വിപണിയിൽ മര്യാദ പാലിക്കാത്ത ഗൂഗിളിന് മൂക്കുകയറിട്ട് എഫ്‌സിഎ; പിഴയൊടുക്കേണ്ടത് 1950 കോടി രൂപ
ഫ്രഞ്ച് പത്രമായ ലെ ഫിഗരോ കേസിൽ നിന്ന് പിന്മാറിയെങ്കിലും മറ്റ് രണ്ട് സ്ഥാപനങ്ങളും മുന്നോട്ട് പോവുക തന്നെ ചെയ്തു.
പാരീസ്: ഗൂഗിളിന് മൂക്കുകയറിട്ട് ഫ്രാൻസിലെ കോംപറ്റീഷൻ അതോറിറ്റി. ഡിജിറ്റൽ പരസ്യ മേഖലയിലെ നിയമവിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് പിഴ. 26.8 കോടി ഡോളറാണ് പിഴ. ഏതാണ്ട് 1950 കോടി രൂപ വരുമിത്. മൂന്ന് മാധ്യമ സ്ഥാപനങ്ങളുടെ പരാതിയിലാണ് നടപടി. ഡിജിറ്റൽ പരസ്യ രംഗത്തെ ആധിപത്യം കമ്പനി ദുരുപയോഗം ചെയ്തെന്നായിരുന്നു ന്യൂസ് കോർപ്, ലെ ഫിഗരോ, റൊസൽ എന്നീ മാധ്യമസ്ഥാപനങ്ങൾ ആരോപിച്ചത്.
പിന്നീട് ഫ്രഞ്ച് പത്രമായ ലെ ഫിഗരോ കേസിൽ നിന്ന് പിന്മാറിയെങ്കിലും മറ്റ് രണ്ട് സ്ഥാപനങ്ങളും മുന്നോട്ട് പോവുക തന്നെ ചെയ്തു. തങ്ങളുടെ സ്വന്തം പരസ്യ പ്ലാറ്റ്ഫോമുകൾക്ക് ഗൂഗിൾ മുൻഗണന കൊടുത്തതാണ് കാരണം. ഇതോടെ മാധ്യമസ്ഥാപനങ്ങൾക്ക് അവയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പുകളിലും പരസ്യം കിട്ടാതായി. ഗൂഗിളിന്റെ പരസ്യ പ്ലാറ്റ്ഫോം കമ്മീഷനിലും വ്യത്യാസം വരുത്തിയെന്നും കോംപറ്റീഷൻ അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്.
സമാനമായ കേസിൽ 2019 ഡിസംബറിൽ ഫ്രാൻസിൽ തന്നെ വെച്ച് ഗൂഗിളിന് 150 കോടി രൂപ പിഴ ശിക്ഷ കിട്ടിയിരുന്നു. അതിന് തൊട്ടുമുൻപത്തെ വർഷം വിപണിയിലെ മര്യാദാലംഘനത്തിന്റെ പേരിൽ 34500 കോടി രൂപയായിരുന്നു കമ്പനിക്ക് പിഴശിക്ഷ കിട്ടിയത്. ഓസ്ട്രേലിയയിലും ഇത്തരത്തിൽ ഉയർന്നുവന്ന കേസിൽ ഗൂഗിളും ഫെയ്സ്ബുക്കും തോറ്റിരുന്നു. ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ നിന്നുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും പ്രതിഫലം നൽകണമെന്ന നിയമത്തിന് ഗൂഗിളും ഫെയ്സ്ബുക്കും ഒടുവിൽ വഴങ്ങുകയായിരുന്നു.