ലോകം അത്ഭുതത്തോടെ നോക്കിയ മലയാളി, വളര്‍ച്ചയില്‍ നിന്ന് താഴേക്ക് പതിച്ച് ബൈജൂസ്; വീഴ്ചയ്ക്ക് പിന്നിലെന്ത്?
ലയണൽ മെസി മുതൽ സക്കർബർഗ് വരെ ഭാഗമായ സ്ഥാപനത്തിന്, ഇപ്പോള്‍ ഇഡിയുടെ ലുക്കൗട്ട് നോട്ടീസ് വരെ ലഭിക്കുമ്പോൾ തെറ്റായ തീരുമാനങ്ങളാണ് സ്ഥാപനത്തിൻ്റെ തകർച്ചക്ക് കാരണമായി വിലയിരുത്തുന്നത്.
ലോകം മുഴുവൻ അത്ഭുതത്തോടെ നോക്കിനിന്ന വളർച്ചയായിരുന്നു മലയാളിയായ ബൈജു രവീന്ദ്രൻ്റെ സ്റ്റാർട്ടപ്പ് സംരഭം ബൈജൂസ് ലേണിംഗ് ആപ്പിൻ്റേത്. എന്നാൽ വളർച്ചയേക്കാൾ വേഗത്തിലായിരുന്നു ബൈജൂസിൻ്റെ തകർച്ചയും. ലയണൽ മെസി മുതൽ സക്കർബർഗ് വരെ ഭാഗമായ സ്ഥാപനത്തിന്, ഇപ്പോള്‍ ഇഡിയുടെ ലുക്കൗട്ട് നോട്ടീസ് വരെ ലഭിക്കുമ്പോൾ തെറ്റായ തീരുമാനങ്ങളാണ് സ്ഥാപനത്തിൻ്റെ തകർച്ചക്ക് കാരണമായി വിലയിരുത്തുന്നത്.
ലയണൽ മെസിയും ഷാരുഖ് ഖാനും മോഹൻലാലും ബ്രാൻഡ് അംബാസഡർമാരായ ഇന്ത്യൻ സ്റ്റാർട്ടപ്പ്, ഇന്ത്യൻ ക്രിക്കറ്റ് ടീം മുതൽ ഫിഫ വേള്‍ഡ് കപ്പ് വരെ സ്പോണ്‍സർ ചെയ്തൊരു മലയാളി, ഹാർഡ് വാർഡ് സ്കൂള്‍ ഓഫ് ബിസിനസ് എഡ്യുക്കേഷൻ പഠന വിഷയമാക്കിയ ബിസിനസ് ഐഡിയ, ഇതൊക്കെയായിരുന്നു കുറച്ച് നാള്‍ മുമ്പ് വരെ ബൈജൂസ് ആപ്പ്. എന്നാൽ ഇന്ന് നിത്യചെലവുകള്‍ക്ക് പോലും പണമില്ലാതെ നഷ്ടത്തിലായി. 22 ബില്യണ്‍ ഡോളർ ആസ്ഥിയുണ്ടായിരുന്ന കമ്പനി 3 ബില്യണ്‍ ഡോളറിലേക്ക് കൂപ്പികുത്തി. അതായത് 85 ശതമാനത്തോളം നഷ്ടം.
