'പേരുൾക്കൊള്ളുന്ന രാഷ്ട്രീയം ചർച്ചയാകട്ടെ'; 'ഫെമിനിച്ചി ഫാത്തിമ' സംവിധായകൻ പറയുന്നു
സിനിമയുടെ പ്രമേയമായ സംഭവം എല്ലാ വിട്ടിലും നടക്കുന്നതാണ്...
29-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അന്താരാഷ്ട്ര വിഭാഗത്തിൽ മത്സരിക്കുന്നത് രണ്ട് മലയാള ചിത്രങ്ങളാണ്. നവാഗതനായ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ' മേളയിൽ ഇന്ന് പ്രദർശിപ്പിക്കും. പൂർണമായും പൊന്നാനിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. പേരുൾക്കൊള്ളുന്ന രാഷ്ട്രീയത്തിനൊപ്പം പുതിയ ചർച്ചകൾക്ക് വഴിവയ്ക്കാൻ തൻ്റെ സിനിമയ്ക്കാകുമെന്ന പ്രതീക്ഷകായാണ് സംവിധായകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചത്.
പേരിലെ കൗതുകം, സിനിമ പ്രമേയമാക്കുന്ന വിഷയം
സിനിമയുടെ മുഴുവൻ രാഷ്ട്രീയവും ഉൾക്കൊള്ളുന്നതാണ് 'ഫെമിനിച്ചി ഫാത്തിമ' എന്ന പേര്. ആളുകളിലേയ്ക്ക് കുറേകൂടി എളുപ്പത്തിൽ സിനിമയെത്തുമെന്ന പ്രതീക്ഷയും കൗതുകമുള്ള പേര് തിരഞ്ഞെടുത്തതിനു പിന്നിലുണ്ട്. വീട്ടമ്മമാരായ സ്ത്രീകളുടെ ജീവിതത്തിൽ സംഭവിക്കാവുന്ന ഒരു കാര്യം ഫാത്തിമയുടെ ജീവിതത്തിലും ഉണ്ടാകുന്നു. അതോടെ താനെത്രത്തോളം നിയന്ത്രണങ്ങളിലാണെന്ന് അവർ തിരിച്ചറിയുകയാണ്. തൻ്റെ ജീവിതത്തിനു മേലുള്ള മറ്റുള്ളവരുടെ ഇടപെടലുകൾ മനസിലാക്കി അവർ എത്രത്തോളം മുന്നോട്ട് വരുമെന്നതാണ് സിനിമ പറയുന്ന വിഷയം. കാര്യങ്ങളെ പുനർവിചിന്തനം ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുമെന്നും പുതിയ ചർച്ചകൾ സിനിമ മുന്നോട്ട് വയ്ക്കുമെന്നുമാണ് പ്രതീക്ഷ.
പൊന്നാനിയോട് ചേർത്ത് നിർത്തിയ കഥ
സിനിമയുടെ പ്രമേയമായ സംഭവം എല്ലാ വിട്ടിലും നടക്കുന്നതാണ്. പൊന്നാനി ഭാഗം കൂടുതൽ അനിയോജ്യമാണെന്ന് തോന്നിയതുകൊണ്ട് കഥയെ അവിടെ 'പ്ലേസ്' ചെയ്തു. എൻ്റെ വീടും അവിടെയാണ്. ആ നാടിൻ്റെ സംസ്കാരം അറിയുന്നതുകൊണ്ട് കഥയെ അതിനോട് ചേർത്ത് നിർത്തി. പൊന്നാനിക്കാരുടെ പിന്തുണ ചിത്രീകരണ സമയത്തുടനീളം ലഭിച്ചിരുന്നു. കഥ രസകരമായി പറയാൻ പൊന്നാനി ഭാഷാശൈലിയും മറ്റും ഉപയോഗപ്പെടുത്താനായി.
കാസ്റ്റ് ആൻഡ് ക്ര്യൂ
'ആയിരത്തൊന്ന് നുണകൾ' എന്ന സിനിമയുടെ സംവിധായകൻ താമിറും ചിത്രത്തിലെ അഭിനേതാവായ സുധീഷ് സ്കറിയയുമാണ് 'ഫെമിനിച്ചി ഫാത്തിമ'യുടെ നിർമ്മാതാക്കൾ. ഷംല ഹംസയാണ് ഫാത്തിമയാകുന്നത്. കുമാർ സുനിലാണ് മറ്റൊരു പ്രധാന കഥാപാത്രമായ അഷറഫിൻ്റെ റോൾ ചെയ്തിരിക്കുന്നത്. ബാക്കിയുള്ള അഭിനേതാക്കളെല്ലാം പൊന്നാനിക്കാരാണ്.
ആദ്യ സിനിമ ഐഎഫ്എഫ്കെയിൽ
കുറേ കാലത്തെ പരിശ്രമമാണ്. ആദ്യമായി സിനിമ ചെയ്യുന്നതും അത് രാജ്യാന്തര ചലച്ചിത്ര മേളയിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെടുന്നതും വലിയ സന്തോഷമാണ്. ഇതിലും വലിയ അംഗീകാരം ഒരു നവാഗത സംവിധായകന് ലഭിക്കാനില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
നീണ്ട കാലത്തെ പരിശ്രമം ഇതിനുപിന്നിലുണ്ട്. ചെറുപ്പം മുതൽ സിനിമയാണ് മോഹം. കഥകളെഴുതാനും പറയാനും ഇഷ്ടമാണ്. ഷോർട്ട് ഫിലിമുകൾ ചെയ്താണ് തുടക്കം. ഞാൻ സംവിധാനം ചെയ്ത ‘ഖബർ’ എന്ന ഷോർട് ഫിലിം ദുബൈ ഇന്റർനാഷനൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമക്കുള്ള പുരസ്കരം, കേരള യുവജന ക്ഷേമ ബോർഡ് പുരസ്കാരം എന്നിവ നേടിയിരുന്നു. 'ട്യൂഷൻ വീട്' എന്ന യൂട്യൂബ് വെബ് സീരീസ് സംവിധാനം ചെയ്ത് വരികയാണ്. പതിനാറോളം മലയാള സിനിമകളിൽ സ്പോട്ട് എഡിറ്ററായി പ്രവർത്തിച്ചതും അനുഭവമാണ്.