എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രം, വിആര്‍എസ് വേണമെന്ന് ജീവനക്കാര്‍; സാഹചര്യം നിര്‍ണായകമാകുന്നു
എയർ ഇന്ത്യ ഏറ്റെടുക്കുന്ന നിക്ഷേപകർ നിലവിലെ 11000 ജീവനക്കാരെ ഒരു വർഷത്തേക്ക് മാത്രമേ നിലനിർത്തൂവെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.
മുംബൈ: എയർ ഇന്ത്യയുടെ ഓഹരികൾ കേന്ദ്രസർക്കാർ വിൽക്കാൻ ശ്രമിക്കുന്നതിനിടെ തങ്ങൾക്ക് വിആർഎസ് അവസരം നൽകണമെന്ന ആവശ്യവുമായി തൊഴിലാളി യൂണിയനുകൾ മുന്നോട്ട്. തിങ്കളാഴ്ച കേന്ദ്ര വ്യോമയാന സഹമന്ത്രി ഹർദീപ് സിങ് പുരിയുമായി ദില്ലിയിൽ നടക്കുന്ന ചർച്ചയിൽ സംഘടനാ നേതാക്കൾ ഈ ആവശ്യവും ഉന്നയിക്കും.
തുടർച്ചയായി നഷ്ടം നേരിട്ട സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ എയർ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികളും വിൽക്കാൻ തീരുമാനിച്ചത്. ജനുവരി രണ്ടിന് ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകളുമായി കേന്ദ്ര സഹമന്ത്രി ചർച്ച നടത്തിയിരുന്നു. സ്വകാര്യവത്കരണം മാത്രമാണ് കേന്ദ്രസർക്കാരിന് മുന്നിലുള്ള വഴിയെന്നാണ് അന്നദ്ദേഹം പറഞ്ഞത്. സ്വകാര്യവത്കരണത്തിൽ നിന്ന് പിന്മാറാൻ കേന്ദ്രസർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് വിആർഎസിന് അവസരം വേണമെന്ന ആവശ്യത്തിലേക്ക് തൊഴിലാളി സംഘടനകൾ എത്തിച്ചേർന്നിരിക്കുന്നത്.
സ്വകാര്യവത്കരിച്ചാലും ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് കഴിഞ്ഞ യോഗത്തിൽ മന്ത്രി ഉറപ്പുനൽകിയിരുന്നു. എന്നാൽ, ജീവനക്കാർ വിആർഎസ് എന്ന ആവശ്യവുമായി സംഘടനാ നേതാക്കളുടെ മേൽ സമ്മർദ്ദം ചെലുത്തി. ഈയൊരു സാഹചര്യത്തിലാണ് അടുത്ത യോഗത്തിൽ വിആർഎസ് അവസരം എന്ന ആവശ്യം കൂടി മുന്നോട്ട് വയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
എയർ ഇന്ത്യ ഏറ്റെടുക്കുന്ന നിക്ഷേപകർ നിലവിലെ 11000 ജീവനക്കാരെ ഒരു വർഷത്തേക്ക് മാത്രമേ നിലനിർത്തൂവെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ഈയൊരു സാഹചര്യത്തിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തി തങ്ങളുടെ ആവശ്യം നേടിയെടുക്കാനായിരിക്കും യൂണിയനുകൾ ശ്രമിക്കുക.
കഴിഞ്ഞ (2018-19) സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യയുടെ നഷ്ടം 8,556 കോടിയായിരുന്നു. പ്രതിദിന നഷ്ടം 20 കോടി മുതൽ 26 കോടി വരെയാണ്. ഇതിനെല്ലാം പുറമെ കമ്പനിക്ക് 80,000 കോടി കടബാധ്യതയുമുണ്ട്. 2018 ലാണ് എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം വന്നത്. എന്നാൽ, 2018 മെയ് 31 ന് അവസാന തീയതിയിലും ഒരാൾ പോലും എയർ ഇന്ത്യ ഏറ്റെടുക്കാൻ സന്നദ്ധത
കാട്ടിയിരുന്നില്ല. ഈ മാർച്ച് 31 നകം എയർ ഇന്ത്യയെ പൂർണ്ണമായി സ്വകാര്യവത്കരിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.