'വൈറസ് ഭയപ്പെടുത്തില്ല, പ്രതീക്ഷ നല്‍കും'; മുഹ്സിന്‍ പരാരിയുമായി അഭിമുഖം

ആഷിക് അബു സംവിധാനം ചെയ്ത 'വൈറസ്' പോലെ സാമൂഹികമായ മാനങ്ങള്‍ കൊണ്ട് പ്രേക്ഷകശ്രദ്ധ ലഭിച്ചൊരു ചിത്രം സമീപകാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടില്ല. മലയാളികളില്‍ ഭീതി വിതച്ച നിപ വൈറസും കേരളം നടപ്പാക്കി വിജയിച്ച പ്രതിരോധവുമൊക്കെ വിഷയമാക്കുന്ന ചിത്രം. പക്ഷേ സിനിമ പുറത്തിറങ്ങാറാകുമ്പോഴേക്ക് നിപ വീണ്ടും സ്ഥിരീകരിക്കപ്പെട്ടതായ വാര്‍ത്ത വരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാകുന്നു. ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ മുഹ്‌സിന്‍ പരാരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു, 'വൈറസി'ന് പിന്നിലുള്ള അധ്വാനത്തെക്കുറിച്ചും ഈ ഘട്ടത്തില്‍ സിനിമ പുറത്തിറങ്ങുന്നതിന്‍റെ അനുഭവത്തെക്കുറിച്ചും.

virus movie script writer muhsin parari interview

ഒരു പകര്‍ച്ച വ്യാധിക്കെതിരേ കേരളം ഒരേ മനസ്സോടെ നടത്തിയ അപൂര്‍വ്വ മുന്നേറ്റം പ്രമേയമാക്കുന്ന സിനിമ. ആ സിനിമ തീയേറ്ററുകളിലെത്തുന്ന സമയത്ത് വീണ്ടും അതേ രോഗാവസ്ഥ സ്ഥിരീകരിക്കപ്പെടുന്നു. 'വൈറസി'ന്റെ രചയിതാക്കളില്‍ ഒരാള്‍ എന്ന നിലയില്‍ എന്താണ് തോന്നുന്നത്?

നിപ വീണ്ടുമെത്തുമ്പോള്‍ അതിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിയുന്നതായാണ് കാണുന്നത്. പൊതുജനത്തിനിടയിലും ആ ആത്മവിശ്വാസം രൂപപ്പെട്ടിട്ടുണ്ട്. സമൂഹത്തില്‍ നിപയെക്കുറിച്ചുള്ള ഭയം കുറവാണ് ഇപ്പോള്‍. വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധരുടെ ഒരു സംഘം തന്നെ നിപയെ നേരിടാന്‍ ആരോഗ്യവകുപ്പിനൊപ്പം ഉണ്ടെന്ന് നമുക്കറിയാം. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിന്ന് ഒരു പ്രത്യേക സംഘം വരികയും അവര്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിപയെ ആദ്യമായി നേരിട്ടപ്പോഴുള്ള അജ്ഞത പോലെയല്ല, ഈ വിഷയത്തിലുള്ള ആധികാരികമായ ജ്ഞാനം നമുക്കിപ്പോഴുണ്ട്. സര്‍വ്വ സന്നാഹങ്ങളുമുണ്ട്. ഇക്കാര്യത്തില്‍ പൊതുജനത്തിനുള്ള ആത്മവിശ്വാസം 'വൈറസ്' സിനിമയുടെ അണിയറപ്രവര്‍ത്തകരായ ഞങ്ങള്‍ക്കുമുണ്ട്. 

മാധ്യമങ്ങള്‍ ഏറെ സൂക്ഷിച്ചാണ് നിപയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. 'വൈറസ്' ഈ ഘട്ടത്തില്‍ പുറത്തിറങ്ങുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള ആശങ്കകളുണ്ടോ?

'വൈറസ്' ആളുകളില്‍ സൃഷ്ടിക്കുന്ന ഇംപാക്ടിനെക്കുറിച്ചാവും ചോദിച്ചത്. നിപ ആദ്യം സംഭവിച്ചപ്പോള്‍ നമുക്കുണ്ടായ ഭയം അതിനെക്കുറിച്ചുള്ള അജ്ഞത മൂലം കൂടി ഉണ്ടായതായിരുന്നു. പതിയെ ഈ വിഷയത്തെക്കുറിച്ച് പഠിച്ച്, നേടിയെടുത്ത അറിവില്‍ നിന്നാണ് നമ്മള്‍ ധൈര്യപ്പെട്ടത്. ആ അതിജീവന യാത്രയുടെ ഒരു ഡോക്യുമെന്‍റേഷനായി വൈറസ് എന്ന സിനിമയെ കാണാവുന്നതാണ്. അതുകൊണ്ടുതന്നെ രോഗകാലത്തെ ഭയത്തിന്‍റെ സഞ്ചാരങ്ങള്‍ സിനിമയില്‍ ഉണ്ടാവുമെങ്കിലും ഒരു പ്രതീക്ഷ നല്‍കിക്കൊണ്ടാവും അത് അവസാനിക്കുക. ഈ അതിജീവനം എങ്ങനെ സാധ്യമായി എന്നതിന്‍റെ ചിത്രമാവും സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ വെക്കുക. ഭയമല്ല, പ്രതീക്ഷയാവും 'വൈറസ്' ആത്യന്തികമായി നല്‍കുക എന്നാണ് ഞങ്ങളുടെ വിശ്വാസം.

virus movie script writer muhsin parari interview

നിപ പ്രതിരോധം സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കാനായത് പല മേഖലകളിലുള്ള ഒരുപാട് മനുഷ്യരുടെ കൂട്ടായ പരിശ്രമഫലമായാണ്. ഒരു ഫീച്ചര്‍ ഫിലിം ഫോര്‍മാറ്റിലേക്ക് നിപ അതിജീവനം കൊണ്ടുവരിക ദുഷ്‌കരമായിരുന്നില്ലേ?

തീര്‍ച്ഛയായും. തിരക്കഥാ രചനയിലെ ഏറ്റവും വലിയ വെല്ലുവിളി അതായിരുന്നു. നിപയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അനുഭവങ്ങള്‍ ആളുകള്‍ക്ക് ഉണ്ട്. ഡോക്ടര്‍മാരുടെയും രോഗികളുടെയും വീക്ഷണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാലും ഡോക്ടര്‍മാരുടെ സമൂഹം നേരിട്ട പ്രതിസന്ധിക്ക് മേല്‍ക്കൈ ഉണ്ടാവും സിനിമയില്‍. ആരോഗ്യവകുപ്പ്, ഭരണവിഭാഗം തുടങ്ങി എല്ലാവരും വളരെ മാനുഷികതയോടെയാണ് ഈ അടിയന്തിര സാഹചര്യത്തില്‍ പെരുമാറിയത്. ഇതൊക്കെ ഒരു സിനിമയായി ചിത്രീകരിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. കഥ പറയാനുള്ള സൗകര്യത്തിന് കഥാപാത്രങ്ങളെ സൃഷ്ടിച്ച് ഒരു ശ്രമം നടത്തുകയാണ്. ചോദിച്ചതുപോലെ ഒരു ഭഗീരഥ പ്രയത്‌നം തന്നെയായിരുന്നു അത്. നിപയുടെ പശ്ചാത്തലത്തില്‍ നമുക്ക് ഒരുപാട് കഥകള്‍ പറയാം. പക്ഷേ നിപയെത്തന്നെ പറയാനുള്ള കഥയാക്കുമ്പോള്‍ അതിന് പ്രായോഗികമായ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. 

'വൈറസ്' പ്രഖ്യാപിച്ച സമയത്ത് ആളുകള്‍ക്കിടയില്‍ ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നെന്ന് തോന്നുന്നു. യഥാര്‍ഥ സംഭവത്തെ ചിത്രീകരിക്കുന്ന സിനിമ എന്നാണ് ഭൂരിഭാഗവും ധരിച്ചിരിക്കുന്നതെന്ന് തോന്നുന്നു. യഥാര്‍ഥ സംഭവം എന്നതിനേക്കാള്‍ അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു ഫിക്ഷന്‍ സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളൊക്കെ അങ്ങനെയാണ്. യഥാര്‍ഥ വ്യക്തികളുടെ പേരുകളിലൊന്നുമല്ല കഥാപാത്രങ്ങള്‍. ജില്ലാ കലക്ടറായാലും ആരോഗ്യവകുപ്പ് മന്ത്രിയായാലുമൊക്കെ ഫിക്ഷണല്‍ ആയിട്ടാണ് സിനിമയില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. കഥാപാത്രങ്ങളുടെ 'സിനിമാറ്റിക് സ്വഭാവ'ത്തിനായി വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒന്നാമത് ഇതൊന്നും നമുക്ക് നേരിട്ട് പരിചയമുള്ള ആളുകളല്ല. അങ്ങനെയുള്ള ആളുകളിലേക്ക് നേരിട്ട് കണക്ട് ചെയ്തിട്ട് അവരുടെ ധാര്‍മ്മികതയെ ബാധിക്കുന്ന രൂപത്തിലേക്ക് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നമുക്ക് പറ്റില്ല. യഥാര്‍ഥ സംഭവത്തിന്റെ ഒരു സത്തയാണ് വൈറസില്‍ കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. നമ്മള്‍ സയന്‍സിനെ, അറിവിനെ എങ്ങനെ ഉപയോഗിക്കുന്നു, ഇത്തരമൊരു പ്രതിസന്ധിയില്‍ ഭയം ഒരു സമൂഹത്തെ എങ്ങനെ ഗ്രസിക്കുന്നു എന്നതൊക്കെ ചേര്‍ന്ന ഒരു വീക്ഷണത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഒരുപാട് മനുഷ്യര്‍ അവരുടെ ധാര്‍മികത കാത്തുസൂക്ഷിച്ചിട്ടുണ്ട്. അവരുടെയൊക്കെ സന്നദ്ധത, ധൈര്യം, പ്രോട്ടോകോളോ അധികാരക്രമമോ ഒന്നും നോക്കാതെയുള്ള ഉദ്യോഗസ്ഥരുടെ ഇടപെടല്‍, നാട്ടുകാരുടെ സന്നദ്ധത ഇങ്ങനെ ഒത്തിരി കാര്യങ്ങളുണ്ട്. കോഴിക്കോട്ടുകാരായതുകൊണ്ട് തനിക്ക് സാധ്യമായ ഒരുപാട് കാര്യങ്ങളുണ്ടെന്ന് കളക്ടര്‍ പറഞ്ഞിരുന്നു. അതിനോടൊക്കെ സത്യസന്ധത പുലര്‍ത്തിക്കൊണ്ടുള്ള ഒരു ഭാവനാസൃഷ്ടി ആണ് 'വൈറസ്'. അതുകൊണ്ടുതന്നെ നിപ ഇവിടെ സിനിമയ്ക്കുള്ള ഒരു പ്രചോദനമാണ്. സ്റ്റീവന്‍ സോഡര്‍ബര്‍ഗിന്‍റെ contagion (2011) എന്ന സിനിമയൊക്കെ അത്തരത്തില്‍ തന്നെയായിരുന്നു. 

virus movie script writer muhsin parari interview

നിപയുമായി ബന്ധപ്പെട്ടുള്ള വ്യക്തികളുടെ അനുഭവങ്ങളെ എത്രത്തോളം ആശ്രയിച്ചായിരുന്നു തിരക്കഥാ രചന? അവയെ കേസ് സ്റ്റഡികളായെടുത്ത് ആഴത്തില്‍ പരിശോധിച്ചിരുന്നോ?

വ്യക്തിപരമായ അനുഭവങ്ങളുടെ എല്ലാ നരേറ്റീവുകളും കേട്ടുകൊണ്ട് അതിനെ സ്വതന്ത്രമായ നിലയില്‍ ആവിഷ്‌കരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒരു കഥാപാത്രത്തിന്‍റെ അനുഭവങ്ങളോ അംശങ്ങളോ ഒക്കെ മറ്റൊരു കഥാപാത്രത്തിലേക്ക് ചിലപ്പോള്‍ എടുത്തിട്ടുണ്ട്. യഥാര്‍ഥ കഥാപാത്രങ്ങള്‍ക്ക് പകരം ഞങ്ങള്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് ആളുകള്‍ അറിയേണ്ടതുണ്ട് എന്ന് തോന്നുന്ന സംഭവങ്ങളെ സിനിമയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. റിയല്‍ ലൈഫ് കഥാപാത്രങ്ങള്‍ വൈറസില്‍ ഉണ്ടാവില്ല. 

നിപയുമായി ബന്ധപ്പെട്ട പേഴ്‌സണല്‍ നരേറ്റീവുകളുടെ കാര്യം പറയവെ മുഹ്‌സിന്‍റെ ബന്ധുവായ ഒരു മെഡിക്കല്‍ പിജി വിദ്യാര്‍ഥിയെക്കുറിച്ച് ആഷിക് അബു മുന്‍പ് സൂചിപ്പിച്ചിരുന്നു?

ഒരുപാട് ആളുകള്‍ അങ്ങനെയുണ്ട്. ഫസല്‍ എന്‍റെ കസിന്‍ ആയതുകൊണ്ട് നേരിട്ട് അറിയാനായി എന്നേയുള്ളൂ. എന്‍റെ വളരെ അടുത്ത സുഹൃത്ത് കൂടിയാണ് അവന്‍. കോഴിക്കോട് വച്ച് സ്ഥിരം കണ്ടുമുട്ടാറുള്ളതാണ്. എന്‍റെ എല്ലാ വര്‍ക്കുകളിലും നന്ദി എഴുതി കാണിക്കുന്നവരുടെ കൂട്ടത്തില്‍ അവന്‍റെ പേരും ഉണ്ടാവാറുണ്ട്. നിപയുടെ ഭീകരത വലിയ വാര്‍ത്തയാവുന്നതിന് മുന്‍പ് അവനില്‍ നിന്ന് ഞാന്‍ ഇതേക്കുറിച്ച് അറിഞ്ഞിരുന്നു. ഫസലിനെപ്പോലെ ഒരുപാട് ആളുകള്‍, വിദ്യാര്‍ഥികളും അധ്യാപകരും സീനിയര്‍ ഡോക്‌ടേഴ്‌സുമൊക്കെ ആ സമയത്ത് നന്നായി പണിയെടുത്തിട്ടുണ്ട്. പല മെഡിക്കല്‍ ബ്രാഞ്ചുകളിലെ ആളുകള്‍ ആ ശ്രമവുമായി സഹകരിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരുപാട് ഹീറോസ് ഉണ്ട് ഈ വിഷയത്തില്‍. 

virus movie script writer muhsin parari interview

സിനിമാരൂപം എത്തരത്തില്‍ വേണമെന്ന് രചന ആരംഭിക്കും മുന്‍പേ കൃത്യമായ ധാരണ ഉണ്ടായിരുന്നോ?

തീര്‍ച്ഛയായും. ഇത്തരത്തില്‍ ഒരു സിനിമയെക്കുറിച്ചുള്ള ആലോചന പറയുമ്പോള്‍ത്തന്നെ ആഷിക്കയ്ക്ക് അത് എങ്ങനെ വേണമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. എന്തായിരിക്കണം നരേഷന്റെ സ്‌റ്റൈല്‍ എന്നതിനെക്കുറിച്ചൊക്കെ. അത് എനിക്കും സുഹാസിനും ഷര്‍ഫുവിനും (സഹ തിരക്കഥാകൃത്തുക്കള്‍) വേഗത്തില്‍ ബോധ്യമായി. ഒരു ത്രില്ലര്‍ തന്നെയായിരിക്കും വൈറസ് എന്നാണ് കരുതുന്നത്. 

ഒരു സാധാരണ ചിത്രത്തേക്കാള്‍ വലിയ തോതിലുള്ള ഗവേഷണം ഇവിടെ ആവശ്യമല്ലേ?

നമ്മളില്‍ മിക്കവര്‍ക്കും നിരക്ഷരതയുള്ള രംഗമാണല്ലോ വൈദ്യശാസ്ത്ര മേഖല. എന്റെ കൂടെ നില്‍ക്കുന്ന രണ്ടുപേരും എഞ്ചിനീയര്‍മാരാണ്. സാഹിത്യമാണ് ഞാന്‍ പഠിച്ചത്. വൈദ്യശാസ്ത്ര പദങ്ങളുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ സഹായം വേണ്ടിയിരുന്നു. പക്ഷേ റഫറന്‍സുകള്‍ക്കായി കോഴിക്കോടുള്ള സീനിയര്‍ ഡോക്ടേഴ്‌സൊക്കെ ഞങ്ങളോട് അത്രയും നന്നായി സഹകരിച്ചു. 

virus movie script writer muhsin parari interview

വലിയൊരു താരനിര ഒരുമിച്ചെത്തുന്നത് കൊണ്ടുകൂടി ശ്രദ്ധിക്കപ്പെട്ട സിനിമയാണ് വൈറസ്. രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടൊവീനോ, പാര്‍വ്വതി അങ്ങനെ ഒരുപാട് പേര്‍. ഒരു പ്രധാന കഥാപാത്രത്തിന്‍റെ വീക്ഷണത്തിലേക്ക് ഒതുങ്ങാതെ പല കഥാപാത്രങ്ങളിലേക്ക് ഒരേപോലെ ഫോക്കസ് ചെയ്യുന്ന തരത്തിലാണോ തിരക്കഥയുടെ രൂപം?

ഒരു ഹൈപ്പര്‍ലിങ്ക് ഫോര്‍മാറ്റിലാണോ സിനിമ എന്ന് ചോദിച്ചാല്‍ സാങ്കേതികമായി അങ്ങനെയാണെന്ന് പറയാം. അതേസമയം ചില കഥാപാത്രങ്ങളെ കേന്ദ്രകഥാപാത്രങ്ങളായിത്തന്നെ അനുഭവിക്കാന്‍ സാധിക്കും. ചില അഭിനേതാക്കളൊക്കെ അതിഥിതാരങ്ങളായാവും വരിക. അവരുടെ സ്‌ക്രീന്‍ ടൈമിലൊക്കെ വ്യത്യാസമുണ്ടാവും. പ്രധാന കഥാപാത്രങ്ങളെയൊക്കെ അവതരിപ്പിക്കാന്‍ താരങ്ങള്‍ തന്നെ വേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. താരതമ്യങ്ങള്‍ക്കപ്പുറത്ത് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഓരോ മനുഷ്യരുടെയും സംഭാവനകള്‍ അത്രത്തോളം പ്രധാനമാണെന്നുള്ള തിരിച്ചറിവില്‍ നിന്നായിരുന്നു അത്. പ്രേക്ഷകര്‍ക്ക് ഓരോ കഥാപാത്രവുമായും വേഗത്തില്‍ കണക്ട് ചെയ്യാനും അവരെ താരങ്ങള്‍ അവതരിപ്പിച്ചാല്‍ നന്നാവുമെന്ന് തോന്നി. കഥാപാത്രങ്ങള്‍ക്ക് നമ്മള്‍ കൊടുക്കുന്ന ഒരു ബഹുമാനവും കൂടിയാണ് അത്. നിപ പ്രതിരോധവുമായി പല തരത്തില്‍ സഹകരിച്ച ആളുകള്‍ ആ ബഹുമാനം അര്‍ഹിക്കുന്നുണ്ട്. 

virus movie script writer muhsin parari interview

നിപയുടെ പശ്ചാത്തലം എന്നതിനപ്പുറം കോഴിക്കോടന്‍ പ്രാദേശികത സിനിമയില്‍ കടന്നുവരുന്നുണ്ടോ?

നിപ കോഴിക്കോട് സംഭവിച്ചതുകൊണ്ട് അവിടം പശ്ചാത്തലമാക്കി എന്നേയുള്ളൂ. അതല്ലാതെ ആ പ്രദേശത്തിലേക്ക് കൂടുതല്‍ കേന്ദ്രീകരിക്കുന്നില്ല. റിസര്‍ച്ചുമായി ബന്ധപ്പെട്ട് കാണാനുള്ള കൂടുതല്‍ ആളുകളും അവിടെയായിരുന്നു. അതിനാല്‍ പ്ലേസ് ചെയ്യുന്നതും അവിടെ ആവുന്നതാണ് സൗകര്യം എന്ന് വിചാരിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios