ഡാറ്റ ബിസിനസ്സ് അടുത്തറിയുമ്പോൾ
അതിവേഗം മാറുന്ന ഡിജിറ്റൽ കാലഘട്ടത്തിൽ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വമ്പൻ ടെക്നോളജി കമ്പനികൾ എന്നിവയുടെ ഉദയം നമ്മുടെ സാമ്പത്തിക പശ്ചാത്തലത്തെ തന്നെ മാറ്റിമറിച്ചു
എഴുതിയത്: അനിരുദ്ധ് ബർമൻ
അതിവേഗം മാറുന്ന ഡിജിറ്റൽ കാലഘട്ടത്തിൽ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വമ്പൻ ടെക്നോളജി കമ്പനികൾ എന്നിവയുടെ ഉദയം നമ്മുടെ സാമ്പത്തിക പശ്ചാത്തലത്തെ തന്നെ മാറ്റിമറിച്ചു. ഇവയെ അടുത്തറിയുന്നത് ഒരു അക്കാദമിക് ആവശ്യം മാത്രമല്ല, നയരൂപീകരണത്തിനും മത്സരാധിഷ്ഠിതമായ വിപണി സൃഷ്ടിക്കുന്നതിലും അത്യാവശ്യമാണ്. നമ്മുടെ നിത്യജീവിതത്തിൽ ഈ സംരംഭങ്ങൾ ചെലുത്തുന്ന സ്വാധീനം ഉപയോക്താക്കൾക്കും നയരൂപീകരണം നടത്തുന്നവർക്കും കൂടുതൽ പ്രധാനപ്പെട്ടതാണ്.
ഡാറ്റ ബിസിനസ്സിന്റെ അടിസ്ഥാനം
ഇന്നത്തെ കോർപ്പറേറ്റുകൾ അവരുടെ മുൻഗാമികളിൽ നിന്നും വ്യത്യസ്തരാണ്. ഡാറ്റയാണ് അവരുടെ പ്രവർത്തനത്തിന്റെ കേന്ദ്രം. അതാണ് അവരുടെ ഏറ്റവും വലിയ സ്വത്തും. രണ്ടായി ഇവയെ തിരിക്കാം - ഡാറ്റ എനേബ്ൾഡ്, ഡാറ്റ എൻഹാൻസ്ഡ്. ഡാറ്റ അസ് എ സർവീസ് കമ്പനികൾ ഡാറ്റ ഉപയോഗിക്കുക മാത്രമല്ല, അത് അവരുടെ പ്രധാന ഉൽപ്പന്നമാക്കി മാറ്റുകയും ചെയ്യും. ഇത് ആധുനിക ബിസിനസ്സുകളെ വിപ്ലകരമായ രീതിയിൽ മാറ്റി. അവരുടെ ഇക്കോണമിക് മാതൃകകളിൽ ഇത് കേന്ദ്രമായി മാറി. ഡാറ്റ എൻഹാൻസ്ഡ് മാതൃകകൾ നിലവിലുള്ള അവരുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഡാറ്റ ഉപയോഗിക്കുകയാണ്.
വളരുന്ന ഡാസ് (DaaS) കമ്പനികൾ
ഒരു DaaS കമ്പനി സ്ഥാപിക്കുക ശ്രമകരമാണ്. ആദ്യം തന്നെ വളരെ ശക്തമായ ഡാറ്റ അടിസ്ഥാനസൗകര്യം ഒരുക്കാൻ നിക്ഷേപങ്ങൾ ആവശ്യമായി വരും. സാമ്പത്തികമായി മാത്രമല്ല സാങ്കേതികമായും വളരെ ദുർഘടം പിടിച്ചതാണ് ഈ വഴി. അടിസ്ഥാനസൗകര്യങ്ങളായാൽ ചെലവ് താഴും. പക്ഷേ, അപ്പോഴും പ്രതിസന്ധികളുണ്ട്. കമ്പനികൾ തുടർച്ചയായി അവരുടെ ഡാറ്റ മാറ്റം വരുത്താനും അപ്ഡേറ്റ് ചെയ്യാനും നിർബന്ധിതരാകും. ഡാസ് കമ്പനികളുടെ വിജയത്തിൽ ഒരു നിർണായക ഭാഗമാണിത്.
സാമ്പത്തികശാസ്ത്രജ്ഞനായ ഹാൽ വെരിയൻ ബിസിനസ് ഓപ്പറേഷനുകളുടെ അടിസ്ഥാനത്തിൽ ഡാറ്റ മൂന്നായി തിരിച്ചിട്ടുണ്ട്. ആദ്യത്തെത്ത് നോൺ-റൈവൽറസ് എന്നതാണ്. ഇത് ഒരു സംരംഭം മാത്രം ഉപയോഗിക്കുന്നതാണ്. ഇത് വ്യാപകമായി ഡാറ്റ ഉപയോഗിക്കുമ്പോൾ തന്നെ അതിന്റെ മൂല്യം നശിക്കാതെ സൂക്ഷിക്കുന്നു. രണ്ടാമത്തെത് യൂട്ടിലൈസേഷൻ ഓഫ് ഡാറ്റ ആണ്. ഇത് അഡ്വാൻസ്ഡ് ആയ മെഷീൻ ലേണിങ് പോലെയുള്ള രീതികളാണ്. ഈ ഡാറ്റയുടെ ഉപയോഗത്തിന് സ്വാഭാവികമായും പരിധിയുണ്ട്. അതിന് ശേഷം ഇത് ഉപയോഗശൂന്യമാകും. അവസാനമായി വെരിയൻ പറയുന്നത് നെറ്റ് വർക്ക് ഇഫക്റ്റുകളാണ് ഡാറ്റ മാർക്കറ്റുകളെ നിയന്ത്രിക്കുന്നത് എന്ന പൊതു അഭിപ്രായം തെറ്റാണെന്നാണ്. ഡാറ്റ വലിപ്പം, യൂസർ ബേസ് എന്നിവയെക്കാൾ തുടർച്ചയായി ഡാറ്റ ഇംപ്രൂവ് ചെയ്യുന്നതും അഡാപ്റ്റ് ചെയ്യുന്നതുമാണ് ഈ വിപണികളിൽ പ്രധാനമെന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
മൂല്യത്തിലും സ്വാധീനത്തിലുമാണ് ഡാസ് കമ്പനികളുടെ വളർച്ചയുടെ പാത തിരിച്ചറിയാനാകുക. ആവശ്യത്തിന് ഡാറ്റ ലഭിച്ചാൽ അതിന് അനുസരിച്ചുള്ള ഉൽപ്പന്നം, സർവീസ് ആരംഭിക്കുന്നിടത്ത് നിന്ന് ഇത് തുടങ്ങുന്നു. തുടർച്ചയായ വളർച്ചയാണ് ഇവിടെ പ്രധാനം. ഡാറ്റ മൂല്യം ഉയരുമ്പോൾ കൂടുതൽ ഉപയോക്താക്കളെത്തുന്നു. ഇത് കൂടുതൽ ഡാറ്റ എത്താനും വിശകലനം ചെയ്യാനും കഴിയുന്നു. ഇത് വികാസത്തിനും വിപണിയിലെ ശക്തി നിലനിർത്താനും നിർണായകമാണ്.
നയങ്ങൾ
നയങ്ങൾ രൂപീകരിക്കുന്നവർക്ക് ഡാസ് കമ്പനികൾ വലിയ ചാലഞ്ച് ആണ് നൽകുന്നത്. ഓപ്പൺ ഡാറ്റ പരിപാടികളുടെ രീതികളാണ് പ്രധാനമായും പരിഗണിക്കേണ്ടത്. ഡാറ്റ കൂടുതൽ വ്യാപകമാക്കണോ, മൂല്യമുള്ള ഡാറ്റയുടെ വികസനത്തിന് പ്രാധാന്യം നൽകണോ തുടങ്ങിയ ചോദ്യങ്ങൾ പരിഗണിക്കണം. കൂടാതെ ഈ വിപണി മിക്കപ്പോഴും ഏതാനും ചില കമ്പനികളെ മാത്രം സഹായിക്കുന്നതുമാകാം. ഇത് വിശ്വാസ്യത, വിപണി തന്ത്രം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഡാസ് കമ്പനികൾക്ക് അപ്രമാദിത്യമുള്ള വിപണിയിൽ എങ്ങനെ നയം രൂപീകരിക്കും എന്നത് പ്രധാനമാണ്.
