നയൻതാരയെ സജസ്റ്റ് ചെയ്തത് ചാക്കോച്ചൻ; സംവിധായകൻ അപ്പു.എന്‍.ഭട്ടതിരിയുമായി അഭിമുഖം

ഒരു ത്രില്ലർ ചിത്രവുമായി ചാക്കോച്ചനോടൊപ്പം എത്തുമ്പോൾ സംവിധായകൻ അപ്പു എന്‍ ഭട്ടതിരി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു,

interview with appu n bhattathiri


പത്ത് വർഷത്തിലേറയായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് എഡിറ്റർ അപ്പു എന്‍ ഭട്ടതിരി. ഒരാള്‍പ്പൊക്കം എന്ന ചിത്രത്തിലൂടെ എഡിറ്റര്‍ ആയി അരങ്ങേറ്റം കുറിച്ച അപ്പുവിന് ഒറ്റമുറിവെളിച്ചം, വീരം എന്നീ ചിത്രങ്ങളിലൂടെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു. എഡിറ്റിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അപ്പു എന്‍ ഭട്ടതിരി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് നിഴൽ. കുഞ്ചാക്കോ ബോബനും  നയൻതാരയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും നയൻതാര മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമയുടെ ട്രെയിലറും പോസ്റ്ററുകളുമെല്ലാം ഇതിനോടകം വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒരു ത്രില്ലർ ചിത്രവുമായി ചാക്കോച്ചനോടൊപ്പം എത്തുമ്പോൾ സംവിധായകൻ അപ്പു എന്‍ ഭട്ടതിരി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു, മനു വർഗീസ് നടത്തിയ അഭിമുഖം.

ആദ്യ ചിത്രം തന്നെ ത്രില്ലർ

ആദ്യ സിനിമ തന്നെ ത്രില്ലർ ഗണത്തിലായത് മനപ്പൂർവ്വമായ തീരുമാനമാണ്. ത്രില്ലർ സിനിമകൾ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ആദ്യമായി സംവിധായകനാവുമ്പോൾ ഒരു ത്രില്ലർ സബ്ജക്ട് ചെയ്യണം എന്ന് തന്നെയായിരുന്നു തീരുമാനം, അങ്ങനെയാണ് നിഴൽ സംഭവിക്കുന്നത്. എസ് സഞ്ജീവാണ് ഇതിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അദ്ദേഹവും ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നയാളാണ്. നമ്മൾ ചെയ്യാൻ ഇഷ്ടപ്പെടുന്നത് ത്രില്ലർ ആയതിനാൽ തന്നെ ഈ ചിത്രം സംഭവിച്ചതാണ്. ത്രില്ലർ സിനിമയാതുകൊണ്ട് തന്നെ ആ മൂഡും നമ്മൾ പ്രേക്ഷകരിലേയ്ക്ക് എത്തിക്കണം. അതിന് പരമാവധി ശ്രമിച്ചിട്ടുണ്ട്. പിന്നെ ഞാനും ഇതുവരെ ഒരു ഫുൾ ത്രില്ലർ ചിത്രം എഡിറ്റിംഗ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് ഇഷ്ടപ്പെട്ട ജോണറിൽ സിനിമയൊരുക്കുമ്പോൾ ഏറ്റവും മികച്ചതാക്കാൻ ശ്രമിച്ചിട്ടുണ്ട്.  

interview with appu n bhattathiri

ചാക്കോച്ചനും നയനതാരയും പ്രധാനവേഷത്തിൽ

സിനിമ എഴുതിയ സമയത്തൊന്നും ഇവരാരും മനസിലുണ്ടായിരുന്നില്ല. ചിത്രത്തിന്‍റെ നിർമ്മാതാക്കളിൽ ഒരാളും സംവിധായകനുമായ ഫെല്ലിനി ടി പിയാണ് ഈ കഥ ചാക്കോച്ചനോട് പറയാമെന്ന് പറഞ്ഞ്. അങ്ങനെയാണ് ചാക്കോച്ചന്‍റെയടുത്ത് കഥ പറയുന്നത്. കഥ കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് ഇഷ്ടമായി. ഇതിൽ ശക്തമായ ഒരു സ്ത്രി കഥാപാത്രമുണ്ട്, അത് ആരു ചെയ്യും എന്ന ചർച്ചയിൽ ചാക്കോച്ചനാണ് പറഞ്ഞത് നമുക്കിത് നയന്‍താരയെകൊണ്ട് ചെയ്യിച്ചാലോയെന്ന്. അങ്ങനെയാണ് ഈ കഥ യുമായി നയൻതാരയുടെ അടുത്ത് എത്തുന്നത്. സിനിമയിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്.  ഷർമിള എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. പിന്നെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ, ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മാസ്റ്റര്‍ ഐസിന്‍ ഹാഷ് പ്രധാനപ്പെട്ട ഒരു വേഷത്തിലാണ് ചിത്രത്തിലുള്ളത്.interview with appu n bhattathiri

