ഒരു നിഴല്‍ വില്ലനെ കണ്ടെത്തിയ അപൂര്‍വ അന്വേഷണത്തിന്റെ കഥ!

മമ്മൂട്ടി വക്കീല്‍കുപ്പായമിട്ട് തിളങ്ങിയ ഒരു അഭിഭാഷകന്റെ കേസ് ഡയറിയുടെ വിജയകഥ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ സംവിധായകൻ കെ മധു പങ്കുവയ്‍ക്കുന്നു.

Interview with director K Madhu

ത്രില്ലർ പശ്ചാത്തലമായ കഥാപരിസരം. തീപ്പൊരി ഡയലോഗും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങള്‍. പതിവ് കഥാപരിസരങ്ങളിൽ നിന്ന് മാറി പ്രേക്ഷകരെ അമ്പരപ്പിച്ച കൂട്ടുകെട്ടാണ് കെ മധുവും എസ്എൻ സ്വാമിയും. പൗരുഷ ഗാംഭീര്യവും പകയും പ്രതികാരവുമെല്ലാമായി ഇരുവരും തീര്‍ത്ത കഥാപാത്രങ്ങള്‍ സിനിമാകൊട്ടകയിൽ നിറഞ്ഞാടി. 1995ൽ മമ്മൂട്ടിയെ നായകനാക്കി എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു ഒരുക്കിയ ചിത്രമാണ് ഒരു അഭിഭാഷകന്റെ കേസ് ഡയറി. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ മമ്മൂട്ടിയുടെ വക്കീൽ വേഷം തന്നെയായിരുന്നു സിനിമയുടെ ഹൈലയ്റ്റ്. ജഗതി ശ്രീകുമാർ, വിജയരാഘവൻ, നരേന്ദ്രപ്രസാദ്, ഹീര, കാവേരി തുടങ്ങി വൻ താരനിരയുമായാണ് ചിത്രം തിയേറ്ററിലെത്തിയത്. ചിത്രം റിലീസായി 25 വർഷങ്ങൾ തികയുമ്പോൾ സംവിധായകൻ കെ മധു സംസാരിക്കുന്നു. മനു വർഗീസ് നടത്തിയ അഭിമുഖം.Interview with director K Madhu

ആരും പറയാത്ത കഥ- ഒരസാധാരണ കഥ

ഞാനും എസ്എൻ സ്വാമിയും കൂടി 1995ലാണ് ഒരു അഭിഭാഷകന്റെ കേസ് ഡയറി ഒരുക്കുന്നത്. സ്വാമിയുടെ മനസിലാണ് ആദ്യം ഇത്തരത്തിലുള്ള ഒരു കഥ വന്നത്. അപ്പോൾ തന്നെ ഞങ്ങൾ മമ്മൂട്ടിയെ തീരുമാനിക്കുകയായിരുന്നു. ശരിക്കും പറഞ്ഞാൽ ആകെ മൊത്തം ഒരു വക്കീൽ മയം ആണ് ചിത്രത്തിൽ. ഇതിന് മുമ്പ് ഞങ്ങളുടെ തന്നെ അടിക്കുറിപ്പ് എന്ന ചിത്രത്തിൽ മമ്മൂട്ടി വക്കീൽ വേഷത്തിൽ എത്തിയിട്ടുണ്ടെങ്കിലും ഇത്രത്തോളം നിറഞ്ഞു നിന്നത് അഭിഭാഷകന്റെ കേസ് ഡയറിയിലാണ്. സാധാരണ പൊലീസും സിബിഐയും എല്ലാം ഞങ്ങളുടെ സിനിമയിൽ അന്വേഷണവുമായി എത്തിയിട്ടുണ്ടെങ്കിലും  ചിത്രം ആദ്യം മുതൽ തന്നെ ഒരു അഭിഭാഷകന്റെ അന്വേഷണത്തിലൂടെയാണ് മുമ്പോട്ട് പോകുന്നത്. 'ആരും പറയാത്ത കഥ-ഒരസാധാരണ കഥ' എന്നായിരുന്നു ഞങ്ങൾ ചിത്രത്തിന് ഇട്ട ക്യാപ്ഷൻ. അത് വരെ പറഞ്ഞ് വന്ന അന്വേഷണ കഥകളിൽ നിന്ന് തീർത്തും വ്യത്യസ്‍തമായിരുന്നത് കൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള ക്യാപ്ഷൻ ഉപയോഗിച്ചത്.  ചിത്രത്തിന്റെ പുതുമയുള്ള കഥാപശ്ചാത്തലവും മമ്മൂട്ടിയുടെ വക്കീൽ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വലിയ വിജയമായിരുന്നു ചിത്രം.Interview with director K Madhu

അനിയൻ കുരുവിളയും മാണി കുരുവിളയും

മമ്മൂട്ടിയും ജഗതി ശ്രീകുമാറുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം പോകുന്നതെങ്കിലും ഇരുവരും തമ്മിലുള്ള സഹോദര  സ്‍നേഹത്തിന് വലിയ പ്രാധാന്യമാണ് ചിത്രത്തിലുടനീളമുള്ളത്. കഥാപാത്രങ്ങളുടെ പേരിൽ തന്നെ ഒരു വ്യത്യസ്‍തതയുണ്ടായിരുന്നു. അനിയൻ കുരുവിള എന്നായിരുന്നു മമ്മൂട്ടിയുടെ പേര്. ജഗതി ശ്രീകുമാർ  മാണി കുരുവിളയും. ബോധപൂർവ്വമായ ഒരു തീരുമാനത്തിൽ നിന്ന് തന്നെയായിരുന്നു കഥാപാത്രങ്ങൾക്ക് ഇത്തരത്തിലുള്ള പേരിട്ടത്. പേരിന് പിന്നിലും എസ് എൻ സ്വാമി തന്നെയാണ്. കോഴിക്കോടായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. സിനിമയിലെ മമ്മൂട്ടിയുടെ ഡ്രസ്സ് കോഡ് ആ കാലത്ത് ഹിറ്റായിരുന്നു. ഇൻസേർട്ട് വേഷവും ഹാഫ് കൈ ഷർട്ടും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നെ സ്വാമിയുടെ എഴുത്തിന്റെ ഒരു മികവ് ആ ചിത്രത്തിനുണ്ട്. ഒരേ സമയം നിയമവും അന്വേഷണവും കൂട്ടിയിണക്കിയുള്ള രചനയായിരുന്നു.Interview with director K Madhu

ആകെ മുഴുവൻ ഒരു വക്കീൽ മയം

ആകെ മൊത്തത്തിൽ ഒരു വക്കീൽ മയമാണ് ചിത്രമെന്ന്‌ പറയാം. വാദ പ്രതിവാദങ്ങളാൽ നിറഞ്ഞാണ് ചിത്രം നിൽക്കുന്നത്. ഒരു ലീഗൽ ഇൻവെസ്റ്റിഗേഷൻ തന്നെയായിരുന്നു ചിത്രം . നരേന്ദ്ര പ്രസാദാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയത്. അദ്ദേഹത്തിന്റെ സിനിമാ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വേഷം തന്നെയായിരുന്നു ചിത്രത്തിലേത്.  സുകുമാരനെയായിരുന്നു തീരുമാനിച്ചത്. പിന്നീടാണ് നരേന്ദ്ര പ്രസാദ് ചിത്രത്തിന്റെ ഭാഗമായത്. ജഗദീഷ് ടി നമ്പ്യാർ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. നായകനൊപ്പം നിൽക്കുന്ന വില്ലൻ കഥാപാത്രം തന്നെയായിരുന്നു. ചിത്രത്തിന്റെ പ്രധാന ഭാഗത്ത് നിഴൽ വെച്ചാണ് കഥാഗതി തന്നെ മാറുന്നത്. അങ്ങനെയാണ് കുറ്റക്കാരനെ കണ്ടെത്തുന്നതും. ശരിക്കും വ്യത്യസ്‍തമായ ഒരു അന്വേഷണത്തിന്റെ ഭാഗങ്ങൾ  ചിത്രത്തിൽ  ഞങ്ങൾ കൊണ്ട് വന്നിട്ടുണ്ട്.

ഗാനങ്ങൾക്ക് പ്രാധാന്യമുള്ള ഞങ്ങളുടെ ചിത്രം

പൊതുവെ എന്റെയും എസ് എൻ സ്വാമിയുടെയും ചിത്രങ്ങളിൽ ഗാനങ്ങൾ അങ്ങനെ കാണാറില്ല., എന്നാൽ ചിത്രത്തിന്റെ കാര്യത്തിൽ നേരെ തിരിച്ചാണ്. മികച്ച ഗാനങ്ങളാൽ നിറഞ്ഞ് നിൽക്കുകയാണ് ചിത്രം. ഷിബു ചക്രവർത്തി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ മാഷാണ്. ചിത്രത്തിലെ പാട്ടുകൾ എല്ലാം തന്നെ ഹിറ്റായിരുന്നു. രാജാമണിയാണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.Interview with director K Madhu

താരങ്ങളാൽ നിറഞ്ഞ് നിൽക്കുന്ന ചിത്രം

ആ കാലത്തെ എല്ലാ പ്രധാന താരങ്ങളെയും ചിത്രത്തിൽ ഞങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. വിജയരാഘവൻ, ഹീര, കാവേരി, മണിയൻ പിള്ള രാജു, രാജൻ പി ദേവ്, ഒടുവിൽ ഉണ്ണികൃഷ്‍ണൻ, മാള അരവിന്ദൻ, അങ്ങനെ താരങ്ങളാൽ നിറഞ്ഞ് നിന്ന ചിത്രമാണ് ഒരു അഭിഭാഷകന്റെ കേസ് ഡയറി. മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം അലി ആണ് ചിത്രം നിർമ്മിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios