ചിന്മയാ വിശ്വവിദ്യാപീഠിന്‍റെ ആദ്യ ബിരുദദാന ചടങ്ങ് നടത്തി
ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യപ്രഭാഷണം നടത്തി.
ചിന്മയ വിശ്വവിദ്യാപീഠിന്‍റെ ആദ്യ ബിരുദദാന ചടങ്ങ് 2021 ജൂണ്‍ 6-ന് വിജയകരമായി സമാപിച്ചു. ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചാൻസലർ പ്രഫ.നാഗരാജ് നീര്‍ചാല്‍ സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം രേഖപ്പെടുത്തിയ ഡോ. അപ്പാറാവു മുക്കമല ഗുരുദേവന്‍റെ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കിയതിന് സംഭാവന നല്‍കിയ ഏവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു. പ്രോ വൈസ്ചാൻസലറും നിയുക്ത വൈസ്ചാൻസലറുമായ പ്രഫ. അജയ് കപൂര്‍ നന്ദി പറഞ്ഞു. ബിരുദം നേടിയ വിദ്യാർഥികളെ അദ്ദേഹം അഭിനന്ദിക്കുകയും അവര്‍ക്ക് വരുമാനമാര്‍ഗവും നല്ലൊരു ജീവിതവും നേടാന്‍ സാധിക്കട്ടെ എന്നാശംസിക്കുകയും ചെയ്തു. ഡീന്‍ പ്രഫ. ഗൗരീ മഹുലികാര്‍, വിദ്യാർഥികളെ അഭിനന്ദിക്കുകയും സചിത്രമായി അവരെ ഓരോരുത്തരെയും പരിചയപ്പെടുത്തുകയും ചെയ്തു. 2020, 2021 വര്‍ഷങ്ങളിലെ ബിരുദ ബാച്ചുകളില്‍ സ്വര്‍ണ്ണമെഡല്‍ നേടിയവരുടെ പേരുകള്‍ ഡീന്‍ പ്രഖ്യാപിച്ചു, അതിനുസേഷം സ്വര്‍ണ്ണമെഡല്‍ ജേതാക്കള്‍ ചിന്മയ വിശ്വവിദ്യാപീഠിലെ തങ്ങളുടെ യാത്രാനുഭവം മുന്‍നിര്‍ത്തി വിടപറയല്‍ പ്രസംഗവും നടത്തി. തൈത്തിരീയ ശിക്ഷാവലിയിലെ ഉപനിഷത്ത് ബിരുദദാന അഭിസംബോധനയില്‍ നിന്നും തിരഞ്ഞെടുത്ത വരികളുടെ അര്‍ത്ഥം ഡീന്‍ അവതരിപ്പിച്ചു, മന്ത്രങ്ങള്‍ അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ. നാഗേന്ദ്ര പാവന ഉരുവിട്ടു.ആര്‍ജ്ജിച്ച അറിവ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാനും ലോകം കീഴടക്കുവാന്‍ തത്ത്വങ്ങള്‍ ഉപയുക്തമാക്കുവാനും ശീലിക്കണമെന്ന് ബിരുദം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ചുകൊണ്ട് സ്വാമി അദ്വയാനന്ദ പറഞ്ഞു. മഹത്തരമായ ഭാവിയ്ക്ക് വേണ്ടി അദ്ദേഹം വിദ്യാർഥികളെ അനുഗ്രഹിച്ചു. മുഖ്യപ്രഭാഷണം നടത്തിയ ഗവര്‍ണ്ണര്‍ക്ക് സ്വാമി കൃതജ്ഞതയും അര്‍പ്പിച്ചു.
പൗരാണിക വിജ്ഞാനത്തെ ആധുനിക വിജ്ഞാനവുമായി കോര്‍ത്തിണക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ സര്‍വകലാശാല എന്ന നിലയില്‍ CVV-യില്‍ നിന്നും ആദ്യബാച്ച് ബിരുദം നേടി ചരിത്രം സൃഷ്ടിച്ചതിന് ചാൻസലർ സ്വാമി സ്വരൂപാനന്ദ സന്തോഷം രേഖപ്പെടുത്തി. തങ്ങളുടെ ജീവിതത്തിലും ലോകത്തിലും വലിയ മാറ്റം കൊണ്ടുവരാനും അവശ്യമായ മാറ്റം യാഥാർഥ്യമാക്കുവാനും അദ്ദേഹം വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. പരിപാടി ഒരു വന്‍വിജയമാക്കി തീര്‍ക്കുവാന്‍ പ്രയത്നിച്ച എല്ലാവര്‍ക്കും രജിസ്ട്രാര്‍ ഇന്‍-ചാര്‍ജ് ഡോ. സൗമ്യ എസ്. നന്ദി പറഞ്ഞു