വായുസേനയും എച്ച്എഎല്ലും നീണ്ട ചര്‍ച്ച നടത്തി, യുദ്ധവിമാനത്തിന്‍റെ വില കുറഞ്ഞു; തേജസിന്‍റെ നിരക്ക് ഇങ്ങനെ

തേജസ് മാര്‍ക്ക് -1 വിമാനത്തിന്‍റെ പരിഷ്കരിച്ച പതിപ്പാണ് തേജസ് മാര്‍ക്ക് -1എ ജെറ്റുകള്‍. 43 പരിഷ്കാരങ്ങളാണ് പുതിയ വിമാനത്തില്‍ വരുത്തിയിരിക്കുന്നത്. 

HAL to provide IAF with 83 Tejas fighter in low cost

പൊതുമേഖല വിമാന നിര്‍മാണക്കമ്പനിയായ എച്ച്എഎല്ലും (ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്) ഇന്ത്യന്‍ വ്യോമസേനയും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് തേജസ് വിമാനങ്ങളുടെ വില കുറഞ്ഞു. 83 തേജസ് വിമാനങ്ങളുടെ വിലയില്‍ 17,000 കോടി രൂപയുടെ കുറവാണുണ്ടായത്. നേരത്തെ വ്യോമസേനയും എച്ച്എഎല്ലും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം 83 തേജസ് വിമാനങ്ങള്‍ക്ക് 56,500 കോടി രൂപയായിരുന്നു നിരക്ക്.

എന്നാല്‍, വിലയുടെ കാര്യത്തില്‍ വ്യോമസേന കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചു. ഇതിനെത്തുടര്‍ന്ന് നടന്ന വിലപേശലിലാണ് നിരക്ക് 56,500 കോടി രൂപയില്‍ നിന്ന് 39,000 കോടി രൂപയിലേക്ക് താഴ്ത്താന്‍ എച്ച്എഎല്‍ തീരുമാനിച്ചത്. മൊത്തം വ്യോമസേനയ്ക്ക് ലഭിച്ച ലാഭം 17,000 കോടി രൂപയാണ്. 

ചര്‍ച്ചകള്‍ അവസാനിച്ചതോടെ വാങ്ങല്‍ സംബന്ധിച്ച അന്തിമ തീരുമാനത്തിനായി ഫയല്‍ സിസിഎസ്സിലേക്ക് (ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി) അയച്ചു. മാര്‍ച്ച് 31 ന് മുന്‍പ് വിഷയത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. തേജസ് വിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച കരാറില്‍ തീരുമാനമായാല്‍, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മാര്‍ക്ക് -1എ ജെറ്റുകള്‍ വ്യോമസേനയ്ക്ക് കൈമാറുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. 

തേജസ് മാര്‍ക്ക് -1 വിമാനത്തിന്‍റെ പരിഷ്കരിച്ച പതിപ്പാണ് തേജസ് മാര്‍ക്ക് -1എ ജെറ്റുകള്‍. 43 പരിഷ്കാരങ്ങളാണ് പുതിയ വിമാനത്തില്‍ വരുത്തിയിരിക്കുന്നത്. 

എഇഎസ്എ റഡാര്‍ (ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്‍ഡ് അറൈ), എയര്‍ ടു എയര്‍ റീഫില്ലിങ്, സാധാരണ കാഴ്ചയ്ക്ക് അപ്പുറമുളള ലക്ഷ്യത്തിലേക്ക് ആക്രമിക്കാന്‍ കഴിയുന്ന മിസൈലുകള്‍ ഘടിപ്പിക്കാനുളള സംവിധാനം (ബിവിആര്‍), അഡ്വാന്‍സിഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനം, ശത്രു നിരീക്ഷണ സംവിധാനത്തിന്‍റെ കണ്ണുവെട്ടിക്കാനുളള പ്രത്യേക സംവിധാനങ്ങള്‍ എന്നിവയാണ് പരിഷ്കരിച്ച തേജസ് മാര്‍ക്ക് -1എ പതിപ്പിലുണ്ടാകുക. 

2016 ൽ 49,797 കോടി രൂപ ചെലവിൽ 83 തേജസ് യുദ്ധവിമാനങ്ങൾ ഏർപ്പെടുത്താൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ആദ്യം അംഗീകാരം നൽകി. ഏകദേശം 56,500 കോടി രൂപയുടെ ഉദ്ധരണിയിലൂടെ എച്ച്എഎൽ വേണമെന്ന് ആവശ്യപ്പെട്ടു, ഇതാണ് ചെലവ് സംബന്ധിച്ച നീണ്ട ചർച്ചകൾക്ക് കാരണമായത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios