127 വർഷത്തെ 'പൂട്ട് തുറന്നു'; ഗോദ്റെജ് കുടുംബ സ്വത്ത് ഇനി പല കൈകളില്‍
ആദി ഗോദ്‌റെജ് (82), സഹോദരൻ നാദിർ (73) എന്നിവർ ഒരു ഭാഗത്തും ബന്ധുക്കളായ ജംഷിദ് ഗോദ്‌റെജ് (75), സ്മിത ഗോദ്‌റെജ് കൃഷ്ണ (74) എന്നിവർ മറുഭാഗത്തുമായാണ് സ്വത്തുക്കൾ വീതംവെച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.
ദില്ലി: രാജ്യത്തെ ഏറ്റവും പ്രധാന ബിസിനസ് കുടുംബമായ ഗോദ്റെജ് ഗ്രൂപ്പിൻ്റെ സ്ഥാപക കുടുംബം സ്വത്ത് വിഭജിക്കുന്നു. 127 വർഷത്തിന് ശേഷമാണ് ബിസിനസ് കുടുംബം വീതം വെക്കുന്നത്. ഗൃഹോപകരണങ്ങളുടെ നിർമാണം മുതൽ റിയൽ എസ്റ്റേറ്റ് വരെ വ്യാപിച്ചുകിടക്കുന്ന വിപുലമായ ബിസിനസ് ശൃംഖലയാണ് ഗോദ്‌റെജ്. ആദി ഗോദ്‌റെജും സഹോദരൻ നാദിറും ലിസ്റ്റുചെയ്ത അഞ്ച് സ്ഥാപനങ്ങളുള്ള ഗോദ്‌റെജ് ഇൻഡസ്ട്രീസ് സ്വന്തമാക്കി. ബന്ധുക്കളായ ജംഷിദിനും സ്മിതയ്ക്കും ലിസ്റ്റ് ചെയ്യപ്പെടാത്ത ഗോദ്‌റെജ് ആൻഡ് ബോയ്‌സും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളും മുംബൈയിലെ ഭൂമിയും നൽകി.
ആദി ഗോദ്‌റെജ് (82), സഹോദരൻ നാദിർ (73) എന്നിവർ ഒരു ഭാഗത്തും ബന്ധുക്കളായ ജംഷിദ് ഗോദ്‌റെജ് (75), സ്മിത ഗോദ്‌റെജ് കൃഷ്ണ (74) എന്നിവർ മറുഭാഗത്തുമായാണ് സ്വത്തുക്കൾ വീതംവെച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. ഗോദ്‌റെജ് കുടുംബാംഗങ്ങളുടെ വ്യത്യസ്ത അഭിപ്രായങ്ങൾ മാനിച്ച് ഒത്തൊരുമ നിലനിർത്തുന്നതിനായിട്ടാണ് സ്വത്ത് വിഭജനം നടത്തിയതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. ഫർണിച്ചർ, ഐടി സോഫ്‌റ്റ്‌വെയർ തുടങ്ങി എയ്‌റോസ്‌പേസ്, വ്യോമയാന മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ഒന്നിലധികം വ്യവസായങ്ങളിൽ സാന്നിധ്യമുള്ള ഗോദ്‌റെജ് & ബോയ്‌സിന്റെയും അനുബന്ധ സ്ഥാപനങ്ങളും അടങ്ങുന്ന ഗോദ്‌റെജ് എൻ്റർപ്രൈസസ് ഗ്രൂപ്പിനെ ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായി ജംഷിദ് ഗോദ്‌റെജ് നിയന്ത്രിക്കും.
അദ്ദേഹത്തിൻ്റെ സഹോദരി സ്മിതയുടെ മകളായ നൈരിക ഹോൾക്കർ എക്സിക്യൂട്ടീവ് ഡയറക്ടറാകും. മുംബൈയിലെ 3,400 ഏക്കർ ഭൂമിയും ഇവരുടെ കൈവശമായിരിക്കും. ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്‌ത അഞ്ച് കമ്പനികൾ ആദിയും നാദിറും അവരുടെ കുടുംബങ്ങളും നിയന്ത്രിക്കും. ആദിയുടെ മകൻ പിറോജ്ഷ ഗോദ്‌റെജ് (42) ജിഐജിയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സണായിരിക്കുമെന്നും നാദിറിൻ്റെ പിൻഗാമിയായി 2026 ഓഗസ്റ്റിൽ ചെയർപേഴ്‌സണാകുമെന്നും പ്രസ്താവനയിൽ പറയുന്നു.
അഭിഭാഷകനായിരുന്ന അർദേശിർ ഗോദ്‌റെജും സഹോദരനും 1897പൂട്ട് നിർമാണത്തിലാണ് കമ്പനി കെട്ടിപ്പടുക്കുന്നത്. അർദേശിറിന് കുട്ടികളില്ലായിരുന്നു. അതിനാൽ ഗ്രൂപ്പിന് അവകാശിയായി ഇളയ സഹോദരൻ പിറോജ്ഷ മാറി. പിറോജ്ഷയ്ക്ക് സൊഹ്റാബ്, ദോസ, ബർജോർ, നേവൽ എന്നീ നാല് മക്കളുണ്ടായി. സൊഹ്‌റാബിന് കുട്ടികളില്ലാത്തതിനാൽ ബുർജോറിൻ്റെ മക്കളായ ആദിയും നാദിറും നവലിൻ്റെ മക്കളായ ജംഷിദ്, സ്മിത എന്നിവരാണ് ഗ്രൂപ്പിൻ്റെ ചുക്കാൻ പിടിച്ചിരുന്നത്.
ആദിയും നാദിർ ഗോദ്‌റെജും ഗോദ്‌റെജ് ആൻഡ് ബോയ്‌സിലെ തങ്ങളുടെ ഓഹരികൾ മറ്റ് ബ്രാഞ്ചിലേക്ക് മാറ്റുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന റിയൽ എസ്റ്റേറ്റ് ഗോദ്‌റെജ് & ബോയ്‌സിന് (ജി&ബി) കീഴിൽ തുടരും. കൂടാതെ ഉടമസ്ഥാവകാശം നിയന്ത്രിക്കുന്നതിന് പ്രത്യേക കരാർ ഉണ്ടാക്കും. മുംബൈയിലെ വിക്രോളിയിലെ 3,000 ഏക്കർഉൾപ്പെടെ മുംബൈയിൽ 3,400 ഏക്കർ ഭൂമിയുടെ ഉടമസ്ഥതയാണ് ജി ആൻ്ഡ് ബിക്ക് കീഴിൽ തുടരുക. ചില കണക്കുകൾ പ്രകാരം വിക്രോളിയിലെ ഭൂമിക്ക് ഒരു ലക്ഷം കോടി രൂപ വിലവരും. 1941-42ൽ ബോംബെ ഹൈക്കോടതി റിസീവറിൽ നിന്ന് പിരോജ്ഷ പൊതു ലേലത്തിൽ വാങ്ങിയതാണ് വിക്രോളി പ്രോപ്പർട്ടി.
നിലവിൽ ഗോദ്‌റെജ് ഗ്രൂപ്പിൻ്റെ ചെയർമാനാണ് ആദി. അദ്ദേഹത്തിൻ്റെ സഹോദരൻ നാദിർ ഗോദ്‌റെജ് ഇൻഡസ്ട്രീസിൻ്റെയും ഗോദ്‌റെജ് അഗ്രോവെറ്റിൻ്റെയും ചെയർമാനും. ബന്ധുവായ ജംഷിദ് ലിസ്റ്റ് ചെയ്യപ്പെടാത്ത ഗോദ്‌റെജ് & ബോയ്സ് മാനുഫാക്ചറിംഗ് കമ്പനിയുടെ ചെയർമാനും അദ്ദേഹത്തിൻ്റെ സഹോദരി സ്മിത കൃഷ്ണ, റിഷാദ് ഗോദ്‌റെജ് എന്നിവർക്കും വിക്രോളിയിലെ ഭൂരിഭാഗം സ്വത്തുക്കളും ഉള്ള ഗോദ്‌റെജ് ആൻഡ് ബോയ്‌സിൽ ഓഹരിയുമുണ്ട്.