'സത്യം പറഞ്ഞാ വിശ്വസിക്കുവോ?' 'തൊണ്ടിമുതലും ദൃക്സാക്ഷിയും' അല്ല പുതിയ സിനിമ!

തൊണ്ടിമുതലുമായി ഒരു താരതമ്യം നടത്തുന്നതിൽ അർത്ഥമില്ല

Interview with script writer Sajeev Pazhoor

ആദ്യമായി എഴുതിയ തിരക്കഥയ്‍ക്ക് തന്നെ ദേശീയ പുരസ്‍കാരവും സംസ്ഥാന പുരസ്‍കാരവും. അവാര്‍ഡിന്‍റെ തിളക്കം മാത്രമല്ല, പ്രേക്ഷകപ്രീതിയും സ്വന്തമാക്കിയാണ് സജീവ് പാഴൂര്‍ എന്ന തിരക്കഥാകൃത്ത് സിനിമയിലേക്ക് വരവറിയിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം സജീവ് പാഴൂര്‍ പുതിയ സിനിമയുമായി എത്തുകയാണ്. 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രമാണ് സജീവ് പാഴൂരിന്‍റെ തിരക്കഥയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. 12നാണ് ചിത്രം റിലീസ് ചെയ്യുക. സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ സജീവ് പാഴൂര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്‍ക്കുന്നു. വിഷ്‍ണു വേണുഗോപാല്‍ നടത്തിയ അഭിമുഖം.Interview with script writer Sajeev Pazhoor

സത്യം പറഞ്ഞാ വിശ്വസിക്കുമോ?

കുടുംബ പ്രേക്ഷകർക്ക് രണ്ട് മണിക്കൂർ ആസ്വദിക്കാൻ കഴിയുന്ന ഒരു സിനിമയായിരിക്കണം എന്ന നിലയിലാണ് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന സിനിമ ഞങ്ങൾ ആലോചിച്ചതും അത് യാഥാർത്ഥ്യത്തിലേക്ക് എത്തുന്നതും. ലളിതമായ അവതരണ രീതിയിലൂടെ കുടുംബ പ്രേക്ഷകരിലേക്ക് എത്തുക എന്നതാണ് ചിത്രത്തിന്‍റെ സംവിധായകനായ ജി പ്രജിത്ത് സ്വീകരിച്ച അവതരണ രീതി. അത് പ്രേക്ഷകർ സ്വീകരിക്കും എന്നാണ് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നത്. അതോടൊപ്പം സാമൂഹ്യ പ്രാധാന്യമുള്ള, പറയേണ്ടതെന്ന് തോന്നിയ ചില വിഷയങ്ങളും സിനിമയിൽ പറയുന്നുണ്ട്. അതും പ്രേക്ഷകരിലേക്കെത്തുമെന്നാണ് കരുതുന്നത്.

Interview with script writer Sajeev Pazhoor

തൊണ്ടി‌മുതലും ദൃക്സാക്ഷിയും റിയലിസ്റ്റിക് സിനിമയും

തൊണ്ടിമുതലുമായി ഈ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല. 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്നത് മറ്റൊരു സിനിമയാണ്. ഞങ്ങൾ ഈ സിനിമയെക്കുറിച്ച്‌ മാത്രമാണ് ഇപ്പോൾ ആലോചിക്കുന്നത്. തൊണ്ടിമുതലുമായി ഒരു താരതമ്യം നടത്തുന്നതിൽ അർത്ഥമില്ല.‌ തൊണ്ടിമുതൽ റീ മേക്ക് ചെയ്യുകയാണെങ്കിൽ അങ്ങനെ ഒരു സാധ്യതയുണ്ട്. 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ' ലളിതമായ ഒരു കുടുംബ ചിത്രമാണ്.

തൊണ്ടി‌മുതലു പോലെ തന്നെ ഒരു സിനിമ ഇനി സാധ്യമല്ലല്ലൊ. ഇത് മറ്റൊരു‌ പ്രമേയം, മറ്റൊരു അവതരണം. അങ്ങനെയാണ് ഞാൻ സത്യം പറഞ്ഞാ എഴുതുന്നതും സംവിധായകൻ ആ കഥയെ സമീപിച്ചിരിക്കുന്നതും. ഗ്രാമീണ പശ്ചാത്തലത്തിലൊരു പാവം സിനിമയായി കാണാനുള്ളതേ ഒള്ളൂ..  

Interview with script writer Sajeev Pazhoor

സിനിമയിലെ റിയലിസം

സിനിമയിലെ റിയലിസം വലിയ ചർച്ച വേണ്ട വിഷയമാണ്. സാഹിത്യം ഇക്കാര്യം വളരെ നേരത്തെ ചർച്ച തുടങ്ങി. സിനിമയിൽ ആക്ഷൻ എന്ന പ്രയോഗത്തിന് അവസാനം കട്ട് എന്നത് കൂടിയുണ്ട്. ഈ ആക്ഷനും കട്ടിനും ഇടയിലാണ് സിനിമയിലെ റിയലിസം‌. സിനിമയിൽ എഡിറ്റിംഗ് പ്രൊസസുണ്ട്. ജീവിതത്തിൽ എവിടെയാണ് എഡിറ്റിംഗ്. ഇത്തരം ടെർമനോളജികൾക്കുള്ളിൽ നിന്ന് വേണം സിനിമയിലെ റിയലിസം ചർച്ച ചെയ്യാൻ.  വലിയ ഒരു ഭരണിയിലെ ഉപ്പുപോലെ ജീവിതത്തെ കണ്ടാൽ അതിലെ ഒരു നുള്ള് മാത്രമേ സിനിമയിൽ അവതരിപ്പിക്കാനാവൂ. ആ ഒരു നുള്ളിൽ ഉപ്പിന്‍റെ രുചിയുണ്ടെങ്കിൽ നന്നാവും എന്നതാണ് എന്‍റെ വിശ്വാസം. ഉപ്പ് ഒന്നാകെ സിനിമയിലേക്ക് കുടഞ്ഞിടുകയെന്നത് അസാധ്യമാണ്.

അതിഭാവുകത്വമില്ലാതെ സിനിമ

അതിഭാവുകത്വമില്ലാതെ സിനിമയിലെ സീനുകളെ പ്രേക്ഷകന്‍റെ ജീവിതത്തിലേക്ക് ചേർത്ത് നിർത്താനുള്ള ശ്രമം. അല്ലെങ്കിൽ റിലേറ്റ് ചെയ്യിക്കുക എന്നതാണ് എനിക്കിഷ്‍ടം. നമ്മുടെ സിനിമകൾ അത് നന്നായി ചെയ്‍തിട്ടുണ്ട്. വരവേൽപ്പ്, മിഥുനം പോലുള്ള സിനിമകൾ അങ്ങനെ രസകരമായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios