രണ്ട് പൊതുമേഖലാ മരുന്ന് കമ്പനികൾ പൂട്ടും, ബാക്കി മൂന്നെണ്ണത്തിന്റെ ഓഹരികൾ വിൽക്കും: കേന്ദ്രം
നിലവിൽ ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന് കീഴിൽ അഞ്ച് കമ്പനികളാണ് ഉള്ളത്.
ദില്ലി: രാജ്യത്തെ രണ്ട് പൊതുമേഖലാ മരുന്ന് കമ്പനികൾ പൂട്ടാൻ കേന്ദ്രസർക്കാരിന്റെ തീരുമാനം. ബാക്കി മൂന്ന് പൊതുമേഖലാ മരുന്ന് കമ്പനികളിലെ സർക്കാർ ഓഹരികൾ വിൽക്കുകയും ചെയ്യും. കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചതാണ് ഇക്കാര്യം.
നിലവിൽ ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന് കീഴിൽ അഞ്ച് കമ്പനികളാണ് ഉള്ളത്. ഇതിൽ ഇന്ത്യൻ ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, രാജസ്ഥാൻ ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് എന്നിവയാണ് അടച്ചുപൂട്ടുന്നതെന്ന് കെമിക്കൽ ആന്റ് ഫെർടിലൈസേർസ് വകുപ്പ് മന്ത്രി ഡിവി സദാനന്ദ ഗൗഡ ലോക്സഭയിൽ വ്യക്തമാക്കി.
ഹിന്ദുസ്ഥാൻ ആന്റിബയോടിക്സ് ലിമിറ്റഡ്, ബംഗാൾ കെമിക്കൽസ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, കർണാടക ആന്റിബയോടിക്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് എന്നിവയിലെ സർക്കാർ ഓഹരികളാണ് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. പൂട്ടുന്ന കമ്പനികളിലെ ജീവനക്കാർക്ക് വൊളണ്ടറി റിട്ടയർമെന്റ് ആനുകൂല്യം നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് 2019 സെപ്തംബർ ഒൻപതിന് രൂപീകരിച്ച മന്ത്രിതല സമിതിയാണെന്നും മന്ത്രി വിശദീകരിച്ചു.