2011 ലാണ് എം ബി എ വിദ്യാർത്ഥികൾ മുതൽ സ്കൂള്‍ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് തിങ്ക് ആൻഡ് ലേണ്‍ കമ്പനി ആരംഭിക്കുന്നത്. അത് പ്രതീക്ഷയ്ക്കപ്പുറം വിജയം കണ്ടതോടെ 2015 ൽ ബൈജൂസ് ദി ലേണിംഗ് പിറവിയെടുത്തു. ബോർഡ് എകസാം മുതൽ കിൻഡർ ഗാർഡൻ വരെയുള് സിലബസുകള്‍ ഒരു കുടക്കീഴിൽ കൊണ്ടുവന്നതോടെ ബൈജൂസിന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. അതേ വർഷം പ്രമുഖ സ്ഥാപനമായ സിഖോയ 25 മില്യണ്‍ ഡോളർ ബൈജൂസിൽ നിക്ഷേപിച്ചപ്പോള്‍ 2016 ൽ ചാൻ സക്കർബർഗ് 50 മില്യണാണ് നിക്ഷേപിച്ചത്. കൂടാതെ ബോണ്ട്, സിൽവർ ലേക്ക്, ബ്ലാക്ക്റോക്ക, സാൻഡ്സ് കാപ്പിറ്റൽ തുടങ്ങി സ്ഥാപനങ്ങളെല്ലാം നിക്ഷേപകരായി. പിന്നാലെ ഷാരുഖ് ഖാനും മെസിയുമെല്ലാം ബ്രാൻഡ് അംബാസഡർമാരായി എത്തിയതോടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തി ബൈജൂസ്.
ലോകം കൊവിഡിന്‍റെ പിടിയിലമർന്നപ്പോള്‍ ഗുണം ചെയ്തത് ബൈജൂസിനായിരുന്നു. 2020 കമ്പനി മൂല്യം 22 ബില്യണ്‍ ഡോളറായി ഉയർന്നു. പണം കുമിഞ്ഞ കൂടിയതോടെ ബിസിനസ് വിപുലപ്പെടുത്താൻ ശ്രമിച്ചതാണ് ബൈജൂസിന്‍റെ തലവര മാറ്റിയത്. നഷ്ടത്തിലായിരുന്ന കോഡിംഗ് പ്ലാറ്റ്ഫോം വൈറ്റ് ഹാറ്റ് ജൂനിയർ, ആകാശ് ഇൻസ്റ്റിറ്യൂട്ട്, ഗ്രേറ്റ് ലേണിംഗ് തുടങ്ങിയ കമ്പനികള്‍ ഏറ്റെടുത്തതോടെ തകർച്ച ആരംഭിച്ചു. ലോക്ഡൗണ്‍ അവസാനിച്ച് കുട്ടികള്‍ സാകൂളിൽ പോയി തുടങ്ങിയതും തിരിച്ചടിയായി. ഇതിന് പുറമേ യുഎസ് ഫെഡറൽ റിസർവ് സാമ്പത്തിക നയങ്ങളിൽ വരുത്തിയ മാറ്റം ബൈജൂസിന് ഇരുട്ടടിയായി. അമേരിക്കൻ വിപണി ലക്ഷ്യമിട്ട് നടത്തിയ പദ്ധതികള്‍ മുഴുവൻ പാളി. 2022 ൽ ബൈജൂസിനെതിരെ ഇ ഡി നടപടി ആരംഭിച്ചു.
ഫെമ ലംഘന കേസിൽ 900 കോടിയുടെ അഴിമതി ഇഡി കണ്ടെത്തിയത്. ഇതെല്ലാം ഒന്നിനു പുറകെ ഒന്നൊന്നായി എത്തിയത് വീഴ്ചയുടെ ആഴം കൂട്ടി. ഇതിനിടയിൽ കോടികള്‍ മുടക്കിയുള്ള പരസ്യ നിർമ്മാണം, ഐപിൽ, വേള്‍ഡ് കപ്പ് തുടങ്ങിയവയുടെ സ്പോണ്‍സർഷിപ്പ് ഏറ്റെടുത്തതുമെല്ലാം പാളിപ്പോയി. ഇതോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ചെലവ് ചുരുക്കൽ നടപടിയെല്ലാം ഇടക്കിടെ വാർത്തകളിൽ നിറഞ്ഞു. 22 ബില്യണ്‍ ആസ്തിയുണ്ടായിരുന്ന കമ്പനി ഒടുവിൽ 3 ബില്യണ്‍ ഡോളറിലെത്തി. ബൈജൂസില്‍ ഇനി എന്ത് സംഭവിക്കും എന്നത് ചോദ്യ ചിഹ്നമായി തുടരുന്നു.