സിനിമയിലെ പത്ത് വർഷവും അവാർഡുകളും

സഹസംവിധായകനായാണ് തുടക്കം, പിന്നീടാണ് എഡിറ്ററായത്. ഹ്രസ്വ ചിത്രങ്ങൾ ഒരുക്കി അവാർഡ് നേടിയിട്ടുണ്ട്. ഒറ്റമുറിവെളിച്ചം, വീരം എന്നീ ചിത്രങ്ങൾക്ക് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ഞാൻ വർക്ക് ചെയ്ത പല സിനിമകൾക്കും അവാർഡ് ലഭിച്ചിട്ടുണ്ട്. നമ്മളും പങ്കാളികളായ ഒരു സിനിമയ്ക്ക് അവാർഡ് കിട്ടുക എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. നമ്മൾ എടുക്കുന്ന പരിശ്രമത്തിന് അംഗീകാരം കിട്ടുമ്പോൾ സന്തോഷം തോന്നാറുണ്ട്.  അവാർഡ് കിട്ടിയ സിനിമകൾ പ്രേക്ഷകരിലേക്ക് വേണ്ട രീതിയിൽ എത്തിയതായി എനിക്ക് തോന്നിയിട്ടില്ല. ചിലപ്പോൾ അവാർഡ് കിട്ടിയതുകൊണ്ട് കുറച്ച് പേർ കണ്ടിട്ടുണ്ടാവും. സിനിമ ചെയ്യുമ്പോൾ എല്ലാവരിലേയ്ക്കും എത്തുക എന്നതാണ് നമ്മൾ ആഗ്രഹിക്കുന്നത്.

interview with appu n bhattathiri

തിയേറ്ററുകൾ വീണ്ടും സജീവമാകുമ്പോൾ
സിനിമ തിയേറ്ററുകൾ വീണ്ടും സജീവമാകുമ്പോഴാണ് നിഴൽ പ്രദർശനത്തിനെത്തുന്നത്. അത് വലിയ സന്തോഷമുള്ള കാര്യമാണ്. കൂടുതൽ ആളുകളിലേക്ക് സിനിമ എത്തിപ്പെടണം.  ഞാൻ അധികം വർക്ക് ചെയ്യാത്ത ഒരു വർഷമാണ് കഴിഞ്ഞു പോകുന്നത്. തിയേറ്ററുകൾ വീണ്ടും സജീവമാകുമ്പോഴാണ് ഞങ്ങളെപോലുള്ളവർക്കും വർക്കുകൾ ലഭിക്കുക. ഇപ്പോൾ തന്നെ ഞാൻ എഡിറ്റിംഗ് ചെയ്ത അനുഗ്രഹീതൻ ആന്റണി മികച്ച പ്രതികരണം നേടി തിയേറ്ററിൽ പ്രദർശനം തുടരുന്നുണ്ട്. ആളുകൾ ചിത്രം കാണുവാൻ എത്തുന്നുണ്ട്. അത് സന്തോഷമുള്ള കാര്യമാണ്.

എഡിറ്റർ സംവിധായകനാവുമ്പോൾ

ഒരു എഡിറ്റർ സംവിധായകനാവുമ്പോൾ ഉത്തരവാദിത്തം കൂടുതലാണ്. ഒരു സിനിമയുടെ മുഴുവൻ കാര്യങ്ങളും നമ്മളിലേക്ക് വരുമ്പോൾ അതനുസരിച്ചുള്ള പ്രഷര്‍ ഉണ്ടാവാറുണ്ട്. ഇപ്പോൾ നമ്മൾ എഡിറ്റിംഗ് ചെയ്യുന്ന ഒരു സിനിമയുടെ ജോലിക്കാര്യങ്ങളിൽ പലപ്പോഴും ഒരു സംവിധായകന്‍റെ സഹായം ഉണ്ടാവാറുണ്ട്. പക്ഷെ ഞാൻ സംവിധായകനായപ്പോൾ ഒരു എഡിറ്റർ എന്നതിനുമപ്പുറം ഉത്തരവാദിത്തം വലുതാണ്. പിന്നെ ഈ സിനിമയിൽ എനിക്കൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios