'ഇന്ത്യൻ വിപണി കൊള്ളാം', കച്ചവടം പൊടിപൊടിച്ച് ആപ്പിള്‍; നാല് സ്റ്റോറുകള്‍ കൂടി തുറക്കും
ബെംഗളൂരു, പൂനെ, ഡല്‍ഹി-എന്‍സിആര്‍ മേഖലകളില്‍ ആയിരിക്കും പുതിയ സ്റ്റോറുകള്‍. കൂടാതെ, മുംബൈയില്‍ മറ്റൊരു സ്റ്റോര്‍ കൂടി തുറക്കും.
ടെക് ഭീമനായ ആപ്പിള്‍ ഇന്ത്യയില്‍ 4 പുതിയ റീട്ടെയില്‍ സ്റ്റോറുകള്‍ കൂടി തുറക്കാന്‍ ഒരുങ്ങുന്നു. ഡല്‍ഹിയിലെയും മുംബൈയിലെയും ആദ്യത്തെ രണ്ട് സ്റ്റോറുകളും വലിയ വിജയമായതോടെയാണ് കൂടുതല്‍ സ്റ്റോറുകള്‍ തുറക്കാന്‍ ആപ്പിള്‍ ആലോചിക്കുന്നത്. ബെംഗളൂരു, പൂനെ, ഡല്‍ഹി-എന്‍സിആര്‍ മേഖലകളില്‍ ആയിരിക്കും പുതിയ സ്റ്റോറുകള്‍. കൂടാതെ, മുംബൈയില്‍ മറ്റൊരു സ്റ്റോര്‍ കൂടി തുറക്കും. രാജ്യത്തെ ആപ്പിളിന്‍റെ ബിസിനസിന്‍റെ അഞ്ചിലൊന്ന് ഭാഗവും ഡല്‍ഹിയിലും മുംബൈയിലും ആണ് നടക്കുന്നത്. 2023 ഏപ്രിലില്‍ ആണ് ആപ്പിള്‍ ഇന്ത്യയില്‍ രണ്ട് സ്റ്റോറുകള്‍ തുറന്നത്. ഒന്ന് ഡല്‍ഹിയിലും മറ്റൊന്ന് മുംബൈയിലും. നിലവിലുള്ള രണ്ട് സ്റ്റോറുകളും ആപ്പിളിന്‍റെ ഇന്ത്യയിലെ വരുമാനം ഉയരുന്നതില്‍ കാര്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 190-210 കോടി രൂപ വരുമാനമാണ് ഈ രണ്ട് സ്റ്റോറുകളും നേടിയത്. ലോകമെമ്പാടുമുള്ള ആപ്പിളിന്‍റെ മികച്ച റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ഈ രണ്ട് സ്റ്റോറുകളും ഇടം നേടി. പ്രതിമാസം സ്ഥിരമായി 16-17 കോടി രൂപ വീതം വില്‍പ്പന നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്.
ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയുള്‍പ്പെടെ, ഐഫോണ്‍ 16 മോഡലുകള്ർ മുഴുവന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയാണെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് സീരീസ് ഈ മാസം അവതരിപ്പിക്കുമെന്നും ആപ്പിള്‍ അറിയിച്ചു. പ്രാദേശിക ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് ഈ മോഡലുകള്‍ കയറ്റുമതി ചെയ്യുന്നതിനും ആപ്പിളിന് പദ്ധതിയുണ്ട്. ഇന്ത്യയില്‍ ഫോക്സ്കോണ്‍, പെഗാട്രോണ്‍, ടാറ്റ ഇലക്ട്രോണിക്സ് എന്നിവയുമായി സഹകരിച്ചാണ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ ഐഫോണ്‍ 16, 16 പ്ലസ്, പ്രോ മാക്സ് മോഡലുകളുടെ ചുമതല ഫോക്സ്കോണിനാണ്, ഐഫോണ്‍ 16, 16 പ്രോ എന്നിവ പെഗാട്രോണാണ് കൈകാര്യം ചെയ്യുന്നത്. ഐഫോണ്‍ 16, 16 പ്ലസ് മോഡലുകള്‍ ടാറ്റ ഇലക്ട്രോണിക്സ് നിര്‍മ്മിക്കും.