തിരിച്ചുവരവ് ഇത്തിരി കടുപ്പം! ഇഷാന് കിഷന് നിരാശ, ടീമിലും തോല്‍വി; ഓപ്പണറായി എത്തിയിട്ടും തിളങ്ങാനായില്ല
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റൂട്ട് മൊബൈല്‍ ലിമിറ്റഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. ആയുഷ് വര്‍ധക് (54), സുമിത് ദെകാലെ (42) എന്നിവരാണ് തിളങ്ങിയത്.
മുംബൈ: ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ ഇന്ത്യന്‍ താരം ഇഷാന്‍ കിഷന് നിരാശ. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന കിഷന്‍ ഡിവൈ പാട്ടീല്‍ ടി20 കപ്പിലൂടെയാണ് തിരിച്ചുവന്നത്. ആര്‍ബിഐയുടെ താരമാണ് കിഷന്‍. റൂട്ട് മൊബൈല്‍ ലിമിറ്റഡിനെതിരെ ഇന്ന് ഓപ്പണ്‍ ചെയ്‌തെങ്കിലും 19 റണ്‍സ് മാത്രമെടുത്ത് കിഷന്‍ മടങ്ങി. മത്സരത്തില്‍ കിഷന്റെ ടീം തോല്‍ക്കുകയും 89 റണ്‍സിന് തോല്‍ക്കുകയും ചെയ്തു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റൂട്ട് മൊബൈല്‍ ലിമിറ്റഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. ആയുഷ് വര്‍ധക് (54), സുമിത് ദെകാലെ (42) എന്നിവരാണ് തിളങ്ങിയത്. സയന്‍ മണ്ഡല്‍ മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ആര്‍ബിഐ 103ന് എല്ലാവരും പുറത്താവുകയായിരുന്നു. ഓപ്പണറായെത്തിയ കിഷന്‍ 12 പന്തില്‍ നിന്ന് 19 19 റണ്‍സ് മാത്രമാണ് നേടിയത്. ഇതില്‍ ഒരു സിക്‌സും രണ്ട് ഫോറുമുണ്ടായിരുന്നു. നാലാം ഓവറില്‍ കിഷന്‍ മടങ്ങുകയും ചെയ്തു.
അടുത്ത കാലത്ത് ഇന്ത്യന്‍ ടീമിലില്ലായിരുന്നു കിഷന്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ നാട്ടിലേക്ക് മടങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കിഷന്‍ മാനസിക സമ്മര്‍ദ്ദമെന്ന കാരണവും പറഞ്ഞിരുന്നു. എന്നാല്‍ താരം രഞ്ജി ട്രോഫി കളിക്കാതെ കറങ്ങി നടന്നത് ടീം മാനേജ്‌മെന്റില്‍ അതൃപ്തിയുണ്ടാക്കി. പിന്നാലെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ മുങ്ങിനടക്കുന്ന താരങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.
ഇന്ത്യന്‍ സീനിയര്‍ ടീമിലെയും എ ടീമിലെയും താരങ്ങള്‍ ദേശീയ ഡ്യൂട്ടിയിലോ പരിക്കിലോ അല്ലെങ്കില്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം എന്ന നിര്‍ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷാ മുഴുവന്‍ താരങ്ങള്‍ക്കും നല്‍കിയിരുന്നു. ഇതിനിടെയാണ് കിഷന്റെ ബിസിസിഐ കോണ്‍ട്രാക്റ്റ് എടുത്തുകളയുമെന്ന വാര്‍ത്തകള്‍ വന്നത്. ഇപ്പോള്‍ താരം മത്സരത്തിലേക്ക് തിരികെ വന്നതുകൊണ്ട് ബിസിസിഐ നിലപാട് മയപ്പെടുത്തുമോയെന്ന് കണ്ടറിയണം.