ജിസ് ജോയ് ട്രാക്ക് മാറ്റി; തീയേറ്ററിൽ തിളങ്ങി 'തലവൻ' 

"എന്നെക്കുറിച്ചുള്ള ഫീൽ ​ഗുഡ് ട്രോളുകൾ ചിരിച്ചുകൊണ്ട് കാണുന്നയാളാണ് ഞാൻ."

Thalavan director jis joy interview

ഫീൽ​ഗുഡ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ജിസ് ജോയ് സംവിധാനം ചെയ്ത കുറ്റന്വേഷണ കഥയാണ് 'തലവൻ'. ആസിഫ് അലിയും ബിജു മേനോനും പ്രധാനകഥാപാത്രങ്ങളായ സിനിമ, തീയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സംവിധായകൻ സംസാരിക്കുന്നു.

മെയ് അവസാന ആഴ്ച്ചയിലെ റിലീസുകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമയായി മാറിയല്ലോ 'തലവൻ'. എങ്ങനെയുണ്ട് പ്രേക്ഷകപ്രതികരണങ്ങൾ?

നല്ല പ്രതികരണങ്ങളാണ് കിട്ടുന്നത്. ഫസ്റ്റ് ഷോ 12.30-ന് കഴിഞ്ഞപ്പോൾ മുതൽ നിരന്തരം കോളുകളും മെസേജുകളും വരുന്നുണ്ട്; എനിക്ക് മാത്രമല്ല, എന്റെ ക്രൂവിലുള്ള എല്ലാവർക്കും. അത് തന്നെയാണല്ലോ ഒരു സിനിമയെടുക്കുമ്പോൾ നമുക്കുള്ള ഏറ്റവും വലിയ സ്വപ്നം.

വിളിക്കുന്നവരിൽ കൂടുതൽ പേരും എടുത്തു പറയുന്നത് എന്താണ്?

തിരക്കഥയാണ് എല്ലാവരും പ്രത്യേകം എടുത്തുപറയുന്നത്. സാധാരണ സിനിമ കാഴ്ച്ചയ്ക്ക് ഇടയിൽ മൊബൈലിലേക്ക് പോകാറുണ്ട്, അത് ഉണ്ടായില്ലെന്ന് കുറെപ്പേർ പറഞ്ഞു; പൂർണമായും സ്ക്രീനിലായിരുന്നു. ആളുകൾ അത്രയ്ക്കും എൻ​ഗേജ്ഡ് ആയിരുന്നു എന്നാണ് കൂടുതൽ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്. പിന്നെ ഇതിന്റെ സിനിമാറ്റോ​ഗ്രഫി, ബാക്ക്​ഗ്രൗണ്ട് സ്കോർ ഇതെല്ലാം ഇഷ്ടപ്പെട്ടെന്ന് പറയുന്നുണ്ട്. ആസിഫ് അലി ബിജു മേനോനൊപ്പം പിടിച്ചുനിന്നു എന്ന് ചിലർ പറയുന്നുണ്ട്. ഇന്ന് രാവിലെ യു.കെയിൽ നിന്ന് ഒരാൾ മെസേജ് അയച്ചു, കഴിഞ്ഞ ദിവസം ടിക്കറ്റ് നോക്കിയിട്ട് കിട്ടിയില്ല എന്ന്. അതൊക്കെ എന്നെ സംബന്ധിച്ച് പുതിയ വാർത്തയാണ്.

ആസിഫ് അലി, ജിസ് ജോയ് സിനിമകളുടെ സ്ഥിരം ഘടകമാണ്. നിങ്ങളുടെ അടുപ്പത്തെക്കുറിച്ച് പറയൂ?

ആസിഫിനെ കൺവിൻസ് ചെയ്യിപ്പിക്കാൻ എനിക്ക് എളുപ്പമാണ്. മറ്റേതൊരു നടനോട് സംസാരിക്കുന്നതിനെക്കാളും എളുപ്പമാണ്. ആസിഫ് എന്റെ ഓരോ കഥയും കേൾക്കുന്നത് ഒരു അറുപത് ശതമാനം ഉറപ്പോടെയാണ്. പരിചയമില്ലാത്ത ഒരാളുടെ അടുത്തുപോയി ഞാൻ കഥ പറഞ്ഞാൽ അത് പൂജ്യത്തിൽ നിന്നും തുടങ്ങേണ്ടി വരും. അത് ആസിഫ് എന്നിൽ അർപ്പിക്കുന്ന വിശ്വാസമാണെന്നാണ് ഞാൻ കരുതുന്നത്. കാരണം ഇതുവരെ അദ്ദേഹം തന്ന ഡേറ്റ് ഞാൻ ദുരുപയോ​ഗം ചെയ്തിട്ടില്ലല്ലോ. തന്ന സിനിമകളെല്ലാം ചെയ്തെടുക്കാൻ സാധിച്ചു.

ജിസ് ജോയ് എന്നാൽ ഫീൽ ​ഗുഡ് സിനിമകളെന്നാണ് ഇതുവരെ പ്രേക്ഷകർ കരുതിയിരുന്നത്. ഇപ്പോൾ ജിസ് ജോയ് ട്രാക്ക് മാറ്റി. എന്താണ് കാരണം?

ഈസിയായി ചെയ്യാൻ പറ്റുന്ന സിനിമകൾ മാത്രം ഉണ്ടാക്കിക്കൊണ്ടിരുന്നാൽ മാറ്റങ്ങൾക്ക് അനുസരിച്ച് ഫലം കിട്ടാതെ വരും. പണ്ടത്തെ കാലമല്ലല്ലോ ഇപ്പോൾ. മുൻപ് വിരലിലെണ്ണാവുന്ന സംവിധായകരെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഏത് ആർട്ടിസ്റ്റിന്റെ അടുത്തുപോയാലും പത്ത് സിനിമയെങ്കിലും കമ്മിറ്റ് ചെയ്തിട്ടുണ്ടാകും. കംഫർട്ട്സോൺ പൊട്ടിക്കുക എന്നതായിരുന്നു എന്റെ ആവശ്യം. സംവിധായകൻ സിദ്ദിഖ് ആണ് എനിക്കത് പറഞ്ഞു തന്നത്. അദ്ദേഹത്തിനാണ് ഈ സിനിമ സമർപ്പിച്ചിരിക്കുന്നത്. റിസ്ക് എടുക്കണം എന്ന് അദ്ദേഹം പറഞ്ഞു. അതാണ് ഈ സിനിമയുടെ പിന്നിൽ. പിന്നെ എനിക്ക് പേടിയുണ്ടായിരുന്നു, ഫീൽ ​ഗുഡ് മാത്രം ചെയ്യുന്ന ഒരാൾ അത് മാറ്റിപ്പിടിക്കുമ്പോൾ ആളുകൾ അം​ഗീകരിക്കുമോ എന്ന്. അടുത്ത സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവരും അത് ശരിവച്ചു. പക്ഷേ, ഒരു ഉ​ഗ്രൻ പടം ചെയ്യണം എന്നതായിരുന്നു അവരുടെ ഉപദേശം.

Thalavan director jis joy interview

ഇതൊരു ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറാണ്. ഈ സ്വഭാവമുള്ള സിനിമകൾ മലയാളത്തിൽ നിരവധിയുണ്ട്. എങ്ങനെയാണ് സിനിമയുടെ സ്വാഭാവം തീരുമാനിക്കുക?

ത്രില്ലറുകളോട് ആളുകൾക്ക് എപ്പോഴും താൽപര്യമുണ്ട്. ഒന്നുകിൽ നല്ല ഹ്യൂമർ കൊടുക്കണം. പ്രത്യേകിച്ച് വൻ കഥകൾ ഒന്നും ഇല്ലെങ്കിലും ആളുകളെ ചിരിപ്പിച്ചുകൊണ്ടിരുന്നാൽ പടം ഓടും. അടുത്തത് ആളുകളെ എൻ​ഗേജ്ഡ് ആക്കുന്ന സീറ്റ്-എഡ്ജ് ത്രില്ലറുകൾ വരണം, അല്ലെങ്കിൽ നല്ല ഫൈറ്റ് കൂടെ സ്ട്രോങ് ആയ സ്റ്റോറി, ആർ.ഡി.എക്സ് പോലെ. ഈ ഫോർമുലയോ... പിന്നെ അനിയത്തിപ്രാവ് പോലത്തെ റൊമാന്റിക് പടങ്ങൾ ആവണം. ഈ സിനിമകൾ എപ്പോൾ വന്നാലും ഓടും. പക്ഷേ, അതിനകത്ത് കഥയ്ക്ക് പുതുമയുണ്ടാകണം.

തിരക്കഥയാണ് ഈ സിനിമയുടെ നട്ടെല്ല്. തിരക്കഥാകൃത്തുക്കൾ രണ്ടുപേരുടെയും ആദ്യത്തെ സംരംഭം കൂടെയാണിത്...

അതെ. ശരത്ത് പെരുമ്പാവൂർ, ആനന്ദ് തേവർകാട് എന്നിവരാണ് തിരക്കഥാകൃത്തുക്കൾ. അവർ രണ്ടുപേരും എന്നെ മറ്റൊരു കഥയുമായി വന്ന് കണ്ടതാണ്. അതിന്റെ കൂടെ ലൈറ്റ് ആയിട്ട് പറഞ്ഞതാണ് ഈ കഥ. മറ്റേ കഥ അവിടെ നിൽക്കട്ടെ ഇത് ചെയ്യാം എന്ന് ഞാൻ പറഞ്ഞു. എനിക്ക് തോന്നുന്നു മലയാള സിനിമയിൽ വളരെ പ്രതീക്ഷയുള്ള എഴുത്തുകാരാണ് രണ്ടുപേരും.

ജിസ് ജോയ് സോഷ്യൽ മീഡിയയിൽ ഒരുപാട് കളിയാക്കലുകൾക്ക് ഇരയാണ്...

സോഷ്യൽ മീഡിയ ശ്രദ്ധിച്ചില്ലെങ്കിൽ ഇവിടെ നിൽക്കാൻ പറ്റില്ല. എന്നെക്കുറിച്ചുള്ള ഫീൽ ​ഗുഡ് ട്രോളുകൾ ചിരിച്ചുകൊണ്ട് കാണുന്നയാളാണ് ഞാൻ. നമ്മളെക്കുറിച്ച് ആളുകൾ ഡിസ്കസ് ചെയ്യുന്നത് പോലെ സന്തോഷമുള്ള കാര്യമുണ്ടോ. നെ​ഗറ്റീവ് കമന്റുകൾ ഞാൻ കാണാറുണ്ട്. ചിലപ്പോൾ ഒരു  മനുഷ്യൻ എന്ന രീതിയിൽ വിഷമം തോന്നാറുണ്ട്. പക്ഷേ, ഉള്ളിൽ ഒരു ആത്മീയത ഉള്ളതുകൊണ്ടാകാം രണ്ടാമതൊരു നോട്ടം ഞാൻ നോക്കാറില്ല. പിന്നെ എനിക്ക് നേരെ മാത്രമല്ലല്ലോ, ഏതൊരു വ്യക്തിക്കും നേരെ നെ​ഗറ്റീവ് കമന്റുകൾ വരാറുണ്ട്. സോഷ്യൽ മീഡിയയിലല്ല, മനുഷ്യനുള്ള കാലം മുതൽ ഇതുണ്ട്.

(സംഭാഷണത്തിന്റെ പ്രസക്തഭാ​ഗങ്ങൾ. വ്യക്തതയ്ക്ക് വേണ്ടി അഭിമുഖം എഡിറ്റ് ചെയ്തിട്ടുണ്ട്.)

Latest Videos
Follow Us:
Download App:
  • android
  • ios