'ഇനി ഒരു ആക്ഷൻപടം വന്നാൽ 'മാർക്കോ'യുടെ മുകളിലായിരിക്കണം'
മാർക്കോയുടെ സഹോദരൻ വിക്ടറായി എത്തിയത് പുതുമുഖ നടൻ ഇഷാൻ ഷൗക്കത്ത്. 'മാർക്കോ' അനുഭവങ്ങൾ വിവരിക്കുകയാണ് ഇഷാൻ.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായ "മാർക്കോ" പുത്തൻ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. കേരളത്തിനും പുറത്തും തരംഗമായ മാർക്കോയിൽ ശ്രദ്ധേയമായ കഥാപാത്രമാണ് പുതുമുഖതാരം ഇഷാൻ ഷൗക്കത്ത് അവതരിപ്പിച്ചത്. നായകനായ മാർക്കോയുടെ സഹോദരൻ വിക്ടറായി തിളങ്ങിയ ഇഷാൻ, മാർക്കോ അനുഭവങ്ങൾ പങ്കുവെക്കുന്നു.
മാർക്കോയുടെ സഹോദരൻ വിക്ടർ ആയാണ് ഇഷാൻ അഭിനയിക്കുന്നത്. ഇഷാന്റെ അരങ്ങേറ്റ വേഷമാണിത്. എങ്ങനെയാണ് ഈ വേഷം ലഭിച്ചത്?
സംവിധായകൻ ഹനീഫ് സാറും പ്രൊഡ്യൂസർ ഷരീഫ് മുഹമ്മദ് സാറുമാണ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്. ഞാൻ മുൻപ് ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു. അതിലൂടെയാണ് അവർക്ക് തോന്നിയത്, എനിക്ക് ഈ വേഷം ചെയ്യാൻ പറ്റുമെന്ന്. സ്ക്രീൻ ടെസ്റ്റും ഓഡിഷനും ഒന്നുമില്ലായിരുന്നു, അവർക്ക് പക്ഷേ ആത്മവിശ്വാസമുണ്ടായിരുന്നു. സിനിമ ആക്ഷൻ പടമാണെങ്കിലും ആദ്യം വൈകാരികമായ ചില ഭാഗങ്ങൾ ശ്രദ്ധിക്കപ്പെടണം എന്നതായിരുന്നു കിട്ടിയ നിർദേശം. ഈ സിനിമയിൽ ഇമോഷണൽ കോർ എന്നത് മാർക്കോയും വിക്ടറുമാണ്. അതിനായി ഞാൻ ഒരുപാട് ഹോം വർക്ക് ചെയ്തിരുന്നു.
സിനിമയുമായി ഇഷാന് നേരത്തെ ബന്ധങ്ങളൊന്നുമില്ലേ?
ഉണ്ട്. ഞാൻ മുൻപ് സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ട്, സാറ്റർഡേ നൈറ്റ് സിനിമയിൽ. അഭിനയം തന്നെയായിരുന്നു എനിക്കിഷ്ടം. പക്ഷേ, അസിസ്റ്റന്റ് ഡയറക്ടറായാൽ സിനിമയിലെ എല്ലാ മേഖലയിലും ജോലി ചെയ്യാം, എല്ലാത്തിനെയും കുറിച്ച് പഠിക്കാം. അങ്ങനെ ചെയ്താൽ ക്യാമറയെ ഫേസ് ചെയ്യാൻ പേടിയുണ്ടാകില്ല. സത്യത്തിൽ ആ സിനിമ തന്നെയാണ് എന്റെ ഫിലിം സ്കൂൾ. അതിന് മുൻപ് ഡെഡ്ലൈൻ എന്ന ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. അത് എന്റെ സഹോദരൻ ഷിഹാനാണ് സംവിധാനം ചെയ്തത്. അത് പിന്നീട് ശ്രദ്ധിക്കപ്പെട്ടു. അതിന്റെ റെസ്പോൺസ് വച്ചാണ് എന്റെ അഭിനയം ആളുകൾക്ക് ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസ്സിലായത്.
മാർക്കോ വലിയ പ്രതികരണമാണ് കേരളത്തിലും പുറത്തും ഉണ്ടാക്കിയത്. ഇത് ഷൂട്ട് ചെയ്യുന്ന സമയത്ത് തോന്നിയിരുന്നോ, ഇത്ര വലിയ ഒരു സിനിമയുടെ ഭാഗമാണ് എന്ന്?
ഷൂട്ടിങ് സമയത്ത് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, അതിന്റെ സമ്മർദ്ദം ഒന്നും ഇല്ലായിരുന്നു. പ്രത്യേകിച്ചും ഉണ്ണിമുകുന്ദൻ, ഹനീഫ് അദേനി, പ്രൊഡ്യൂസർ ഷരീഫ് മുഹമ്മദ് അവരെല്ലാം ഒട്ടും സമ്മർദ്ദമില്ലാതെയാണ് ഇടപെട്ടിരുന്നു. ചിലപ്പോൾ ഉള്ളിൽ സമ്മർദ്ദം ഉണ്ടായിക്കാണും, പക്ഷേ, അവർ അത് പ്രകടിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എനിക്കും സമ്മർദ്ദങ്ങളില്ലായിരുന്നു.
ഇഷാന്റെ കഥാപാത്രം അന്ധനാണ്. എങ്ങനെയാണ് ഈ വേഷത്തിൽ അഭിനയിക്കാൻ തയാറെടുത്തത്?
സംവിധായകൻ എനിക്ക് തന്ന നിർദേശം വളരെ നാച്ചുറലായി അഭിനയിക്കാനാണ്. എനിക്ക് മുൻപിൽ ഒരുപാട് മാതൃകകൾ ഉണ്ടായിരുന്നു. 'ഒപ്പ'ത്തിലെ മോഹൻലാൽ, 'നേര്' സിനിമയിലെ അനശ്വര രാജൻ... പക്ഷേ, അത് പകർത്തിയാൽ ശരിയാകില്ലെന്ന് തോന്നി. പിന്നെ ഞാൻ കാഴ്ച്ചയില്ലാത്ത ആളുകളുടെ അഭിമുഖങ്ങൾ കാണാൻ തുടങ്ങി. അപ്പോഴാണ് മനസ്സിലായത്, കാഴ്ച്ചയില്ലാത്തവർക്ക് ഓരോരുത്തർക്കും ഓരോ അനുഭവങ്ങളാണ്. ഒരേ രീതിയിലല്ല അന്ധത അവരെ ബാധിക്കുന്നത്. അങ്ങനെ സ്വന്തം ശൈലിക്ക് വേണ്ടിയാണ് ഞാൻ ശ്രമിച്ചത്.
ആദ്യ സിനിമ, ആദ്യ വേഷം... പ്രതികരണങ്ങൾ എങ്ങനെയുണ്ട്?
ഞാൻ പടം കാണാൻ പോയത് ഫാമിലിയുടെ കൂടെയാണ്. അവർ ഭയങ്കര ഹാപ്പി, അഭിമാനം! അത് കണ്ടപ്പോൾ ഞാനും ഹാപ്പിയായി. അവർ അത്രയ്ക്ക് സന്തോഷിച്ചെങ്കിൽ സ്വാഭാവികമായും എന്റെ ശ്രമവും നല്ലതായിരിക്കുമല്ലോ. അവരുടെ സന്തോഷത്തിനാണ് ഞാൻ പ്രധാന്യം കൊടുക്കുന്നത്.
സിനിമയ്ക്ക് പക്ഷേ 'എ' സർട്ടിഫിക്കറ്റാണ്. കുടുംബ പ്രേക്ഷകർ അകന്നുപോകുമെന്ന വിഷമമില്ലേ?
ഏയ്, അങ്ങനെ വിഷമം ഇല്ല. ഇനി ഒ.ടി.ടി ഒക്കെ വരുമ്പോൾ എല്ലാവരും കാണും. സിനിമ 'യു' സർട്ടിഫിക്കറ്റ് റിലീസ് ആയിരുന്നെങ്കിൽ ഈ റെസ്പോൺസ് ചിലപ്പോൾ കിട്ടില്ലായിരുന്നു. മാർക്കോ എന്നെ സംബന്ധിച്ച് ഒരു അനുഗ്രഹമാണ്.
എവിടെയാണ് മലയാളത്തിലെ ആക്ഷൻ സിനിമകളിൽ മാർക്കോയുടെ സ്ഥാനം?
ഇനി ഒരു ആക്ഷൻപടം വന്നാൽ മാർക്കോയുടെ മുകളിലായിരിക്കണം. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഒക്കെ ഞാൻ ഹാഷ്ടാഗ് കാണുന്നുണ്ട്, 'ബെഞ്ച്മാർക്കോ' എന്നൊക്കെ. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ വ്യത്യസ്തമായ സിനിമയെടുപ്പാണിത്. മാർക്കോയിലൂടെ നമ്മൾ സെറ്റ് ചെയ്ത സ്റ്റാൻഡേഡ് ഒരുപാട് മുകളിലാണ്. സാധാരണ അഭിനേതാക്കൾക്കാണ് നമ്മൾ ക്രെഡിറ്റ് കൊടുക്കാറ്. പക്ഷേ, മാർക്കോയിൽ ക്യാമറ, ആക്ഷൻ, എഡിറ്റിങ്, ആർട്ട് എന്നിങ്ങനെ എല്ലാവരും ഏറ്റവും മികച്ച പ്രകടനം നടത്തി. അവർക്കാണ് ശരിക്കും ക്രെഡിറ്റ് കിട്ടേണ്ടത്.