പൃഥ്വിരാജ് നായകനായി വെര്‍ച്വല്‍ സിനിമ, കാര്യങ്ങള്‍ വിശദീകരിച്ച് സംവിധായകൻ
'കാഴ്‍ചകള്‍ ഇനി വെര്‍ച്വലായി', പൃഥ്വിരാജിന്റെ വെർച്വൽ പ്രൊഡക്ഷൻ ചിത്രത്തെ പറ്റി സംവിധായകൻ ഗോകുൽരാജ് ഭാസ്‌കർ സംസാരിക്കുന്നു.
ചലച്ചിത്ര നിർമ്മാണ കലയിലും ശാസ്ത്രത്തിലും ആവേശകരമായ ഒരു പുതിയ അധ്യായമാണിത്, മാറുന്ന കാലം, പുതിയ വെല്ലുവിളികൾ, നൂതന രീതികൾ, പറയാൻ ഒരു ഇതിഹാസ കഥയും, കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക. കഴിഞ്ഞ ദിവസം തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചപ്പോൾ നടൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിവ. സാങ്കേതികത്തികവുമായി എത്തുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രം ‘ഇന്ത്യയിലെ ആദ്യ വെർച്വൽ പ്രൊഡക്ഷൻ’ എന്ന വിശേഷണവുമായാണ് എത്തുന്നത്. പൃഥിരാജ് പ്രൊഡക്ഷൻസും മാജിക്കൽ ഫ്രെയിംസും ചേർന്നൊരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ഗോകുല്‍രാജ് ഭാസ്‍കർ ആണ്. സിനിമ പ്രഖ്യാപിച്ചപ്പോൾ ആരാധകർക്കിടയിലെ ചർച്ച എന്താണ് വെർച്വൽ സിനിമയെന്നതാണ്. ഇന്ത്യയിലെ ആദ്യ പൂർണ വെർച്വൽ സിനിമ അണിയറയിൽ ഒരുങ്ങുമ്പോൾ ചിത്രത്തിന്‍റെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവെക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഗോകുല്‍രാജ് ഭാസ്‍കർ. മനു വർഗീസ് നടത്തിയ അഭിമുഖം.
ആദ്യ സിനിമ തന്നെ വെർച്വൽ പ്രൊഡക്ഷൻ
റിയൽ ടൈം വിഷ്വൽ എഫക്ട്സിനോട് നേരത്തെ മുതൽ താല്‍പര്യം ഉണ്ട്. കഴിഞ്ഞ ഒന്‍പതു വർഷമായി ഇതിനു പുറകേയാണ് ഞാൻ. ഇകാലങ്ങളിൽ ഇതിനായി പല തരത്തിലുള്ള റിസേർച്ചുകൾ ഞാൻ നടത്തി. ഹോളിവുഡിലൊക്കെ ചെയ്യുന്ന സിനിമകൾ മിക്കതും തന്നെ സ്റ്റുഡിയോയിൽ മാത്രം വെർച്വൽ പ്രൊഡക്ഷനിൽ ചിത്രീകരിക്കുന്ന ചിത്രങ്ങളാണ്. അതിൽ തന്നെ 300 പോലുള്ള ചിത്രങ്ങൾ വലിയ രീതിയിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ മനസിലുള്ള ഒരു ആശയം എങ്ങനെ സ്റ്റുഡിയോയിൽ ചിത്രീകരിക്കാം എന്നാണ് ഞാൻ ആദ്യം ചിന്തിക്കുന്നത്. വെർച്വൽ പ്രൊഡക്ഷൻ അല്ലെങ്കിൽ റിയൽ ടൈം വിഷ്വൽ എഫക്ട്സ് വച്ച് സിനിമ ചെയ്യുമ്പോള്‍ ഷൂട്ട് സ്റ്റുഡിയോയിൽ തന്നെയാണ് നടക്കുന്നത്. വിഎഫ്എക്സിനും മേലെ നിൽക്കുന്ന സംവിധാനമാണിത്. ഗ്രീൻ മാറ്റിൽ ചിത്രീകരിച്ച് പിന്നീട് വിഎഫ്എക്സിലൂടെ ദൃശ്യങ്ങൾക്ക് സിനിമാറ്റിക്ക് രൂപം നൽകുന്നത് സിനിമാ മേഖലയിൽ സർവസാധാരണമായി നടക്കുന്നതാണ്. എന്നാൽ, ഇത്തരം സിനിമകളിലൊക്കെ ചില ഭാഗങ്ങളെങ്കിലും ലൊക്കേഷനുകളിൽ പോയി തന്നെ ചിത്രീകരിക്കേണ്ടി വരും. എന്നാൽ, വെർച്വൽ പ്രൊഡക്ഷനിൽ പൂർണമായും സ്റ്റുഡിയോയിൽ തന്നെയാവും ചിത്രീകരണം.
ആദ്യ സിനിമയില്‍ നായകൻ പൃഥ്വിരാജ്
ചാനലുകളിൽ വിഷ്വൽ ഗ്രാഫിക്സ് രംഗത്താണ് ഞാൻ ജോലി തുടങ്ങിയത്. പിന്നീട് ക്രിയേറ്റീവ് ഡയറക്ടറായും വിഎഫ്എക്സ് ഡിപ്പാർട്മെന്റിലും ജോലി ചെയ്‍തു. പക്ഷെ മനസിലെന്നും സിനിമ തന്നെയായിരുന്നു. വെർച്വൽ പ്രൊഡക്ഷൻ ഐഡിയയുമായി ഞാൻ ഒരു പാട് നിർമാതാക്കളുടെ അടുത്തെത്തിയിരുന്നു. പക്ഷെ അവർക്കൊന്നും ഇത് എന്താണെന്ന് മനസിലാക്കാൻ കഴിഞ്ഞില്ലെന്ന് തോന്നുന്നു. ആദ്യ കാലങ്ങളിൽ മലയാള സിനിമയിൽ ഇങ്ങനെ ടെക്നോളജി പ്രാവർത്തികമാക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. ബജറ്റ് ഒരു പ്രശ്‍നമായിരുന്നു. പിന്നീടാണ് പൃഥ്വിരാജിന്റെ അടുത്തെത്തുന്നത്. ഒരേ സമയം കഥയും വെർച്വൽ പ്രൊഡക്ഷൻ എന്ന കൺസപ്റ്റും ഒരു പോലെ സ്വീകരിക്കപ്പെടണമായിരുന്നു. നടനും സംവിധായകനും കൂടിയായതിനാൽ തന്നെ സാങ്കേതിക രംഗത്തെ പുത്തൻ മാറ്റങ്ങളെ പറ്റി അദ്ദേഹം മനസിലാക്കിയിരുന്നു. ഞാൻ ഒരു പ്രൂഫ് കൺസപ്റ്റ് അദ്ദേഹത്തെ കാണിച്ച് കൊടുത്തപ്പോൾ അദ്ദേഹത്തിന് ഇഷ്‍ടമായി. അങ്ങനെയാണ് ചിത്രത്തിന് ഒരു തുടക്കം ആകുന്നത്.
സൂപ്പർ ഹീറോ കഥാപാത്രങ്ങൾ
കേരളത്തിലെ ഒരു മിത്തിനെ രാജ്യാന്തര തലത്തിലേയ്ക്ക് എത്തിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതിൽ സൂപ്പര്‍ ഹീറോയുമുണ്ട്. പാൻ ഇന്ത്യൻ രീതിയിൽ വരുന്ന സിനിമയായതു കൊണ്ടു തന്നെ സൂപ്പർ ഹീറോ ആയും രാജുവേട്ടന്റെ കഥാപാത്രത്തെ എടുക്കാനാവും. മറ്റ് താരങ്ങളെ ഇപ്പോൾ വെളിപ്പെടുത്താനിവില്ല. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.
വലിയ പ്രതീക്ഷകൾ
ചിത്രം പ്രഖ്യാപിച്ചത് മുതൽ വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. എന്താണ് വെർച്വൽ പ്രൊഡക്ഷൻ എന്ന് അറിയുവാൻ ആളുകൾക്ക് ആകാംക്ഷയുണ്ട് ഞങ്ങൾ പ്രതീക്ഷിച്ചതിനെക്കാളും സ്വീകാര്യത കിട്ടി കഴിഞ്ഞു. പലരും പറയുന്നത് കേട്ടു ഇത് രജനികാന്തിന്റെ കൊച്ചടയാൻ എന്ന ചിത്രം പോലെ ആയിരിക്കും എന്നൊക്കെ. പക്ഷെ ഞങ്ങളുടെ ഈ ചിത്രവും കൊച്ചടയാനും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് . കൊച്ചടയാൻ മുഴുവൻ 3ഡി ആനിമേഷനാണ്. ഇത് നമ്മൾ മുഴുവനും വെർച്വൽ പ്രൊഡക്ഷനിൽ ഷൂട്ട് ചെയ്യുന്നതാണ്. സാധാരണ ശൈലിയേക്കാൾ ഇങ്ങനെ ഫോർമാറ്റിൽ സിനിമ ഒരുക്കാൻ ഏറെ തയ്യാറെടുപ്പ് വേണം. പ്രീ പൊഡക്‌ഷൻ വളരെയധികം പങ്കുവഹിക്കും.
ചിത്രീകരണം ഉടൻ ആരംഭിക്കും
ഹാർഡ്‌വെയറും എക്യുപ്മെന്റ്സും വിദേശത്തു നിന്നാണ് എത്തുന്നത്. അത് എത്തി കഴിഞ്ഞാല്‍ ഉടന്‍ ഷൂട്ട് തുടങ്ങാനാണ് പ്ലാൻ. പുതിയ സാഹചര്യങ്ങളിൽ വലിയ സാധ്യതകളാണ് വെർച്വൽ പ്രൊഡക്ഷനിലുള്ളത്. ഏതു ക്രിയേറ്റീവ് കണ്ടെന്റും ഇതിലൂടെ നമുക്ക് സ്റ്റുഡിയോയിൽ ചിത്രീകരിക്കാം. ഇത്തരം സിനിമ ഇന്ത്യയിൽ തന്നെ ആദ്യമായാണ്.