കയറ്റുമതി നിയന്ത്രണങ്ങളുടെ കാലത്ത് ഇന്ത്യ പുതിയ സാങ്കേതികവിദ്യ തേടുമ്പോൾ
ഇന്ത്യ-യു.എസ് സൗഹൃദം കൂടുതൽ ഊഷ്മളമാകുമ്പോൾ ഹൈ-ടെക് ഉൽപ്പന്നങ്ങൾക്കായി യു.എസ്സിൽ സമ്മർദ്ദം ചെലുത്താൻ ഇന്ത്യക്ക് കഴിയുന്ന സമയം ഇതാണ്.
കൊണാർക് ഭണ്ഡാരി
അഡ്വാൻസ്ഡ് സെമികണ്ടക്ടർ, എ.ഐ ചിപ്പുകൾ മുതലായ അതിനൂതന സാങ്കേതികവിദ്യാ ഉൽപ്പന്നങ്ങളിൽ ഈയടുത്താണ് അമേരിക്ക കയറ്റുമതി നിയന്ത്രണം കൊണ്ടുവന്നത്. അമേരിക്കയുടെ സുരക്ഷയും അപ്രമാദിത്യവും സംരക്ഷിക്കാനുള്ള നടപടിയെന്നാണ് ഇതിനെ ആ രാജ്യം ന്യായീകരിക്കുന്നത്. അതേ സമയം ഈ നടപടി വലിയ തോതിൽ ചൈനീസ് സംരംഭങ്ങളെയാണ് ലക്ഷ്യമിടുന്നത്. കാരണം ഈ സാങ്കേതികവിദ്യകൾ മിലിട്ടറി ആവശ്യങ്ങൾക്കായി ചൈന ഉപയോഗിക്കുന്നതായാണ് യു.എസ് സംശയിക്കുന്നത്. ഇതിലൂടെ സമാനമായ സാങ്കേതികവിദ്യ വിൽക്കുന്ന മറ്റു രാജ്യങ്ങളും യു.എസിന് അനുകൂലമായ നയം നടപ്പാക്കുന്നുണ്ട്. ജപ്പാൻ, നെതർലൻഡ്സ് രാജ്യങ്ങളാണ് ഇവ. പക്ഷേ, അവരുടെ കയറ്റുമതി നിയന്ത്രണ നിയമങ്ങൾ ഏതെങ്കിലും രാജ്യത്തിന് എതിരെയാണ് എന്ന് ഇതുവരെ അവർ വ്യക്തമാക്കിയിട്ടില്ല. പകരം ഉയർന്ന ടെക്നോളജി ആവശ്യപ്പെടുന്ന ഉൽപ്പന്നങ്ങൾ ഏത് രാജ്യത്തേക്കും കയറ്റി അയക്കുന്നതിൽ ജാഗ്രത പാലിക്കാനാണ് ഈ രാജ്യങ്ങൾ അവരുടെ സ്ഥാപനങ്ങൾക്ക് നൽകുന്ന നിർദേശം. അതായത് ഈ രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതികവിദ്യാ കയറ്റുമതിക്ക് എക്സ്പോർട്ട് ലൈസൻസ് ആവശ്യമായി വരും. ഇത് ഇന്ത്യക്കും ബാധകമാകും. ഏറ്റവും പുതിയ സാങ്കേതികവിദ്യകളിൽ ഭാഗമാകാൻ മറ്റു രാജ്യങ്ങളുമായി സുരക്ഷിതമായ ടെക്നോളജി പങ്കാളിത്തങ്ങൾക്ക് ശ്രമിക്കുന്ന ഇന്ത്യയെ പുതിയ കയറ്റുമതി നിയന്ത്രണ നയങ്ങൾ എങ്ങനെയാകും ബാധിക്കുക?
യു.എസ് - ചൈന പ്രശ്നം
ചൈന നടപ്പാക്കിയ മിലിട്ടറി സിവിൽ ഫ്യൂഷൻ പ്രോഗ്രാം (എം.സി.എഫ്) ആണ് നിലവിലെ യു.എസ് എക്സപോർട്ട് കൺട്രോൾ നിയന്ത്രണങ്ങൾക്ക് കാരണം. ഒക്ടോബർ 2022-ലാണ് ഇത് നിലവിൽ വന്നത്. പൗരന്മാർക്ക് വേണ്ടിയുള്ള സാങ്കേതികവിദ്യകൾ ചൈന മിലിട്ടറി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്നാണ് എം.സി.എഫ് ആരോപണം. യു.എസ് ഡിപ്പാർട്ട്മെന്റ് ഒഫ് കൊമേഴ്സ് ഈ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത് ചൈന "സാങ്കേതികവിദ്യ ഉപയോഗിച്ച് അത്യാധുനിക മിലിട്ടറി സംവിധാനങ്ങൽ നിർമ്മിക്കുന്നു. വലിയ പ്രഹരശേഷിയുള്ള ആയുധങ്ങൾ ഉൾപ്പെടെയാണിത്. ഈ ആയുധങ്ങളുടെ വേഗത, കൃത്യത എന്നിവ മെച്ചപ്പെടുത്താനും മിലിട്ടറി തീരുമാനങ്ങൾ എടുക്കാനും പ്ലാനിങ്, ലൊജിസ്റ്റിക്സ്, ഓട്ടോണോമസ് മിലിട്ടറി സിസ്റ്റം നിർമ്മിക്കാനും ചൈന ശ്രമിക്കുന്നു. ഇതെല്ലാം മനുഷ്യാവകാശ ലംഘനങ്ങൾക്ക് വേണ്ടിയാണ്."
ഈ കയറ്റുമതി നിയന്ത്രണങ്ങൾക്ക് ചൈനയും മറുപടിയായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഏറ്റവും ആധുനികമായ സെമികണ്ടക്ടറുകളാണ് പുതിയ കയറ്റുമതി നിയന്ത്രണത്തിന് കീഴിൽ വരുന്നതെങ്കിൽ ഫോട്ടോവോൾട്ടെയ്ക് സെൽസ് പോലെയുള്ള ഗ്രീൻ ടെക്നോളജി ഉൽപ്പന്നങ്ങളിൽ ചൈനയാണ് മുൻനിരയിൽ. ഈ മേഖലയിൽ ചൈനയും കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തി. ഭാവിയിൽ ഹരിത സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിൽ ഇന്ത്യക്കും ഇത് തിരിച്ചടിയാകും. ഉദാഹരണത്തിന് ജൂലൈ 2023-ൽ ചൈന ഒരു പുതിയ നിയന്ത്രണം കൊണ്ടുവന്നു. മൈക്രോചിപ്പുകൾ ഉണ്ടാക്കാൻ ആവശ്യമായ ജെർമേനിയും ഗാലിയം തുടങ്ങിയ ലോഹങ്ങൾ കയറ്റുമതി ചെയ്യാൻ പ്രത്യേക ലൈസൻസ് ആണ് ചൈന നടപ്പിലാക്കിയത്. ഒക്ടോബർ 2023-ൽ യു.എസ് പുതിയ കയറ്റുമതി നിയന്ത്രണങ്ങൾ അവതരിപ്പിച്ചപ്പോൾ, ചൈന ബാറ്ററി വ്യവസായത്തിൽ ഉപയോഗിക്കുന്ന സിന്തറ്റിക് ഗ്രാഫൈറ്റ് കയറ്റുമതി ചെയ്യാൻ നിർദേശങ്ങൾ പുതുക്കി. കൂടുതൽ രേഖകളും ആരാണ് ഉൽപ്പന്നം അവസാനമായി ഉപയോഗിക്കുന്നത് എന്നതും വ്യക്തമാക്കണമെന്നാണ് പുതിയ നിയമം.
കയറ്റുമതി നിയന്ത്രണത്തിലെ അപൂർവത
യു.എസ് - ചൈന വ്യാപാര തർക്കങ്ങളിൽ നിന്നും വ്യത്യസ്തമാണ് കയറ്റുമതി നിയന്ത്രണം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര മത്സരം മറ്റു രാജ്യങ്ങളെയും ബാധിച്ചു. ഉദാഹരണം വിയറ്റ്നാം. മാത്രമല്ല ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന നികുതി ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് വാദിക്കുന്നവരുമുണ്ട്. ഇന്ത്യ ഈ സപ്ലൈ ചെയിനിൽ നിന്ന് എന്തെങ്കിലും നേട്ടമുണ്ടാക്കിയോ എന്ന് അറിയാറായിട്ടില്ല. എന്തായാലും പുതിയ കയറ്റുമതി നിയന്ത്രണങ്ങൾ ആഗോള വ്യാപാരത്തെ ബാധിക്കുമെന്ന് ഉറപ്പാണ്.
യു.എസ് ചൈനക്ക് മേൽ ഏർപ്പെടുത്തിയ നികുതി മറ്റു രാജ്യങ്ങളെ നിർമ്മാണ ചെലവ് ലാഭിക്കാൻ സഹായിച്ചിട്ടുണ്ട്. പക്ഷേ, കയറ്റുമതി നിയന്ത്രണങ്ങൾ പ്രത്യേക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിൽ നിന്ന് അവരെ തടയുന്നു. മിക്കവാറും ഇത്തരം നിർണായകമായ ലോഹങ്ങൾക്ക് മറ്റ് ബദലില്ല. ഉദാഹരണത്തിന് അമേരിക്കക്ക് ഏറ്റവും പുതിയ സെമികണ്ടക്ടർ സാങ്കേതികവിദ്യകളിൽ വലിയ ആധിപത്യമുണ്ട്. കയറ്റുമതി നിയന്ത്രണത്തിലൂടെ മറ്റു രാജ്യങ്ങൾക്ക് ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയാതെ വരും. വലിയ മൂലധനം പോലും സെമികണ്ടക്ടർ വിപണിയിൽ വിജയം കൊണ്ടുവരില്ല. ചൈന തന്നെ നോക്കൂ, അവർ സ്വന്തമായി സെമികണ്ടക്ടർ വിപണി തുടങ്ങാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടു. പലവട്ടമായി ബില്യൺ കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടും ഇതിൽ മാറ്റമുണ്ടായില്ല.
രണ്ടാമതായി അമേരിക്കക്ക് സമാനമായി തങ്ങളുടെ കയറ്റുമതി നിയന്ത്രണ നിയമങ്ങൾ നെതർലൻഡ്സും ജപ്പാനും പരിഷ്കരിച്ചു. പക്ഷേ, അമേരിക്കയെപ്പോലെ ഏതെങ്കിലും രാജ്യത്തെ മാത്രമായി മാറ്റി നിർത്താതിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. അതായത് വലിയ തോതിലുള്ള നിയന്ത്രണം മറ്റുള്ള മുഴുവൻ രാജ്യങ്ങൾക്കും നേരിടേണ്ടി വരും. ഇവിടെയാണ് ഇന്ത്യ ജാഗ്രതയോടെ നീങ്ങേണ്ടത്. മറ്റുള്ള വിപണികളിലേക്കുള്ള സാങ്കേതികവിദ്യാ കൈമാറ്റത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറാം. യു.എസ് നിരോധനം ഏർപ്പെടുത്തിയ റഷ്യൻ സ്ഥാപനങ്ങൾ ഇന്ത്യയിലൂടെ ഇത്തരം ആഡ്വാൻസ്ഡ് മൈക്രോചിപ്പുകൾ വാങ്ങാൻ ശ്രമിക്കുമെന്ന ആശങ്കയുണ്ട്. ഇന്ത്യയിലെ കംസ്റ്റംസ് രേഖകളിൽ നിന്നും സാധാരണ ഏത് രാജ്യത്തേക്ക്, ഏത് തരം ഉൽപ്പന്നമാണ് നീക്കുന്നതെന്ന് പൊതുവെ വെളിപ്പെടുത്താറില്ലെങ്കിലും ഇന്ത്യ കൂടുതൽ ശ്രദ്ധ ഇവിടെ നൽകണം.
ചുരുക്കത്തിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾക്ക് സ്വന്തമാക്കൽ ഇന്ത്യക്ക് ശ്രമകരമാകാം. എങ്കിലും ഇന്ത്യ - അമേരിക്ക സ്ട്രാറ്റജിക് ട്രേഡ് ഡയലോഗ് ഈ വർഷം മാർച്ചിലാണ് നടന്നത്. മാത്രമല്ല കൂടുതൽ മാറ്റങ്ങൾ ഈ നയത്തിലുണ്ടാകുമെന്നാണ് യു.എസ് ഇപ്പോൾ നൽകുന്ന സൂചന. 2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനത്തിന് മുൻപ് യു.എസ് സാമാജികരായ മാർക്ക് വാർണർ, ജോൺ കോർണിൻ എന്നിവർ ഇന്ത്യക്ക് അനുകൂലമായി ഒരു ബിൽ അവതരിപ്പിച്ചിരുന്നു. ആംസ് എക്സ്പോർട്ട് കൺട്രോൾ ആക്റ്റ് അനുസരിച്ച് വിദേശ സൈനിക വിൽപ്പനക്ക് ഇന്ത്യയെ അർഹരാക്കണം എന്നതായിരുന്നു ബില്ലിന്റെ ഉള്ളടക്കം. ഇതിലൂടെ ഇന്ത്യയുമായുള്ള പ്രതിരോധ കരാറുകൾ അവതരിപ്പിക്കാൻ യു.എസ് കോൺഗ്രസിൽ അറിയിക്കേണ്ട സമയം 30 ദിവസത്തിൽ നിന്നും 15 ആയി ചുരുങ്ങി. മാത്രമല്ല സെപ്റ്റംബർ 2023-ന് ടെക്നോളജി എക്സ്പോർട്ട്സ് ടു ഇന്ത്യ എന്ന പേരിൽ ഒരു നിയമം അവതരിപ്പിച്ചു. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ അവതരിപ്പിച്ച ഈ നിയമം ഹൈ പെർഫോമൻസ് കമ്പ്യൂട്ടർ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് അനുവദിക്കുന്നതിനായിരുന്നു. ഇന്ത്യ-യു.എസ് സൗഹൃദം കൂടുതൽ ഊഷ്മളമാകുമ്പോൾ തീർച്ചയായും ഹൈ-ടെക് ഉൽപ്പന്നങ്ങൾക്കായി യു.എസ്സിൽ സമ്മർദ്ദം ചെലുത്താൻ ഇന്ത്യക്ക് കഴിയുന്ന സമയം ഇതാണ്.