മധുരരാജയിലെ നായകള്‍ ഗ്രാഫിക്സാണോ; സംശയിക്കുന്നവര്‍ക്ക് ഇതാ ഉത്തരം

രാജയില്‍ ക്രൂരതയുടെ പര്യായമായവര്‍ മേവടയിലെ സാജന്‍റെ വീട്ടിലെത്തിയാല്‍ ഓമനിക്കാന്‍ തോന്നുന്ന പാവം നായകളാകും. അവര്‍ വില്ലന്മാരാകണേല്‍ സാജന്‍റെ ചെറിയ ഒരു മൂളല്‍ മാത്രം മതിയാകും... സാജന്‍ പറയുകയാണ് കുഞ്ഞ് നാളില്‍ തുടങ്ങിയ നായയോട് ഉള്ള അഗാധമായ സ്നേഹത്തിന്‍റെ കഥ

madhuraraja dogs real or not real

          മധുരരാജയിലെ നായകള്‍ ഗ്രാഫിക്സാണോ? സിനിമ കണ്ട ശേഷം പലര്‍ക്കും ഇങ്ങനെ ഒരു സംശയം തോന്നിയിരിക്കാം. കടിച്ച് പറിക്കുന്ന ഭീകരരായ നായകളെ എങ്ങനെ ഇത്രയും മികവോടെ അഭിനയിപ്പിക്കും എന്ന ചിന്തയാകാം അത്തരമൊരു സംശയത്തിന് പിന്നില്‍.

എന്നാല്‍ പാലായ്ക്ക് അടുത്തുള്ള മേവട എന്ന ചെറിയ ഗ്രാമത്തില്‍ ഒരു ഡോഗ് ട്രെയിനിംഗ് സ്കൂള്‍ നടത്തുന്ന സാജന്‍ നല്ല കോട്ടയം ഭാഷയില്‍ പറയും... ''ഓ എന്നതാടാ... അതൊക്കെ നമ്മുടെ സ്വന്തം പിള്ളേരാണ്... അതിലൊരു ഗ്രാഫിക്സും ഇല്ല കേട്ടോ'' രാജയില്‍ ക്രൂരതയുടെ പര്യായമായവര്‍ മേവടയിലെ സാജന്‍റെ വീട്ടിലെത്തിയാല്‍ ഓമനിക്കാന്‍ തോന്നുന്ന പാവം നായകളാകും.

madhuraraja dogs real or not real

അവര്‍ വില്ലന്മാരാകണേല്‍ സാജന്‍റെ ചെറിയ ഒരു മൂളല്‍ മാത്രം മതിയാകും... സാജന്‍ പറയുകയാണ് കുഞ്ഞ് നാളില്‍ തുടങ്ങിയ നായകളോടുള്ള അഗാധമായ സ്നേഹത്തിന്‍റെ കഥ, അവിടെ നിന്ന് മധുരരാജ വരെ എത്തി നില്‍ക്കുന്ന സംഭവബഹുലമായ ജീവിതം...

മധുരരാജയിലെ നായകളുടെ സീന്‍ ഗ്രാഫിക്സാണോ?

ഗ്രാഫിക്സ് ഒട്ടും ഉപയോഗിക്കാതെയാണ് മധുരരാജയിലെ നായകളുടെ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. എന്‍റെ നായകളെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സിനിമ കണ്ട പലരും വിളിച്ച് ചോദിക്കുന്നുണ്ട് അതെല്ലാം ഗ്രാഫിക്സ് ആണോ എന്ന്. എന്നാല്‍, നീണ്ട കാലത്തെ പരീശിലനങ്ങളുടെ വിജയമാണ് മധുരരാജയില്‍ കണ്ടത്.

രാജയിലേക്ക് എത്തിയ കഥ

ആ കഥയില്‍ നായ ഒരു അനിവാര്യമായ ഘടകമായിരുന്നു. ഏകദേശം പത്തോളം നായകളെയാണ് അവര്‍ക്ക് ആവശ്യമുണ്ടായിരുന്നത്. പലയിടത്തും പോയി നായകളെ കണ്ട ശേഷമാണ് ഇവിടെ എത്തുന്നത്. അഗ്രസീവ് ഗാര്‍ഡ് ഡോഗ്സിനെയാണ് ആവശ്യമുണ്ടായിരുന്നത്. അതുകൊണ്ടാണ് അവസരം ലഭിച്ചത്. പിന്നീട് പീറ്റര്‍ ഹെയ്ന്‍ സാര്‍ ഇവിടെ വന്ന് നായകളെ കാണാനുമെത്തി. 

ഷൂട്ടിംഗ് അനുഭവങ്ങള്‍

ഇവിടെ എന്നും ചെയ്യുന്ന പരിശീലനം തന്നെ അവിടെ ചെയ്തെന്ന് മാത്രമേയുള്ളൂ. മധുരരാജയില്‍ ഉപയോഗിച്ചിരിക്കുന്ന നായകളെല്ലാം നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്നവയാണ്. ബല്‍ജിയം മലിനോയിസ് എന്ന ബ്രീഡിനെയാണ് ഉപയോഗിച്ചിരിക്കുന്നത്.

ബല്‍ജിയം മലിനോയിസ് എന്ന ഭീകരന്‍

ഏറെ പ്രത്യേകതകളുള്ള നായകളാണ് ബല്‍ജിയം മലിനോയിസ്. പെട്ടെന്ന് പഠിക്കാനുള്ള കഴിവും അതിന്‍റെ ഫോക്കസിംഗുമാണ് എടുത്ത് പറയേണ്ടത്. പിന്നെ വേഗതയും ശരീരത്തിന്‍റെ കരുത്തുമാണ്. അമേരിക്കന്‍ സെെന്യമെല്ലാം ഉപയോഗിക്കുന്നത് മലിനോയിസിനെയാണ്.

madhuraraja dogs real or not real

അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്നതും ബിന്‍ലാദനെ പിടിക്കാന്‍ പോയ സംഘത്തിനൊപ്പം ഉണ്ടായിരുന്നതും ഇതേ ബ്രീഡ് തന്നെയാണ്. തന്‍റെ യജമാനന്‍റെ അടുത്ത് ആരെങ്കിലും വന്നാല്‍ അയാളുടെ മനസ് അറിയാനുള്ള കഴിവ് മലിനോയിസിനുണ്ട്. ഒരാള്‍ എത്ര ചിരിച്ച് വന്നാലും ഹൃദയമിടിപ്പെല്ലാം മനസിലാക്കി ഉപദ്രവിക്കാനാണോ ആള് എത്തുന്നത് ഇവന്മാര്‍ കണ്ടുപിടിക്കും. 

പരീശിലനം ഇങ്ങനെ

നിപ്പപ്പോ എന്ന പരിശീലനരീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. ആദ്യം അവരില്‍ എന്തെങ്കിലും ഒരു സാധനത്തോടുള്ള ഇഷ്ടമുണ്ടാക്കും. കളിക്കാന്‍ ഇഷ്ടമുള്ളവയാണെങ്കില്‍ പന്ത് അല്ലെങ്കിലും ഭക്ഷണമാണ് ഇഷ്ടമെങ്കില്‍ അത്. പരിശീലന സമയത്ത് ഇത് നല്‍കുമെന്ന് പഠിപ്പിച്ച് നമുക്ക്  വേണ്ട കാര്യങ്ങള്‍ അവരെ കൊണ്ട് ചെയ്യിക്കുകയാണ്. 

മമ്മൂക്ക ഞെട്ടിയോ

ഷൂട്ടിംഗ് സമയത്ത് മമ്മൂക്ക വലിയ പിന്തുണയാണ് നല്‍കിയത്. പുറത്ത് കേട്ടിരുന്നത് മമ്മൂക്ക ഭയങ്കര അരിശമുള്ളയാളാണെന്നൊക്കെയാണ്. ഈ പേടി മനസിലിട്ടാണ് ചെന്നത്. എന്നാല്‍, അവിടെ ചെന്നതോടെ അതൊക്കെ മാറി. ഞാനും ചെറിയ ഒരു വേഷം രാജയില്‍ ചെയ്തിരുന്നു.

മമ്മൂക്കയുടെ കെെയില്‍ പിടിക്കുന്ന ഒരു ഫെെറ്റ് സീനുണ്ടായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്‍റെ കെെ പൊള്ളിയിരിക്കുകയായിരുന്നു. അതുകൊണ്ട് കെെയില്‍ പിടിക്കാന്‍ മടിച്ച് നിന്നു. എന്നാല്‍, കെെയില്‍ പിടിക്ക്... അല്ലാതെ ഇപ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും എന്നൊക്കെ പറഞ്ഞ് മമ്മൂക്ക ധെെര്യം നല്‍കി. 

പീറ്റര്‍ ഹെയ്ന്‍റെ അധ്വാനം

മധുരരാജയില്‍ പീറ്റര്‍ ഹെയ്ന്‍ ഉള്ളത് കൊണ്ട് മാത്രമാണ് ഇത്രയും മികച്ച രീതിയില്‍ ആ സീനുകള്‍ എടുക്കാന്‍ സാധിച്ചത്. മൃഗം ഒരിക്കലും മനുഷ്യന്‍ അഭിനയിക്കുന്നത് പോലെ ചെയ്യില്ല. ഇപ്പോള്‍ അവിടെ കടിക്കാന്‍ പറഞ്ഞാല്‍ അവരത് ചെയ്യും. കുഞ്ഞ് കുട്ടികളെ അഭിനയിപ്പിക്കുന്നത് പോലെയാണ് നായയെയും ചെയ്യിക്കേണ്ടത്. ഇത് മനസിലാക്കിയാണ് പീറ്റര്‍ ഹെയ്ന്‍ സാര്‍ എല്ലാം പറയുന്നത്. എങ്ങനെ നായയെ കൊണ്ട് ചെയ്യിപ്പിക്കാം എന്ന നമ്മളോടും അദ്ദേഹം ചര്‍ച്ച ചെയ്യും. അതെല്ലാ വലിയ ഊര്‍ജമാണ് നല്‍കിയത്. 

madhuraraja dogs real or not real

സിനിമ മാത്രമല്ല

വര്‍ഷങ്ങളായി ഇതൊരു ട്രെയിനിംഗ് സ്കൂളാണ്. പുറത്ത് നിന്നുള്ള നായകളെ ഇവിടെ കൊണ്ട് വിടും. അവര്‍ക്ക് വേണ്ട പരിശീലനങ്ങള്‍ നമ്മള്‍ നല്‍കും. ഇന്ത്യയിലെ പല ഭാഗത്ത് നിന്നും നായകളെ പരിശീലിപ്പിക്കാന്‍ ഇവിടെ കൊണ്ട് വരാറുണ്ട്. അടിസ്ഥാനപരമായ പരിശീലനങ്ങള്‍ കൂടാതെ, ട്രിക്ക് ട്രെയിനിംഗ്, നാര്‍ക്കോട്ടിക്, അറ്റാക്കിംഗ് എന്നിങ്ങനെ എല്ലാം പഠിപ്പിക്കാറുണ്ട്. ഏകദേശം 50 നായകള്‍ ഒരേസമയം ഇവിടെ പരിശീലനത്തിന്  ഉണ്ടാവും. വീട്ടാവശ്യത്തിനും കൂടാതെ പൊലീസ് ആവശ്യങ്ങളും പരിശീലനം നേടിയ നായകള്‍ പോകാറുണ്ട്.

വീഡിയോ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios