ഐ.പി.ഒ.യിലൂടെ 53.62 കോടി രൂപ സമാഹരിച്ച് ഗ്രീൻഷെഫ്
എൻ.എസ്.ഇ എമേർജിൽ പുതുതായി ലിസ്റ്റ് ചെയ്ത് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോം അപ്ലയൻസസ് കമ്പനി ഗ്രീൻഷെഫ് അപ്ലൈയൻസസ് ലിമിറ്റഡ്.
എൻ.എസ്.ഇ എമേർജിൽ പുതുതായി ലിസ്റ്റ് ചെയ്തതിന് പിന്നാലെ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ച് ഗ്രീൻഷെഫ് അപ്ലൈയൻസസ് ലിമിറ്റഡ്. വ്യാഴാഴ്ച്ച ഓഹരികൾ 17 രൂപ പ്രീമിയത്തിനാണ് ലിസ്റ്റ് ചെയ്തത്. 87 രൂപയായിരുന്നു ഇഷ്യൂ പ്രൈസ്. എച്ച്.ഇ.എം സെക്യൂരിറ്റീസ് ലിമിറ്റഡ് ആയിരുന്നു ഇഷ്യൂവിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ. നിലവിൽ 109.20 രൂപ വരെ അപ്പർ സർക്യൂട്ടിൽ ഓഹരികൾ എത്തി.
ഐ.പി.ഒയിലൂടെ 53.62 കോടിരൂപയാണ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോം അപ്ലയൻസസ് കമ്പനി ശേഖരിച്ചത്. ജൂൺ 23 മുതൽ 27 വരെയായിരുന്നു സബ്സ്ക്രിപ്ഷന് അനുവദിച്ച സമയം. 60 തവണ ഓവർസബ്സ്ക്രൈബ് ചെയ്ത ഓഹരി വലിയ ചലനമാണ് ഉണ്ടാക്കിയത്.
ഗ്രീൻഷെഫ് അപ്ലയൻസസിന് നിലവിൽ മൂന്നു പ്ലാന്റുകൾ ബാംഗ്ലൂരും ഒരു പ്ലാന്റ് ഹിമാചൽ പ്രദേശിലുമുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബിഹാർ എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അസംഘടിത മേഖലയിലാണ് കമ്പനിയുടെ ഉപഭോക്താക്കളിൽ അധികവും. രാജ്യത്തെ ഹോം അപ്ലയൻസസ് വിപണിയുടെ 60% ഉപഭോക്താക്കളും അസംഘടിത മേഖലയിൽ നിന്നാണ്.
"ഐ.പി.ഒയിൽ നിന്നുള്ള പണം തുംകൂരിൽ പുതിയ ഫാക്ടറി നിർമ്മിക്കുന്നതിന് ഉപയോഗിക്കും. 15 ഏക്കറിൽ രണ്ടു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഫാക്ടറി , മാർച്ച് 2024-ന് മുൻപ് പൂർത്തിയാകും. ബിസിനസ് പ്രൊമോഷനുകൾ, പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കൽ, യന്ത്രങ്ങൾ വാങ്ങൽ, പ്ലാന്റ് ഓട്ടോമേഷൻ തുടങ്ങിയവയ്ക്കും പണം ഉപയോഗിക്കും." - ഗ്രീൻഷെഫ് അപ്ലയൻസസ് എം.ഡി പ്രവീൺ ജെയിൻ പറഞ്ഞു.