Kaaliyan : ഒരുങ്ങുന്നത് പൃഥ്വിരാജിന്റെ വമ്പന്‍ ചിത്രം ; 'കാളിയ'നെ കുറിച്ച് സംവിധായകന്‍
മാധ്യമ പ്രവർത്തകനായ എസ് മഹേഷാണ് കാളിയന്‍റെ സംവിധായകന്‍. മാധ്യമലോകത്ത് നിന്ന് ബിഗ് സ്ക്രീനിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് മഹേഷ് ഇപ്പോൾ.
നാല് വർഷം മുമ്പാണ് നടൻ പൃഥ്വിരാജ്(Prithviraj)നായകനായി എത്തുന്ന ബിഗ്ബജറ്റ് ചിത്രം 'കാളിയന്‍'(Kaaliyan) പ്രഖ്യാപിച്ചത്. ഉറുമിയിൽ കേളുവായി ഗംഭീര പ്രകടനം കാഴ്‌ച വച്ച ശേഷം വേണാടിന്റെ ചരിത്രപുരുഷനായ കുഞ്ചിറക്കോട്ട് കാളിയനായി പൃഥ്വിരാജ് എത്തുകയാണ് ഈ ചിത്രത്തിൽ. അന്ന് പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസറിലെ വ്യത്യസ്തത ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് മൂന്ന് വർഷത്തോളം കാളിയനെ കുറിച്ചുള്ള അപ്ഡേറ്റുകളൊന്നും തന്നെ പുറത്തുവന്നില്ല. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ വന്നതോടെയാണ് കാളിയൻ വീണ്ടും സജീവ ചർച്ചയാകുന്നത്. മാധ്യമ പ്രവർത്തകനായ എസ് മഹേഷാണ് ചിത്രത്തിന്റെ സംവിധാനം. മാധ്യമലോകത്ത് നിന്ന് ബിഗ് സ്ക്രീനിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് മഹേഷ് ഇപ്പോൾ. ഈ അവസരത്തിൽ തന്റെ ആദ്യസിനിമയെ കുറിച്ചും കടന്നുപോകേണ്ട കടമ്പകളെ പറ്റിയും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിക്കുകയാണ് മഹേഷ്.
കൊവിഡ് കാരണമാണോ കാളിയൻ ഷൂട്ടിംഗ് നീണ്ടുപോയത്?
ഇതൊരു ചെറിയ ബഡ്ജറ്റിൽ ചെയ്യാൻ പറ്റുന്ന സിനിമയല്ല. കഴിഞ്ഞ ഓക്ടോബറിലാണ് കാളിയൻ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചിരുന്നത്. അതിന് മുമ്പ് പ്രീ പ്രൊഡക്ഷൻസ് നടക്കുന്നുണ്ടായിരുന്നു. ഒരു കാസ്റ്റിംഗ് കാൾ വിളിച്ചിട്ടുണ്ടായിരുന്നു. ലൊക്കേഷൻ ഹണ്ട് കാര്യങ്ങളൊക്കെ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയ്ക്കാണ് കൊവിഡ് വരുന്നത്. കൊവിഡ് വന്നതിന് ശേഷം എല്ലാ സിനിമകൾക്കും ഒരു ദിശാബോധം ഇല്ലാതായി. അതുകൊണ്ട് തന്നെ കാളിയനും നിർത്തിവച്ചു. രണ്ടാമത്തെ കാരണം ആടുജീവിതം എന്ന സിനിമയാണ്. ആ സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജിന് ധാരാളം സമയം സ്പെൻഡ് ചെയ്യേണ്ടതായി വന്നിരുന്നു. ഇപ്പോഴും അദ്ദേഹം ആടുജീവിതത്തിന്റെ ഷൂട്ടിലാണല്ലോ. ആടുജീവിതം ആയാലും കാളിയനായാലും ഫിസിക്കൽ ട്രാൻസ്ഫോമേഷൻ വേണ്ട ചിത്രങ്ങളാണ്. അതുകൊണ്ടാണ് ഇത്രയും കാലതാമസം വന്നത്.
കാളിയൻ സിനിമയെക്കുറിച്ച്?
തെക്കൻ കഥാഗാനങ്ങളെ അധിഷ്ഠിതമാക്കി ഇതുവരെ സിനിമകളൊന്നും ഉണ്ടായിട്ടില്ല. വടക്കൻ പാട്ടുകൾ കുറച്ചൊക്കെ കേട്ടിട്ടുണ്ടായിരിക്കും. അതുപോലെ തെക്കൻ പാട്ടുകളിൽ ഒരുപാട് ധീരനായകന്മാരുണ്ട്. അതിനെ അധികരിച്ചുള്ളൊരു സിനിമ, ശരിക്കും പറഞ്ഞാൽ ഉണ്ടായിട്ടില്ല. അതിൽ തീവ്രമായിട്ടുള്ള പാട്ടുകളും കഥാപുരുഷന്മാരും പശ്ചാത്തലവും ഉണ്ട്. ആ കഥയാണ് ഈ സിനിമ. ചരിത്രപരമായൊരു സിനിമ തന്നെയാണ് കാളിയൻ.
മാജിക് മൂൺ പ്രൊഡക്ഷൻസ് ആണ് സിനിമ നിർമ്മിക്കുന്നത്. ഓർഡിനറി, അനാർക്കലി എന്നീ രണ്ട് ചിത്രങ്ങൾ അവർ മുമ്പ് ചെയ്തിരുന്നു. കാളിയന് കൂടുതൽ പ്രിപ്പറേഷൻസ് ആവശ്യമായത് കൊണ്ട് തന്നെ പ്രൊഡ്യൂസർ രാജീവ് ഗോവിന്ദന്‍ വളരെയധികം സമയം ചെലവഴിക്കുന്നുണ്ട്. ഈ സിനിമയിൽ തന്നെയാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് സിനിമകളൊന്നും ചെയ്തില്ല. എല്ലാകാര്യങ്ങൾക്കും സപ്പോർട്ടായി കൂടെയുണ്ടായിരുന്നു. ബി.ടി അനില്‍ കുമാര്‍ തിരക്കഥയും സുജിത് വാസുദേവ് ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു.
നായകനായി പൃഥ്വിരാജ് തന്നെയായിരുന്നോ മനസ്സിൽ?
പൃഥ്വിരാജിനെ തന്നെയാണ് നായകനായി തീരുമാനിച്ചിരുന്നത്. സിനിമ അനൗൺസ് ചെയ്തിട്ട് നാല് വർഷം ആയി. ഞാൻ കഥപറഞ്ഞ് കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. കഥയിലെ സാധ്യതകളെ കുറിച്ചൊക്കെ ഞങ്ങൾ ഒരുപാട് നാൾ ചർച്ച ചെയ്തിരുന്നു. ശേഷമാണ് കാളിയൻ അനൗൺസ് ചെയ്തത്. ഈ വർഷം അവസാനത്തോടെ ചിത്രം ഷൂട്ട് ചെയ്യാനാണ് പ്ലാൻ ചെയ്തിരിക്കുന്നത് ( ഒക്ടോബർ-, നവംബർ). ആടുജീവിതം കഴിഞ്ഞിട്ട് കാപ്പ, വിലായത്ത് ബുദ്ധ എന്നീ രണ്ട് ചിത്രങ്ങളിൽ കൂടി പൃഥ്വിരാജിന് അഭിനയിക്കേണ്ടതുണ്ട്. അതിന് ശേഷമാണ് കാളിയനിലേക്ക് എത്തുക. കഥാപാത്രങ്ങളുടെ കാര്യത്തിൽ ഇനിയും ക്ലാരിറ്റി വരേണ്ടതുണ്ട്. പ്രഖ്യാപനസമയത്ത് നടൻ സത്യരാജ് ഉണ്ടായിരുന്നു. അക്കാര്യത്തിലും ഇനി വ്യക്തത വരേണ്ടതുണ്ട്.
സിനിമ സംവിധാനത്തിലെക്കെത്താൻ വൈകിയോ?
സിനിമ ചെയ്യാൻ വൈകി എന്ന് തോന്നുന്നില്ല. എല്ലാ കാര്യത്തിനും അതിന്റേതായ സമയമുണ്ടല്ലോ. അതിന് വേണ്ടിയുള്ള പരിശ്രമങ്ങൾ എപ്പോഴും ഉണ്ടായിരിക്കണം. പരിശ്രമവും കാത്തിരിപ്പും നമ്മളെ പലതിലേക്കും കൊണ്ടുപോകും. ആ ഒരു യാത്രയിലായിരുന്നു. പണ്ട് മുതലെ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ബേസിക്കലി ഞാനൊരുപാട് പരസ്യങ്ങൾ ചെയ്തിട്ടുള്ള ആളാണ്. ടെലിവിഷൻ മേഖലയിൽ തന്നെ എട്ട് അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
മലയാളത്തിലെ പാൻ ഇന്ത്യന്‍ ചിത്രമാകുമോ കാളിയൻ? ഒടിടി റിലീസ് സാധ്യത എങ്ങനെ?
അക്കാര്യം ജനങ്ങൾ വിലയിരുത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇപ്പോഴൊരു അവകാശവാദങ്ങൾക്കൊന്നും ഇല്ല. എല്ലാവർക്കും പ്രതീക്ഷ അർപ്പിക്കാൻ സാധിക്കുന്ന സിനിമയാകും വരുന്നത്. സിനിമ മേഖല വിവിധ ഡൈമൻഷനിലൂടെ വികാസം പ്രാപിക്കുകയാണ്. പണ്ട് നമ്മൾ കണ്ടുകൊണ്ടിരുന്ന സിനിമകളല്ല കാലഘട്ടങ്ങൾ കഴിയുമ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. ഒടിടിക്കും തിയറ്ററുകളിലേക്കും വേണ്ട സിനിമകൾ ഉണ്ടാകുന്ന കാലഘട്ടമാണിത്. മറ്റ് പല സാങ്കേതിക വിദ്യയിലേക്ക് നമ്മൾ ഉടൻ കടന്നുപോകുമെന്നും ഞാൻ വിശ്വസിക്കുന്നു.
കഥാപാത്രങ്ങളെ കണ്ടെത്തുന്നത് ടാസ്ക് ആണോ ?
ഒരു കാലഘട്ടമാകുമ്പോൾ ഒരുപാട് അധികം കഥാപാത്രങ്ങളെ നമുക്ക് ആവശ്യമാണ്. കാസ്റ്റിംഗ് ഏറ്റവും വലിയൊരു ചലഞ്ചാണ്. കാളിയനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയും അത് തന്നെയാണ്. വലിയൊരു പ്രോസസ് ആകും കാസ്റ്റിംഗ് എന്ന് ഞാൻ കരുതുന്നു. ഒരുപാട് പേരെ കാണാനും അവരെ പഠിക്കാനുമുണ്ട്.
പൃഥ്വിരാജിനെ ആയോധനകല പഠിപ്പിക്കാൻ സംവിധായകൻ വരുമോ ?
തെക്കൻ കളരിപ്പയറ്റിന് പ്രാധാന്യം ഉള്ളൊരു ചിത്രമാണ് കാളിയൻ. അത് സിനിമയിൽ കൊണ്ട് വരാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. അത് ബേസ് ചെയ്തെന്ന് പറയാൻ പറ്റില്ല, പക്ഷേ തെക്കൻ കളരിപ്പയറ്റിന്റെ പശ്ചാത്തലങ്ങൾ സിനിമയിൽ ഉണ്ടാകും. അഗസ്ത്യം എന്നാണ് എന്റെ കളരിയുടെ പേര്. പരമ്പര്യമായി കളരിപ്പയറ്റ് ഉള്ള കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. 125 വർഷത്തെ പാരമ്പര്യമുണ്ട്. ഇപ്പോൾ അഞ്ചാമത്തെ തലമുറയിലെ കളരി ഗുരുവാണ് ഞാൻ. ഒപ്പം കഴിഞ്ഞ ഇരുപത് വർഷമായി മാധ്യമപ്രവർത്തകനുമാണ്.
Read Also: Kaaliyan : ചരിത്ര കഥാപാത്രങ്ങളുടെ രൂപഭാവങ്ങളുണ്ടോ ? എങ്കിൽ പൃഥ്വിരാജിന്റെ 'കാളിയനി'ൽ അവസരം