രാജ്യത്ത് മോദി തരംഗം അവസാനിച്ചു, 'പിണറായി സർക്കാർ' അല്ല കേരളാ സര്‍ക്കാര്‍- സി ആര്‍ നീലകണ്ഠൻ സംസാരിക്കുന്നു

കേരള ചരിത്രത്തിലാദ്യമായാണ് സർക്കാർ പരസ്യങ്ങളിൽ 'പിണറായി സർക്കാർ' എന്ന് അച്ചടിച്ച് വരുന്നത്. ഒരു ജനാധിപത്യ സംവിധാനത്തിന് ചേരുന്നതല്ല അത്. പിണറായി വിജയൻ മുൻ എംഎൽഎയാണ്. ഒരു സർക്കാർ ഒരാളുടെ പേരിൽ അറിയപ്പെടുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ല. 

lok sabha election 2019 interview with C R Neelakandan

രാഷ്ട്രീയ കാര്യങ്ങളിൽ തന്റേതായ നിലപാടുകൾ വ്യക്തമാക്കുന്ന വ്യക്തിത്വമാണ് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനറും സാമൂഹ്യ നിരീക്ഷകനും എഴുത്തുകാരനുമായ സി ആര്‍ നീലകണ്ഠന്‍. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരാളായ സി ആര്‍ നീലകണ്ഠന്‍ ചാനല്‍ ചര്‍ച്ചകളിലും ടോക്‌ഷോകളിലും പ്രതിവാര കോളങ്ങളിലും കവര്‍സ്റ്റോറികളിലുമൊക്കെ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേരളത്തിലേയും കേന്ദ്രത്തിലേയും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് തുറന്ന് സംസാരിക്കുകയാണ് സി ആര്‍ നീലകണ്ഠന്‍. 

എൻഡിഎ തുടരുമോ ഇല്ലയോ ?
 
ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉയരുന്ന ഒരേയൊരു ചോദ്യം എൻഡിഎ തുടരുമോ ഇല്ലയോ എന്നത് മാത്രമാണ്. എൻഡിഎയ്ക്ക് പകരമായി ആര് വരും എന്ന ചോദ്യവും ഇന്ത്യയൊട്ടാകെ ഉയരുന്നുണ്ട്. ഇന്ത്യൻ ഭരണഘടന ചോദ്യം ചെയ്യപ്പെടുന്നൊരു കാലമാണിത്. അതാണ് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നതിനുള്ള പ്രധാന കാരണം. മതേതരത്വം, ജനാധിപത്യം, ഫെഡറലിസം എന്നിങ്ങനെയുള്ള മൂല്യങ്ങളെല്ലാം തന്നെ ചോദ്യം ചെയ്യപ്പെടുന്നൊരു കാലവുമാണിത്.   

മോദിയുടെ ഭരണത്തിൽ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങള്‍ വളരെ ദുർബലമായി. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഉയര്‍ന്ന് നിൽക്കുന്ന ഏറ്റവും ശക്തമായി ഭരണഘടനാസ്ഥാപനങ്ങളായ സുപ്രീം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷൻ, സിബിഐ, എന്‍ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്റ്, റിസര്‍വ് ബാങ്ക്, യുജിസി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്യപ്പെട്ടു. അതുകൊണ്ട് തന്നെ 
‌എൻഡിഎ സർക്കാരിന് പകരമായി ആരും വരും എന്നതല്ല, മറിച്ച് എൻഡിഎ ഭരണം തുടരാൻ പാടില്ലെന്നതാണ് തന്റെ അഭിപ്രായം.

എന്‍ഡിഎ രാജ്യത്തെ തകര്‍ത്ത ഭരണം

ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചാൽ ഇന്നുള്ള ജനാധിപത്യ അടിത്തറ നിലനിൽക്കുന്നമെന്ന് തോന്നുന്നില്ല. ജനാധിപത്യപരമല്ലാത്ത ഭരണം കാഴ്ച വയ്ക്കുമ്പോൾ സാമ്പത്തിക വികസനം ഉൾ‌പ്പടെ ഉണ്ടാകുമെന്ന് പറയുമെങ്കിലും എൻഡിഎ സർക്കാരിന്റെ ഭരണത്തിൽ ഒരു വികസനവും ഉണ്ടായിട്ടില്ല. മാത്രമല്ല, വൻ സാമ്പത്തിക തകർച്ചയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഇത് കൂടാതെ കാർഷിക-ഗ്രാമീണ മേഖലകളിലെ വികസനങ്ങളെല്ലാം താറുമാറായി. 

തെരഞ്ഞെടുപ്പ് ദേശീയമല്ല, പ്രാദേശികമാണ്

എന്നാൽ രാജ്യത്തെ ഈ ദുരിതങ്ങളിൽനിന്ന് എങ്ങനെ കരകയറ്റാം എന്നതാണ് പ്രധാന ചോദ്യം. രാജ്യത്തെ ശക്തമായ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. കഴിഞ്ഞ തവണത്തെ തെരഞ്ഞടുപ്പിൽ 33 ശതമാനം വോട്ടാണ് എൻഡിഎ സർക്കാറിന് ലഭിച്ചത്. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് ആ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഊന്നികൊണ്ട് മാത്രമാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കാണുന്ന പ്രധാന പ്രശ്നവും ഇത് തന്നെയാണ്. ഓരോ സംസ്ഥാനത്തേയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. എങ്കിലും മിക്ക സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ആ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.  യുപി, രാജസ്ഥാൻ, ബീഹാർ, ഒഡിഷ, ആന്ധ്രപ്രദേശ്, ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ തന്നെ തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് പ്രദേശികമാണ്. 

ദേശീയ സാഹചര്യങ്ങള്‍ കേരളം കണക്കിലെടുക്കാറില്ല...

ദേശീയ തലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അത്രയധികം ബാധിക്കാത്ത അല്ലെങ്കിൽ കണക്കാക്കാത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കാരണം, മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും എൻഡിഎ വേണമോ വേണ്ടയോ എന്നതരത്തിലുള്ള ചോദ്യങ്ങൾ ഉയർന്നിട്ടുണ്ടാകും. എന്നാൽ കേരളത്തെ സംബന്ധിച്ചിടത്തോളം അത്തരത്തുള്ള ചോദ്യങ്ങളൊന്നുമില്ല. കേരളത്തിൽ ഇടത് ജയിച്ചാലും വലത് ജയിച്ചാലും ദേശീയ തലത്തിൽ അതൊരു സ്വാധീനവും ചെലുത്താൻ പോകുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ ആരാണ് ആൻ്റി-എൻഡിഎ എന്ന് തെളിയിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളത്. 

കേരളത്തിലെ പ്രശ്നങ്ങൾ വളരെ വ്യക്തമാണ്. തെരഞ്ഞെടുപ്പ് കാലത്തെ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ കണക്കുകളെല്ലാം കോൺഗ്രസിന് അനുകൂലമാണ്. കാരണം ദേശീയതലത്തിൽ സിപിഎമ്മിനെക്കാൾ ഉയർന്ന് നിൽക്കുന്നത് കോൺഗ്രസാണ്. അതേസമയം, കോൺഗ്രസ് ദേശീയതലത്തിൽ ഭരിക്കാൻ പോകുന്നുവെന്ന് സംശയം തോന്നിയാൽ കേരളത്തിൽ സിപിഎം ആയിരിക്കും ജയിക്കുക. 

1967ൽ ശേഷം 2004 ആണ് എൽഡിഎഫ് ഏറ്റവും നല്ലകാലം. 1967ലെ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിൽ 18 എണ്ണത്തിലും എൽഡിഎഫ് ജയിച്ചു. കാരണം, വാജ്പേയ് ഭരിക്കുകയും കോൺഗ്രസ് തിരിച്ച് വരുമോ എന്ന് ഉറപ്പില്ലാതിരിക്കുകയും കോൺഗ്രസിന് ഒരു നേതൃത്വമില്ലാതിരിക്കുകയും ചെയ്ത കാലമായിരുന്നു. അന്നത്തെ ആ സാഹചര്യത്തിൽ കേരളത്തിൽ എൽഡിഎഫിന് ഉയർന്ന വിജയം നേടാൻ സാധിച്ചു. പിന്നീട് കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ തുടർന്നപ്പോഴോക്കെ എൽഡിഎഫ് പുറകിലായിരുന്നു. കേരളത്തിലെ വോട്ടിങ് പോലും സെലക്ടീവാണ്. ദേശീയ തലത്തിൽ ഊന്നിയിട്ടുള്ള വോട്ടിങ് കേരളത്തിൽ കാണാൻ സാധിക്കില്ല. 

'പ്രോ-യുഡിഎഫ്' ജനറൽ ട്രെൻഡ് വരാൻ സാധ്യതയുണ്ട് 

കഴിഞ തവണത്തെ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ യുഡിഎഫിനെതിരെ വോട്ട് ചെയ്യാനുള്ള അലയടികൾ ഉണ്ടായിരുന്നെങ്കിലും രണ്ട് സീറ്റ് യുഡിഎഫിന് കിട്ടി. അതൊരു ട്രെൻഡാണ്. എന്നാൽ ഇത്തവണ ദേശീയതലത്തിൽ കോൺഗ്രസ് മുൻപന്തിയലെത്തുമെന്നാണ് തോന്നുന്നത്. അത് കൊണ്ട് 'പ്രോ-യുഡിഎഫ്' ജനറൽ ട്രെൻഡ് വരാൻ സാധ്യതയുണ്ട്. അതേസമയം, കേരളത്തിലെ എൽഡിഎഫ് സർക്കാരിന് പോസിറ്റീവായി ഉയർത്തിക്കാട്ടാനുള്ള കാര്യങ്ങൾ വളരെ കുറവാണ്. ശബരിമല പോലുള്ള വിവാദ വിഷയങ്ങൾ അതിന് ഉദാഹരണങ്ങളാണ്.

കേരളത്തിലും കേന്ദ്രത്തിലും തുടർഭരണത്തിനുള്ള സാധ്യത വളരെ കുറവാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം രണ്ട് വർഷം കൂടി കാത്തിരുന്നാൽ മാത്രമാണ് ഭരണ തുടർച്ചയുണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പ് പറയാനാകുകയുള്ളു. എന്നിരുന്നാലും എൽഡിഎഫിന്റെ ഭരണം മതിപ്പുളവാക്കുന്നതോ ഫലപ്രദമോ അല്ല. അതുകൊണ്ട് തന്നെ ഭരണ തുടർച്ചയുണ്ടാകുമെന്ന് പറയാനാകില്ല. 

പിണറായിയല്ല സര്‍ക്കാര്‍, കേരളത്തിലേത് പാർട്ടി ആധിപത്യ ഭരണം

ഒരു ജനാധിപത്യപരമായ സമീപനമല്ല കേരളത്തിലെ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കേരളത്തിൽ പാർട്ടി ആധിപത്യ ഭരണമാണ് നടക്കുന്നത്. ജനാധിപത്യ ഭരണത്തിൽ പാർട്ടി ഭരണം അത്ര ഗുണകരമല്ല. ബിജെപിയും പാർട്ടി ഭരണം തന്നെയാണ് കാഴ്ച വയ്ക്കുന്നത്.  കേരളത്തിലെ സർക്കാരുകൾ ഭരിക്കുന്ന സമയത്ത് എൽഡിഎഫ് സർക്കാറെന്നോ, യുഡിഎഫ് സർക്കാരെന്നോ പറയാറുള്ളു. 

എന്നാൽ കേരള ചരിത്രത്തിലാദ്യമായാണ് സർക്കാർ പരസ്യങ്ങളിൽ 'പിണറായി സർക്കാർ' എന്ന് അച്ചടിച്ച് വരുന്നത്. ഒരു ജനാധിപത്യ സംവിധാനത്തിന് ചേരുന്നതല്ല അത്. പിണറായി വിജയൻ മുൻ എംഎൽഎയാണ്. ഒരു സർക്കാർ ഒരാളുടെ പേരിൽ അറിയപ്പെടുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ല. കേന്ദ്രത്തിലും ഇത് തന്നെയാണ് നടക്കുന്നത്. 

എൽഡിഎഫ് ഭരണവും അക്രമങ്ങളും കൊലപാതകങ്ങളും

എൽഡിഎഫ് ഭരണത്തിൽ ആക്രമണങ്ങളും കൊലപാതകങ്ങളും തുടര്‍ക്കഥയാണ്. രാഷ്ട്രീയ അക്രമണങ്ങളോ പൊലീസ് ആക്ടോ ആയിരിക്കാം അതിന് കാരണം. മാവോയിസ്റ്റുകളെന്ന് പറയപ്പെടുന്നവരുടെ മരണം, കസ്റ്റഡി മരണം തുടങ്ങിയവയൊക്കെ നടന്നത് എൽഡിഎഫ് ഭരണത്തിലാണ്. യഥാർത്ഥത്തിൽ പൊലീസ് പര്യാപ്തരാണ്. എന്നാൽ പൊലീസിനെ അടക്കി ഭരിച്ചുള്ള ഭരണമാണ് നടക്കുന്നത്. അതൊന്നും ജനാധിപത്യ ഭരണത്തിൽ ശരിയായല്ല നിലപാടല്ല. അത് കൊണ്ട് തന്നെ കേരളത്തിൽ എൽഡിഎഫിന്റെ വിജയ സാധ്യത വളരെ കുറവാണ്. 

കേരളത്തില്‍ ബിജെപിക്ക് ഹൈപ്പുണ്ടോ?

ബിജെപിയെ സംബന്ധിച്ചിടത്തോളം, ബിജെപി ഉണ്ടാക്കി വന്ന ഹൈപ്പ് കേരളത്തിൽ അവർക്ക് നഷ്ടമായി. ഇന്ന് കേരളത്തിൽ അവർക്ക് സീറ്റ് കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. തിരുവനന്തപുരത്ത് പോലും ബിജെപി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും. കാരണം, ഹൈപ്പ് കൊണ്ട് മാത്രം ജയിക്കാൻ പറ്റിയ സ്ഥലമല്ല കേരളം. ആളുകൾ കുറേകൂടി ചിന്തിച്ചിട്ടാണ് വോട്ട് ചെയ്യുക. ശബരിമലയോ, അതിർത്തി തർക്കമോ ഒന്നും പറഞ്ഞ് ഇത്തവണ ബിജെപിക്ക് കേരളത്തിൽ ജയിക്കാൻ കഴിയില്ല. 

2014ൽ ഒ രാജഗോപാൽ നേടിയ വിജയം പോലും ഇത്തവണ കുമ്മനം രാജശേഖരന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. ബിജെപി എന്ന സംഘടന കേരളത്തിൽ ദുർബലരാണ്. ശബരിമല സത്രീ പ്രവേശവുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നങ്ങളൊന്നും തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമാകില്ല. പക്ഷേ അത് എൽഡിഎഫിന് ദോഷകരമാകും.

ദേശീയ തലത്തിൽ മോദി തരംഗം ആവർത്തിക്കില്ല  

ദേശീയ തലത്തിൽ ബിജെപി പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായ മോദി തരംഗം ഇത്തവണ ആവർത്തിക്കില്ല. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ മോദിയോട് അടുക്കാൻ കഴിയാതിരുന്ന രാഹുൽ ഗാന്ധി ഇത്തവണ മോദിക്കൊപ്പമാണ് നിൽക്കുന്നത്. വർഗീയത മുൻനിർത്തി പ്രചരണത്തിനിറങ്ങാൻ ഇത്തവണ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. അതിനാണ് ബാറ് പോലും കൊണ്ട് വന്നത്. മാധ്യമങ്ങടക്കം മോദിയെക്കാളും രാഹുലിനെയാണ് പിന്തുണയ്ക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോദിയെക്കുറിച്ച് ആളുകൾക്ക് വ്യക്തമായി അറിയില്ലായിരുന്നു. എന്നാൽ നാല് വർഷത്തെ ഭരണത്തോടെ മോദി എന്താണെന്ന് അനുഭവത്തിലൂടെ ജനങ്ങൾ അറിഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios