ഇന്ത്യയിലെ ബിസിനസ് പിടിക്കാൻ അമേരിക്കൻ ഭീമൻ പണി തുടങ്ങി: ഡിജിറ്റൽ പേമെന്റിൽ കോടികളിറക്കി ആമസോൺ
മാർച്ച് ഒന്നിനാണ് ആമസോൺ പേയിൽ മൂലധനം നിക്ഷേപിക്കപ്പെട്ടത്.
ദില്ലി: അമേരിക്കൻ ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യയിലെ ഡിജിറ്റൽ പേമെന്റ് ബിസിനസിനെ ശക്തിപ്പെടുത്താൻ 225 കോടി രൂപ നിക്ഷേപിച്ചു. വാൾമാർട്ട് ഉടമസ്ഥതയിലുള്ള ഫോൺപേ, അലിബാബ ഗ്രൂപ്പിന്റെ പിന്തുണയുള്ള പേടിഎം, ഗൂഗിളിന്റെ ഗൂഗിൾ പേ തുടങ്ങിയ കമ്പനികളോട് ഏറ്റുമുട്ടാനാണ് ഇത്.
സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആമസോൺ കോർപറേറ്റ് ഹോൾഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ്, മൗറീഷ്യസ് ആസ്ഥാനമായ ആമസോൺ.കോം ലിമിറ്റഡ് കമ്പനി എന്നിവയിൽ നിന്നാണ് നിക്ഷേപമെത്തിയതെന്ന് ടോഫ്ളർ റിപ്പോർട്ട് ചെയ്യുന്നു.
മാർച്ച് ഒന്നിനാണ് ആമസോൺ പേയിൽ മൂലധനം നിക്ഷേപിക്കപ്പെട്ടത്. 10 രൂപ വിലയുള്ള 22.5 കോടി ഇക്വിറ്റി ഓഹരികളാണ് നിക്ഷേപത്തിന് പകരമായി കമ്പനികൾക്ക് അനുവദിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ഫെസ്റ്റീവ് സീസണിന് തൊട്ടുമുൻപായി ആമസോൺ പേയ്ക്ക് 700 കോടി രൂപ ആമസോൺ കമ്പനിയിൽ നിന്ന് നിക്ഷേപം എത്തിയിരുന്നു.
ഇന്ത്യയിലെ യുപിഐ ഇടപാടുകളുടെ സിംഹഭാഗവും ഫോൺപേയും ഗൂഗിൾ പേയുമാണ് കൈവശം വെക്കുന്നത്. ജനുവരിയിൽ 968 ദശലക്ഷം ഇടപാടുകൾ ഫോൺപേയിൽ നടന്നപ്പോൾ ഗൂഗിൾ പേയിൽ 853 ദശലക്ഷം ഇടപാട് നടന്നു. പേടിഎം വഴി 281 ദശലക്ഷം ഇടപാടാണ് നടന്നത്. അതേസമയം ആമസോൺ പേ വഴി വെറും 46 ദശലക്ഷം ഇടപാട് മാത്രമാണ് നടന്നത്.