എങ്ങനെയാണ് ഡാറ്റ കൈകാര്യം ചെയ്യേണ്ടതെന്നത് മറ്റൊരു ചർച്ചാവിഷയമാണ്. പരമ്പരാഗതമായ കാഴ്ച്ചപ്പാട് അനുസരിച്ച് ഡാറ്റ എന്നാൽ നിയന്ത്രണമില്ലാത്ത ഒന്നാണ്. പക്ഷേ, അതിൽ മാറ്റം വന്നു. ഡാറ്റ വളരെ മൂല്യമുള്ള ഒന്നായി ഇപ്പോൾ പരിഗണിക്കപ്പെടുന്നു. ഈ മാറ്റം നയ രൂപീകരണത്തിലും വലിയ മാറ്റം കൊണ്ടുവരും. ഡിജിറ്റൽ ഇക്കോണമിയിൽ ഡാറ്റയ്ക്കുള്ള പങ്കിലും ഇത് നിർണായകമാകും.
ഡാറ്റ മാർക്കറ്റുകൾ
ഡാറ്റ വളരെ പ്രത്യേകതയുള്ള ഒന്നാണ്. ഇത് പഴയ തിയറികളും മാതൃകകളും പഴഞ്ചനാക്കുന്നു. പുതിയ കാഴ്ച്ചപ്പാടാണ് ഇക്കാര്യത്തിൽ വേണ്ടത്. ഡാസ് കമ്പനികളും ഡാറ്റ-എൻഹാൻസ്ഡ് ബിസിനസ്സുകളും തമ്മിലുള്ള അകലം വളരെ കുറയുന്ന കാലത്ത് ഇവയെ പരസ്പരം തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്.
ഡാറ്റ-ഫസ്റ്റ് കമ്പനികളുടെ ആവിർഭാവം നമ്മൾ എങ്ങനെയാണ് ഡാറ്റയുമായി ഇടപഴകുന്നത് എന്നതിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ഈ കമ്പനികൾ നമ്മുടെ വിപണിയെ മാത്രമല്ല അടിസ്ഥാനപരമായ ബിസിനസ് മാതൃകകൾ, അറിവ് എന്നിവയെക്കൂടെ ചാലഞ്ച് ചെയ്യുന്നുണ്ട്. അവരുടെ വളർച്ചയും ഇംപാക്റ്റും പുതിയ ഗവേഷണത്തിനും അനാലിസിസിനും പിന്തുണ നൽകുന്നുമുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ ഡാറ്റ ഫസ്റ്റ് ബിസിനസ്സുകളെക്കുറിച്ചുള്ള വ്യക്തമായ അറിവ് നമുക്ക് ആവശ്യമാണ്. ഡാറ്റ ഫസ്റ്റ് കമ്പനികൾ എങ്ങനെയാണ് നമ്മുടെ ലോകത്തെ മാറ്റുന്നത് എന്നും പുതിയ ട്രെൻഡുകളെക്കുറിച്ച് അറിവ് നൽകുന്നതെന്നും അറിയേണ്ടതുണ്ട്.
(ഈ ലേഖനം ദി ഇക്കണോമിക്സ് ഓഫ് ഡാറ്റ ബിസിനസ് എന്ന ഉപന്യാസത്തിൽ നിന്നുമുള്ള ഒരു ഭാഗം. കാർണെഗി ഇന്ത്യയുടെ ന്യൂസ് ലെറ്ററായ ഐഡിയാസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസിൽ മുൻപ് പ്രസിദ്ധപ്പെടുത്തിയത്.)