ഇന്ത്യയുടെ AI യാത്ര: ധാര്‍മ്മികതയും പ്രതീക്ഷയും അതിനപ്പുറവും
കാര്‍ണെഗി ഇന്ത്യയുടെ എട്ടാമത് ഗ്ലോബൽ ടെക്നോളജി സമ്മിറ്റ് ഡിസംബർ 4 മുതൽ 6 വരെ. ഇപ്പോൾ രജിസ്റ്റർ ചെയ്യാം.
വിവേക് എബ്രഹാം, സീനിയര്‍ ഡയറക്ടര്‍, എക്സ്റ്റേണൽ സ്ട്രാറ്റജി - ഇന്ത്യ, സൗത്ത് ഏഷ്യ, സെയിൽസ്ഫോഴ്സ്
ഈ ലേഖനം കാര്‍ണെഗി ഇന്ത്യയുടെ എട്ടാമത് ഗ്ലോബൽ ടെക്നോളജി സമ്മിറ്റ് (ഡിസംബര്‍ 4-6, 2023) പ്രമേയമായ ‘ജിയോപൊളിറ്റിക്സ് ഓഫ് ടെക്നോളജി’യെക്കുറിച്ചുള്ള പരമ്പരയുടെ ഭാഗമാണ്. ഗ്ലോബൽ ടെക്നോളജി സമ്മിറ്റ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പോളിസി പ്ലാനിങ് ആൻഡ് റിസര്‍ച്ച് ഡിവിഷന്‍റെ പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്.
ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചര്‍, ക്രിട്ടിക്കൽ ആൻഡ് എമേര്‍ജിങ് ടെക്നോളജി, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് സമ്മേളനം ശ്രദ്ധചെലുത്തുന്നത്.
കൂടുതൽ വിവരങ്ങള്‍ അറിയാനും രജിസ്റ്റര്‍ ചെയ്യാനും ക്ലിക് ചെയ്യൂ. ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ ടെക്നോളജി സമ്മിറ്റിന്‍റെ മീഡിയ പാര്‍ട്‍ണര്‍ ആണ്.
ഒരു അമച്വര്‍ ടെക്നോളജിസ്റ്റ് എന്ന നിലയിൽ സാങ്കേതികവിദ്യ മാറുന്ന വേഗത എന്നെ അമ്പരപ്പെടുത്താറുണ്ട്. 2022-ൽ ആരും തന്നെ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസ് (ജെൻ എ.ഐ) എന്ന് കേട്ടിട്ടുണ്ടായിരുന്നില്ല. 2023 ആയപ്പോഴേക്കും ലോകം മുഴുവനുള്ള കമ്പനികള്‍ ജെൻ എ.ഐ തന്ത്രങ്ങള്‍ നടപ്പാക്കുകയാണ്. സര്‍ക്കാരുകളാകട്ടെ ഈ സാങ്കേതികവിദ്യയുടെ റിസ്കുകളും അവസരങ്ങളും വളരെ സൂക്ഷ്‍മമായി നിരീക്ഷിക്കുകയും ചെയ്യുന്നു.
ഏത് ദിശയിലേക്കാണ് ജെൻ എ.ഐ പോകുന്നതെങ്കിലും ഒരു കാര്യം ഉറപ്പാണ്: ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നാൽ ഇനി ഭാവിയുടെ സാങ്കേതികവിദ്യ എന്ന് പറയാനാകില്ല. നമ്മുടെ ജീവിതത്തിന്‍റെ ഏതാണ്ട് എല്ലാ മേഖലകളിലും അത് വ്യാപിച്ചും കഴിഞ്ഞു. നമ്മള്‍ രാവിലെ ഫോണിൽ മെസേജ് പരിശോധിക്കുന്നതും സോഷ്യൽ മീഡിയയിൽ തെരയുന്നതും മുതൽ ജെനറ്റിക് ഫാര്‍മസ്യൂട്ടിക്കൽ ഗവേഷണ രംഗത്തും ഇ-കൊമേഴ്സ് സംവിധാനത്തിലും പ്രതിരോധ രംഗത്തും സാമ്പത്തികരംഗത്തും തുടങ്ങി സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളിൽ വരെ എ.ഐ എത്തി, നമ്മുടെ ജീവിതം എന്നന്നേക്കുമായി മാറ്റി.
ലോകത്തിന്‍റെ ഒരു ടെക്നോളജി ലീഡര്‍ എന്ന നിലയിൽ ഇന്ത്യക്ക് എ.ഐ ഇക്കോണമിയിൽ വലിയ പങ്കുണ്ട്. ഇന്ത്യയിൽ 2025-ഓടെ എ.ഐ വിപണി 7.8 ബില്യൺ ഡോളര്‍ എത്തുമെന്നാണ് ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷൻ കണക്ക്.
ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ധാര്‍മ്മിക പരിഗണനകള്‍
എ.ഐ നമ്മുടെ ലോകത്തെ വലിയ രീതിയിൽ മാറ്റുമ്പോള്‍ തന്നെ ധാര്‍മ്മികമായ പരിഗണനകളായിരിക്കണം അവയുടെ നിര്‍മ്മാണത്തിന്‍റെ കേന്ദ്രം എന്ന് ഉറപ്പിക്കണം. ഇതാണ് അപായങ്ങൾ കുറയ്ക്കാനുള്ള വഴി. എ.ഐ മോഡലുകള്‍ നിര്‍മ്മിക്കുന്നവരും ഉപയോക്താക്കളും വിശ്വാസയോഗ്യമായ സാങ്കേതികവിദ്യകള്‍ വേണം നിര്‍മ്മിക്കാന്‍. ഉത്തരവാദിത്തം, സുതാര്യത, ന്യായം എന്നിവ ഉറപ്പാക്കണം. ഈ മൂന്ന് പരിഗണനകളെ മൂന്ന് തൂണുകളായി തിരിക്കാം. ഉത്തരവാദിത്തമുള്ള എ.ഐ വികസിപ്പിക്കുന്നതിൽ ഇത് നിര്‍ണ്ണായകമാണ്.
1. എത്തിക്സ് ബൈ ഡിസൈൻ മനോഭാവം പ്രോത്സാഹിപ്പിക്കാം: ധാര്‍മ്മികമായ എ.ഐ വികസിപ്പിക്കുന്നതിൽ പ്രധാനം നമ്മുടെ സ്ഥാപനങ്ങളിൽ വിമര്‍ശനാത്മകമായ ചിന്ത വളര്‍ത്തിയെടുക്കുകയാണ്. ധാര്‍മ്മിക പ്രശനങ്ങള്‍ പരിഹരിക്കാന്‍ ഏതെങ്കിലും ഒരു സംഘത്തെ മാത്രം നിയോഗിക്കരുത്. പകരം എത്തിക്സ് ബൈ ഡിസൈൻ പ്രോത്സാഹിപ്പിക്കണം. അതായത് നിരവധി കാഴ്ച്ചപ്പാടുകള്‍ സ്വീകരിക്കണം. വ്യത്യസ്തമായ സംസ്കാരങ്ങള്‍, പശ്ചാത്തലങ്ങള്‍, ജെണ്ടര്‍, വൈദഗ്ധ്യം എന്നിവ പരിഗണിക്കണം. ഇത്തരത്തിൽ വൈവിധ്യപൂര്‍ണമായ ഒരു അന്തരീക്ഷവും അഭിപ്രായങ്ങളും നമ്മുടെ മുൻവിധികളും ബ്ലൈൻഡ് സ്പോട്ടുകളും ഒഴിവാക്കാന്‍ സഹായിക്കും. എത്തിക്സിന് പ്രാധാന്യം നൽകുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത് ജീവനക്കാരെ ശാക്തീകരിക്കുകയും എത്തിക്കൽ റിസ്കുകള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.
2. സുതാര്യതയിലൂടെ മികച്ച പ്രവൃത്തികള്‍: നിയന്ത്രിതമായ ഒരു ലാബിൽ നിര്‍മ്മിക്കുന്ന എ.ഐ, യഥാര്‍ത്ഥ ലോകത്ത് പ്രവര്‍ത്തിക്കുന്നത് ദുഷ്കരമാണ്. ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ എ.ഐ നിര്‍മ്മാണ പ്രവൃത്തിയിൽ തന്നെ നേരിടണം. വ്യത്യസ്തമായ കാഴ്ച്ചപ്പാടുകള്‍ ലഭിക്കാന്‍ വ്യത്യസ്ത കക്ഷികളുമായി വിവരങ്ങള്‍ പങ്കുവെക്കുന്നത് സുതാര്യത ഉറപ്പാക്കാന്‍ നിര്‍ണ്ണായകമാണ്. ഇതിലൂടെ ഡാറ്റ ക്വാളിറ്റി ഉറപ്പാക്കുകയും മുൻവിധികള്‍ ഒഴിവാക്കുകയും ചെയ്യാനാകും. സ്ഥാപനത്തിന് പുറത്തുള്ള അക്കാദമിക്, ഇൻഡസ്ട്രി പ്രൊഫഷണലുകള്‍, ഭരണ നേതാക്കള്‍ തുടങ്ങിയ വിദഗ്ധരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് എ.ഐ മെച്ചപ്പെടുത്തും. പരമാവധി സുതാര്യത എ.ഐ മോഡൽ നിര്‍മ്മാണത്തിൽ പുലര്‍ത്തുന്നത് സുരക്ഷിതത്വം ഉപയോക്താക്കള്‍ക്ക് മനസ്സിലാക്കാന്‍ സഹായിക്കുകയും മുൻവിധികള്‍ ഒഴിവാക്കുകയും ചെയ്യും.
3. ധാര്‍മ്മികമായ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോക്താക്കളെ ശാക്തീകരിക്കുക: സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് ടൂൾസ് ഒരുക്കേണ്ടത് സ്ഥാപനങ്ങളുടെ ചുമതലാണ്. ഉദാഹരണത്തിന് ചില ഫീൽഡുകള്‍ ‘സെൻസിറ്റീവ്’ എന്ന് മാര്‍ക്ക് ചെയ്യാന്‍ യൂസര്‍മാരെ അനുവദിക്കുന്നത് നിര്‍ണ്ണായകമാണ്. പ്രത്യേകിച്ചും നിയമപരമായ നിയന്ത്രണങ്ങളുള്ള ഡാറ്റ – വയസ്സ്, വംശം, ജെണ്ടര്‍ തുടങ്ങിയവ ഉദാഹരണം. കാരണം ഈ വിവരങ്ങള്‍ ഉപയോഗിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന നിഗമനങ്ങളിൽ എ.ഐ മോഡലുകള്‍ എത്താം. ഈ ഫീൽഡുകളുമായി ബന്ധപ്പെട്ട ഡാറ്റ (പ്രോക്സി വേരിയബിള്‍സ്) പ്രശനങ്ങള്‍ക്ക് സാധ്യതയുള്ളതാണെന്നും മുൻവിധികള്‍ക്ക് കാരണമാകുമെന്നും സിസ്റ്റം, ഡാറ്റ അഡ്‍മിനിസ്ട്രേറ്റര്‍മാരെ അറിയിക്കും. കൃത്യമായ പരിശീലനത്തിലൂടെ സെൻസിറ്റീവ് ഫീൽഡുകളുടെയും പ്രോക്സികളുടെയും പ്രാധാന്യം ഉപയോക്താക്കള്‍ക്ക് തിരിച്ചറിയാനാകും.
ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഇന്ത്യയിൽ
ഇന്ത്യയുടെ എ.ഐ യാത്ര അതിവേഗത്തിലാണ്. നാഷണൽ എ.ഐ എത്തിക്സ് പ്രിൻസിപ്പിൾസ് ഡോക്യുമെന്‍റ് എന്ന പേരിൽ ഒരു കരട് രേഖ എ.ഐക്ക് വേണ്ടി തയാറാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നുമാണ് ഇന്ത്യ. ഉത്തരവാദിത്തം, നീതി, സുരക്ഷ എന്നിവ അടിവരയിടുന്ന ഈ രേഖ, എ.ഐ ഇന്ത്യയിൽ ഉപയോഗിക്കുന്നതിനുള്ള വഴികാട്ടി കൂടെയാണ്. വലിയ മാറ്റങ്ങള്‍ക്കാണ് ഇന്ത്യയിൽ ഭാവിയിൽ എ.ഐ സഹായിക്കുക.
എ.ഐ വരും വര്‍ഷങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ പോകുന്ന മേഖലകള്‍ പരിചയപ്പെടാം.
1. സാമ്പത്തിക വളര്‍ച്ച: ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയിൽ എ.ഐ വലിയ മാറ്റമുണ്ടാക്കും. സെയിൽസ്ഫോഴ്സ് 2023 ഫെബ്രുവരിയിൽ നടത്തിയ ഡിജിറ്റൽ സ്കിൽസ് സര്‍വേയിൽ 11 രാജ്യങ്ങളിൽ* നിന്നുള്ള 11,035 തൊഴിലെടുക്കുന്ന ആളുകൾ പങ്കെടുത്തു. ഇവരെല്ലാം 18 വയസ്സിന് മുകളിലുള്ളവരായിരുന്നു. ഈ പഠനത്തിൽ നിന്ന് വ്യക്തമായത് 93 ശതമാനം ഇന്ത്യക്കാരും ജോലിയിൽ എ.ഐ ഉപയോഗിക്കുന്നതിനെക്കുറിച്ച് ജിജ്ഞാസയുള്ളവരാണ്. അതേ സമയം ഇതേ ശതമാനം ആളുകളും സമ്മതിച്ചു, അവർക്കറിയാം അവരുടെ ജോലിയെ എങ്ങനെയാണ് എ.ഐ ബാധിക്കുക എന്ന്. മനോഭാവത്തിൽ വന്ന ഈ മാറ്റം കൃഷി, ആരോഗ്യം, നിര്‍മ്മാണം, റീട്ടെയ്ൽ എന്നിവയെ കൂടുതൽ കാര്യക്ഷമവും നവീനവുമാക്കും. അതിലൂടെ സമ്പദ് വ്യവസ്ഥയും പുരോഗമിക്കും.
2. കൂടുതൽ തൊഴിലവസരങ്ങള്‍: നിരവധി ജോലികള്‍ നഷ്ടമാകും എന്ന ആശങ്കകള്‍ക്ക് അപ്പുറം പുതുതായി നിരവധി തൊഴിലുകള്‍ എ.ഐ സൃഷ്ടിക്കും. സ്ഥിരം ചെയ്യേണ്ട ഒരേതരത്തിലുള്ള ജോലികള്‍ക്ക് പകരം ജോലിക്കാര്‍ക്ക് ക്രിയാത്മകമായ തൊഴിലുകള്‍ ലഭിക്കും. സെയിൽസ്ഫോഴ്സ്, ഐഡിസി റിപ്പോര്‍ട്ട് അനുസരിച്ച് 11.6 മില്യൺ തൊഴിലവസരങ്ങളാണ് 2028-നുള്ളിൽ സെയിൽസ്ഫോഴ്സ് ഇക്കോസിസ്റ്റത്തിൽ പുതുതായി ചേര്‍ക്കുക.
3. സാമൂഹികവും സാമ്പത്തികവുമായ അംഗീകാരം: സാമൂഹിക സാമ്പത്തിക അന്തരങ്ങള്‍ ഒഴിവാക്കാന്‍ എ.ഐക്ക് കഴിയും. പ്രത്യേകിച്ചും ആരോഗ്യ പരിപാലനം പോലെ പരിമിതമായ അവസരങ്ങൾ ഇപ്പോഴുള്ള മേഖലയിൽ. ഐ.ഐ അധിഷ്ഠിത ടൂൾസ് ഉപയോഗിച്ച് വ്യക്തികള്‍ക്ക് ആരോഗ്യ വിവരങ്ങള്‍ എടുക്കാം. റിമോട്ട് ആയി ഡോക്ടര്‍മാരെ കാണാം, അതിലൂടെ മെച്ചപ്പെട്ട ആരോഗ്യം നേടാം.
4. മികവുള്ള ഭരണം: ഭരണവും കൂടുതൽ മികവുറ്റതാക്കാന്‍ എ.ഐക്ക് കഴിയും. ട്രാഫിക് മാനേജ്മെന്‍റ്, പൊതുസുരക്ഷ, മലിനീകരണ നിയന്ത്രണം എന്നിവ കാര്യക്ഷമമാകും. പ്രാദേശിക സമൂഹങ്ങള്‍ക്ക് വേണ്ടി ഇ-ഗവണൻസ് പ്ലാറ്റ്‍ഫോമുകള്‍ എളുപ്പം സൃഷ്ടിക്കാനും കഴിയും.
മുന്നോട്ടുള്ള വഴി
എ.ഐ മേഖലയിലുള്ള വികാസം വലിയ വാഗ്ദാനങ്ങളും പരിവര്‍ത്തനവുമാണ് ലക്ഷ്യമിടുന്നത്. ഇനിയുള്ള മാര്‍ഗ്ഗം ധാര്‍മ്മികവും ഉത്തരവാദിത്തപരവുമായി എ.ഐ വികസനം എന്നതാണ്. നിയന്ത്രണങ്ങളും മതിയായ രീതിയിൽ വരണം. ഈ നിയന്ത്രണങ്ങള്‍ കൃത്യമായ അതിരുകള്‍, സദാചാരം, ഉത്തരവാദിത്തം എന്നിവ എ.ഐ നിര്‍മ്മാതാക്കള്‍ക്കും ഉപയോക്താക്കള്‍ക്കും നൽകണം. ഇത് സ്വകാര്യതാലംഘനം, മുൻവിധി, തെറ്റായ വിവരങ്ങള്‍ വ്യാപിക്കുന്നത് എന്നിവ തടയാന്‍ സഹായിക്കും.
അതേ സമയം തന്നെ ഇന്ത്യ എ.ഐയുടെ പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാഭ്യാസം നൽകണം. സ്കിൽ ഇന്ത്യ പോലെയുള്ള പദ്ധതികള്‍ ഇതിനായി ഉപയോഗിക്കണം. ഇതിലൂടെ പരിശീലനം, സൗജന്യ ഓൺലൈൻ കോഴ്സുകള്‍, സ്കിൽ വിടവ് നികത്താനുള്ള പദ്ധതികള്‍ എന്നിവ കൊണ്ടുവരണം.
മൊത്തത്തിൽ പറഞ്ഞാൽ നവീനമായ ആശയങ്ങളും ധാര്‍മ്മികതയും കൂടിച്ചേരുമ്പോഴാണ് എ.ഐ കൂടുതൽ ശ്രദ്ധയോടെ ഉപയോഗിക്കാനാകൂ. ഒപ്പം മനുഷ്യരാശിയുടെ ഏറ്റവും മികച്ച താൽപര്യങ്ങള്‍ക്ക് അനുസൃതമായി തുല്യത, സുതാര്യത, ഉത്തരവാദിത്തം എന്നിവയിലൂടെ എ.ഐ സാങ്കേതികവിദ്യ പുരോഗമിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
ലേഖനം എഴുതിയത്
വിവേക് എബ്രഹാം, സെയിൽസ്ഫോഴ്സിന്‍റെ റീജ്യണൽ ഡയറക്ടര്‍ (എക്സ്റ്റേണൽ സ്ട്രാറ്റജി - ഇന്ത്യ, സൗത്ത് ഏഷ്യ). നിലവിലെ പദവിയിൽ സര്‍ക്കാരുകള്‍, ഇൻഡസ്ട്രി എന്നിവയുമായി ചേര്‍ന്ന് തന്ത്രപരമായ പദ്ധതികള്‍ക്ക് രൂപം നൽകുകയാണ് വിവേക് എബ്രഹാം ചെയ്യുന്നത്. സെയിൽസ്ഫോഴ്സ് ഇന്ത്യ ലീഡര്‍ഷിപ്പ് ടീമിലെ അംഗവുമാണ് അദ്ദേഹം. https://www.salesforce.com/in/blog/author/vivek-abraham/
* സര്‍വേയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങള്‍ ഓസ്ട്രേലിയ, ഫ്രാൻസ്, ജര്‍മ്മനി, ഇറ്റലി, നെതര്‍ലൻഡ്‍സ്, സിംഗപ്പൂര്‍, സ്പെയിൻ, യു.കെ, യു.എസ്.എ, ഇന്ത്യ, സ്വീഡൻ. കൂടുതൽ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം: https://www.salesforce.com/news/stories/digital-skills-based-experience/