കാലിക ഡൗൺസൈസിങ്ങിന് ഒരുങ്ങുന്നവർ; ആവശ്യം എന്തായാലും അതറിഞ്ഞ് അവരെ സഹായിക്കാൻ ഹംദി ഉണ്ടാകും.
വീടുകൾക്ക് പ്രാധാന്യം കൊടുക്കുന്ന ഹംദി, വലിയ പ്രോജക്റ്റുകളും ഏറ്റെടുക്കുന്നുണ്ട്. മേഖലയിലെ പരിചയവും വ്യക്തവും സുതാര്യവുമായ സമീപനവും കൂടുതൽ പേരെ ഹംദിയിലേക്ക് അടുപ്പിക്കുകയാണ്.
ഏറ്റവുമൊടുവിൽ ജ്വല്ലറി രംഗത്തെ അതികായരായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കാനഡയിലേക്ക് അവരുടെ പ്രവർത്തനം വ്യാപിപ്പിച്ചപ്പോൾ ഹംദിയെയും ഒപ്പം കൂട്ടി. മലബാർ ഗോൾഡിന് കാനഡയിലെ ഷോറൂം കെട്ടിടം കണ്ടെത്താൻ സഹായിച്ചതു ഹംദിയാണ്.
റെസിഡൻഷ്യൽ റീട്ടെയ്ൽ വിഭാഗത്തിൽ ജനുവരി 2022 മുതൽ ജൂൺ 2023 വരെ സേവ്മാക്സ് ഫസ്റ്റ് ചോയ്സ് റിയൽ എസ്റ്റേറ്റിൽ ഏറ്റവും അധികം ഗ്രോസ് കമ്മീഷൻ നേടിയത് ഹംദിയാണ്. ഈ കാലയളവിൽ 50-ൽ അധികം ഡീലുകൾ വിജയകരമായി ഹംദി പൂർത്തിയാക്കി. ഹംദിയുടെ സേവനത്തെക്കുറിച്ചറിയാൻ ഉപഭോക്താക്കളുടെ പോസിറ്റീവ് റിവ്യൂകൾ മാത്രം നോക്കിയാൽ മതി.
കാനഡയിൽ സ്വന്തമായി ഒരു റിയൽ എസ്റ്റേറ്റ് സംരംഭം എന്ന തന്റെ അടുത്ത ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് ഇപ്പോൾ ഹംദി അബ്ബാസ് ചോല.